റമദാനിലെ മൂന്നാം വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്സാ ദിനമായി ആചരിക്കുക – മുസ്‍ലിം പണ്ഡിത സഭ

റമദാനിലെ മൂന്നാം വെള്ളിയാഴ്ച, മസ്ജിദുല്‍ അഖ്സാ ദിനമായി ആചരിക്കണമെന്ന് അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിത സഭ. ഈ ദിനത്തില്‍, മുസ്‍ലിം ലോകത്തെ പ്രഭാഷകരും നേതാക്കളും പൊതുജനങ്ങളുമെല്ലാം പ്രസംഗങ്ങള്‍, പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിങ്ങനെ സാധ്യമാവുന്ന രീതികളിലെല്ലാം മസ്ജിദുല്‍ അഖ്സയോടുള്ള സ്നേഹവും അധിനിവേശകരോടുള്ള വിദ്വേഷവും പ്രകടപ്പിക്കണമെന്നും സന്ദേശത്തില്‍ പണ്ഡിതന്മാര്‍ അറിയിച്ചു. ഖത്തറിലെ സഭയുടെ ആസ്ഥാനത്ത് സെക്രട്ടറി ജനറൽ ശൈഖ് ഡോ. അലി അൽ ഖറദാഗിയും മറ്റു അംഗങ്ങളും ചേര്‍ന്നാണ് ലോക മുസ്‍ലിംകള്‍ക്കുള്ള ഈ സന്ദേശം മാധ്യമങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

പ്രവാചകൻ മുഹമ്മദ് നബി (സ) ഇസ്റാഅ് നടത്തിയ പരിശുദ്ധമായ പള്ളിയാണ് മസ്ജിദുല്‍ അഖ്സ. അത് മുസ്‍ലിംകളുടേതാണ്. അവിടെ യാതൊരു അധിനിവേശവും അംഗീകരിക്കാനാവില്ല. ഇതിനെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും നേരിടേണ്ടതുണ്ട്. ഈ ഭൂമിയിലെ ഓരോ മുസ്‍ലിമിന്റെയും ബാധ്യതയാണ് അത്.

വിശുദ്ധ റമദാനില്‍ ഇഅ്തികാഫിന് മുടക്കം വരാതെ നോക്കുക എന്നതാണ് അതിനായി ചെയ്യേണ്ട ഒന്നാമത്തെ കാര്യം. മസ്ജിദുല്‍ അഖ്സായുടെ പരിസരവാസികളും സംരക്ഷകരായി നിലകൊള്ളുന്നവരുമെല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സയണിസ്റ്റ് അധിനിവേശകര്‍ അതിന് തടസ്സം നില്ക്കുന്ന പക്ഷം, എന്ത് വില കൊടുത്തും അത് പ്രതിരോധിക്കേണ്ടതാണ്, പള്ളിയില്‍ ആളില്ലാത്ത അവസ്ഥാവിശേഷം ഉണ്ടാവാന്‍ ഒരിക്കലും ഇടയാവരുത്. ധര്‍മ്മസമരത്തിന്റെ കരുത്തോടെയായിരിക്കണം ഈ ഇഅ്തികാഫ്. സയണിസ്റ്റുകളുടെ ആക്രമണത്തെ ചെറുക്കാനും പള്ളിയിൽ അതിക്രമിച്ച് കയറിയാൽ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവരെ നേരിടാനുമുള്ള സർവ്വശക്തനായ ദൈവത്തിന്റെ മാർഗത്തിലുള്ള ധര്‍മ്മസമരം തന്നെയാണ് ഇത്. പള്ളിക്ക് നേരെയുള്ള സയണിസ്റ്റുകളുടെ കടന്നുകയറ്റം ദൈനംദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത് ഓരോരുത്തരുടെയും ബാധ്യതയാണ്. 

അതോടൊപ്പം, റമദാനിലെ മൂന്നാം വെള്ളിയാഴ്ച എല്ലാവരും അല്‍അഖ്സാ ദിനമായി ആചരിക്കുക. മുസ്‍ലിം ലോകത്തെ പ്രഭാഷകരും നേതാക്കളും പൊതുജനങ്ങളും പ്രസംഗങ്ങളും പ്രകടനങ്ങളുമെല്ലാമായി സാധ്യമാവുന്ന രീതികളിലെല്ലാം മസ്ജിദുല്‍ അഖ്സയോടുള്ള സ്നേഹവും അധിനിവേശകരോടുള്ള വിദ്വേഷവും പ്രകടപ്പിക്കാന്‍ ലോകവ്യാപകമായി തന്നെ ശ്രമിക്കുക. വിവിധ രാജ്യങ്ങളിലെ സയണിസ്റ്റുകളുടെ എംബസികളും കോൺസുലേറ്റുകള്‍ക്ക് മുമ്പിലും നഗരങ്ങളിൽ പ്രകടനങ്ങൾ നടത്തിയും  ഈ രോഷം മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്ന് കാണിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം.

വിശുദ്ധ മസ്‍ജിദുല്‍ അഖ്സാക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ഓരോ വിശ്വാസിയും ചെയ്യേണ്ടതുണ്ട്. ഇതിനായി പണവും സമയവും ശ്രമങ്ങളുമെല്ലാം ചെലവഴിക്കാന്‍ സമുദായം തയ്യാറാവണം. പ്രവാചകരുടെ ഇസ്റാഇന് സാക്ഷിയും വേദിയുമായ ഈ പള്ളിയുടെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വവും നിര്‍ബന്ധ ബാധ്യതയുമാണ്.

പണ്ഡിത സഭാ സെക്രട്ടറി ഡോ. അലി മുഹ്‍യിദ്ദീന്‍ അല്‍ഖറദാഗിയാണ്, ഏപ്രില്‍ നാലിന് ചൊവ്വാഴ്ച, ഈ സന്ദേശം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. കൂടെ, ജഅ്ഫര്‍ അല്‍ത്വല്‍ഹാവി അടക്കമുള്ള പത്തോളം പണ്ഡിത പ്രമുഖരും സന്നിഹിതരായിരുന്നു.

സന്ദേശത്തിന്റെ അറബി മൂലരൂപത്തിന് താഴെ ലിങ്ക് നോക്കുക:
https://youtu.be/evNoiXfmC5o

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter