ജിഹാദിലുമുണ്ട് മുന്‍ഗണനാക്രമങ്ങള്‍
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മസമരം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഉമയ്യതുല്‍കിനാനി(റ). രണ്ടാം ഖലീഫ ഉമര്‍(റ) നാട് ഭരിക്കുന്ന കാലം, അദ്ദേഹം ഖലീഫയോട്, പേര്‍ഷ്യന്‍ നാടുകളിലേക്കുള്ള സൈനിക പടയോട്ടത്തില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ആ സൈന്യത്തിന്റെ ഭാഗമായി പല ദേശങ്ങളും വിജയിച്ചടക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പ്രായം അധികമാവുകയും ശക്തി ക്ഷയിക്കുകയും ചെയ്തതോടെ അദ്ദേഹം മദീനയില്‍ മടങ്ങിയെത്തി വിശ്രമജീവിതം ആരംഭിച്ചു.
അദ്ദേഹത്തിന്റെ മകനായിരുന്നു കിലാബ്. സൂക്ഷ്മതയും ഭയഭക്തിയുമെല്ലാം ഒത്തിണങ്ങിയ ആ മകന്‍ മാതാപിതാക്കള്‍ക്ക് ഏറെ പുണ്യം ചെയ്യുന്നവനുമായിരുന്നു. അത് കൊണ്ട് തന്നെ, ഉമയക്ക് മകനെ ഏറെ ഇഷ്ടമായിരുന്നു. അവനില്ലാതെ ഒരു ദിവസം പോലും കഴിഞ്ഞ് പോകുന്നത് അദ്ദേഹത്തിന് ആലോചിക്കാനാവുമായിരുന്നില്ല. ഒരു ദിവസം പുതിയ സൈന്യസജ്ജീകരണത്തിന് ഖലീഫയുടെ വിളിയാളമുണ്ടായി. ഇത് കേട്ട ഉമയ്യ(റ) തന്റെ മകനോടൊപ്പം ഖലീഫയുടെ അരികിലെത്തി ഇങ്ങനെ പറഞ്ഞു, ഖലീഫാ, അങ്ങയുടെ വിളിയാളം ഞാനും കേട്ടു. പക്ഷേ, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ക്ഷീണവും ബാധിച്ചത് കാരണം, എനിക്ക് സൈന്യത്തില്‍ ചേരാനാവില്ലല്ലോ എന്നതാണ് എന്റെ സങ്കടം.
ഇത് കേട്ട മകന്‍ കിലാബ് പറഞ്ഞു, ഖലീഫാ, ഉപ്പാക്ക് ഇനി സൈനിക സേവനം സാധിക്കില്ല, പകരം ഞാന്‍ സൈന്യത്തോടൊപ്പം യുദ്ധത്തിന് പുറപ്പെടാം. പരലോകത്തിന് പകരം ഈ ഐഹിക ജീവിതം വേണ്ടെന്ന് വെക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത് കേട്ട ഉമയ്യക്ക് മകന്‍ പോകുന്നത് സഹിക്കാനായില്ല. പക്ഷേ, മകന്‍ കാര്യങ്ങളെല്ലാം പറഞ്ഞ് പിതാവിനെ ബോധ്യപ്പെടുത്തിയതോടെ, മനമില്ലാ മനസ്സോടെ അദ്ദേഹം സമ്മതിക്കുകയും കിലാബ് യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു.
ശേഷമുള്ള ഓരോ ദിവസവും ഉമയ്യ(റ)വും ഭാര്യയും ചെലവഴിച്ചത് കണ്ണീരോടെയായിരുന്നു. ഒരു കവി കൂടിയായിരുന്ന അദ്ദേഹം അതേ കുറിച്ച് പാടിയും പറഞ്ഞും സമയം തള്ളിനീക്കി. അവസാനം ദുഖം മൂലം അദ്ദേഹത്തിന് കാഴ്ച പോലും നഷ്ടപ്പെടുകയും ഇനിയും സഹിക്കാനാവാതെ അദ്ദേഹം ഖലീഫയെ സമീപിച്ച് മകനെ തിരിച്ച് വിളിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട ഖലീഫക്ക് ദയ തോന്നി, കിലാബിനെ എത്രയും വേഗം മദീനയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന് പറഞ്ഞ് സൈന്യാധിപന് സന്ദേശമയച്ചു. സന്ദേശം ലഭിച്ച ഉടന്‍ എന്താണ് കാര്യമെന്നറിയാതെ, കിലാബ് വേഗം നാട്ടിലേക്ക് തിരിച്ചു.
അദ്ദേഹം നേരെ പോയത് ഖലീഫയുടെ അടുത്തേക്കായിരുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം, താങ്കള്‍ മാതാപിതാക്കള്‍ക്ക് പ്രത്യേകമായി എന്താണ് ചെയ്യുന്നതെന്ന് ഖലീഫ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എന്ത് കാര്യത്തിലും അവരുടേത് കഴിഞ്ഞേ ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കാറുള്ളൂ. എന്തും അവര്‍ക്ക് ഏറ്റവും ഇഷ്ടമാവുന്ന രീതിയിലേ ഞാന്‍ ചെയ്യാറുള്ളൂ. ഉദാഹരണത്തിന്, അവര്‍ക്ക് കുടിക്കാനുള്ള പാല് ഞാന്‍ കറന്നെടുത്തിരുന്നത് ഏറ്റവും നല്ല ഒട്ടകത്തില്‍നിന്നായിരുന്നു, ആ ഒട്ടകത്തെ പോലും ഏറെ സന്തോഷിപ്പിച്ച ശേഷം മാത്രമായിരുന്നു ഞാന്‍ കറക്കാന്‍ തുടങ്ങാറുണ്ടായിരുന്നത്. ആദ്യം അതിന്റെ അകിട് തണുത്ത വെള്ളം കൊണ്ട് കഴുകി, തണുത്ത പാല് കിട്ടുന്നുവെന്ന് ഞാന്‍ ഉറപ്പ് വരുത്താറുണ്ടായിരുന്നു. കാരണം, എന്റെ മാതാപിതാക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതായിരുന്നു.
ഇത്രയും കേട്ട ഖലീഫ ഉമയ്യ(റ)നെ ആളയച്ച് വരുത്തി. മകന്‍ എത്തിയ വിവരം അറിയിക്കാതെ അദ്ദേഹത്തെ സദസ്സിലിരുത്തി കുശലാന്വേഷണങ്ങള്‍ നടത്തി. അതേ സമയം, കിലാബിനോട് പിതാവിന് വേണ്ടി പാല് കറക്കാന്‍ ആവശ്യപ്പെട്ടു. പാലിന്‍ പാത്രവുമായെത്തിയപ്പോള്‍ ഖലീഫ ആ പാത്രം വാങ്ങി, നേരെ ഉമയ്യ(റ)ന് കൊടുത്തു. പാത്രം ചുണ്ടിനോട് അടുപ്പിച്ച ഉടന്‍ അദ്ദേഹം പറഞ്ഞു, ഇത് എന്റെ മകന്‍ കിലാബ് കറന്നത് പോലെയുണ്ടല്ലോ. അവന്റെ കൈകളുടെ വാസന എനിക്ക് ഇതില്‍ അനുഭവപ്പെടുന്നു.
ആ പിതാവിന്റെയും പുത്രന്റെയും ഗാഢമായ ബന്ധം മനസ്സിലാക്കിയ ഖലീഫക്ക് കണ്ണീര്‍ അടക്കാനായില്ല. അദ്ദേഹം കിലാബിനെ വിളിച്ച് ഉമയ്യ(റ)ന്റെ കൈകളിലേല്‍പിച്ച് പറഞ്ഞു, ഇതാ നിങ്ങളുടെ മകന്‍. അവനെയും കൊണ്ട് വീട്ടിലേക്ക് പോകുക. ഉടന്‍ ചാടിയെണീറ്റ ഉമയ്യ(റ) മകനെ കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മ വെച്ചു.
അവനെയും കൊണ്ട് പോകുന്ന സമയം ഖലീഫ കിലാബിനോട് പറഞ്ഞു, മകനേ, ഇനി നിന്റെ ജിഹാദ് ഈ മാതാപിതാക്കളുടെ കാര്യത്തിലാണ്. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് മരണം വരെ അവരുടെ കൂടെ നില്‍ക്കുക. അവരുടെ മരണശേഷം, എന്ത് വേണമെന്ന് നിനക്ക് തീരുമാനമെടുക്കാം.
നിറ കണ്ണുകളോടെ ആ പിതാവും മകനും നടന്നുപോവുന്നത് നോക്കി ഖലീഫ ഏറെ നേരം നിന്നു. ഇത്തരം മക്കളെ സമൂഹത്തില്‍ ബാക്കിയാക്കിയതില്‍ അദ്ദേഹം അപ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുന്നുണ്ടായിരുന്നു.



Leave A Comment