ഇഖ്റഅ് 24. ഏറ്റവും വലിയ ആരാധന പരോപകാരം തന്നെ

ഡമസ്കസിലെ പാവം ചെരുപ്പ് കുത്തിയായിരുന്നു മുവഫഖ്. വളരെ കാലമായി അദ്ദേഹം മനസ്സില്‍ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്, ഒന്ന് മക്കയിലെത്തി ഹജ്ജും ഉംറയും നിര്‍വ്വഹിക്കുക എന്നത്. ദിവസവും ലഭിക്കുന്ന കുറഞ്ഞ വരുമാനത്തില്‍നിന്ന് കാലങ്ങളായി അതിന് വേണ്ടി അല്‍പാല്‍പം സൂക്ഷിച്ച് സ്വരുക്ക് കൂട്ടി വെക്കുന്നു. അവസാനം, ഏകദേശം ഹജ്ജിനുള്ള വകയായി എന്ന് മനസ്സിലാക്കിയ അദ്ദേഹം ആ വര്‍ഷം ഹജ്ജിന് പോകാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.

അതിനിടെയാണ് ഒരു ദിവസം, തന്റെ അയല്‍ക്കാരന്റെ പ്രയാസങ്ങള്‍ അദ്ദേഹം അറിയാനിടയായത്. നേരാംവണ്ണം ഭക്ഷണം കഴിക്കാന്‍ പോലുമില്ലാതെ അവര്‍ പട്ടിണി കിടക്കുകയാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് വല്ലാത്ത വിഷമം തോന്നി. തല്‍ക്കാലം ആ വര്‍ഷം ഹജ്ജ് വേണ്ടെന്ന് വെച്ചത്, അതിനായി സമ്പാദിച്ച് വെച്ചത് അവര്‍ക്ക് നല്കി.

ആ വര്‍ഷത്തെ ഹജ്ജിന് സമാപ്തി കുറിച്ച ദിനം, അബ്ദുല്ലാഹിബ്നുല്‍ മുബാറക് എന്ന ആത്മജ്ഞാനിക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായി. ഈ വര്‍ഷം അനേകം പേര്‍ ഹജ്ജ് ചെയ്തെങ്കിലും ആരുടേതും സ്വീകരിക്കപ്പെടാന്‍ അര്‍ഹമായിരുന്നില്ലെന്നും, ഹജ്ജ് ചെയ്യാന്‍ എത്തിയിട്ടില്ലാത്ത ചെരുപ്പ് കുത്തിയായ മുവഫഖിന് ഹജ്ജിന്റെ പുണ്യം ലഭിച്ചുവെന്നും അദ്ദേഹത്തിന്റെ കര്‍മ്മത്തിന്റെ ഫലമായി എല്ലാവര്‍ക്കും നാഥന്‍ ഹജ്ജിന്റെ പ്രതിഫലം നല്കിയെന്നുമായിരുന്നു ആ ദര്‍ശനം. മുവഫഖിനെ തേടി ഡമസ്കസിലെത്തിയ ഇബ്നുല്‍മുബാറക്, നടന്ന കാര്യങ്ങളന്വേഷിക്കുകയും അത് മറ്റുള്ളവരുമായി പങ്ക് വെക്കുകയും ചെയ്തു.

ഇതാണ്, ഇസ്‍ലാമിന്റെ അടിസ്ഥാനം. മറ്റുള്ളവരുടെ പ്രയാസങ്ങളകറ്റുക, പരോപകാരപ്രദമായത് ചെയ്യുക ഇവയാണ് ഏറ്റവും വലിയ ആരാധനയായി ഇസ്‍ലാം കാണുന്നത്. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മ്മം ഏതാണെന്ന ചോദ്യത്തിന് പ്രവാചകര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, നിന്റെ സഹോദരന്റെ എന്തെങ്കിലും പ്രയാസങ്ങള്‍ പരിഹരിച്ച് കൊടുക്കുന്നത്, നീ കാരണം അവന്റെ മനസ്സില്‍ ഒരു സന്തോഷം ഉണ്ടാക്കുന്നത്. ശേഷം അവിടുന്ന് പറഞ്ഞ്, ഒരാളുടെ ആവശ്യനിര്‍വ്വഹണത്തിന് വേണ്ടി അവന്റെ കൂടെ നടന്നുകൊടുക്കുന്നതാണ് എന്റെ ഈ പള്ളിയില്‍ ഒരു മാസം ആരാധനാനിമഗ്നനായി ഇരിക്കുന്നതിനേക്കാള്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത്.

Read More: ഇഖ്റഅ് 23.പരദേശിയപ്പോലെ... അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെ

മറ്റുള്ളവരെ പ്രയാസപ്പെടുത്തരുത് എന്ന് മാത്രമല്ല, അവരുടെ പ്രയാസങ്ങള്‍ സാധ്യമാവുന്നിടത്തോളം പരിഹരിക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടത്. സാമ്പത്തികവും ശാരീരികവുമായി സാധിക്കുന്നത് അത്തരത്തില്‍ ചെയ്യുക, അതിനായില്ലെങ്കില്‍ നല്ല വാക്ക് കൊണ്ട് അവനെ ആശ്വസിപ്പിക്കുകയെങ്കിലും ചെയ്യുക.

നമ്മുടെ ചുറ്റിലും വിവിധ പ്രയാസങ്ങളിലൂടെ കടന്ന് പോകുന്ന എത്രയെത്ര ആളുകളുണ്ട്. അവരെയെല്ലാം ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് സമയം കണ്ടെത്തിക്കൂടേ. നാം ചെയ്യുന്ന മറ്റു പല ആരാധനകളേക്കാളും എത്രയോ ശ്രേഷ്ഠവും പ്രതിഫലാര്‍ഹവും അതായിരിക്കും.  ഈ റമദാന്‍ അതിന് കൂടിയുള്ള അവസരങ്ങളായി മാറട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter