ലൗജിഹാദ്: ഇല്ലാ കഥകള്‍

 width=ലൗ ജിഹാദ്‌, മതംമാറ്റം എന്നിവയിലൂടെ കേരളത്തെ തകര്‍ക്കാന്‍ മുസ്‌ലിം തീവ്രവാദം വീണ്ടും ശ്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഫയല്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ വീണ്ടും വീണുകിട്ടിയിരിക്കുന്നത്രെ! ഈ വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്‌ കേരളത്തില്‍ ലൗജിഹാദ്‌ സജ്ജീവമാണെന്നും നൂറുകണക്കിനു പെണ്‍കുട്ടികള്‍ അങ്ങനെ മതം മാറ്റത്തിന്റെ ഇരകളായിട്ടുണ്ടെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടെന്നു പറഞ്ഞു 2009 ല്‍ പ്രചരണം നടത്തിയ കലാകൗമുദിയാണ്‌. അന്നവര്‍ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടായി അവതരിപ്പിച്ചത്‌ സംഘ്‌പരിവാരം നടത്തുന്ന ഹൈന്ദവകേരളം ഡോട്ട്‌ ഓര്‍ഗ്‌ വെബ്‌സൈറ്റില്‍ 2009 സെപ്‌തംബര്‍ 17 നു പ്രസിദ്ധീകരിക്കുകയും ഹിന്ദു ജന ജാഗ്രതാ സമിതി ഡോട്ട്‌ ഓര്‍ഗ്‌ വെബ്‌സൈറ്റില്‍ പുന:പ്രസിദ്ധീകരിക്കുകയും ചെയ്‌ത കാര്യങ്ങളായിരുന്നു.

അത്‌ കേരളത്തില്‍ സൃഷ്‌ടിച്ച ഗുലുമാല്‌ മലയാളികളാരും മറന്നിട്ടില്ല. കേസും കോടതിയും ചാനല്‍ ചര്‍ച്ചയുമൊക്കെയായി നീണ്ടുപോയ ആ സംഭവത്തിലെ വസ്‌തുത അന്വേഷിക്കാന്‍ അന്ന്‌ ഹൈക്കോടതി സംസ്ഥാന ഡി.ജി.പി യോടും കേന്ദ്ര അഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. അവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ സംസ്ഥാനത്തോ രാജ്യത്ത്‌ എവിടെയെങ്കിലുമോ ഇങ്ങനെയൊരു ലൗ ജിഹാദോ പ്രണയിച്ചു മതം മാറ്റലോ നടക്കുന്നില്ലെന്ന്‌ വ്യക്തമാക്കി. ലൗ ജിഹാദിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ വന്ന കേസ്‌ പോലീസ്‌ മനപൂര്‍വം കെട്ടിചമച്ചുണ്ടാക്കിയതാണെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ്‌ ഇവിടെ അന്വേഷണം നടക്കുന്നതെന്നും ജസ്റ്റിസ്‌ എം. ശശീധരന്‍ ഉത്തരവിറക്കുകയും ചെയ്‌തു. 2009 ഒക്‌ടോബര്‍ 22-23 പത്രമാധ്യമങ്ങളെല്ലാം ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിലിട്ടു തല്ലികൊല്ലാന്‍ ശ്രമിക്കുന്ന വ്യാജ പരാക്രമമാണ്‌ ലൗ ജിഹാദിന്റെ പേരില്‍ നടക്കുന്നതെന്ന്‌ പ്രമുഖ ക്രിസ്‌ത്യന്‍ ആനുകാലികമായ സത്യദീപം വാരിക (2009 നവംബര്‍ 4) പോലും അന്ന്‌ അച്ചുനിരത്തി.

ചീറ്റിപ്പോയ ആ നുണബോംബിന്റെ ആണ്ടടിയന്തിരം കഴിഞ്ഞിരിക്കുമ്പോഴാണ്‌ ഇന്റലിജന്‍സില്‍ നിന്നും കലാകൗമുദി(1918)ക്ക്‌ മറ്റൊരു ബ്ലൂപ്രിന്റ്‌ വീണുകിട്ടുന്നത്‌. ഹിന്ദു സമൂഹത്തിലെ ഒമ്പതു ശതമാനം വരുന്ന പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്നും കുറഞ്ഞത്‌ അഞ്ചു ശതമാനത്തെയെങ്കിലും അടര്‍ത്തിയെടുത്ത്‌ കൂടെ നിര്‍ത്തുക, കള്ളപണത്തിലൂടെ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക, ദാരിദ്ര്യം മുതലെടുത്തു മതംമാറ്റുക, പ്രണത്തിന്റെ മറവില്‍ മതംമാറ്റി വിവാഹക്കുരുക്കില്‍ അകപ്പെടുത്തുക എന്നവയാണത്രെ മുസ്‌ലിം വിഘടനവാദികളുടെ ലക്ഷ്യം. 2006 മുതല്‍ ഇതുവരെ ആറായിരത്തിലേറെപ്പേര്‍ കേരളത്തില്‍ ഇങ്ങനെ മതം മാറിയിട്ടുണ്ട്‌. അതില്‍ പകുതിയിലേറെ യുവതികളാണ്‌. ഒരു മാസം കേരളത്തില്‍ 100 മുതല്‍ 180 വരെ യുവതികള്‍ മതം മാറുന്നു... ഇങ്ങനെ പോകുന്നു ന്യൂഡല്‍ഹിയിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഡസ്‌കിലെ ഫയലില്‍ നിന്നും കലാകൗമുദിയിലെ വി.ഡി ശെല്‍വരാജിനു കിട്ടിയ വിവരങ്ങള്‍! ഇന്റലിജന്‍സ്‌ ഏജന്‍സികളില്‍ നിന്നും കിട്ടിയതെന്ന്‌ അവകാശപ്പെടുന്ന ഇത്തരം കഥകള്‍ക്ക്‌ പിന്നില്‍ കേരളത്തിലെ മതസമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്‌പര വിശ്വാസവും സൗഹൃദവും തകര്‍ക്കുകയെന്ന ഫാഷിസ്റ്റ്‌ അജണ്ട പതിയിരിക്കുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്‌.

മുസ്‌ലിംകള്‍, ഞങ്ങളുടെ മക്കളെ റാഞ്ചിയെടുക്കുകയും അടുക്കളയടക്കം വിഴുങ്ങുകയും ചെയ്യുമോ എന്ന സംശംയം ഇതര സമുദായത്തില്‍ സൃഷ്‌ടിച്ച്‌ പരസ്‌പരം അകറ്റാനുള്ള തന്ത്രം കുറച്ചു കാലങ്ങളായി ഇവിടെ തകൃതിയായി നടക്കുന്നുണ്ട്‌. എത്ര ആളികത്തിച്ചിട്ടും ആ പരിപ്പ്‌ ഇവിടെ വേവാത്തത്‌ ഫാഷിസ്റ്റു മനസ്സ്‌ കടമെടുത്ത പേനയുന്തികളുടെ പ്രചരണങ്ങള്‍ക്കപ്പുറം തലമുറകളുടെ കൊണ്ടും കൊടുത്തുമുള്ള അനുഭവസാക്ഷ്യങ്ങള്‍ ഓരോരുത്തരുടെയും മുന്നിലുള്ളത്‌ കൊണ്ടാണ്‌. അതു തകരുന്നയിടത്ത്‌ മാത്രമേ കാവിരാഷ്‌ട്രീയത്തിനും മോഡിയന്‍ ചിന്തകള്‍ക്കും വേരോട്ടമുണ്ടാകൂ. അതിനാണീ ഇല്ലാകഥകളുടെ പ്രചരണ നൈരന്തര്യം. മുസ്‌ലിം യുവത്വത്തെ സംശയത്തോടെ മാറ്റിനിര്‍ത്താനും കാമ്പസ്‌ കൂട്ടുകെട്ടുകളെ മതത്തിന്റെ വേലികെട്ടുകള്‍ തിരിച്ചു തളച്ചിടാനുമുള്ള ശ്രമം തങ്ങളുടെ ഫാഷിസ്റ്റ്‌ അജണ്ടയുടെ സാക്ഷാല്‍കാരത്തിനു ഇന്നല്ലെങ്കില്‍ നാളെ സഹായകമാകുമെന്ന്‌ സംഘ്‌പരിവാരശക്തികള്‍ കണക്ക്‌ കൂട്ടുന്നു. പ്രണയിച്ചു മതം മാറ്റുകയെന്ന അജണ്ട ഞങ്ങള്‍ക്കില്ലെന്ന്‌ എത്രയോ തവണ മുസ്‌ലിംകള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും കേന്ദ്ര അഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും നിഷേധിച്ചുറപ്പിച്ചിട്ടും ഉണ്ടെന്ന്‌ വീണ്ടും വീണ്ടും ഉറക്കെ പറയുന്നത്‌ അത്‌കൊണ്ടാണ്‌.

ഇസ്‌ലാമിലേക്ക്‌ ജനങ്ങള്‍ വരുന്നുണ്ടെന്നത്‌ ശരിയാണ്‌. പ്രലോഭനംകൊണ്ടോ പ്രകോപനംകൊണ്ടോ അല്ലയത്‌. അപ്പവും വീഞ്ഞും വിതരണം ചെയ്‌തിട്ടുമല്ല. ആദര്‍ശത്തിന്റെ വിശുദ്ധിയും ആകര്‍ഷണീയതയും കൊണ്ടാണ്‌ ലോകജനസംഖ്യയുടെ നാലിലൊന്ന്‌ അതിനെ അശ്ലേഷിച്ചത്‌. എല്ലാത്തിലുമരി മനസ്സിന്റെ മാറ്റത്തെ പ്രധാനമായി കാണുന്ന ഒരു മതത്തിനു ചൂഷണങ്ങളിലൂടെയും ചെപ്പടിവിദ്യകളിലൂടെയും ആളെക്കൂട്ടുക സാധ്യമല്ല. ഇന്നും ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചു മുന്നേറുന്നത്‌ ഇസ്‌ലാമാണ്‌. ലോകത്തിന്റെ എല്ലാഭാഗത്തും അതിന്റെ അംഗസംഖ്യ ഉയരുക തന്നെയാണ്‌. ഇസ്‌ലാമോഫോബിയ ഒരുഭാഗത്ത്‌ പടര്‍ന്നു പിടിക്കുമ്പോഴും മറ്റൊരുഭാഗം ഇസ്‌ലാമിനെ ജീവിതസരണിയായി ഇപ്പോഴും തെരഞ്ഞെടുക്കുന്നു. അവിടെയെല്ലാം മുസ്‌ലിംകളുടെ അംഗ സംഖ്യ ഉയരുന്നത്‌ ലൗ ജിഹാദും ദാരിദ്ര്യ ചൂഷണവും കാരണമാണെന്ന്‌ ആരും ആരോപിച്ചിട്ടില്ല. അതുപോലെ തന്നെയാണ്‌ കേരളവും. ഇവിടെ ഇസ്‌ലാമിലേക്ക്‌ ആളുകള്‍ വരുന്നു. അത്‌ മുസ്‌ലിംകളുടെ അദ്ധ്വാനംകൊണ്ടോ മിഷണറി പ്രവര്‍ത്തനം കൊണ്ടോ അല്ല. തമ്മില്‍ തര്‍ക്കിക്കാനും അകത്തെ വിവാദങ്ങളില്‍ ആനന്ദം കണ്ടെത്താനുമാണ്‌ സമുദായത്തിലെ മുക്കാലേ മുണ്ടാണിക്കും താല്‍പര്യം. നാടും വീടുമെല്ലാം ഉപേക്ഷിച്ച്‌ ഇസ്‌ലാമിലേക്ക്‌ വന്നവരെ പുനരധിവസിപ്പിക്കാനും അവര്‍ക്കെന്തെങ്കിലും തൊഴില്‍ സംഘടിപ്പിച്ചുകൊടുക്കാനും മുസ്‌ലിംകള്‍ക്ക്‌ ഇന്നേവരെ പദ്ധതികളൊന്നുമുണ്ടായിട്ടില്ല. വെറുമൊരു സര്‍ട്ടിഫിക്കറ്റാണ്‌ സമുദായം അവനു കൊടുക്കുന്നത്‌.

അന്യമതകാരിയെ പ്രണയിച്ചു അവളെ മതം മാറ്റിയോ അല്ലാതെയോ വിവാഹം കഴിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരനെ, സാധാരണ മുസ്‌ലിം കുടുംബങ്ങള്‍ക്കും മഹല്ല്‌ സമൂഹത്തിനും ഇപ്പോഴും അംഗീകരിക്കാന്‍ പ്രയാസമാണ്‌. പെണ്‍കുട്ടികള്‍ മതം മാറാന്‍ തയാറായിട്ടും കുടുംബത്തിത്തിലും സമുദായത്തിലും ഒറ്റപ്പെടുമെന്നു ഭയന്നു പ്രണയമുപേക്ഷിച്ച എത്രയോ പേരുണ്ട്‌. എന്നിട്ടും മുസ്‌ലിം യുവാക്കള്‍ പ്രണയിച്ചു മതംമാറ്റുകയാണെന്ന ആരോപണം അരങ്ങു തകര്‍ക്കുകയാണ്‌. പ്രണയിച്ചു വിവാഹം കഴിക്കുന്നവരില്‍ മതംമാറുന്ന വരുണ്ടാകാം. അത്‌ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്‌. ഒരു വിഭാഗത്തെ മാത്രം അതിന്റെ പേരില്‍ ക്രൂശിക്കുന്നതും അവരുടെ പേരില്‍ പെരുപ്പിച്ച കണക്കുകള്‍ ആരോപിച്ച്‌ ഒറ്റപ്പെടുത്തുന്നതുമാണിവിടെയുള്ള പ്രശ്‌നം.

കേരളത്തില്‍ ഇസ്‌ലാം സ്വീകരിച്ചു പഠിക്കാന്‍ വെറും രണ്ട്‌ സ്ഥാപനങ്ങളേ ഉള്ളൂ. പെന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയും കോഴിക്കാട്‌ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയും. എന്നാല്‍ മിഷണറി സ്വഭാവം ഇല്ലെന്നു പറയപ്പെടുന്ന ഹിന്ദുമതം അശ്ലേഷിക്കാനും ഇവിടെ ഔദ്യോഗികമായി തന്നെ ആറു സ്ഥാപനങ്ങളുണ്ട്‌. ക്രിസ്‌ത്യാനികള്‍ക്ക്‌ അതിലോറെയുണ്ട്‌. എന്നിട്ടും മഊനത്തിനെയും തര്‍ബിയത്തിനെയും മാത്രം ഉയര്‍ത്തികാണിച്ച്‌ മുസ്‌ലിംകള്‍ കേരളത്തെ ഇസ്‌ലാമിക വത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചാരണത്തിനാണ്‌ ശക്തി. ഇവിടെയാണ്‌ ഇസ്‌ലാമോഫോബിയയുടെ വൈറസുകള്‍ മതേതര കോലങ്ങങ്ങളെ കാര്‍ന്നുതിന്നുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. കേരളത്തില്‍ ഒരുമാസം 108 യുവതികള്‍ പ്രണയകുരുക്കില്‍ കുടുങ്ങി ഇസ്‌ലാം സ്വീകരിക്കുന്നു. 2006 മുതല്‍ ഇങ്ങനെ മതം മാറിയവര്‍ ആറായിരത്തിലധികമുണ്ട്‌. 2009 ജനുവരി മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌ വരെ 3902 പേര്‍ കേരളത്തില്‍ മതംമാറി. അതില്‍ 3815 ഉം ഇസ്‌ലാമിലേക്കാണ്‌. 1596 പേരും യുവതികളാണ്‌... എന്നിങ്ങനെയുള്ള കണക്ക്‌ ജില്ല തിരിച്ച്‌ അവതരിപ്പിക്കുന്ന കലാകൗമുദി, 2006 നുശേഷം വെറും എട്ട്‌ മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമാണ്‌ അന്യമതസ്ഥരെ പ്രണയ വിവാഹം കഴിച്ചതെന്നും വിശദീകരിക്കുന്നു.

ഇസ്‌ലാം ഭീതിയുടെ അര്‍ബുദ മുഴകളാണ്‌ കലാകൗമുദിയില്‍ മുഴച്ചു നില്‍ക്കുന്നതെന്ന്‌ ഇതില്‍നിന്നു തന്നെ വ്യക്തമാണ്‌. 2006 നുശേഷം വെറും എട്ട്‌ മുസ്‌ലിം പെണ്‍കുട്ടികളേ മറ്റുള്ളവരുമായി പ്രണയ വിവാഹം നടത്തിയിട്ടുള്ളൂ എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാത്രം അന്ധത ബാധിച്ചവരാണ്‌ ബ്ലൂപ്രിന്റ്‌ തയാറാക്കിയവരെന്ന്‌ ആര്‍ക്കും മനസ്സിലാകും. മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെയൊന്ന്‌ സഞ്ചരിച്ചാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിനു മുസ്‌ലിം പെണ്‍കുട്ടികള്‍ മറ്റുള്ളവരോടൊപ്പം ഇറങ്ങിപ്പോയതിന്റെ കഥകേള്‍ക്കാനാകും. കോഴിക്കോട്‌ ജില്ലയിലെ താമരശ്ശേരിക്കടുത്ത തലയാട്‌ എന്ന മലയോര പ്രദേശത്ത്‌ മാത്രം ഒരു ഡസനിലധികം മുസ്‌ലിം പെണ്‍കുട്ടികളാണ്‌ ഹിന്ദുയുവാക്കളോടൊപ്പം ജീവിതം പറിച്ചു നട്ടത്‌. കോഴിക്കോട്‌ ജില്ലയിലെ പയ്യോളിക്ക്‌ സമീപം ആറ്‌ പെണ്‍കുട്ടികള്‍. മലപ്പുറം ജില്ലയിലെ ചെമ്പ്രയില്‍ രണ്ട്‌ പെണ്‍കുട്ടികള്‍. തിരൂരിലെ ബി.പി.അങ്ങാടിയില്‍ ക്ഷേത്ര പൂജാരിയോടൊപ്പം ഇറങ്ങിയ ഒരു കുട്ടിയുള്ള ഉമ്മ...ഇതെല്ലാം കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിച്ചതാണ്‌. കലാകൗമുദിയെ പോലെ ഉറവിടമില്ലാത്ത അജ്ഞാത കേന്ദ്രത്തില്‍ നിന്നുകിട്ടിയതു മൊത്തത്തിലുള്ളൊരു കണക്കു പറയുകയല്ല ഇവിടെ. ആര്‍ക്കും പോയി അന്വേഷിച്ചനുഭവിക്കാവുന്ന നാടുകളിലെ സംഭവങ്ങളാണിതെല്ലാം. ഓരോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിനും ഇത്തരം കഥകള്‍ എമ്പാടുമുണ്ട്‌ പറയാന്‍. പക്ഷേ, അതിന്റെ പേരില്‍ പ്രതിഷേധിക്കാനോ മറ്റൊരു സമുദായത്തെ പ്രതിചേര്‍ക്കാനോ മുസ്‌ലിംകള്‍ ശ്രമിച്ചിട്ടില്ല.

പ്രണയത്തിനു മതമില്ലെന്ന ലളിത സത്യം ഉള്‍കൊള്ളാന്‍ സാധിക്കാത്തവര്‍ക്കേ ഇതൊക്ക ആരുടെയെങ്കിലും സംഘടിത ആസൂത്രണമാണെന്നും മതാനുയായികളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രമാണെന്നോ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമാകൂ. മത പരിവര്‍ത്തനത്തിന്റെ പേരില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കണക്കുകളുണ്ടാക്കി ഉദ്ധരിക്കുകയും എന്നിട്ടത്‌ ചൂണ്ടിക്കാട്ടി പൊതു സമൂഹത്തെ പേടിപ്പിച്ചു നിര്‍ത്തുകയുമാണ്‌ കാവിമനസ്സുള്ള മതേതര രൂപങ്ങള്‍. മുമ്പ്‌ സംഘ്‌ പരിവാര ഫാഷിസം നടത്തിയ കുപ്രചരണത്തിന്റെ അനുകരണമോ തനിയാവര്‍ത്തനമോ ആണിത്‌. ലൗ ജിഹാദ്‌ വഴി കര്‍ണാടകയില്‍ മൊത്തം മുപ്പതിനായിരം പെണ്‍കുട്ടികളും ദക്ഷിണകര്‍ണാടകയില്‍ മുവായിരം ഹിന്ദുപെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന ആരോപണവുമായി 2009 ല്‍ ഹിന്ദു ജാഗ്രതാ സമിതിയെന്ന സംഘ്‌പരിവാര്‍ സംഘടന രംഗത്തു വന്നിരുന്നു. അതേകുറിച്ച്‌ കര്‍ണാടകാ പോലീസ്‌ അന്വേഷിച്ചപ്പോള്‍, 2009 സപ്‌തംബര്‍ വരെ 404 പെണ്‍കുട്ടികള്‍ മാത്രമാണ്‌ കാണാതായതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതെന്നും അതില്‍ 332 പേരെ കണ്ടെത്തിയെന്നും വിശദീകരിക്കപ്പെട്ടു. ശേഷിക്കുന്ന 57 പേരില്‍ വിവിധമതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പോലീസ്‌ വ്യക്തമാക്കി. കല്‍പന ശര്‍മ 2009 നവംബര്‍ 1 ലെ ദ ഹിന്ദുവില്‍ ഇത്‌ വിശദമായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംഘ്‌പരിവാരം ഇറക്കുമതിചെയ്യുന്ന ഇത്തരം അടിസ്ഥാന രഹിതമായ കഥകളും കണക്കുകളും പകര്‍ത്തിയെടുത്തു, രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന്‌ കിട്ടിയതാണെന്നു പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചു നിര്‍ത്തുകയാണ്‌ ഈ മതേതര നാട്യക്കാര്‍.

സവര്‍ണ ഫാഷിസ്റ്റ്‌ മേല്‍കൊയ്‌മക്കെതിരെ പിന്നാക്ക ന്യൂനപക്ഷ ഐക്യം രൂപപ്പെടണമെന്ന ചര്‍ച്ചകളും സംവാദങ്ങളും അടുത്തകാലത്ത്‌ എല്ലായിടത്തും സജീവമാണ്‌. അത്‌ സവര്‍ണ തമ്പ്രാക്കന്മാരെയും സംഘ്‌ പരിവാര ഫാഷിസത്തെയും വെപ്രാളപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണ്‌ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും പട്ടിക ജാതി- വര്‍ഗങ്ങളെ കൂടെ നിര്‍ത്താനും മുസ്‌ലിം വിഘടനവാദികള്‍ക്ക്‌ പദ്ധതിയുണ്ടെന്ന ആരോപണം. സവര്‍ണ തമ്പ്രാക്കളെക്കാള്‍ ഇവിടുത്തെ ദലിത്‌ വിഭാഗങ്ങള്‍ക്ക്‌ രക്തബന്ധവും സാമൂഹ്യബന്ധവുമുള്ളത്‌ മുസ്‌ലിംകളോട്‌ തന്നെയാണ്‌. ഇന്നു നല്ലൊരു വിഭാഗം മുസ്‌ലിംകളും വിവേചനത്തിന്റെ കാരാഗൃഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇസ്‌ലാമിലേക്ക്‌ വന്ന പിന്നാക്ക ജാതിക്കാരാണ്‌. ഇസ്‌ലാമിലേക്ക്‌ മതം മാറാന്‍ അനുയായികളെ പ്രേരിപ്പിച്ചവരാണ്‌ പഴയകാല അവര്‍ണ നേതാക്കള്‍. 1936 ല്‍ കൊച്ചിയിലെ കേരളാ തിയ്യ യൂത്ത്‌ലീഗ്‌ പ്രസിദ്ധീകരിച്ച അവര്‍ണക്കു നല്ലത്‌ ഇസ്‌ലാം എന്ന പുസ്‌തകം അതിന്റെ ഒന്നാന്തരം രേഖയാണ്‌. ഈ രണ്ട്‌ വിഭാഗങ്ങളാണ്‌ അടുത്തകാലം വരെ ജന്മി നാടുവാഴിത്വത്തിരെ ഒന്നിച്ചുനിന്നു പോരാടിയതും സമരം ചെയ്‌തതും.

അഭിഭക്ത ഇന്ത്യയില്‍ ഹരിജനങ്ങള്‍ക്ക്‌ വോട്ടാവകാശത്തിനു വേണ്ടി ശബ്‌ദിക്കാന്‍ മുന്നിലുണ്ടായിരുന്നത്‌ അന്നത്തെ മുഖ്യദേശീയരാഷ്‌ട്രീയ പാര്‍ട്ടിയായിരുന്ന മുസ്‌ലിം ലീഗാണ്‌. അന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലിരുന്ന ഗാന്ധിജി പോലും അതിനെ എതിര്‍ക്കുകയും ഹരിജനങ്ങളുടെ വോട്ടാവകാശത്തെ ലീഗ്‌ എതിര്‍ത്താല്‍ ലീഗിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന്‌ അദ്ദേഹം ഉറപ്പുകൊടുക്കുകയും ചെയ്‌തു. എന്നിട്ടും അത്‌ നിരാകരിച്ചുകൊണ്ട്‌ ലീഗ്‌ ഹരിജന വോട്ടാവകാശത്തിനു വേണ്ടി ശബ്‌ദിക്കുകയും 1932 ആഗസ്‌ത്‌ 10 നു കമ്യൂണല്‍ അവാര്‍ഡ്‌ പ്രഖ്യാപനത്തിലൂടെ അത്‌ നേടിയെടുക്കുകയും ചെയ്‌തു.(ദലിത്‌ നേതാവായ കല്ലറ സുകുമാരന്‍ വിമോചനത്തിന്റെ അര്‍ത്ഥശാസ്‌ത്രമെന്ന ഗ്രന്ഥത്തില്‍ ഈ സംഭവം അനുസ്‌മരിക്കുന്നുണ്ട്‌) ഈ നല്ലബന്ധം തകര്‍ത്തു ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പരസ്‌പരമകറ്റി എക്കാലത്തും അവരെ ചൂഷണം ചെയ്‌തു അധികാരത്തിലിരിക്കാനാണ്‌ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സവര്‍ണനമേധാവിത്വവും ഹിന്ദുത്വഫാഷിസവും ശ്രമിച്ചത്‌. അടുത്തകാലത്ത്‌ അത്‌ തിരിച്ചറിയാന്‍ ദലിത്‌ മുസ്‌ലിം ബുദ്ധിജീവികള്‍ക്കും ചിന്തകര്‍ക്കും സാധിച്ചു. തഥടിസ്ഥാനത്തില്‍ ചര്‍ച്ചകളും സംവാദങ്ങളുമാരംഭിച്ചു. കേരളത്തിലും അതിന്റെ അന്ദോളനങ്ങളുണ്ടായി. അപ്പോഴാണ്‌ അത്‌ പട്ടിക ജാതിക്കാരെ ഹിന്ദുമതത്തില്‍ നിന്നും അകറ്റാനുള്ള മുസ്‌ലിം തന്ത്രമാണെന്ന ബ്ലൂ പ്രിന്റ്‌ ബോംബ്‌ കണ്ടെടുക്കപ്പെടുന്നത്‌.

സ്വാദിഖ് ഫൈസി താനൂര്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter