ഹ്രസ്വകലകളിലെ ഇന്തോ-ഇസ്‍ലാമിക് സംയോജനങ്ങൾ

ഇസ്‍ലാമിക സംസ്കാരം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഇന്തോ-അറബ് സങ്കരത്തിലൂടെ മറ്റൊരു തലത്തിലേക്കുയർത്തി എന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു തന്റെ വിശ്വചരിത്ര (Glimpses Of World History)ത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. ഡൽഹി സുൽത്താനേറ്റിന്റെ സംസ്ഥാപനത്തോടെ ഇന്ത്യയുടെ കലാ, സാംസ്കാരിക മേഖലകളിൽ സമൂലമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിരുന്നു. ഇസ്‍ലാമിക സ്വാധീനം വലിയ തോതിൽ നിഴലിച്ച ഒരു മേഖലയായിരുന്നു ഇന്ത്യൻ ഹ്രസ്വചിത്ര കലകൾ (Miniature arts). ഇസ്‍ലാമിന് മുമ്പ് നിലനിന്നിരുന്ന മിനിയേച്ചർ രീതികളെ അറബ്, പേർഷ്യൻ രൂപകങ്ങളുമായി ലയിപ്പിച്ചതോടെയാണ് ഇന്ത്യൻ ചിത്രകലാസൃഷ്ടികൾ ആഗോള ശ്രദ്ധയിലേക്കുയർന്നത്. ലാറ്റിനിലെ മിനിയം (Minium) എന്ന പദത്തിലാണ് മിനിയേച്ചർ എന്ന വാക്കിന്റെ എത്തിമോളജിക്കൽ വേരുകൾ. ചെറിയ പ്രതലങ്ങളിൽ ചിത്രത്തെ സമഗ്രമായി ഉൾക്കൊള്ളിക്കുന്നു എന്നതാണ് ഇതര രീതികളിൽ നിന്നും ഇതിനെ വ്യതിരിക്തമാക്കുന്നത്. മനുഷ്യരൂപത്തെ തുടുത്ത കണ്ണുകൾ, കൂർത്ത മൂക്ക്, മെലിഞ്ഞ അരക്കെട്ട് തുടങ്ങിയ സവിശേഷതകളോട് കൂടിയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. മധ്യകാലഘട്ടത്തിൽ രചിക്കപ്പെട്ട അതിപ്രധാന പുസ്തകങ്ങളിലും ആൽബങ്ങളിലുമാണ് ഈ ചിത്രരീതി വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതിലെ പ്രധാനപ്പെട്ട കൃതികളിൽ ഒന്നാണ് പതിനഞ്ചാം നൂറ്റാണ്ടിൽ മൊറോക്കോയിലെ പ്രസിദ്ധ പണ്ഡിതൻ അൽജസൂലി(റ) രചിച്ച വിഖ്യാത പ്രാർത്ഥന ഗ്രന്ഥമായ ദലാഇലുൽ ഖൈറാത്ത്. പ്രസ്തുത ഗ്രന്ഥത്തിന്റെ ഹ്രസ്വചിത്ര സഹിതമായ നിരവധി കയ്യെഴുത്ത് പ്രതികൾ നിലവിൽ വിവിധ ലൈബ്രറികളില്‍ ലഭ്യമാണ്. അതിലെ മക്കാ, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളുടെ മിനിയേച്ചറുകൾ വളരെ ശ്രദ്ധയർഹിക്കുന്നതാണ്.

മറ്റു ചില കയ്യെഴുത്ത് പുസ്തകങ്ങളിൽ (Manuscripts) മിനിയേച്ചർ പെയിന്റിങിനെ കൂടുതൽ അലങ്കരിക്കാൻ സ്വർണം, വെള്ളി തുടങ്ങിയ അമൂല്യമായ ധാതുക്കളുടെ സംയോജനവും കാണാം. മാനുസ്ക്രിപ്റ്റുകൾ, ചരിത്രമന്ദിരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മിനിയേച്ചറുകൾ അതിന്റെ പ്രതാപം വിളിച്ചോതി ഇന്നും അവശേഷിക്കുന്നു.

ആദ്യകാല രീതികൾ

ഇന്ത്യയുടെ പുരാതന മിനിയേച്ചറുകളിൽ ബുദ്ധ-ജൈന പാരമ്പര്യങ്ങൾക്കുള്ള വിശിഷ്ട സ്ഥാനം അവിതർക്കിതമാണ്. എട്ടുമുതൽ പന്ത്രണ്ട് വരെയുള്ള നൂറ്റാണ്ടുകൾ മിനിയേച്ചർ കലകളുടെ നിർണായക കാലഘട്ടമാണ്. പ്രസ്തുത കാലപരിധിയിൽ രണ്ട് പ്രധാന കലാരീതികൾ മുഖ്യധാരയിലേക്ക് കടന്നു വന്നു. പാലാ ചിത്രരചനാ രീതിയാണ് ഇതിൽ ആദ്യത്തേത്. ക്രിസ്താബ്ദം 750 മുതൽ 1150 വരെയാണ് ഈ ചിത്രകലാ ശൈലിയുടെ ക്ലാസിക്കൽ കാലഘട്ടമായി കണക്കാക്കപ്പെടുന്നത്. വജ്രയാന ബുദ്ധിസത്തിന്റെ  കലാസൃഷ്ടികളിലൂടെയാണ് ഈ മിനിയേച്ചർ രീതി ജനപ്രീതി നേടുന്നത്.

എന്നാൽ, ബുദ്ധിസത്തിന്റെ മറ്റ് വിഭാഗങ്ങളും ഇത് ഉപയോഗിച്ചതായി കാണാം. നിലവിൽ ലഭ്യമായ ഏറ്റവും പഴയ ശേഷിപ്പുകൾ എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ബുദ്ധിസ്റ്റ് മനുസ്ക്രിപ്റ്റുകളാണ്. പ്രസ്തുത രീതിയുടെ ജനകീയത പന്ത്രണ്ടാം നൂറ്റാണ്ടോടെ ശോഷിക്കുകയും അപഭ്രംശ എന്ന പുതിയ രീതിക്ക് പ്രാമുഖ്യമേറുകയും ചെയ്തു. ഗുജറാത്ത്, രാജസ്ഥാന്‍, മേവാർ തുടങ്ങിയ പ്രവിശ്യകളിലാണ് ഈ രീതിയുടെ ഉത്ഭവം. അപഭ്രംശ രീതിയുടെ പ്രഥമഘട്ടത്തിൽ പ്രധാനമായും ജൈനമത പ്രമേയങ്ങളായിരുന്നു ഹ്രസ്വചിത്രങ്ങളായി ആവിഷ്കരിച്ചിരുന്നത്. പിൽകാലത്ത് പതിനഞ്ചാം നൂറ്റാണ്ടോടെ ഭഗവത്ഗീതയുടെ ചിത്രാവിഷ്കാരങ്ങൾ, വൈഷ്ണവ സിദ്ധാന്തങ്ങൾ തുടങ്ങിയ ഹൈന്ദവ സ്വാധീനങ്ങൾ അപഭ്രംശ മിനിയേച്ചറുകളിൽ നിഴലിച്ചു കാണാം.

നവീന പാതയിൽ

മധ്യകാലഘട്ടത്തിൽ ഇസ്‍ലാമിക ഭരണകൂടങ്ങളായിരുന്നു പുരോഗതിയുടെ ഉത്തുംഗതയിൽ കഴിഞ്ഞിരുന്നത്. വിജ്ഞാനം, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം തുടങ്ങിയ മേഖലകളോടൊപ്പം കലയും തച്ചുശാസ്ത്രവും ഏറെ പുരോഗതി കൈവരിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ പ്രഥമഘട്ടത്തിൽ ഡൽഹി സുൽത്താനേറ്റിന്റെ സംസ്ഥാപനത്തോടുകൂടി ഇന്ത്യ പുരോഗതിയിലേക്ക് നീങ്ങുകയും കലയും തച്ചുശാസ്ത്രവും വളരുകയുമുണ്ടായി. തൽഫലമായി ഇന്ത്യൻ കലാമേഖലയിലേക്ക് വിദേശ സ്വാധീനം കടന്നുവരികയും തദ്ദേശീയ രൂപങ്ങളുമായി ലയിച്ച് പുതിയ വകഭേദങ്ങൾ പിറവി കൊള്ളുകയുമുണ്ടായി.

ഡൽഹി സുൽത്താനേറ്റ് കാലഘട്ടത്തിൽ വിരചിതമായ മിനിയേച്ചറുകൾ അടങ്ങുന്ന ആദ്യ സചിത്ര കൃതി (illustrated work)കളിൽ ഒന്നാണ് നിഅ്മത് നാമ. മാൽവ സുൽത്താനേറ്റിലെ ഭരണാധികാരിയായിരുന്ന ഗിയാസ് ഷായുടെ മകനും പിൻഗാമിയുമായ നാസർ ഷായാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. അക്കാലത്തെ ജനകീയ ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകളാണ് നിഅ്മത് നാമയിലെ പ്രധാന പ്രതിപാദ്യ വിഷയം. അതോടൊപ്പം ഔഷധങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവയും ഉൾക്കൊണ്ടിട്ടുണ്ട്. ഇന്ത്യൻ കലകളിലെ പേർഷ്യൻ സ്വാധീനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ഗ്രന്ഥം. ഡൽഹി സുൽത്താന്മാരുടെ കാലത്തെ മിനിയേച്ചറുകൾ സിംഹഭാഗവും പേർഷ്യൻ രീതികളെ അവലംബിച്ചവയായിരുന്നു. പ്രസ്തുത രീതിക്ക് മാറ്റം വരുത്തി മറ്റൊരു തലത്തിൽ എത്തുന്ന  കാലഘട്ടമായിരുന്നു മുഗൾ രാജവംശത്തിന്റെ ഭരണകാലം. സുൽത്തനേറ്റ് കാലഘട്ടത്തിൽ നിന്നും വിഭിന്നമായി ഇന്ത്യൻ കലകളിൽ സങ്കര പൈതൃകം വികസിച്ചു വരുന്നത് ഈ സമയത്താണ്. ഇതാണ്  ഇന്തോ-മുസ്‍ലിം എന്ന സ്വതന്ത്ര തച്ചുശാസ്ത്ര ശാഖയുടെ വികാസത്തിന്  ഹേതുവായത്.

മുഗൾ സ്വാധീനത്തിന്റെ അതിപ്രധാന സവിശേഷതളിൽ ഒന്നാണ് പ്രമേയമാറ്റം. മുഖ്യമായും മതകീയ പ്രമേയങ്ങളിലൂന്നിയ മിനിയേച്ചറുകൾ ഇക്കാലത്ത് ഭരണാധിപന്മാരെ മഹത്വവൽക്കരിക്കുന്നതിലേക്ക്, വിശിഷ്യാ വേട്ട, യുദ്ധ നിമിഷങ്ങൾ ദൃശ്യവൽക്കരിക്കുന്നതിലേക്ക് നീങ്ങി. സമാനമായ മറ്റ് പ്രമേയങ്ങളിൽ കനപ്പെട്ട സംഭാവനകളർപ്പിക്കാൻ അക്കാലത്തെ പണ്ഡിതർക്കും കലാകാരന്മാർക്കും കഴിഞ്ഞിട്ടുണ്ട്. അക്ബർ ചക്രവർത്തിയുടെ കാലത്ത് രചിക്കപ്പെട്ട തൂത്തി നാമ എന്ന കൃതി അതിൽ ഏറ്റവും പ്രശസ്തമായതാണ്. ഇന്ത്യയിൽ ജീവിച്ച പേർഷ്യൻ ഭിഷഗ്വരനായ "സിയാവുദ്ദീൻ നഖ്ഷബി"യാണ് തൂത്തി നാമ അഥവാ തത്ത കഥകൾ എന്ന ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. 52 കഥകളും ഒപ്പം 250 മിനിയേച്ചറുകളും അടങ്ങുന്ന കൃതിയുടെ മാനുസ്ക്രിപ്റ്റിന് അക്ബർ ചക്രവർത്തിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുണ്ട്. ചിത്രകലാ രചനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ തന്റെ ഭരണകാലത്തുടനീളം അക്ബർ ചക്രവർത്തി കൈകൊണ്ടതായി കാണാം. "തസ്‍വീർ ഖാന" എന്ന ആർട്ടിസ്റ്റ് നിർമാണമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അത് കൂടാതെ നിരവധി കാലിഗ്രഫി കലാകാരന്മാർക്ക് രാജകീയ സംരക്ഷണവും പാരിതോഷികവും അദ്ദേഹം നൽകിയിരുന്നു.

തൂത്തി നാമ പോലെ ജനപ്രീതി ലഭിച്ച മറ്റൊരു കൃതിയാണ് "ദാസ്താനെ അമീർ ഹംസ" എന്ന ഹംസ നാമ. നബി പിതൃവ്യൻ ഹംസ(റ)ന്റെ വീരശൂരപരാക്രമ ചരിതങ്ങളും ജീവിതവും ഉൾക്കൊള്ളുന്ന ഈ കൃതിയുടെ രചന നിർവഹിച്ചത് ഗാലിബ് ലഖ്നവിയാണ്. അക്ബറിന്റെ കൊട്ടാരത്തിലെ പ്രധാന കലാകാരന്മാരായിരുന്ന സയ്യിദ് അലിയും അബ്ദുസമദ് ഖാനും ചേർന്നാണ് ഈ കൃതിയുടെ മിനിയേച്ചറുകൾ തയ്യാറാക്കിയത്. അക്ബറിന്റെ പുത്രനായിരുന്ന ജഹാംഗീറിന്റെ കാലത്താണ് അത്യപൂർവ്വ ജീവികളും സസ്യങ്ങളും (Flaura and fauna) മിനിയേച്ചർ സൃഷ്ടികളിൽ ഇടംപിടിച്ചു തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടിലെ ചിത്രകാരനായ ഉസ്താദ് മൻസൂറിന്റെ ടർക്കി കോഴി, വരയൻകുതിര തുടങ്ങിയ കലാസൃഷ്ടികൾ അതിന്റെ പ്രശസ്തമായ ഉദാഹരണങ്ങളാണ്. ഉസ്താദ് മൻസൂറിന്റെ സൃഷ്ടികളിൽ പകുതിയിലധികവും ഈ പ്രമേയങ്ങൾ അധിഷ്ഠിതമാക്കിയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

ഷാജഹാന്റെ ഭരണകാലത്ത് ഇന്തോ-ഇസ്‍ലാമിക് രീതിയിലേക്ക് യൂറോപ്പ്യൻ സ്വാധീനം പ്രതിഫലിക്കുകയുണ്ടായി. തൽഫലമായി തിളക്കമുള്ള ധാതുക്കൾ, സ്വർണം, വെള്ളി തുടങ്ങിയവയിൽ നിർമ്മിച്ച നൂലുകളും ചായങ്ങളും ഹ്രസ്വചിത്ര സൃഷ്ടികളിൽ ഉപയോഗിക്കാൻ തുടങ്ങി.  കലയുടെയും തച്ചുശാസ്ത്രത്തിന്റെയും സുവർണ കാലമായിരുന്നു ഷാജഹാൻ ചക്രവർത്തിയുടെ ഭരണകാലം. ഡൽഹി ജുമാ മസ്ജിദ്, ആഗ്ര കോട്ട, ചെങ്കോട്ട തുടങ്ങിയ മന്ദിരങ്ങളും വെണ്ണക്കല്ലിൽ തീർത്ത ലോക വിസ്മയമായ താജ് മഹലും നിർമ്മിക്കപ്പെട്ടത് ഇക്കാലത്താണ്.

ചുരുക്കത്തിൽ ഇന്ത്യയുടെ പൗരാണിക ചിത്രകലകൾ അതുല്യ സൃഷ്ടികളാണ്. തനിമയും പൈതൃകവും പേറുന്ന ശില്പങ്ങളും കോട്ട നിർമ്മികതകളും ഇന്നും വിസ്മയമുളവാക്കുന്നവയാണ്. എന്നാൽ ഈ രീതികളുടെ പദവി ഉയരുന്നത് ഇസ്‍ലാമിക സ്വാധീനം ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവരുന്നതോടെയാണ്. പിന്നീടാണ് ഇന്ത്യൻ തച്ചുശാസ്ത്രം സൗന്ദര്യാത്മകമായ (Aesthetic) തലത്തിലേക്ക് പരിണമിക്കുന്നത്. അറബ്-പേർഷ്യൻ, മദ്ധ്യേഷ്യൻ മാതൃകകളുടെ ലയനം ഇന്ത്യൻ തച്ചുശാസ്ത്രത്തെ ആഗോള ശ്രദ്ധയിലേക്കെത്തിച്ചു. ഈ സമ്മിശ്ര രൂപം ഇന്തോ-ഇസ്‍ലാമിക്‌ എന്ന അതുല്യ തച്ചുശാസ്ത്ര പാരമ്പര്യത്തിന് ജന്മം നൽകുകയുമുണ്ടായി.

തൽഫലമായാണ് ലോകത്തെ സപ്താത്ഭുതങ്ങളിൽ പെടുന്ന നിർമ്മിതിയടങ്ങുന്ന ശില്പശാസ്ത്ര സൗന്ദര്യങ്ങളുടെ നിര പിറവികൊണ്ടത്. സ്മൃതി മണ്ഡപങ്ങളിൽ പോലും ശില്പകലാ ചാരുത തീർക്കുന്ന രീതികളിലൂടെ ഇന്ത്യൻ പാരമ്പര്യത്തിന് അപരിചിതമായ ഘടകങ്ങളും ഈ സംയോജിത മന്ദിരങ്ങളിലൂടെ കടന്ന് വരികയുണ്ടായി. അതിന്റെ എല്ലാ ബാക്കി പത്രവും ഷാജഹാനബാദിൽ (Old Delhi) ഇന്നും മുഖ്യ ആകർഷണമായി നിലകൊള്ളുന്നു. അവയിലധികവും ഇന്ത്യൻ പൈതൃകത്തിന്റെ പ്രതീകവും മേൽവിലാസവുമായി ഇന്നും അവശേഷിക്കുന്നു.

അവലംബം:

  • Indian Miniature Painting, drishtiias.com
  • Art and Architecture of India, BAHS 1921, PUDDE
  • Rejuvenation of Shahjahanabad, Delhi Urban Art Commission 

 About the Author:

ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter