കര്‍മശാസ്ത്രത്തിന്റെ മര്‍മം തൊട്ടറിഞ്ഞ ഗുരുശ്രേഷ്ഠന്‍, വര്‍ത്തമാന മലയാളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മത കലാലയങ്ങളുടെ ഒട്ടുമിക്ക സാരഥികളുടെയും അഭിവന്ദ്യഗുരു, കേരളത്തിലങ്ങോളമിങ്ങോളം നിലകൊള്ളുന്ന മത കലാലയങ്ങളിലൂടെ, പ്രസരിക്കുന്ന അറിവിന്റെ ഉറവിടമായി ജ്വലിച്ചുനില്‍ക്കുന്ന പണ്ഡിതന്‍, ഉമ്മുല്‍ മദാരിസ് പട്ടിക്കാട് ജാമിഅ: നൂരിയ്യ:യിലെ അനുഗ്രഹീത ഗുരുസാന്നിധ്യം, എല്ലാത്തിനുമുപരി സമസ്തയുടെ നിയുക്ത അധ്യക്ഷന്‍, തന്റേതായ ജീവിത ചിട്ടയിലൂടെ ഇതര പണ്ഡിതരില്‍ നിന്ന് എന്നും വേറിട്ട വ്യക്തിത്വമാണ് എ.പി.ഉസ്താദ് എന്ന ശൈഖുനാ കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രത്തിലെ പത്താമത്തെ പ്രസിഡന്റാണ് ഉസ്താദ്. പ്രസിഡന്റായ ശേഷം തന്റെ ജീവിതവും നിലപാടുകളും സമസ്തയുടെ നയനങ്ങളും സത്യധാരയുമായി പങ്കുവെക്കുകയാണദ്ദേഹം.
സമസ്തയുടെ പുതിയ അധ്യക്ഷ പദവി ഉസ്താദില്‍ എത്തിനില്‍ക്കുന്നു. ഈ ചരിത്ര ദൗത്യം ഏറ്റെടുക്കുമ്പോള്‍ എന്തു തോന്നുന്നു?
ഞാന്‍ ഒന്നിനും അര്‍ഹനായതുകൊണ്ടല്ല ഇതൊന്നും. ഗുരുത്തക്കേട് വരുമോ എന്ന പേരി കാരണം വലിയ വലിയ മഹാന്മാര്‍ ഇരുന്ന സ്ഥാനമാണ് സമസ്തയുടെ പ്രസിഡന്റ് പദവി. പിന്നെ അല്ലാഹുവിന്റെ തഖ്ദീര്‍ അങ്ങനെയായിരിക്കും. ഏല്‍പ്പിക്കപ്പെട്ട ദൗത്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഭംഗിയായി ചെയ്തു തീര്‍ക്കുക എന്നതു തന്നെയാണ് പ്രധാനം. അധികാരങ്ങളും സ്ഥാനമാനങ്ങളും അല്ലാഹുവിന്റെ തൃപ്തിയില്‍ മാത്രം ആകുമ്പോഴേ കാര്യമുള്ളൂ.
ഉസ്താദിന്റെ കുടുംബ പശ്ചാത്തലവും പഠനകാലവും പറയാമെന്ന് തോന്നുന്നു.
പഴയകാലത്ത് ഇന്നത്തെ പോലെ ജനന തിയ്യതിയൊന്നും റിക്കാര്‍ഡാക്കി വെക്കുന്ന സമ്പ്രദായമില്ല. ഏകദേശം കണക്കു കൂട്ടുമ്പോള്‍ 1942 ലാണ് എന്റെ ജനനം. പിതാവ് ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പു. മാതാവ് ആമിന. ഉപ്പ കൃഷിക്കാരനായിരുന്നു. ഈ ഭാഗത്ത് ഞങ്ങള്‍ക്ക് ധാരാളം കൃഷിയുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പഴയ സംവിധാനമായ ഓത്തുപള്ളിയില്‍ നിന്നായിരുന്നു. മൊയ്തുപ്പ മൊല്ല എന്നവരായിരുന്നു അന്നത്തെ ഗുരുനാഥന്‍. ശേഷം എളാപ്പയായ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ഖത്വറുന്നദവരെയുടെ കിതാബുകള്‍ എളാപ്പയില്‍ നിന്നാണോതിയത്. ശേഷം ഭാര്യാപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കൊളപ്പുറത്തായിരുന്നു അദ്ദേഹം ദര്‍സ് നടത്തിയിരുന്നത്. അവിടെ നിന്നാണ് ഒട്ടുമിക്ക കിതാബുകളും ഓതിത്തീര്‍ത്തത്. ശേഷം പ്രമുഖ പണ്ഡിതനും സമസ്ത മുശാവറയിലെ അംഗവുമായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സിലും മണ്ണാര്‍ക്കാട് കുഞ്ഞായീന്‍ മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. വീണ്ടും ഭാര്യാപിതാവിന്റെ ദര്‍സില്‍ ചേര്‍ന്നു. അവിടെ നിന്നാണ് 1962-63 ല്‍ പട്ടിക്കാട് ജാമിഅ:യില്‍ പ്രഥമ ബാച്ചില്‍ ചേര്‍ന്നത്.
അക്കാലത്തൊക്കെ പൊതുവെ എല്ലാവരും തഹ്‌സീലിനു വേണ്ടി വെല്ലൂരിലേക്ക് പോകലായിരുന്നല്ലോ പതിവ്. ജാമിഅ:യുടെ പ്രാരംഭത്തില്‍ തന്നെ ജാമിഅ: തെരഞ്ഞെടുക്കാനുള്ള കാരണം?
ഉസ്താദുമാരുടെയും ബാഫഖി തങ്ങളെ പോലെയുള്ള നേതാക്കളുടെയും വലിയ ആഗ്രഹമായിരുന്നു സമസ്തക്കു കീഴില്‍ ഒരു ബിരുദ സ്ഥാപനം. ഒരുപാട് ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് പട്ടിക്കാട് കോളേജ് തുടങ്ങാന്‍ തീരുമാനിച്ചത്. മഹാന്മാരായ ഉസ്താദുമാരുടെ സാന്നിധ്യം കൊണ്ടനുഗ്രഹീതമായ ജാമിഅ:യായിരുന്നു എന്തുകൊണ്ടും അനുയോജ്യമെന്നു തോന്നി. അതുകൊണ്ട് ഉപരിപഠനത്തിനായി ജാമിഅ: തന്നെ തെരഞ്ഞെടുത്തു.
അന്നത്തെ ജാമിഅ:യുടെ അവസ്ഥ, ആരൊക്കെയായിരുന്നു ഗുരുനാഥന്മാര്‍, കോളേജ് സംവിധാനത്തിലേക്കുള്ള ചുവടുവെപ്പുകള്‍ എങ്ങനെ ഓര്‍ത്തെടുക്കുന്നു?
അന്ന് ഇന്നത്തെ രൂപമൊന്നുമല്ല ജാമിഅ:, റഹ്മാനിയ പള്ളിയിലായിരുന്നു സബഖുകളെല്ലാം. പള്ളളി ദര്‍സ് രൂപത്തില്‍ തന്നെയായിരുന്നു. കോളേജ് തുടങ്ങാനുള്ള എല്ലാ നീക്കങ്ങളും അന്നു തന്നെ നടക്കുന്നുണ്ട്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ തന്നെയായിരുന്നു മുന്‍നിരയില്‍. ഇ.കെ. ഉസ്താദ്, താഴേക്കോട് കുഞ്ഞാലവി മുനസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് എന്നിവരായിരുന്നു അന്ന് ജാമിഅ:യിലെ ഞങ്ങളുടെ ഉസ്താദുമാര്‍.
പ്രഗത്ഭരായ ഈ ഗുരുനിരയുടെ അധ്യാപന രീതി എങ്ങനെ ഓര്‍ക്കുന്നു. ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തി?
മൂന്നു പേരും മൂന്നു ശൈലിയിലായിരുന്നു അധ്യാപനം. ശംസുല്‍ ഉലമ ഇ.കെ. ഉസ്താദിന്റെ ക്ലാസ് ഒന്ന് വേറെ തന്നെ. അവതരണ ശൈലി അപാരമായിരുന്നു. കിതാബോതിത്തരുമ്പോള്‍ വിവിധ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എല്ലാം ഉദ്ധരിക്കും. അവിടെ എന്റെ അഭിപ്രായം ഇതാണ് എന്നും ഇ.കെ. കൂട്ടിചേര്‍ക്കും. ഏതു കാര്യത്തിലും വ്യക്തമായ അഭിപ്രായമുണ്ടാവും അദ്ദേഹത്തിന്.
കോട്ടുമല ഉസ്താദിന്റെ ശൈലി പഴയകാല ഉസ്താദുമാരുടെ ദര്‍സിന്റെ രീതിയിലായിരുന്നു. ഉസ്താദിന്റെ ക്ലാസിലിരിക്കുമ്പോള്‍ ശരിക്കും ഒരു ദര്‍സില്‍ ചടഞ്ഞിരുന്ന് കിതാബോതുന്ന അനുഭവമാണ്.
കുഞ്ഞലവി മുസ്‌ലിയാരുടെ ക്ലാസ് നന്നായി ശ്രദ്ധിക്കുന്നവര്‍ക്കേ തിരിയൂ. വലിയ പണ്ഡിതനും സൂക്ഷ്മശാലിയുമായിരുന്നു അദ്ദേഹം.
കുഞ്ഞലവി മുസ്‌ലിയാര്‍ പിന്നീട് നമ്മുടെ മുഖ്യധാരാ ചരിത്രത്തില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായി. പിന്നീടദ്ദേഹം അഖിലയിലും സംസ്ഥാനയിലുമൊക്കെ പ്രവര്‍ത്തിച്ചുവെന്ന് കേട്ടിട്ടുണ്ട്. വിയോജിപ്പിന്റെ കാരണങ്ങള്‍ പറയാന്‍ കഴിയുമോ?
അഖിലയുടെയും സംസ്ഥാനയുടെയും പ്രവര്‍ത്തകനായതായി പറയാന്‍ കഴിയില്ല. ചില കമ്മിറ്റികളിലൊക്കെ അദ്ദേഹത്തിന്റെ പേരെഴുതി ചേര്‍ത്തിട്ടുണ്ടാവാം. വിയോജിപ്പിന്റെ കാരണം പലതുമുണ്ട്. അതെല്ലാം ഇപ്പോള്‍ പറയുന്നില്ല. അവരൊക്കെ വലിയ മഹാന്മാരും ഉന്നതരുമല്ലേ.
ജാമിഅ:യിലെ പഠനശേഷം നിരവധി സ്ഥലങ്ങളില്‍ ഉസ്താദ് ദര്‍സ് നടത്തിയിട്ടുണ്ട്. രണ്ടു കാലയളവിലായി ജാമിഅ:യിലും അധ്യാപനം നടത്തി. ഈ വലിയ കാലത്തെ എങ്ങനെ ഓര്‍ത്തെടുക്കാനാവും?
1964 ല്‍ ആണ് ജാമിഅ:യില്‍ നിന്ന് പുറത്തിറങ്ങിയത്. മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ ദര്‍സ് നടത്താന്‍ എനിക്ക് സാധിച്ചു. ദര്‍സില്‍ ശുഅ്‌ലാകുക എന്നത് വലിയ കാര്യമല്ലേ. എവിടെയൊക്കെ ദര്‍സ് നടത്തിയെന്ന് ഏറെക്കുറെ പറയാമെങ്കിലും വര്‍ഷം കൃത്യമായി പറയാനാവില്ല. ഒറവംപുറം, കണ്ണൂരിലെ മാട്ടൂല്‍, കുളപ്പറമ്പ്, മണലടി, ഏപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശ്ശേരി, ആലത്തൂര്‍പടി, ജന്നത്തുല്‍ ഉലൂം പാലക്കാട്, പള്ളിശ്ശേരി, നന്തി ദാറുസ്സലാം, കാരത്തൂര്‍, ചെമ്മാട്, മടവൂര്‍ എന്നിവിടങ്ങളിലും ജാമിഅ:യില്‍ രണ്ടു ഘട്ടമായും ഞാന്‍ ദര്‍സ് നടത്തി.
1971 ല്‍ ഉസ്താദിനെ ജാമിഅ:യില്‍ മുദരിസാക്കിയത് ബാഫഖി തങ്ങളുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണെന്നു കേട്ടിട്ടുണ്ട്. വ്യക്തിബന്ധം എങ്ങനെ?
മറ്റുള്ളവരോടുള്ള ബന്ധം പോലെത്തന്നെയാണ് എനിക്കുള്ളത്. പ്രത്യേക നിര്‍ദ്ദേശമാണോ എന്നറിയില്ല. അന്ന് എന്നെ ജാമിഅ:യുടെ കമ്മിറ്റി മീറ്റിംഗിലേക്ക് ക്ഷണിച്ചു. ജാമിഅ:യില്‍ ചാര്‍ജെടുക്കാന്‍ പറഞ്ഞു. അത് ഞാന്‍ അപ്പടി സ്വീകരിച്ചു.
ഇനി ഉസ്താദിന്റെ സംഘടനാ ജീവിതത്തിലേക്കു വരാം.
1995 ല്‍ ചെമ്മാട് ദര്‍സ് നടത്തുമ്പോഴാണ് മുശാവറയിലേക്ക് എന്നെ തെരഞ്ഞെടുക്കുന്നത്. ശംസുല്‍ ഉലമയുള്ള കാലത്ത്. വിദ്യാഭ്യാസ ബോര്‍ഡ് മാനേജറായിരുന്ന എം.പി. മൂസ മുസ്‌ലിയാരാണ് എന്നെ വിവരമറിയിച്ചത്. ഉടന്‍ തന്നെ ഫത്‌വാ കമ്മിറ്റിയിലും അംഗമായി. 2012 ല്‍ വൈസ് പ്രസിഡന്റായി. ഇന്നിപ്പോള്‍ എല്ലാവരും കൂടി എന്ന ഈ വലിയ ചുമതല ഏല്‍പിച്ചിരിക്കുന്നു. സമസ്തയുടെ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റായും മണ്ണാര്‍ക്കാട് താലൂക്ക് സെക്രട്ടറിയായും മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൃത്യമായ ചില ജീവിത ചിട്ടകളും കണിശമായ ചില നിലപാടുകളും വെച്ചുപുലര്‍ത്തുന്ന ആളാണ് ഉസ്താദ്. ജാമിഅ:യില്‍ നിന്ന് പഠിച്ചിറങ്ങിയവരും മറ്റും ഉസ്താദിന്റെ ഈ കണിശതയെക്കുറിച്ച് പറയാറുണ്ട്. സ്വന്തം മക്കളെ വളര്‍ത്തുന്നതില്‍ ഉസ്താദ് വലിയ മാതൃകയാണ് ഞങ്ങള്‍ക്ക് ആരുടെയെങ്കിലും സ്വാധീനമുണ്ടോ ഇതിനൊക്കെ?
ഉസ്താദുമാര്‍ തന്നെയാണ് ഏറ്റവും വലിയ മാതൃകാ പുരുഷന്മാര്‍. അവര്‍ കാണിച്ചുതന്ന വഴിയാണ് നാം സ്വീകരിക്കുന്നത്. നമ്മുടെ അടുക്കല്‍ ഓതുന്ന കുട്ടികളായിരുന്നാലും സ്വന്തം മക്കളായാലും വളരെ ചിട്ടയോടെ തന്നെ നാം അവരെ നോക്കണം. അതിനെനിക്ക് എന്റെ ഭാര്യാപിതാവായ കുഞ്ഞിപ്പ മുസ്‌ലിയാര്‍ വലിയ പ്രചോദനമാണ്. ജീവിതത്തിലും കുട്ടികളുടെ കാര്യത്തിലും ഏറെ കണിശത കാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പിന്നെ മറ്റു ഉസ്താദുമാര്‍. നമ്മള്‍ അയഞ്ഞുകൊടുത്താല്‍ സ്വാഭാവികമായും കയറ് പൊട്ടിക്കാനേ കുട്ടികള്‍ ശ്രമിക്കൂ.
ശംസുല്‍ ഉലമയും കണ്ണിയത്തുസ്താദുമുള്ള കാലത്ത്, അന്നത്തെ ഒട്ടുമിക്ക നേതാക്കളും അവരുടെ വിദ്യാര്‍ത്ഥികളായിരുന്നു. മുശാവറ അംഗങ്ങളടക്കം. അവരുടെ കാലശേഷം സമസ്തയുടെ ഒരു സാരഥിക്കും അങ്ങനെ ഒരു സൗഭാഗ്യം ഉണ്ടായിട്ടില്ല. ഇന്ന് നിലവിലുള്ള മിക്കവരും ഉസ്താദിന്റെ കുട്ടികളാണ്. ഇവരെ കാണുമ്പോള്‍?
അല്ലാഹുവിന്റെ തഖ്ദീറാണെല്ലാം. നമ്മള്‍ ഓതിക്കൊടുത്ത കുട്ടികള്‍ സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമല്ലേ. നിരവധി കുട്ടികള്‍ക്ക് ജാമിഅ:യില്‍ കിതാബോതിക്കൊടുക്കാന്‍ തൗഫീഖുണ്ടായി.
കേരള മുസ്‌ലിംകളുടെ ആത്മീയ സാന്നിധ്യം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉസ്താദിന്റെ വിദ്യാര്‍ത്ഥിയാണ്?
അതെ. ഞാന്‍ ജാമിഅ:യില്‍ ചാര്‍ജെടുത്തതിന്റെ അടുത്ത വര്‍ഷമാണെന്നു തോന്നുന്നു തങ്ങള്‍ ജാമിഅ:യിലെത്തിയത്. മൂന്നു വര്‍ഷം അവര്‍ അവിടെ ഉണ്ടായതാണെന്നാണ് ഓര്‍മ.
കാളമ്പാടി ഉസ്താദടക്കമുള്ള കാലത്തും പലപ്പോഴും ജാമിഅ:യിലെ അവസാന വാക്ക് ഉസ്താദായിരുന്നെന്ന് കേട്ടിട്ടുണ്ട്?
അദ്ദേഹം വലിയ മഹാനല്ലേ... അറിവില്‍ അദ്ദേഹത്തിന്റെ അടുത്തേക്കൊന്നും നമ്മളാരും എത്തില്ല. വലിയ ആലിമായിരുന്നു അദ്ദേഹം. പിന്നെ അദ്ദേഹമുള്ള സമയത്ത് ആലോചിക്കാതെ ഒന്നിനും അഭിപ്രായം പറയാറില്ല. ആലോചനയുടെ ഭാഗമായി എന്നോടും അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു.
ഇനി നിലപാടുകളിലേക്ക് വരികയാണെങ്കില്‍, സമസ്തയുടെ രാഷ്ട്രീയം തന്നെ ആദ്യം പരിഗണിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഉസ്താദിന്റെ നാടായ മണ്ണാര്‍ക്കാടു തന്നെ പരസ്യമായി രംഗത്തിറങ്ങിയ സംഭവം സംഘടനക്ക് രാഷ്ട്രീയമില്ലെന്നു പറയുകയും പരസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനെ ഇരട്ടത്താപ്പായി പലരും വ്യാഖ്യാനിച്ചു.
സത്യത്തില്‍ മണ്ണാര്‍ക്കാട് തെരഞ്ഞെടുപ്പ് ഫലം എല്ലാവരും ആകാംക്ഷയോടെയാണ് കാത്തുനിന്നത്. ഇവിടെ രാഷ്ട്രീയ മത്സരത്തിനപ്പുറം ഇ.കെ, എ.പി. മത്സരമായി മാറി തെരഞ്ഞെടുപ്പ്. നമുക്ക് ഇവിടെ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാന പ്രശ്‌നം കൂടിയായിരുന്നു. കാന്തപുരം ആഹ്വാനം ചെയ്ത ഒരാള്‍ പരാജയപ്പെട്ടാല്‍ നമ്മുടെ പ്രവര്‍ത്തകര്‍ക്കതു സഹിക്കില്ല. എ.പി.യുടെ ആഹ്വാനത്തിനെതിരെ നമ്മള്‍ വ്യക്തമായ ചിട്ടയോടെ തന്നെയാണ് പ്രവര്‍ത്തിച്ചത്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ സമദിന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസടക്കം നമ്മള്‍ നടത്തി. അതിന് ഞാന്‍ ആശീര്‍വാദവും നല്‍കിയിട്ടുണ്ട്. സാഹചര്യം വന്നാല്‍ പരസ്യമായി ഇറങ്ങേണ്ടിവരും. മണ്ണാര്‍ക്കാട് അതാണ് സംഭവിച്ചത്. അതെല്ലാം ഇനിയും തുടരും.
സമസ്തയില്‍ നിന്ന് വിഘടിച്ചു നിന്നവരുമായി ഒരു ഐക്യശ്രമത്തിന് വിദൂര സാധ്യത പോലും ഇല്ലെന്നാണോ ഉസ്താദ് പറയുന്നത്.
അതൊന്നും അത്ര പെട്ടെന്ന് യോജിക്കാന്‍ കഴിയില്ല. ആശയപരമായി യോജിക്കാത്തവര്‍ക്കിടയിലെങ്ങനെയാണ് ഐക്യം നടക്കുക. സമസ്തക്കൊരു നയമുണ്ട്. നമ്മള്‍ അതിലൂടെ മുന്നോട്ടുപോകും.
മണ്ണാര്‍ക്കാട് തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയെന്നു പറഞ്ഞു. അതിന് ഉസ്താദിന്റെ ആശീര്‍വാദമുണ്ട്. ഉസ്താദൊരു ലീഗുകാരനാണോ?
മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകനൊന്നുമല്ല. അനുഭാവിയാണ്. നമ്മുടെ മേഖല അതല്ലല്ലോ? പിന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ ഇറങ്ങല്‍ നിര്‍ബന്ധമായിരുന്നു. വളരെ ചിട്ടയോടെയാണ് നമ്മള്‍ പ്രവര്‍ത്തിച്ചത്. അതിന് ഞാനും സമ്മതം കൊടുത്തിട്ടുണ്ട്. സാഹചര്യങ്ങള്‍ വരികയാണെങ്കില്‍ നമ്മള്‍ ഇറങ്ങല്‍ നിര്‍ബന്ധമല്ലേ? അതാണ് മണ്ണാര്‍ക്കാട് സംഭവിച്ചത്. അതിനെ മോശമായി കാണേണ്ട കാര്യമില്ല.
സമസ്തയിലെ വലിയൊരു വിഭാഗം മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ഇക്കാരണത്താല്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളോട് അകലം പാലിച്ചു. കഴിഞ്ഞ ഭരണകാലത്ത് പല സ്ഥലങ്ങളിലും സമസ്തക്കു നീതി ലഭിച്ചതുമില്ല. എല്ലാവരോടും നല്ല ബന്ധം നിലനിര്‍ത്തുകയല്ലേ നല്ലത്?
സമസ്തക്കാര്‍ ഭൂരിപക്ഷവും ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആയേക്കാം. അത് സമസ്തയെ ബാധിക്കുന്ന കാര്യമല്ല. നീതി ലഭിച്ചില്ല എന്നൊന്നും ഞാനിപ്പോള്‍ പറയുന്നില്ല. മറ്റു കാര്യങ്ങള്‍ സാഹചര്യങ്ങള്‍ വരുമ്പോള്‍ ആലോചിക്കാം.
പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നാല്‍ സമസ്ത പിന്തുണക്കുമോ?
ശരീഅത്ത് വിരുദ്ധമല്ലാത്തതും സമുദായത്തിനുപകാരവുമുള്ള എന്തിനെയും പിന്തുണക്കും.
ആത്മീയ രംഗത്ത് വലിയ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനനുസരിച്ച് ചൂഷണവും വളരുന്നു. ആത്മീയ കേന്ദ്രങ്ങള്‍ പലതും വ്യാജമാണെന്ന് ആരോപിക്കപ്പെടുന്നു. ജനങ്ങള്‍ പലപ്പോഴും ഇത്തരം കേന്ദ്രങ്ങളുടെ ശരി തെറ്റുകള്‍ക്ക് മാനദണ്ഡമാക്കുന്നത് അവിടങ്ങളിലെ പണ്ഡിത സാന്നിധ്യമാണ്. ഇതിനെ തിരിച്ചറിയാന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍?
എന്തിലും ഒറിജിനലും വ്യാജനുമുണ്ടാകും. സ്വാഭാവികമാണത്. പണ്ഡിതരിലും അങ്ങനെ ഉണ്ടായേക്കാം. വ്യാജ ത്വരീഖത്തുകള്‍ക്കും വ്യാജ ആത്മീയ കേന്ദ്രങ്ങള്‍ക്കുമെതിരെ സമസ്ത എന്നും പ്രതികരിച്ചിട്ടുണ്ട്. ചോറ്റൂരും, പോരൂരും ആലുയവുമെല്ലാം സമസ്ത എതിര്‍ത്ത ത്വരീഖത്തുകളാണ്. വലിയ പരിപാടി സംഘടിപ്പിച്ച് ഇതിനെതിരെ ബോധവത്കരണം നടത്തുകയാണ് വേണ്ടത്. അതാണതിനുള്ള പരിഹാരം. സമസ്ത എല്ലാ കാലത്തും അതു ചെയ്യും. ഇനി വന്നാല്‍ ഇനിയും സമസ്ത മുന്നിട്ടിറങ്ങും.
സ്ത്രീകളുടെ പഠനം, തൊഴില്‍, പൊതുപ്രവര്‍ത്തനം എന്നീ ചര്‍ച്ചകള്‍ വരുമ്പോള്‍ എന്നും പിന്തിരിപ്പന്‍മാരെന്നു മുദ്ര കുത്തപ്പെടാറുണ്ട്. പുതിയ കാല സാഹചര്യത്തില്‍ ഈ രംഗത്ത് നമുക്കെന്തു ചെയ്യാന്‍ സാധിക്കും?
ഈ രംഗത്ത് നിലപാടു മാറ്റേണ്ട കാര്യമൊന്നുമില്ല. ശരീഅത്തിനു വിരുദ്ധമല്ലാത്ത രീതിയിലുള്ള സ്ത്രീയുടെ പഠനത്തിനോ തൊഴിലിനോ പൊതു പ്രവര്‍ത്തനത്തിനോ സമസ്ത എതിരല്ല. സമസ്ത ഒരു കാര്യം പറഞ്ഞാല്‍ അതു തിരുത്തേണ്ട അനുഭവം ഉണ്ടാവാറില്ല.
വനിതാ സംഘടനയെക്കുറിച്ച് ചര്‍ച്ച വന്നാല്‍ എങ്ങനെ സമീപിക്കും?
നിബന്ധനകളൊത്ത് സ്ത്രീകള്‍ കൂടിയിരിക്കുന്നതില്‍ തെറ്റില്ല. നിബന്ധനകളൊക്കണം. അത് പലപ്പോഴും സംഭവിക്കാറില്ല.
സമസ്തയെ നേതൃശൂന്യത അലട്ടുന്നുണ്ടോ? ഉണ്ടെങ്കില്‍ പരിഹാരം?
അങ്ങനെ ഒരു ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോവുന്നില്ലേ. ഈ നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ടല്ലേ അതെല്ലാം.
അലനല്ലൂര്‍ പള്ളിയിലെ ഖുത്വുബ കേസില്‍ ഉസ്താദ് കോടതിയില്‍ കയറിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തായിരുന്നു സംഭവം?
വെളിയഞ്ചേരി പള്ളിയില്‍ ഖുത്വുബ പരിഭാഷയെ ചൊല്ലി നാട്ടുകാര്‍ക്കിടയില്‍ തര്‍ക്കം മൂര്‍ച്ഛിച്ചു. അതൊരു സുന്നി-മുജാഹിദ് തര്‍ക്കമായിരുന്നു. പ്രശ്‌നം കേസായി കോടതിയിലെത്തി. ഇ.കെ.ഹസന്‍ മുസ്‌ലിയാരായിരുന്നു സുന്നി പക്ഷത്തെ സാക്ഷി. പെരിന്തല്‍മണ്ണ കോടതിയിലായിരുന്നു വാദം നടന്നത്. അത് സുന്നിപക്ഷത്തിന്റെ തെളിവുകള്‍ക്കായി ഹസന്‍ മുസ്‌ലിയാര്‍ക്ക് കിതാബ് മറിച്ചുകൊടുത്തിരുന്നത് ഞാനാണ്. കേസ് അവസാനം സുന്നികള്‍ക്കനുകൂലമായി.
സകാതിന്റെ പേരില്‍ വലിയ ചൂഷണം നാട്ടില്‍ നടക്കുന്നുണ്ട്. സകാത്ത് കാര്യക്ഷമമായി വിതരണം ചെയ്യാന്‍ പുതിയ വല്ല ആലോചനകളും സമസ്തയുടെ ഭാഗത്തു നിന്നുണ്ടാകുമോ?
നിലവിലെ രീതി പണ്ഡിതന്മാര്‍ ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയതാണ്. അതില്‍ മാറ്റം വരുത്തേണ്ട ഒരു കാര്യവുമില്ല. പുതിയ രീതി അടുത്തിടെ ആരൊക്കെയോ പറഞ്ഞിരുന്നു. ഞാനാണ് ആദ്യം അതിനെ എതിര്‍ത്തത്. ചൂഷണം നടക്കുന്നുണ്ടെങ്കില്‍ തടയാന്‍ മാര്‍ഗം കാണണം.
ഉസ്താദ് ഇനി വിശ്രമ ജീവിതം നയിക്കുകയാണെന്നും ദര്‍സ് നിര്‍ത്തുകയാണെന്നും കേട്ടു. ശരിയാണോ?
ആരു പറഞ്ഞു. കഴിയുന്ന കാലത്തോളം ദര്‍സ് നടത്താന്‍ തന്നെയാണ് തീരുമാനം. അത് ജാമിഅ:യിലാകുമ്പോള്‍ വലിയ ബര്‍ക്കത്തല്ലേ...
Leave A Comment