വിദ്യാഭ്യാസം ആഭാസമാകുന്നുവോ
കേരള സര്‍ക്കാറിന്റെ 2024 ബജറ്റില്‍ 1750 കോടിയോളമാണ് വിദ്യാഭ്യാസ മേഖലക്കായി വകയിരുത്തിയിരിക്കുന്നത്. പുരോയാനാത്മകമായ ഏതൊരു രാഷ്ട്രവും സമാനവും അതിലുപരിയും ഈ മേഖലക്ക് വേണ്ടി ചെലവഴിക്കുന്നത് എവിടെയും കാണാവുന്നതാണ്. സമൂഹത്തിന്റെ സര്‍ഗ്ഗാത്മകവും നാനോന്മുഖവുമായ വളര്‍ച്ചക്ക് വിദ്യാഭ്യാസം എത്രമാത്രം പ്രധാനമാണെന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍, ഇത്രമാത്രം പ്രാധാന്യമുള്ള മേഖലയില്‍ നിന്ന് ഇയ്യിടെ വന്ന, സഹപാഠിയെ കെട്ടിയിട്ട് കൂട്ടവിചാരണ ചെയ്ത് കൊന്ന് കളഞ്ഞ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണ്.
മനുഷ്യന്റെയുള്ളിലെ മനുഷ്യനാക്കാനുള്ളതാണ് വിദ്യാഭ്യാസം. കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനം, അഥവാ, ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സമഗ്ര വികസനമെന്നാണ്, രാഷ്ട്രപിതാവ് ഗാന്ധിജി വിദ്യാഭ്യാസത്തെ നിര്‍വ്വചിക്കുന്നത്. അത് കൊണ്ട് തന്നെ, ഇത്രമേല്‍ പണം ചെലവഴിച്ച് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതികളുമെല്ലാം ഈ ലക്ഷ്യത്തിന് വേണ്ടിയുള്ളതായിരിക്കണം. അവിടങ്ങളില്‍ നടക്കുന്ന ഓരോ ചലനവും ഇതിന് വേണ്ടിയായിരിക്കണം, കൂട്ടായ്മകളും സംഘങ്ങളും സംഗമങ്ങളുമൊന്നും അതില്‍ നിന്ന് വ്യതിചലിച്ചുകൂടാ.
ക്യാമ്പസിടങ്ങളെ സർഗ്ഗാത്മകമാക്കുക എന്നതാണ് ഓരോ വിദ്യാർത്ഥി സംഘടനയുടേയും കർത്തവ്യം. വിദ്യാർത്ഥി വിഷയങ്ങളിൽ ഇടപെടുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നിടത്താണ് ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രഥമ കർത്തവ്യം അർത്ഥപൂർണ്ണമാകുന്നത്. എന്നാൽ, ഒരു വിദ്യാർത്ഥിയെ സ്വന്തം സഹപാഠികൾ ചേർന്ന് നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ വാർത്തകൾ കേട്ട് നടുങ്ങിയിരിക്കുകയാണ് സാംസ്കാരിക കേരളം.
പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥാണ് എസ്.എഫ്.ഐ പ്രവർത്തകരായ സഹപാഠികളുടെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. മൂന്നുദിവസം റൂമിൽ കെട്ടിയിട്ട് ബെൽറ്റ് പൊട്ടുന്നത് വരെ ക്രൂരമായി മർദ്ദിക്കുകയും നെഞ്ചത്ത് ശക്തമായി ചവിട്ടുകയും ചെയ്തിട്ടുണ്ട് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. മൂന്നുദിവസം പൊതുവിചാരണ ചെയ്തു കെട്ടിയിട്ട് തല്ലുമ്പോഴും അവസാന നിമിഷമെങ്കിലും എൻറെ മകന് ഒരല്പം ഭക്ഷണം നൽകിക്കൂടായിരുന്നോ എന്നാണ് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ചോദിക്കുന്നത്.
പുരോഗമനത്തിന്റെ വക്താക്കൾ ആണെന്ന് പ്രചാരവേല നടത്തുന്നവർ, ഒരു വിദ്യാർത്ഥിയുടെ ജീവിക്കാനുള്ള ധാർമികമായ അവകാശത്തെ പോലും ഹനിക്കുന്നതിലൂടെ മൃഗീയതയുടെ പര്യായമാണ് തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കൊടിയിൽ മാത്രം സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കൊണ്ടുനടക്കുകയും പ്രവർത്തനമണ്ഡലത്തിൽ നേർവിപരീതമായ രീതിശാസ്ത്രം കൈക്കൊള്ളുകയും ചെയ്യുന്നത് ഏറ്റവും ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ ഫാഷിസമാണ്. ക്യാമ്പസുകൾക്ക് അകത്ത് പലപ്പോഴും സംഘർഷങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കും നേതൃത്വം നൽകുന്നതും ഇതുപോലെയുള്ള സംഘടനയുടെ നേതാക്കളാണ് എന്നതാണ് സത്യം. പക്ഷേ അത് തെളിയിക്കാൻ സിദ്ധാർത്ഥിന് സ്വയം ജീവൻ ബലി നൽകേണ്ടി വന്നു എന്ന് മാത്രം.
എന്തുകൊണ്ടാണ് ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് ഇത്രമേൽ ക്രൂരവും ആഭാസപൂര്‍ണ്ണവുമാവാന്‍ സാധിക്കുന്നത്. അധ്യാപകരോടു പോലും തീർത്തും അപമര്യാദയായി പെരുമാറുന്ന വാർത്തകൾ നാം കേട്ടതാണ്. വിദ്യാർത്ഥികൾക്ക് ധാർമികവും വൈജ്ഞാനികവുമായ മൂല്യങ്ങള്‍ പകർന്നു കൊടുക്കാനുള്ള ഇടങ്ങളാണ് കലാലയങ്ങൾ. സർഗാത്മകമായ ഒരു രീതി ശാസ്ത്രമില്ലാതെ ക്യാമ്പസുകളെ അക്രമത്തിന്റെയും സംഘർഷത്തിന്റെയും വഴിയിലേക്ക് കൊണ്ടുപോകുന്നതിലൂടെ തകരുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ മൂല്ല്യാധിഷ്ഠിത ഭാവിയാണ്. ലിബറിൽ മൂല്യങ്ങളോടുള്ള അമിതമായ ഭ്രമമാണ് ഇത്തരം സംഘടനകളെ സംഘട്ടന പ്രിയരാക്കി തീർക്കുന്നത്. സഹപാഠിയെ ക്രൂരമായ പീഡനത്തിനിരയാക്കി ഒരു തുള്ളി വെള്ളം പോലും നൽകാതെ കൊലപ്പെടുത്തണമെങ്കിൽ സംഘടനയുടെ രീതിശാസ്ത്രം എത്ര മേൽ മനുഷ്യത്വ വിരുദ്ധമാകണം.
മുൻപും പലതവണ എസ്.എഫ്.ഐ പോലുള്ള സംഘടനകൾ നടത്തിയ അപലപനീയമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളിൽ നാം കണ്ടതാണ്. നഗ്നനായ പുരുഷന്റെയും സ്ത്രീയുടെയും ക്യാരിക്കേച്ചറുകൾ വരച്ച് കേരളവർമ്മ കോളേജിലേക്ക് നവാഗതരായ വിദ്യാർഥികളെ സ്വാഗതം ചെയ്തതും ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതും കേരളം മറന്നിട്ടില്ല. വിദ്യാർത്ഥി വിഷയങ്ങളിൽ ഇടപെടാതെ വിദ്യാർത്ഥിത്വത്തിന് മൂല്യച്യുതി ഉണ്ടാക്കുന്ന സ്വതന്ത്ര ലൈംഗികതയും സംഘട്ടനങ്ങളുമാണ് ക്യാമ്പസിടങ്ങളിൽ ഇവര്‍ ഉയർത്തിപ്പിടിക്കുന്നത്.
വിദ്യാർത്ഥികൾക്ക് നിർഭയമായി ക്യാമ്പസിലൂടെ നടക്കാൻ ഇത്തരം ഗുണ്ടാസംഘങ്ങൾ അനുവദിക്കുന്നില്ല എന്നതാണ് സത്യം. സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതല്ല, എസ്.എഫ്.ഐ കൊന്നുകളഞ്ഞതാണെന്ന് പിതാവ് മാധ്യമങ്ങൾക്കു മുമ്പിൽ തുറന്നുപറയുന്നുണ്ട്. അവർക്ക് അനിഷ്ടമായി തോന്നുന്ന എന്തെങ്കിലും ചെയ്താൽ സിദ്ധാർത്ഥിന്റെ അവസ്ഥ വരും എന്നതാണ് സത്യം. ജനാധിപത്യ മര്യാദകളെ മറന്നു വിദ്യാർത്ഥികളുടെ ജീവിതത്തിലേക്കും മറ്റും കയറാനുള്ള ലൈസൻസ് ഇത്തരക്കാർക്ക് ആരാണ് നൽകിയത്? സിദ്ധാർത്ഥ് വെറുമൊരു പ്രതീകം മാത്രമാണ്. റാഗിംഗ് നിരോധിച്ച ക്യാമ്പസ് ഇടങ്ങളിൽ നിയമത്തിന്റെ എല്ലാ പരിമിതികളെയും തള്ളിക്കളഞ്ഞു നിയമം കയ്യിലെടുക്കാനുള്ള അധികാരം ഇവർക്ക് ആരാണ് നൽകിയത്?.
ഇനിയുമൊരു സിദ്ധാർത്ഥ് കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടാകാൻ പാടില്ല. അതിന് പൈശാചിക സ്വഭാവമുള്ള ഇത്തരം സംഘടനകളെ നിയന്ത്രിക്കുകയോ നിലക്ക് നിർത്തുകയോ ചെയ്യേണ്ടത് കാലോചിതമായ അനിവാര്യതയാണ്. അതിന് മുന്‍കൈയ്യെടുക്കേണ്ടത് അതത് സംഘടനകളുടെ മാതൃസംഘടന തന്നെയാണ്. നിങ്ങളെക്കൊണ്ട് ഞങ്ങളുദ്ദേശിക്കുന്നത് ഇതൊന്നുമല്ലെന്ന് തുറന്ന് പറയാന്‍ നേതാക്കള്‍ തയ്യാറാകുക തന്നെ വേണം. അതിദാരുണമായ ഈ സംഭവത്തെ പോലും ഒന്ന് അപലപിക്കാന്‍ വരെ പ്രസ്തുത സംഘടനയുടെ ആരും വന്നില്ലെന്നത് എത്രമാത്രം ലജ്ജാകരമാണ്. സംഘടനാഫാഷിസം ഏവരെയും വരിഞ്ഞുമുറുക്കിയിരിക്കുന്നു എന്ന് സാരം. സ്വന്തം മക്കള്‍ക്കോ പേരമക്കള്‍ക്കോ ഇത്തരം ഗതി വരുമ്പോഴെങ്കിലും ഇവര്‍ കണ്ണ് തുറക്കുമെന്ന് നമുക്ക് കാത്തിരിക്കാം.
Leave A Comment