സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍ 06.ഇബ്രാഹീം നബിയുടെ കാളക്കുട്ടി

ഇസ്‌ലാമിക ചരിത്രത്തിലും പ്രവാചക വചനങ്ങളിലും അതിഥിസൽക്കാരത്തിന്റെ പ്രതീകമായി രേഖപ്പെടുത്തപ്പെട്ട ഒന്നാണ് ഹസ്രത്ത് ഇബ്രാഹീം നബി (അ) തന്റെ അതിഥികൾക്കായി ഒരുക്കിയ കാളക്കുട്ടി വിരുന്ന്.  അന്ത്യനാളിൽ മണ്ണായിപ്പോകാതെ, ഒരു പ്രവാചകന്റെ ഔദാര്യത്തിന്റെയും ആതിഥേയത്വത്തിന്റെയും ഭാഗമായി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന പത്ത് പുണ്യ ജീവികളിൽ പെട്ടതാണ്ഈ കാളക്കുട്ടി.

വിശുദ്ധ ഖുർആനിൽ സൂറത്ത് ഹൂദിലും സൂറത്ത് ദാരിയാതിലും ഈ ചരിത്രം അതീവ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്. മനുഷ്യരൂപത്തിൽ തന്റെ വീട്ടിലേക്ക് കടന്നുവന്ന അതിഥികൾ (ജിബ്‌രീൽ, മീക്കാഈൽ, ഇസ്‌റാഫീൽ) അല്ലാഹുവിന്റെ ഉന്നതരായ മലക്കുകളാണെന്ന്  ഇബ്രാഹീം നബി (അ) ആദ്യം അറിഞ്ഞിരുന്നില്ല. അതിഥികളെ കണ്ടയുടൻ തന്റെ പക്കലുള്ള ഏറ്റവും മികച്ച തടിയുള്ള ഒരു കാളക്കുട്ടിയെ അറുത്ത് സൽക്കരിക്കാൻ പ്രവാചകൻ തിടുക്കം കൂട്ടി.

വിശുദ്ധ ഖുർആൻ ആ രംഗം ഇങ്ങനെ വിശേഷിപ്പിക്കുന്നു: "അദ്ദേഹം (ഇബ്രാഹീം) ഒട്ടും വൈകിയില്ല, പെട്ടെന്ന് തന്നെ പൊരിച്ചെടുത്ത ഒരു കാളക്കുട്ടിയെ (അതിഥികളുടെ മുന്നിൽ) കൊണ്ടുവന്നു." (സൂറത്ത് ഹൂദ്: 69)

മറ്റൊരു ആയത്തിൽ അതിനെ 'ഇജ്‌ലിൻ സമീൻ' (കൊഴുത്തുരുണ്ട കാളക്കുട്ടി) എന്നും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ കയ്യിലുള്ളതിൽ വെച്ച് ഏറ്റവും നല്ലതിനെ അതിഥികൾക്കായി സമർപ്പിക്കുക വഴി ഇബ്രാഹീം നബി (അ) ലോകത്തിന് വലിയൊരു സൽക്കാര മാതൃക കാണിച്ചുതരികയായിരുന്നു. ഭൗതിക ലോകത്ത് വെച്ച് ഈ കാളക്കുട്ടി അറുക്കപ്പെടുകയും അതിന്റെ മാംസം കല്ലുകളിൽ വെച്ച് പൊരിക്കപ്പെടുകയും (ഹനീദ്) ചെയ്തതാണ്.

എന്നാൽ, അല്ലാഹുവിന്റെ ആദരണീയരായ മലക്കുകളെയും പ്രവാചകനെയും ഊട്ടാൻ വേണ്ടിയാണ് ആ ജീവി തന്റെ ജീവൻ നൽകിയത് എന്നതിനാൽ, അല്ലാഹു അതിന് പരലോകത്ത് വെച്ച് പകരം നൽകുന്നു. അന്ത്യനാളിൽ അല്ലാഹു അതിന്റെ ശരീരത്തെയും ചോരയെയും മാംസത്തെയും പൂർണ്ണമായ ജീവനോടെ പുനരുജ്ജീവിപ്പിക്കും.

ഇമാം ബഗ്‍വി(റ) തന്റെ മആലിമുത്തൻസീൽ എന്ന തഫ്സീറിലും മറ്റു പല പണ്ഡിതരും ഈ ചരിത്രം വിശദമായി പറയുന്നുണ്ട്. മനുഷ്യരൂപത്തിൽ വന്ന അതിഥികൾ മലക്കുകളായതുകൊണ്ട് (അവർക്ക് ഭക്ഷണത്തിന്റെ ആവശ്യമില്ലാത്തതിനാൽ) അവർ ആ പൊരിച്ച കാളക്കുട്ടിയുടെ മാംസത്തിലേക്ക് കൈ നീട്ടിയില്ല. ഇത് കണ്ട് ഇബ്രാഹീം നബി (അ) ഭയപ്പെടാൻ തുടങ്ങിയപ്പോഴാണ് അവർ തങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് വെളിപ്പെടുത്തിയത്.

തുടർന്ന്, സങ്കടത്തോടെയും അത്ഭുതത്തോടെയും നിൽക്കുകയായിരുന്ന ഇബ്രാഹീം നബി (അ) ന്റെ മുന്നിൽ വെച്ച്, ആ പൊരിച്ചുവെച്ച കാളക്കുട്ടിയുടെ മേൽ പ്രവാചകൻ കൈവെച്ച് അല്ലാഹുവോട് പ്രാർത്ഥിച്ചു. ആ നിമിഷം, വെന്തുപോയ ആ മാംസവും എല്ലുകളും പൂർണ്ണരൂപത്തിൽ ജീവൻ വെക്കുകയും, ആ കാളക്കുട്ടി പഴയതുപോലെ ജീവനോടെ എഴുന്നേറ്റ് നടക്കുകയും ചെയ്തു! മരണപ്പെട്ട ജീവികളെ അല്ലാഹുവിന് എങ്ങനെ വീണ്ടും ജീവിപ്പിക്കാൻ സാധിക്കുമെന്ന പുനരുത്ഥാന വിശ്വാസത്തിന് പണ്ഡിതന്മാർ ഉദ്ധരിക്കുന്ന വലിയൊരു തെളിവ് കൂടിയാണിത്. ഈ അത്ഭുതകരമായ ആത്മീയ പദവി ഉള്ളതുകൊണ്ടാണ് അന്ത്യനാളിൽ അതേ ശരീരത്തോടെ അത് സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നതും.

ഇമാം ആലൂസി(റ) തന്റെ തഫ്സീറിൽ ഇതിന്റെ പശ്ചാത്തലം വിവരിക്കുന്നുണ്ട്. ഇബ്രാഹീം നബി (അ) ന്റെ പ്രധാന സമ്പത്ത് എന്നത് പശുക്കളും കാളകളും അടങ്ങുന്ന കന്നുകാലികളായിരുന്നു. തന്റെ കയ്യിലുള്ളതിൽ വെച്ച് ഏറ്റവും മികച്ചതാണ് അദ്ദേഹം നൽകിയത്. കൂടാതെ, പ്രായമായ പശുവിന്റെയോ ഒട്ടകത്തിന്റെയോ ഇറച്ചിയേക്കാൾ എത്രയോ മാര്‍ദ്ദവമുള്ളതും സ്വാദുള്ളതുമാണ് ചെറിയ കാളക്കുട്ടിയുടെ മാംസം. അതിഥികൾക്ക് ചവച്ചരച്ച് കഴിക്കാൻ പ്രയാസമുണ്ടാകരുത് എന്ന പ്രവാചകന്റെ ചിന്തയും അതിഥിസൽക്കാരത്തോടുള്ള ആദരവുമാണ് 'ഇജ്‌ൽ' (കാളക്കുട്ടി) എന്ന ജീവിയെ തിരഞ്ഞെടുക്കാൻ കാരണമായത്.

ഈ ചരിത്രത്തിന്റെ വെളിച്ചത്തില്‍, ഭൗതികലോകത്ത് അറുക്കപ്പെടുന്ന മൃഗങ്ങൾക്ക് പരലോകത്ത് പകരം നൽകൽ അല്ലാഹുവിന്റെ മേൽ 'നിർബന്ധമാണ്' എന്ന് മുഅ്തസില വിഭാഗം വാദിക്കുന്നുണ്ട്. എന്നാൽ അശ്അരി പണ്ഡിതന്മാർ ഇതിനെ തിരുത്തിക്കൊണ്ട് വ്യക്തമാക്കുന്നു: അല്ലാഹുവിന്റെ മേൽ യാതൊന്നും നിർബന്ധമില്ല. ഈ കാളക്കുട്ടിയെ അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നത് അവന് നിർബന്ധമായതുകൊണ്ടല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട പ്രവാചകനായ ഇബ്രാഹീം നബി (അ) നോടും അവിടുത്തെ അതിഥികളായ മലക്കുകളോടും കാണിക്കുന്ന ഉദാരതയും ആദരവും മാത്രമാണ്.

ഇമാം ഖുശൈരി(റ) തന്റെ ലത്വാഇഫുൽ ഇശാറാത്ത് എന്ന പ്രശസ്തമായ തഫ്സീറിൽ ഖുർആനിൽ പറയുന്ന രണ്ട് കാളക്കുട്ടികളെ തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് മനോഹരമായൊരു രഹസ്യം പുറത്തെടുക്കുന്നുണ്ട്. സാമിരിയുടെ പശുക്കുട്ടിയാണ് രണ്ടാമത്തേത്. അത് സ്വർണ്ണവും ആഭരണങ്ങളും കൊണ്ട് ഉണ്ടാക്കപ്പെട്ടതായിരുന്നു. ജനങ്ങൾ അതിനെ അല്ലാഹുവിന് പുറമെ ആരാധിക്കുകയും ശിർക്കിലേക്ക് പോവുകയും ചെയ്തപ്പോൾ അത് ശാപത്തിന് കാരണമാകുകയും ഈ ലോകത്ത് വെച്ചുതന്നെ കരിച്ചുകളയപ്പെടുകയും പരലോകത്ത് കഠിനശിക്ഷയ്ക്ക് കാരണമാകുകയും ചെയ്തു.

അതേ സമയം, ഇബ്രാഹീം നബിയുടെ കാളക്കുട്ടി ജീവനുള്ള സാധാരണ ഒരു മൃഗമായിരുന്നു. എന്നാൽ അത് അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് മലക്കുകളെ സൽക്കരിക്കാൻ വേണ്ടി സമർപ്പിക്കപ്പെട്ടപ്പോൾ, അത് വലിയൊരു ബിശാറത്തിനും (ഇസ്ഹാഖ് നബിയുടെ ജനന വാർത്ത) ബറകത്തിനും കാരണമാകുകയും പരലോകത്ത് ശാശ്വതമായി സ്വർഗ്ഗത്തിൽ ആദരിക്കപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter