അൻവർ ഇബ്രാഹീം തിരിച്ചുവരുമ്പോള്‍ മലേഷ്യയുടെയും മുസ്‍ലിം ലോകത്തിന്റെയും പ്രതീക്ഷകള്‍

മലേഷ്യയിലെ പുതിയ പ്രധാന മന്ത്രിയായി അന്‍വര്‍ ഇബ്റാഹീം സ്ഥാനമേറ്റിരിക്കുകയാണ്. 1970കൾ മുതൽക്കു തന്നെ മലേഷ്യൻ രാഷ്ട്രീയത്തില്‍ മുഴങ്ങുന്ന പേരുകളിലൊന്നാണ് അന്‍വറിന്റേത്. രാഷ്ട്രീയ പകപോക്കലുകളുടെ ഇരയായി വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പായിരുന്നു ഇത്തവണത്തെ മലേഷ്യൻ തെരഞ്ഞെടുപ്പ് എന്ന് തന്നെ പറയാം. ദിവസങ്ങൾ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുൽത്താൻ അബ്ദുല്ല രാജാവിന്റെ സാന്നിധ്യത്തിൽ മലേഷ്യയുടെ പത്താമത് പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹീം ചുമതലയേൽക്കുമ്പോൾ കാലങ്ങളായി പൊതു ജനം ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരവും വിശാലമായ മാറ്റങ്ങളുമാണ് ജനം ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും.

മലേഷ്യൻ രാഷ്ട്രീയം ഇതുവരെ സാക്ഷിയായിട്ടില്ലാത്ത വിധത്തിലുള്ള അനിശ്ചിതത്വങ്ങളായിരുന്നു ഫലപ്രഖ്യാപത്തിനു ശേഷമുള്ള ദിവസങ്ങളിൽ മലേഷ്യയിൽ അരങ്ങേറിയത്. അൻവറിന്റെ പകാതൻ ഹരാപൻ (പി.എച്ച്) സഖ്യം അധിക സീറ്റുകളിലും വിജയിച്ചുവെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 112 സീറ്റ് ലഭിച്ചിരുന്നില്ല. അതേ സമയം, ഗവണ്മെന്റ് രൂപീകരണത്തിന് ഒരു കക്ഷിയും യോഗ്യത നേടാതെ വന്നതോടെയാണ് രാജാവ് പുതിയ സർക്കാർ രൂപീകരണത്തിന്റെ നിയന്ത്രണം എറ്റെടുക്കുന്നത്. അതോടെ, ഗവണ്‍മെന്റ് രൂപീകരിക്കാനും ഇതര പാര്‍ട്ടികളുമായി ചേര്‍ന്ന്  കേവലഭൂരിപക്ഷം ഉറപ്പ് വരുത്താനും ഏറ്റവും വലിയ ഒറ്റ കക്ഷിയായ പി.എച്ചിനെ ക്ഷണിക്കുകയായിരുന്നു. അതോടെയാണ്, ദീർഘകാല എതിരാളികളായിരുന്ന മുൻ പ്രധാനമന്ത്രി  മുഹ്യുദ്ദീൻ യാസീനിന്റെ മുസ്‍ലിം പെരികതൻ നാഷണല്‍ പാര്‍ട്ടിയെയും മറ്റു ചെറു പാര്‍ട്ടികളെയും അൻവർ ഇബ്രാഹീം സമീപിക്കുന്നതും അവരുടെ പിന്തുണ നേടിയെടുക്കുന്നതും. വീണ്ടും തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, രാജാവ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തിയതോടെ, അന്‍വര്‍ ഇബ്റാഹീമിന്റെ തിരിച്ച് വരവ് പൂര്‍ത്തിയായി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അൻവർ ഇബ്രാഹീമിന്റെ രാഷ്ട്രീയ രംഗ പ്രവേശനം. 1971-ൽ സ്ഥാപിച്ച മുസ്‍ലിം യുത്ത് മൂവ്മെന്റ് ഓഫ് മലേഷ്യ  എന്ന സംഘടനക്കു കീഴിൽ ഗ്രാമീണ ദാരിദ്ര്യവും വിവിധ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും അസമത്വങ്ങളും ഭരണകൂട അഴിമതിയും ചൂണ്ടിക്കാട്ടി അൻവർ ഇബ്രാഹീം നിരന്തരം സമരങ്ങൾ സംഘടിപ്പിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തു.

അൻവര്‍ ഇബ്രാഹീമിന്റെ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായ അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്, അദ്ദേഹത്തെ തന്റെ പാര്‍ട്ടിയായ യുണെറ്റഡ് മലായ് നാഷണൽ ഓർഗനൈസേഷനിലേക്ക് ക്ഷണിച്ചു. അതിലൂടെ, മലേഷ്യയുടെ ധനകാര്യ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും ഭരണ ശ്രേണിയിലെ ഉന്നത സ്ഥാനങ്ങള്‍ വരെ അലങ്കരിച്ച അൻവർ ഇബ്രാഹീം അവിടെയെല്ലാം തന്റെതായ കയ്യൊപ്പ് ചാർത്തി, എല്ലാ ജനവിഭാഗങ്ങളുടെയും ഇടയിൽ സ്വാധീനമുള്ള രാഷ്ട്രീയ അതികായനായി അതിവേഗം വളര്‍ന്നു.
 
എന്നാൽ 1990 കളുടെ അവസാനം രൂക്ഷമായി കൊണ്ടിരുന്ന സാമ്പത്തിക മാന്ദ്യത്തില്‍ അൻവറിന്റെ രാഷ്ട്രീയ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിലിട്ട്, വിവിധ ആരോപണങ്ങളുയര്‍ത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്, ഞെട്ടലോടെയാണ് മലേഷ്യന്‍ ജനത കണ്ടത്. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ പല ഭാഗത്തും വ്യാപക സമരങ്ങൾ വരെ നടന്നു.  

പിന്നീട് 2004-ൽ ജയിൽ മോചിതനായ അൻവര്‍, തന്റെ പരിഷ്കരണ പദ്ധതികൾക്കും ഭരണ ശുദ്ധീകരണ യജ്ഞത്തിനും വീണ്ടും തുടക്കം കുറിച്ചതോടെ, അതൃപ്തരായ ഭരണകൂടം പ്രകൃതി വിരുദ്ധ ബന്ധം ആരോപിച്ച് അൻവറിനെ വീണ്ടും ജയിലിലടച്ചു. ശേഷം, 2018ലാണ് അദ്ദേഹം മോചിതനാവുന്നത്.

സമഗ്രമായ പരിഷ്കരണങ്ങള്‍ക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നു പി.എച്ച് പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലെങ്ങും മുഴങ്ങിക്കേട്ടിരുന്നത്. അഴിമതിയെ തുരത്തുന്ന, ജനാധിപത്യ സ്വതന്ത്ര്യത്തെ സംരക്ഷിക്കുന്ന, പാർലമെന്ററി നീതിന്യായ സംവിധാനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പു വരുത്തുന്ന ഭരണകൂടത്തെയാണ് മലേഷ്യൻ വോട്ടർമാർ ആഗ്രഹിച്ചതും അൻവർ ഇബ്രാഹീമിലൂടെ പ്രതീക്ഷിക്കുന്നതും. സാമ്പത്തിക തകർച്ചയിലൂടെ പോയിക്കൊണ്ടിരിക്കുന്ന മലേഷ്യയിൽ കാബിനറ്റ് മന്ത്രിമാരുടെ എണ്ണം കുറയ്ക്കുമെന്നും അവരുടെ അനാവശ്യ ആനുകൂല്യങ്ങളെല്ലാം വെട്ടിച്ചുരുക്കുമെന്നെല്ലാം അദ്ദേഹം ജനത്തിനു ഉറപ്പു കൊടുത്തിട്ടുണ്ട്. 

മുസ്‍ലിം ഭൂരിപക്ഷമുള്ള വ്യത്യസ്ത മതങ്ങളും വംശങ്ങളും  ഇന്ത്യൻ ചൈനീസ് വംശജരും ഉൾക്കൊള്ളുന്ന സാമൂഹ്യ വ്യവസ്ഥയാണ് മലേഷ്യയിലേത്. ദേശീയ വാദികളുടെ എതിർപ്പു മൂലമാണ് കഴിഞ്ഞ പി.എച്ച് ഗവണ്മെന്റിന് തങ്ങളുടെ പരിഷ്കരണ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാതിരുന്നത്. അത്തരം സമ്മർദ്ദം ഈ ഗവണ്മെന്റിനെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ആധുനികലോകത്ത് ഇസ്‍ലാമിക വിജ്ഞാന വിപ്ലവത്തിന്റെ തട്ടകമായി അറിയപ്പെടുന്ന മലേഷ്യയിൽ അൻവർ ഇബ്രാഹീമിന്റെ നേതൃത്വം  ഇസ്‍ലാമിക് ലോകത്തിനൊന്നടങ്കം അഭിമാനിക്കാവുന്ന സമഗ്രപുരോഗതിക്കും പുതിയ വിജ്ഞാന വിപ്ലവ മുന്നേറ്റങ്ങൾക്കും നാന്ദി കുറികട്ടെ എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter