ലിംഗശങ്കയും  സ്വയം നിര്‍ണയവും

കേരളത്തിലെ സ്‌കൂള്‍ സംവിധാനങ്ങളില്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന ജന്‍ഡര്‍ നൂട്രല്‍ പാഠ്യപദ്ധതിയെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യുന്ന പഠന പരമ്പര (സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകൃതമായത്)

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് 2018 ല്‍ ''ലിംഗ-ലിംഗത്വ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ള കൈപ്പുസ്തകം'' എന്ന പേരില്‍ ഒരു മാര്‍ഗരേഖ  തയ്യാറാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി യാണ് അത് തയ്യാറാക്കിയിട്ടുള്ളത്.  ലിംഗനിഷ്പക്ഷതയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ കൈപ്പുസ്തകം സഹായിക്കും. ആധുനിക ജെന്‍ഡര്‍ തിയറിയും എല്‍.ജി.ബിടി രാഷ്ട്രീയവും തദ്ദേശ സ്വയം ഭരണ മേഖലകളില്‍ കൂടി നടപ്പാക്കാന്‍ പ്രസ്തുത രേഖ ആ വശ്യപ്പെടുന്നത്.  ലിംഗനിഷ്പക്ഷതയിലൂടെ സാമൂഹികനീതി ഉറപ്പാക്കുക എന്നതിലുപരി ആഗോള ലിംഗരാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ നയപരിപാടിയാക്കി മാറ്റി സ്‌കൂളുകളിലൂടെയും തദ്ദേശസ്വയം ഭരണ സംവിധാനങ്ങളിലൂടെയും ചുട്ടെടുക്കുക എന്ന പദ്ധതി കൂടി ഇതിന്റെ പിന്നിലുണ്ടെന്ന് ഈ കൈപ്പുസ്തകം വായിച്ചാല്‍ വ്യക്തമാവും. 
ജെന്‍ഡര്‍ തീരുമാനിക്കുന്നതില്‍ ജീവശാസ്ത്രത്തിനോ ലൈംഗികാവയവങ്ങള്‍ക്കോ യാതൊരു പങ്കും നിര്‍വഹിക്കാനില്ലെന്ന സിദ്ധാന്തം സ്വീകരിക്കാനാവശ്യമായ പൊതുബോധം നിര്‍മിക്കാന്‍ സഹായിക്കുന്ന ആശയമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി, അഥവാ ലിംഗനിഷ്പക്ഷത. ലിംഗനിഷ്പക്ഷപൊതുബോധം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സ്വാഭാവികമായും ലിംഗശങ്ക (gender confusion) വളരും. ലിംഗശങ്ക ക്രമേണ ജെന്‍ഡര്‍ ഡിസ്‌ഫോറിയയിലേക്ക് നയിക്കുകയും ചെയ്യും. ലിംഗത്തോട് (sex) ലിംഗത്വം (gender) ചേരാതെ നില്‍ക്കുന്ന അവസ്ഥയാണ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ. അഥവാ, ലൈംഗികാവയവം പുരുഷന്റെയാണെങ്കില്‍ മനസ്സ് സ്ത്രീയുടേതും ലൈംഗികാവയവം സ്ത്രീയുടെ ആണെങ്കില്‍ മനസ്സ് പുരുഷന്റെതുമാകുന്ന അവസ്ഥ. ഇത്തരം അവസ്ഥയിലൂടെ ദുരിതജീവിതം നയിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങളുടെ പ്രശ്‌നങ്ങള്‍ വേണ്ടവിധം പരിഹരിക്കേണ്ടതുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.  കുട്ടികളില്‍ കാണുന്ന എതിര്‍ലിംഗപരത (childhood-onset gender dysphoria), മുതിര്‍ന്ന പുരുഷന്മാരില്‍ സ്ത്രീവസ്ത്രമണിയുമ്പോള്‍ ലൈംഗികാനന്ദമനുഭവിക്കുന്ന തരത്തിലുള്ള എതിര്‍ലിംഗപരത (autogynephilic gender dysphoria) തുടങ്ങിയവയും തള്ളിക്കളയുന്നില്ല. 
എന്നാല്‍, സോഷ്യല്‍മീഡിയ വഴിയും മറ്റും ജന്‍ഡര്‍ ന്യൂട്രാലിറ്റി പോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക വഴി സ്വയം ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാന്‍ കഴിയാതെ ലിംഗശങ്കയിലകപ്പെടുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന് ലിസ ലിറ്റ്മാനെ പോലുള്ള ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ മാത്രമല്ല ജന്‍ഡര്‍ ആക്ടിവിസം ഒരു പ്രത്യയശാസ്ത്രരൂപം സ്വീകരിച്ചതോടെ കൂട്ടുകാരുടെ സമ്മര്‍ദ്ദം വഴി ജെന്‍ഡര്‍ ഡിസ്‌ഫോറിയ ബാധിച്ച ആളുകളുടെ എണ്ണവും കൂടിക്കൂടി വരുന്നുണ്ട്. റാപിഡ് ഓണ്‍സെറ്റ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ (ROGD)എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. മാത്രമല്ല, ഇങ്ങനെ ഡിസ്‌ഫോറിയ ബാധിച്ച പെണ്‍കുട്ടികള്‍ സ്തനങ്ങള്‍ മുറിച്ചുകളയാനും, ആണ്‍കുട്ടികള്‍ ലിംഗം മുറിച്ചു കളയാനും ആവശ്യപ്പെടുന്ന തരത്തിലേക്ക് പാശ്ചാത്യരാജ്യങ്ങളില്‍ ഈ സാമൂഹിക ദുരന്തം വളര്‍ന്നിട്ടുണ്ട്. ഇത്തരം സര്‍ജറികളുടെ ദുരന്തങ്ങള്‍ വിവരിച്ച് എബിഗെയ്ല്‍ ശ്രിയര്‍ 2020 ല്‍ പുറത്തിറക്കിയ പുസ്തകമാണ് ദ ഇറിവേഴ്‌സിബ്ള്‍ ഡാമേജ്. ജെന്‍ഡര്‍ ഡിസ്‌ഫോറിയ സാംക്രമികമായ ഒരു ഫാഷന്‍ ഭ്രാന്തായി മാറിയിട്ടുണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. 
ജെന്‍ഡര്‍ ഡിസ്‌ഫോറിയ ബാധിച്ചാല്‍ പിന്നെ മനസ്സിനനുസരിച്ച് ശരീരം കീറിമുറിക്കാനുള്ള അവകാശത്തിനുവേണ്ടിയും ആക്ടിവിസ്റ്റുകള്‍ വാദിക്കുന്നത് കാണാം. മാത്രമല്ല, ഡിസ്‌ഫോറിയയുടെ ഒരേയൊരു പരിഹാരം ലിംഗമാറ്റശസ്ത്രക്രിയ (SRS) യാണെന്ന അന്ധവിശ്വാസം കൂടി അവര്‍ പ്രചരിപ്പിക്കുന്നു. ഇങ്ങനെ സര്‍ജറി നടപടികള്‍ക്ക് വിധേയരാകുന്ന നിരവധിയാളുകളില്‍ തിരിച്ച് പഴയ അവസ്ഥയിലേക്ക് തന്നെ മാറാന്‍ ആഗ്രഹിക്കുന്ന പ്രവണത (trans-regret) യും കാണുന്നുണ്ട്. ഇത്തരക്കാരുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി യൂറോ-ആമേരിക്കന്‍ നാടുകളില്‍ തന്നെ നിരവധി പഠനങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ തന്നെ നടക്കേണ്ടതുണ്ട്. എന്നാല്‍, അതേക്കുറിച്ചുള്ള ഗവേഷണങ്ങളിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ തടയുകയും അതേക്കുറിച്ച് പറയുന്നവരെ ട്രാന്‍സ്‌ഫോബിയ ആരോപിച്ച് അരുക്കാക്കുന്ന പ്രവണതയും പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുണ്ട്. കേരളത്തില്‍ അനന്യകുമാരി അലക്‌സ് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യ ചെയ്ത സംഭവം വായിക്കേണ്ടത് ഇതിന്റെ പശ്ചാത്തലത്തിലാണ്. 
ജന്‍ഡര്‍ രാഷ്ട്രീയം പ്രത്യയശാസ്ത്രരൂപം പ്രാപിച്ചപ്പോള്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പുരുഷന്‍മാര്‍ സ്ത്രീകളാണെന്ന് വാദിച്ച് സ്ത്രീകളുടെ ശുചിമുറികളില്‍ കയറാന്‍ തുടങ്ങിയത് അവയില്‍ ചെറുതു മാത്രമാണ്. ന്യൂജെഴ്‌സിയിലെ ഒരു ജെയിലില്‍ സ്ത്രീയാണെന്ന് വാദിച്ച് ഡെമി മൈനര്‍ എന്നു പേരുള്ള ഒരു ട്രാന്‍സ് വുമണ്‍ കയറുകയും, ജയിലിലെ രണ്ട് സ്ത്രീകളെ ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് അയാളെ പുരുഷന്മാരുടെ സെല്ലിലേക്ക് തന്നെ മാറ്റിയതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ മാസമാണ്. പെന്‍സില്‍വാനിയയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പുരുഷന്മാരുടെ നീന്തല്‍ മത്സരത്തില്‍ 462 ആം റാങ്ക് നേടിയ വില്യം തോമസ് എന്നയാള്‍, ലിയാ തോമസ് എന്നു പേരു മാറ്റുകയും, ട്രാന്‍സ് വുമണ്‍ ആണെന്നു വാദിച്ച് സ്ത്രീകളുടെ വിഭാഗത്തില്‍ മത്സരിച്ച് ഒന്നാം റാങ്ക് നേടി സ്ത്രീകളുടെ കൂട്ടത്തിലെ ഒളിമ്പ്യന്‍ കൂടിയായ വനിതയുടെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.   
സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം സജീവമായാല്‍ ഇത്തരം സാമൂഹികാഘാതങ്ങള്‍ ഉണ്ടാവില്ല എന്ന് എന്ത് ഉറപ്പാണ് സര്‍ക്കാറിന് വേണ്ടി നയരൂപീകരണം നടത്തുന്നവര്‍ക്ക് നല്‍കാന്‍ കഴിയുക? കുടുംബങ്ങളുടെ തകര്‍ച്ച മാത്രമല്ല സമൂഹങ്ങളുടെ തകര്‍ച്ചക്ക് വരെ വഴിവെക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ എങ്ങനെയാണ് പുരോഗമനം എന്ന പേരില്‍ സ്വീകരിക്കപ്പെടുന്നതെന്ന് എന്നത് അദ്ഭുതകരമായ കാര്യമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയ പാശ്ചാത്യന്‍ സമൂഹങ്ങളിലെ ആഘാതങ്ങളെക്കുറിച്ച് പഠനം നടത്താതെ ഇക്കാര്യത്തില്‍ ഒരടി പോലും മുന്നോട്ടു പോകാനാവില്ല. ആഗോള ലിംഗരാഷ്ട്രീയ പ്രമാണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നതിനു പകരം, ഇക്കാര്യത്തില്‍ വിമര്‍ശനസ്വരങ്ങളെ ജനാധിപത്യപരമായ സംവാദത്തിന്റെ ഭാഗമായി കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്.
ജന്‍ഡര്‍ നിഷ്പക്ഷത  സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു യൂണിഫോമില്‍ തട്ടി നിന്നു പോകേണ്ടതല്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 
 പൂനൂരിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപിക ഓണ്‍ലൈന്‍ ആയി നല്‍കിയ നിര്‍ദേശം താഴെ വായിക്കാം :''8,9 ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്. 
കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്‌ന്റെ സഹകരണത്തോടെ നമ്മുടെ സ്‌കൂളില്‍ ജെന്‍ഡര്‍ ക്ലബ്ബ് രൂപീകരിക്കുന്നു.
ലിംഗവിവേചനമില്ലാത്ത പുതുതലമുറയെ വാര്‍ത്തെടുക്കുക അതുവഴി സാമൂഹിക നീതിയും ലിംഗനീതിയും ഉറപ്പുവരുത്തുക്കയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അംഗങ്ങളാവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ക്ലാസ്സ് അധ്യാപകര്‍ വശം രണ്ടു ദിവസത്തിനകം പേര് നല്‍കേണ്ടതാണ്''. പാശ്ചാത്യന്‍ നാടുകളിലെ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ക്ലബുകളുണ്ട്. മുകളില്‍ സൂചിപ്പിച്ച അന്ധവിശ്വാസങ്ങള്‍ അവിടെയും  അവിടെയും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ പൂനൂര്‍ സ്‌കൂളിലേതു പോലുള്ള  ജന്‍ഡര്‍ ക്ലബുകളിലൂടെ നമ്മുടെ നാട്ടിലെ കുട്ടികളിലേക്ക് പകരുന്നത് ഒരിക്കലും ലിംഗ പരമായ നീതിബോധമായിരിക്കില്ല. മറിച്ച്, ഇഷ്ടമുള്ളപ്പോള്‍ ആണാവാനും, ഇഷമുള്ളപ്പോള്‍ പെണ്ണാവാനുമുള്ള കുത്തഴിഞ്ഞ പ്രവണതയായിരിക്കും.  പ്രാദേശികമായി വേരുകളുള്ള ടുംബശ്രീകള്‍ വരെ അതിന്റെ ഭാഗമാവുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 
അതിനാല്‍, പാഠ്യപദ്ധതി ചട്ടക്കൂട്, സാമൂഹിക വികസന പഠന കേന്ദ്രങ്ങളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഇടപെടല്‍, മന്ത്രി ആര്‍ ബിന്ദുവിന്റെ  ട്വീറ്റ് , സ്‌കൂളുകളിലെ ജന്‍ഡര്‍ ക്ലബുകള്‍, തുടങ്ങിയ മുഴുവന്‍ കാര്യങ്ങളോടും ബന്ധപ്പെടുത്തി  മാത്രമേ നിലവിലെ ജെന്‍ഡര്‍ ന്യൂട്രലിറ്റി വിവാദത്തെ  നമുക്ക് വിലയിരുത്താന്‍  കഴിയൂ. ''ഒരു പാന്റ്‌സില്‍ ഇത്ര വിവാദമാക്കാന്‍ എന്തിരിക്കുന്നു' എന്ന ചോദ്യത്തില്‍ നിന്നും ഈ വിഷയത്തെ മര്‍മ പ്രധാനമായ ചര്‍ച്ചകളിലേക്ക് വഴി തിരിച്ചു വിട്ടവര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

Read More: ലിംഗനിഷ്പക്ഷതയും പാഠ്യപദ്ധതി ചട്ടക്കൂടും

                                                                                                                                                                      അവസാനിച്ചു.

ലിംഗശങ്കയും സ്വയം നിർണയവും ...

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter