ഭയം കൂടാതെ ജീവിക്കാനുള്ള അവകാശം എനിക്ക് തിരികെ തരണം

ഭരണകൂടത്തിന്റെ ആശിർവാദത്തോടു കൂടി 2002-ൽ ഗുജറാത്തിലെ ഹിന്ദുത്വ ആൾകൂട്ടങ്ങൾ  അഴിച്ചുവിട്ട ഭീകരമായ കൊലകളുടെയും ബലാത്സംഗങ്ങളുടെയും ജീവിക്കുന്ന നേർസാക്ഷിയാണ് ബിൽകീസ് ബാനു. കലാപ സമയത്ത് ഗർഭിണിയായിരുന്ന ബിൽകീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും മൂന്ന് വയസ്സുള്ള അവരുടെ കുഞ്ഞിനെ  പാറക്കല്ലിൽ ഇടിച്ച് കൊല്ലുകയും   തന്റെ സഹോദരിയേയും അവരുടെ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമടക്കം ഏഴോളം കുടുംബാംഗങ്ങളെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്ത തടവിന് ശിക്ഷിച്ച പതിനൊന്ന് പേരെയാണ് ഗുജറാത്ത് സർക്കാർ, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് മോചിപ്പിച്ചത്.

ഗുജറാത്ത് കലാപം പൊലെ തന്നെ പൊതു മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു കലാപാനന്തരം ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും സ്വീകരിച്ച അനീതിയുടെയും അപരവത്കരണത്തിന്റെയും  പക്ഷപാതിത്വപരമായ സമീപനങ്ങൾ. വർഷങ്ങളേറെ കഴിഞ്ഞിട്ടും മാനസികാഘാതത്തിൽ നിന്ന്  മോചിതരാവാതെ ജീവിതം കഴിച്ചുകൂട്ടുന്ന ഗുജറാത്ത്‌ കലാപത്തിലെ ഇരകളുടെ വേദനകൾക്കും വിലാപങ്ങൾക്കും ചെവി കൊടുക്കാൻ ജനാധിപത്യത്തിലും നീതിയിലും അടിയുറച്ച് വിശ്വസിക്കുന്ന ചുരുക്കം ചിലരെ മാത്രമേ കാണാൻ സാധിച്ചുള്ളൂ.  ഇരകൾക്ക് നീതി ഉറപ്പാക്കാൻ  വേണ്ടി ശബ്ദമുയർത്തുകയും പ്രവർത്തിക്കുകയും പോരാടുകയും ചെയ്ത പൊതുപ്രവർത്തകരും എഴുത്തുകാരും ഉദ്യോഗസ്ഥരുമെല്ലാം ഭരണകൂടത്തിന്റെ കണ്ണിൽ തീവ്രവാദികളും ദേശദ്രോഹികളുമായും ചിത്രീകരിക്കപ്പെട്ടു.  സഞ്ജീവ് ഭട്ടും  ടീസ്റ്റ സെതൽവാദും ആർ. ബി ശ്രീകുമാറുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

ഒരു ഭാഗത്ത് ആയിരക്കണക്കിന് പേരുടെ മരണത്തിന് ഇടയായ ഗുജറാത്ത് കലാപത്തിലെ ഭരണകൂടത്തിന്റെയും ഹിന്ദുത്വ സംഘടനകളുടെയും പങ്കിന്റെ തെളിവുകൾ പകൽ പോലെ വ്യക്തമായിട്ട് കൂടി യാതൊരു വിധ നടപടികളും കൈക്കൊള്ളാൻ മടിച്ചു നിൽക്കുന്ന ഭരണകൂടങ്ങളും നീതിപാലകരും പൊലീസും നിലകൊള്ളുമ്പോൾ മറുഭാഗത്ത്‌ ഹിന്ദുത്വ ആൾക്കൂട്ടങ്ങളെ പ്രീണിപ്പിച്ച് വോട്ട് വാങ്ങാൻ വേണ്ടി കോടതികൾ ശിക്ഷിച്ച പ്രതികളെ മോചിപ്പിക്കാൻ പരസ്പരം മത്സരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുമാണ് കലാപാനന്തര ഗുജറാത്തിലെ നീതിയുടെ ചിത്രം.

രാഷ്ട്രീയവും സാമ്പത്തികവും മാനസികവുമായ പലവിധ ഘടകങ്ങളാൽ പല ഇരകളും നീതി തേടിയിറങ്ങാൻ മടിച്ചു നിന്നു. ഭൂരിപക്ഷ വർഗീയതയുടെയും സാമൂഹ്യവ്യവസ്ഥകളുടെയും ഇരകളായ അവർക്ക് നീതി എന്നത് ഒരു വിധത്തിലും നേടിയെടുക്കാൻ സാധിക്കാത്ത എന്തോ ഒന്നായിരുന്നു. എന്നാൽ ഭീഷണികളുടെയും പരിഹാസങ്ങളുടെയും ശത്രുതാപരമായ അന്തരീക്ഷത്തെയും നിലംപരിശായ നീതിന്യായ വ്യവസ്ഥയെയും അതിജീവിച്ച് വിശ്വാസവും ധൈര്യവും കയ്മുതലാക്കി നീതിക്ക് വേണ്ടി പോരാടിയവരിലൊരാളായിരുന്നു ബിൽകിസ് ബാനു. വർഷങ്ങളോളം നീതിക്ക് വേണ്ടി കോടതികൾ കയറിയിറങ്ങിയ ബിൽകിസ് ബാനുവിന് 2008-ൽ പ്രതികളെ ജീവപര്യന്ത തടവിന് ശിക്ഷിച്ച കോടതി വിധിയിലൂടെയാണ് ഭാഗികമായെങ്കിലും നീതി ലഭിക്കുന്നതെന്ന് പറയാം. 

എന്നാൽ ഈ വർഷത്തെ സ്വതന്ത്ര്യ ദിനത്തിൽ, കോടതി ശിക്ഷിച്ച പതിനൊന്ന് പേരെയും പല കീഴ്‍വഴക്കങ്ങളും ലംഘിച്ച് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റ തീരുമാനം തീർത്തും മാനുഷിക വിരുദ്ധവും നീതിയുടെ മേലുള്ള പരസ്യമായ കടന്നുകയറ്റവുമായിരുന്നു. പ്രതികൾക്ക് ശിക്ഷയുറപ്പാക്കിയ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് യു.ഡി സെൽവി പ്രതികളുടെ മോചനത്തിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, വളരെ അപകടകരമായ മാതൃകയാണ് ഈ തീരുമാനം സൃഷ്ടിക്കാൻ ഇടവരുത്തുക. മറ്റു ബലാത്സംഗ കേസുകളിലെ പ്രതികളും ഇനി ഈ വഴി തേടാനുള്ള സാധ്യത വരും. കൊലപാതക കേസുകളിലോ ബലാത്സംഗ കേസുകളിലോ ഉപയോഗിക്കാൻ പാടില്ലാത്ത വിവേചനാധികാരമാണ് യാതൊരു വിധ നാണവും കൂടാതെ ഗുജറാത്ത് സർക്കാർ ഇവിടെ നിർഭയം പ്രയോഗിച്ചിരിക്കുന്നത്.

പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളിൽ സംഭവിച്ച ചില അസ്വസ്ഥതയുണർത്തുന്ന പ്രവണതകളും ഈ സംഭവത്തോടെ പ്രകടമായി പ്രത്യക്ഷപെട്ടു. നാഴികക്ക് നാൽപത് വെട്ടം സ്ത്രീശാക്തീകരണം കൊട്ടിഘോഷിച്ച് നടക്കുന്ന നരേന്ദ്ര മോദിയുടെയും ബിജെപി യുടെയും മറ്റു മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ചില സെലക്ക്റ്റീവ് സ്ത്രീ ആക്ടിവിസ്റ്റുകളുടെയുമെല്ലാം പ്രതികരണശേഷി ബില്കിസ് ബാനു വിധിയിൽ കാണാനേ സാധിച്ചില്ല.

നീതിന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കുന്നതും മാനുഷികമായി ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്തതുമായ ഈ തീരുമാനത്തിലും മൗനമവലംഭിക്കാൻ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സാധിച്ചതിന്റെ കാരണം, ഇരയുടെ മതം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ഇരയുടെ മതവും ജാതിയും നോക്കി പ്രതികരിക്കുന്ന അപകടകരവും അറപ്പുളവാക്കുന്നതുമായ പൊതുബോധം ഇന്ത്യയിൽ രൂപപ്പെട്ടു വന്നിട്ടുണ്ടെന്നതാണ് സത്യം. പ്രതികൾ നല്ല സംസ്കാരമുള്ള ബ്രഹ്മണരാണെന്ന ഹരിയാനയിലെ ബി.ജെ.പി എം.എൽ.എ യുടെ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കാം. ഹിന്ദുക്കൾ എപ്പോഴും ഇരകളാണെന്ന സംഘ്പരിവാർ കാർഡ് ആണ് ഇവിടെയും പുറത്തിറക്കാൻ ശ്രമിക്കുന്നത്. ഗുജറാത്ത് കലാപ കേസുകൾ അന്യായമായി ഹിന്ദുക്കളുടെ മേൽ കോണ്‍ഗ്രസും ഇതര കക്ഷികളും മുസ്‍ലിം പ്രീണനത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന് പൊതുജനങ്ങളെ വിശ്വസിപ്പിക്കാനാണവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

മുസ്‍ലിംകൾ ഇരയായ കൊലക്കേസുകളിലും ബലാത്സംഗ കേസുകളിലും മോചിക്കപ്പെടുന്ന ഹിന്ദുത്വ പ്രവർത്തകർക്ക് ലഭിക്കുന്ന ഹീറോ പരിവേഷം ഇതിന്റെ ഭാഗമാണ്. സംഘ്പരിവാർ സൃഷ്‌ടിച്ച തീവ്രവർഗീയതയിലുടെയും വ്യാജ ഇരവാദത്തിലുടെയും ഉരുതിരിഞ്ഞു വന്നതാണ് ബിൽകിസ് ബാനു കേസിൽ മോചിതരായവർക് ലഭിച്ച പൂമാലയിടലും സ്വീകരണവുമെല്ലാം. നീതിന്യായ വ്യവസ്ഥയുടെ ചട്ടകൂടുകളൊന്നും ബാധകമാവാത്ത രീതിയിൽ എത് പ്രശ്നങ്ങളിൽ നിന്നും ഹിന്ദുത്വാശായങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരെ മോചിപ്പിക്കാൻ പ്രാപ്തരായ "ഹിന്ദു സംരക്ഷകരാ"യിട്ട് ബിജെപി സ്വയം അവരോധിക്കുകയാണ് ഇവിടെയും ചെയ്യുന്നത്. 

ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ജനാധിപത്യ സർക്കാരിന്റെ പ്രഥമ കർത്തവ്യമെന്ന ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ വാക്കുകൾ മറക്കാതിരിക്കാം. എതൊരു ജനാധിപത്യ രാജ്യത്തെയും വിലയിരുത്തുന്നതിന്റെ പ്രധാന അളവ് കോലായിട്ട് ജവഹർലാൽ നെഹ്റു എണ്ണിയത് ന്യൂനപക്ഷങ്ങളോടുള്ള അവരുടെ സമീപനത്തെയായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ബോധമെങ്കിലും രാജ്യം ഭരിക്കുന്നവർക്കുണ്ടെങ്കിൽ കാര്യങ്ങൾ  എളുപ്പമാകുമായിരുന്നു. പ്രാവർത്തികമാകാതെ വെറും ആശയതലത്തിൽ   മാത്രം നിലനിൽക്കുന്ന ഉട്ടോപ്യൻ ആശയമായി മാറാനുള്ളതല്ല നീതി എന്നുള്ളത്. മറിച്ച് സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർക്ക് പ്രാപ്യമായ ഒന്നാവണം നീതി എങ്കിലേ ജനാധിപത്യം പൂർണമാവുകയുള്ളു. 

Read More: ‘ഗുജറാത്ത്’ മറക്കണമെന്നോ?; ത്രിശൂലത്തില്‍ കുത്തിപ്പുറത്തെടുത്തില്ലായിരുന്നുവെങ്കില്‍ പേരറിയാത്ത ആ കുഞ്ഞിന് ഇപ്പോള്‍ പന്ത്രണ്ട് തികഞ്ഞുകാണുമായിരുന്നില്ലേ!

പ്രതികളെ മോചിപ്പിച്ചതിന് ശേഷം ബില്കിസ് ബാനു പറഞ്ഞ വാക്കുകൾ എന്നും  പ്രസക്തമായി തന്നെ നിലകൊള്ളും."എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നിതി ഇത്തരത്തിൽ അവസാനിക്കുക? നമ്മുടെ നാട്ടിലെ പരമോന്നത കോടതികളിൽ ഞാൻ വിശ്വസിച്ചു, വ്യവസ്ഥിതിയിൽ ഞാൻ വിശ്വസിച്ചു. ആ വിശ്വാസമെല്ലാം ഈ മോചനത്തിലൂടെ എനിക്ക് ഇല്ലാതായിരിക്കുകയാണ്. ഭയം കൂടാതെ ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ തരണം". ബില്കിസ് ബാനു വിധി ഇന്ത്യൻ നീതിന്യായ ഭരണകൂട വ്യവസ്ഥ പോലും വര്‍ഗ്ഗീയ വല്‍കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമായി  നിലനിൽക്കുമെന്ന  കാര്യത്തിൽ സംശയമില്ല.

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter