മരണശേഷം പ്രസവിച്ച സ്ത്രീ
ഇബ്നുല്‍ജൗസി അമീറുല്‍മുഅ്മിനീന്‍ ഉമറുബ്നുല്‍ഖത്താബ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്ന സംഭവം ഇങ്ങനെ വായിക്കാം. സൈദ് ബിന്‍ അസ്‍ലം എന്നവര്‍ തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു, ഭരണാധികാരിയായിരുന്ന ഉമര്‍(റ)നെ കാണാന്‍ ആളുകള്‍ വരുന്നത് പതിവായിരുന്നു. ഒരു ദിവസം ചുമലില്‍ ഒരു കുട്ടിയെയും ചുമന്ന് ഒരാള്‍ അദ്ദേഹത്തെ കാണാനെത്തി. അത് ഒരു പിതാവും മകനുമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആരും പറഞ്ഞുപോവും, അത്രമാത്രം സാമ്യമുണ്ടായിരുന്നു അവര്‍ രണ്ട് പേരും. അവരെ കണ്ട ഉമര്‍(റ) ഇങ്ങനെ പറഞ്ഞു, കാക്കക്കുഞ്ഞിന് കാക്കയോടുള്ളതിനേക്കാള്‍ സാദൃശ്യമാണല്ലോ നിങ്ങള്‍ തമ്മിലുള്ളത്.
ഇത് കേട്ട ആഗതന്‍ പ്രതികരിച്ചു, അതെ, അമീറുല്‍മുഅ്മിനീന്‍, താങ്കള്‍ പറഞ്ഞത് ശരിയാണ്, ഉമ്മ മരണപ്പെട്ട ശേഷം പ്രസവിച്ച എന്റെ കുട്ടിയാണ് ഇത്. ഉടനെ ഉമര്‍(റ) പറഞ്ഞു, എന്താണ് നീ ഈ പറയുന്നത്. മരണപ്പെട്ട സ്ത്രീ പ്രസവിക്കുകയോ.
അദ്ദേഹം ആ കഥ ഇങ്ങനെ വിവരിച്ചു, അമീറുല്‍മുഅ്മിനീന്‍, ഞാന്‍ ഒരു സംഘത്തില്‍ യാത്ര പുറപ്പെട്ടതായിരുന്നു. പോകുന്ന സമയത്ത് ഗര്‍ഭിണിയായിരുന്ന ഭാര്യയോട് ഞാന്‍ ഇങ്ങനെ പറഞ്ഞു, നിന്റെ വയറ്റിലുള്ളതിനെ സൂക്ഷിക്കാന്‍ ഞാന്‍ അല്ലാഹുവിനെ ഏല്‍പിക്കുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍, എന്റെ ഭാര്യ മരണപ്പെട്ടു പോയി എന്നും ബഖീഇല്‍ അവരെ ഖബ്റടക്കി എന്നുമുള്ള വാര്‍ത്തയാണ് എനിക്ക് അറിയാനായത്. ഒരു ദിവസം രാത്രി എന്റെ പിതൃവ്യപുത്രനോടൊപ്പം ബഖീഇല്‍ ഇരിക്കുമ്പോള്‍, അവിടെ ഒരു വെളിച്ചം എന്റെ ശ്രദ്ധയില്‍ പെട്ടു. ഇതെന്താണെന്ന് ഞാന്‍ എന്റെ സഹോദരോട് ചോദിച്ചപ്പോള്‍, എന്താണെന്ന് തനിക്കറിയില്ലെന്നും ഏതാനും ദിവസങ്ങളായി ആ ഖബ്റിനടുത്ത് ഈ വെളിച്ചം കാണുന്നുവെന്നും അവന്‍ പറഞ്ഞു. ഞാനും അവനും ആ ഖബ്റിനടുത്തേക്ക് പോയിനോക്കി. അതെന്റെ ഭാര്യയുടെ ഖബ്റായിരുന്നു. തുറന്ന് കിടക്കുയായിരുന്ന അതില്‍ അവളുടെ മടിയിലെന്ന പോലെ ഈ കുഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആരോ ഒരാള്‍ വിളിച്ചുപറയുന്ന പോലെ ഞാന്‍ കേട്ടു, നീ സൂക്ഷിക്കാന്‍ ഏല്‍പിച്ചത് തിരിച്ചെടുക്കുക, നീ ആ സമയത്ത് ആ ഉമ്മയെ കൂടി സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നുവെങ്കില്‍ അവളെയും സുരക്ഷിതായി നിനക്ക് ലഭിക്കുമായിരുന്നു.
അല്‍ഭുതപ്പെട്ടു പോയ ഞാന്‍, കുട്ടിയെ എടുത്ത് ഖബ്റ് പഴയത് പോലെ മൂടി തിരിച്ച് വീട്ടിലേക്ക് നടന്നു.
എന്തെങ്കിലും സൂക്ഷിക്കാന്‍ അല്ലാഹുവിനെ ഏല്‍പിച്ചാല്‍ അവന്‍ അത് സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന അനേകം ഹദീസുകള്‍ കാണാം. യാത്ര പുറപ്പെടുന്ന സമയത്ത്, സൂക്ഷിപ്പ് സ്വത്തുക്കള്‍ നഷ്ടപ്പെടുത്താത്ത അല്ലാഹുവിനെ ഞാന്‍ നിങ്ങളെ സൂക്ഷിക്കാന്‍ ഏല്‍പിക്കുന്നു എന്ന് പറയണമെന്നും മറ്റു ചില ഹദീസുകളില്‍ കാണാം. ഈ തിരുവചനങ്ങളുടെ സഫലീകരണമാണ് ഇവിടെ നമുക്ക് കാണാനാവുന്നത്.



Leave A Comment