ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ തുറന്നുകാട്ടുന്ന ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രപരമായ സ്വീകരണം

ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ തുറന്നുകാട്ടുന്ന 'നാസ' (NAZA) എന്ന ഡോക്യുമെന്ററിക്ക് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (Venice Film Festival) ചരിത്രപരമായ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രീമിയർ പ്രദർശനത്തിന് ശേഷം കാണികൾ എഴുന്നേറ്റു നിന്ന് 24.5 മിനിറ്റിലധികം കൈയ്യടിക്കുകയും ചെയ്തു.വെനീസ് ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ കൈയടിയാണിത്. കഴിഞ്ഞ വർഷം 22 മിനിറ്റ് നീണ്ട കൈയടി നേടിയ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' (The Voice of Hind Rajab) എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ഈ ചിത്രത്തിലൂടെ തിരുത്തപ്പെട്ടത്.

ഓസ്‌കാർ പുരസ്കാര ജേതാക്കളായ യുവൽ അബ്രഹാം, റേച്ചൽ സോർ എന്നീ ഇസ്രായേലി ചലച്ചിത്ര പ്രവർത്തകരാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തുന്ന ആസൂത്രിതമായ കൂട്ടക്കൊലകളും അതിനായി ഉപയോഗിക്കുന്ന ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും എ.ഐ (AI) സാങ്കേതികവിദ്യകളുമാണ് ചിത്രത്തിന്റെ  പ്രമേയം. 

 തെൽ അവീവിലെ കെട്ടിടങ്ങളുടെ മുകളിൽ വച്ച് ഏകദേശം മൂന്ന് വർഷത്തോളം അതീവ രഹസ്യമായാണ് ഈ ചിത്രം ചിത്രീകരിച്ചത്.  ഫലസ്തീനിലെ സൈനിക നടപടികളിൽ പങ്കാളികളായ 24 ഇസ്രായേലി മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാരുടെയും സൈനികരുടെയും നിർണായക വെളിപ്പെടുത്തലുകൾ ഡോക്യുമെന്ററിയിലുണ്ട്. ഇവരുടെ സുരക്ഷ മുൻനിർത്തി ശബ്ദവും രൂപവും ഡിജിറ്റലായി മാറ്റം വരുത്തി തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

 യുകെയിലെ ജിം വിൽസൺ, 'ദി ഗാർഡിയൻ' എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശസ്ത സംവിധായകൻ ജോനാഥൻ ഗ്ലേസർ ആണ്.പ്രദർശനത്തിനിടയിലും അവസാനത്തിലും കാണികളിൽ പലരും ഫലസ്തീൻ പതാകകൾ ഉയർത്തിപ്പിടിക്കുകയും 'ഫ്രീ ഫലസ്തീൻ' മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. മികച്ച പ്രതികരണം നേടിയതോടെ ഈ വർഷത്തെ വെനീസ് ചലച്ചിത്രമേളയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ 'ഗോൾഡൻ ലയൺ' (Golden Lion) നേടാൻ സാധ്യതയുള്ള ചിത്രങ്ങളുടെ മുൻനിരയിലാണ് 'നാസ'. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter