മസ്ജിദിന് ചുറ്റും വളരുന്ന ഇസ്‍ലാമിക നാഗരികത ഭാഗം 03–മസ്ജിദുന്നബവി: സമൂഹ സൃഷ്ടിയുടെ വിവിധ മാനങ്ങള്‍

മദീനയിലെത്തിയ പ്രവാചകര്‍ ആദ്യം നിര്‍മ്മിച്ചത് പള്ളിയായിരുന്നുവല്ലോ. പിന്നീടങ്ങോട്ട് വളര്‍ന്നുവന്ന മുസ്‍ലിം സമൂഹം എന്ന ലോകം കണ്ട ഏറ്റവും വലിയ സംസ്കാരത്തിന്റെയും നാഗരികതയുടെയും അടിസ്ഥാനമായി വര്‍ത്തിച്ചത് ആ പള്ളിയായിരുന്നു. ആരാധനാകര്‍മ്മങ്ങളുടെയും വിജ്ഞാനാര്‍ജ്ജനത്തിന്റെയും ഇടമായും ഇസ്‍ലാമിക സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായും വര്‍ത്തിച്ച പള്ളി, അതോടൊപ്പം, സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളെയെല്ലാം നിവര്‍ത്തിക്കുന്ന കേന്ദ്രം കൂടിയായിരുന്നു.

പൊതു ക്ഷേമ കാര്യാലയം

മസ്ജിദുന്നബവി ഒരു പൊതുക്ഷേമ കാര്യാലയമായും പ്രവർത്തിച്ചിരുന്നു. സമുദായത്തിലെ ഏറ്റവും ദരിദ്രരും അശരണരുമായ സ്വഹാബിമാർ പള്ളിയിൽ തന്നെയാണ് താമസിച്ചിരുന്നത്. പള്ളിയുടെ വടക്കുഭാഗത്തെ ഒരു മൂലയിൽ അവർക്കായി സുഫ്ഫ (ഉയർത്തിയ ഇരിപ്പിടം/സദസ്സ്)  എന്നറിയപ്പെടുന്ന ഒരു പ്രതീകാത്മകമായ ഘടന നിർമ്മിച്ചിരുന്നു. അവിടെ താമസിച്ചിരുന്ന സ്വഹാബികളെ  അഹ്‌ലുസുഫ്ഫ അഥവാ “സുഫ്ഫയിലെ ആളുകൾ” എന്നാണ് വിളിച്ചിരുന്നത്. സുഫ്ഫയിലെ മിക്കവരും മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയവരാണ്. വളരെക്കുറച്ചു മദീനാനിവാസികളും കൂട്ടത്തിലുണ്ടായിരുന്നു. ചിലർ സാമ്പത്തിക ശേഷിയുണ്ടായിരുന്നിട്ടും, ത്യാഗജീവിതം (സുഹ്ദ്) നയിക്കാൻ തീരുമാനിച്ചവരായിരുന്നു (അൽ-ഉമരി: 87).

സുഫ്ഫയിൽ 70 മുതൽ 100 വരെ ആളുകളെ ഉൾക്കൊണ്ടിരുന്നു എന്നാണ് ചരിത്ര സാക്ഷ്യം. സുഫ്ഫയിലെ താമസക്കാർ ഒരിക്കലും നിഷ്ക്രിയരായിരുന്നില്ല. അവർ മുഴുസമയവും പ്രാർത്ഥനയിലും, അല്ലാഹുവിനെ സ്മരിക്കുന്നതിലും, ഖുർആൻ പാരായണത്തിലും, പഠിക്കുന്നതിലും, ധ്യാനിക്കുന്നതിലും, ചർച്ച ചെയ്യുന്നതിലും, മറ്റും ചിലവഴിച്ചു. അവരിൽ നിന്ന് ഒരു നേതാവിനെയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹമാണ് സുഫ്ഫയിൽ നടക്കുന്ന കാര്യങ്ങളുടെ പ്രധാന ഉത്തരവാദി. ഖുബാഇൽ നിന്ന് പലായന സംഘത്തിനൊപ്പം ചേർന്ന് മദീനയിലെത്തിയ സ്വഹാബിയായ ഉബാദ ബിൻ അസ്സാമിത് എന്ന സ്വഹാബിയെയാണ്  ഖുർആനിന് പുറമേ, അവര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.

സുഫ്ഫയിലെ ആളുകൾ പലപ്പോഴും തങ്ങളുടെ ഉപജീവനത്തിനായി തങ്ങൾക്കനുസൃതമായ  ഏത് ജോലിയും ചെയ്യാൻ പുറത്തുപോയിരുന്നു. അവർ ജിഹാദിൽ (ധര്‍മ്മയുദ്ധം) സജീവമായി പങ്കെടുക്കുകയും ചിലർ രക്തസാക്ഷികളാവുകയും ചെയ്തു. ഏറെ ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും, സമുദായത്തിന് ബാധ്യതയുള്ളവരായി തുടരാൻ അവര്‍ തയ്യാറല്ലായിരുന്നു. അതിനാൽ സുഫ്ഫയിലെ ആളുകൾ പ്രവാചകന്‍(സ്വ)യോടൊപ്പം  കൂടുതൽ സമയം ചെലവഴിക്കാനും, അതുവഴി മറ്റു പല സ്വഹാബിമാരെക്കാളും പ്രവാചകസന്നിധിയിൽ നിന്ന് കൂടുതൽ പഠിക്കാനും താല്പര്യമുള്ളവരായിരുന്നു. പ്രവാചകൻ(സ്വ) പലപ്പോഴും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും, അവർക്ക് താങ്ങാൻ കഴിയുന്നതെന്തും അവരുമായി പങ്കുവെക്കുകയും ചെയ്തു (അൽ-ഉമരി: 92). പ്രവാചകന്‍(സ്വ)യുടെ ഹദീസുകളും ചര്യകളും വളരെയധികം പ്രചരിപ്പിച്ച പ്രമുഖ വ്യക്തികളായ അബൂ ഹുറൈറ(റ), ഹുദൈഫത്തുൽയമാനി(റ) തുടങ്ങിയവരെല്ലാം അഹ്‌ലുസുഫ്ഫയിലെ അംഗങ്ങളായിരുന്നു.

മസ്ജിദുന്നബവിയിൽ ഇന്ന് ഉസ്തുവാനുതൗബ (പശ്ചാത്താപത്തിന്റെ സ്തംഭം) നിൽക്കുന്ന സ്ഥലത്ത്, പ്രവാചകൻ(സ്വ) സുബ്ഹ് നിസ്കാരത്തിന് ശേഷം ഇരിക്കാറുണ്ടായിരുന്നു. സാധാരണയായി, ദരിദ്രർ, അശരണർ, ആവശ്യക്കാർ, അതിഥികൾ, സുഫ്ഫയിലെ ആളുകൾ തുടങ്ങിയവർ പ്രവാചകന്‍(സ്വ)യെ പ്രതീക്ഷിച്ച്, നേരത്തെ അവിടെയെത്തി കാത്തിരിക്കുന്നുണ്ടാകും. സൂര്യൻ ഉദിക്കുന്നത് വരെ പ്രവാചകൻ(സ്വ) അവരോടൊപ്പം ഇരിക്കുകയും, സംസാരിക്കുകയും, അവർക്ക് പറയാനുള്ളത് കേൾക്കുകയും, പുതിയ പഠനങ്ങൾ പകർന്നു നൽകുകയും ചെയ്യുമായിരുന്നു. സൂര്യോദയത്തിന് ശേഷം മറ്റു സന്ദർശകർക്കായിരുന്നു സമയം മാറ്റിവെച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ കല്പന ഇങ്ങനെ വായിക്കാം: "തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം (പ്രീതി) ലക്ഷ്യമാക്കിക്കൊണ്ട്‌ പ്രഭാതത്തിലും പ്രദോഷത്തിലും അവനോട്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. നമ്മുടെ സ്മരണയിൽ നിന്ന് നാം അശ്രദ്ധമാക്കിയ  ഹൃദയത്തിന് വഴങ്ങുകയോ, സ്വന്തം ആഗ്രഹങ്ങൾ പിന്തുടരുകയോ, അവന്റെ കാര്യം അതിരുകവിഞ്ഞതായി മാറിയനെ അനുസരിക്കുകയോ അരുത്” (വി.ഖു-18:28).

മസ്ജിദുന്നബവിയിൽ ഇത്തരം രണ്ട് സുഫ്ഫകൾ ഉണ്ടായിരുന്നു: ഒന്ന് പുരുഷന്മാർക്കും മറ്റൊന്ന് സ്ത്രീകൾക്കും. പുരുഷന്മാരുടെ സുഫ്ഫ, താമസക്കാരുടെ എണ്ണവും അതിന്റെ സാമൂഹിക പ്രാധാന്യവും കാരണം, സ്ത്രീകളുടെ സുഫ്ഫയെക്കാൾ കൂടുതൽ അറിയപ്പെട്ടിരുന്നു. സ്ത്രീകളുടെ സുഫ്ഫ പലപ്പോഴും പരോക്ഷമായി മാത്രമാണ് പരാമർശിക്കപ്പെട്ടിരുന്നത്. അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) പറയുന്നു: നബി(സ്വ) സ്ത്രീകളുടെ സുഫ്ഫയിൽ നിന്ന് പരിചസമാനമായ, മൂന്ന് ദിർഹം വിലയുള്ള ഒരു വസ്തു മോഷ്ടിച്ചതിന് ഒരു കള്ളന്റെ കൈ വെട്ടിയിരുന്നു. (അന്നസാഈ 46:4909)

പുരുഷന്മാരുടെ സുഫ്ഫയിലെ സഹോദരങ്ങളെപ്പോലെ, സ്ത്രീകളുടെ സുഫ്ഫയിലെ മഹതികളും നിഷ്ക്രിയരായിരുന്നില്ല. സുഫ്ഫയിലെ ആളുകൾ സ്വന്തമായി ജീവിതം നയിക്കാൻ ശ്രമിച്ചെങ്കിലും, സാഹചര്യങ്ങളാല്‍ പലപ്പോഴും അത് പ്രയാസകരമായിരുന്നു. അതിനാൽ, മദീനയിലെ മുസ്‍ലിം സമുദായം അവർക്ക് ഹ്രസ്വകാലത്തേക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ സംഭാവന നൽകുന്നത് പതിവായിരുന്നു. സുഫ്ഫയിലെ താമസക്കാരെ ഭക്ഷണത്തിന് ക്ഷണിക്കുകയോ പള്ളിയിൽ ഭക്ഷണം കൊണ്ടുവന്ന് ഒരുമിച്ച് കഴിക്കുകയോ ചെയ്യുന്നത് സാധാരണവുമായിരുന്നു. അതോടൊപ്പം, ദീർഘകാലത്തേക്ക് അവർക്ക് സ്ഥിരമായ തൊഴിലവസരങ്ങൾ നൽകുകയും ചെയ്തിരുന്നു. അത്തരം സാഹചര്യങ്ങളാൽ സുഫ്ഫയിലെ താമസക്കാരുടെ എണ്ണത്തിൽ  പലപ്പോഴും ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിരുന്നു. അതിനാൽ ചിലപ്പോൾ സുഫ്ഫകൾ തിങ്ങിനിറഞ്ഞും, മറ്റു ചിലപ്പോൾ ഒഴിഞ്ഞും കാണപ്പെട്ടിരുന്നു.

പ്രവാചകൻ(സ്വ) ഒരിക്കലും സുഫ്ഫയെയോ അതിന്റെ താമസക്കാരെയോ അവഗണിച്ചിരുന്നില്ല. പ്രവാചകന്‍(സ്വ)ക്ക് എപ്പോഴെങ്കിലും ദാനധർമ്മമായി (സ്വദഖ) വല്ലതും ലഭിച്ചാല്‍, അതിൽ നിന്ന് ഒന്നും എടുക്കാതെ അവർക്ക് അയച്ചുകൊടുക്കുകയും, സമ്മാനം വല്ലതും ലഭിച്ചാൽ, അവരെ വിളിച്ചുവരുത്തി പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നത് പതിവായിരുന്നു. തന്റെ പൗത്രൻ ഹസൻ(റ)ന്റെ ജനനസമയത്ത് മകൾ ഫാത്തിമയോട് കുഞ്ഞിന്റെ മുടിയുടെ ഭാരത്തിലുള്ള വെള്ളി സുഫ്ഫയിലെ താമസക്കാർക്ക് ദാനം ചെയ്യാൻ പ്രവാചകൻ(സ്വ) ആവശ്യപ്പെട്ടിരുന്നു.  (അൽ-ഉമരി: 93)

ഒരു അറബ് ഗോത്രത്തിന്റെ അടിമയായിരുന്ന സാധുവായ ഒരു കറുത്ത പെൺകുട്ടിക്കായി, മസ്ജിദുന്നബവിയിൽ പ്രവാചകൻ(സ്വ) ഒരു കൂടാരം (താഴ്ന്ന മേൽക്കൂരയുള്ള ഒരു ചെറിയ മുറി എന്നും കാണാം) സൗകര്യപ്പെടുത്തിയിരുന്നു. വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച ചുവന്ന തുകൽ വസ്ത്രം അവർ മോഷ്ടിച്ചതായി അന്യായമായി ആരോപിക്കപ്പെടുകയും, താൻ നിരപരാധിയാണെന്ന്  വെളിപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് പ്രവാചകന്റെ(സ്വ) അടുത്തെത്തി ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തതായിരുന്നു അവര്‍. ശേഷം അവർ മസ്ജിദുന്നബവിയിൽ തന്നെ താമസമാക്കുകയും, പതിവായി ആഇശ(റ)യെ സന്ദർശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തിരുന്നു (ബുഖാരി: 439).

തടങ്കല്‍/പുനരധിവാസ കേന്ദ്രം

മസ്ജിദുന്നബവി ഭാഗികമായി ഒരു തടങ്കൽ/പുനരധിവാസ കേന്ദ്രമായും പ്രവർത്തിച്ചിരുന്നു.  പുരുഷ തടവുകാരെ മാത്രമല്ല, ചില സ്ത്രീ തടവുകാരെയും പള്ളിയുടെ തടങ്കൽ കേന്ദ്രമായി വിശേഷിപ്പിക്കാവുന്ന സ്ഥലത്ത് പാർപ്പിച്ചിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. സ്ത്രീകൾക്കായി, പള്ളിയുടെ ഒരു പ്രവേശന കവാടത്തിനടുത്ത് ചതുർവശങ്ങളും മറച്ച ഒരിടം നീക്കിവച്ചിരുന്നു (അൽ-കതാനി 1:299).

നജ്ദിലെ ബനൂ ഹനീഫ ഗോത്രക്കാരനായ സുമാമ ബിൻ ഉഥാൽ (അന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല) പിടിക്കപ്പെട്ട് പള്ളിയുടെ ഒരു തൂണിൽ ബന്ധിക്കപ്പെട്ടതായി ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് പ്രവാചകൻ(സ്വ) തന്റെ ചില അനുയായികളോട് അദ്ദേഹത്തെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം ആ മനുഷ്യൻ പള്ളിക്ക് സമീപമുള്ള ഒരു തോട്ടത്തിലേക്ക് പോയി, കുളിച്ച്, പള്ളിയിൽ പ്രവേശിച്ച് ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായത് (മുസ്‌ലിം: 1764).

പള്ളിയുടെ പരിധിയിൽ ഒരു തടങ്കൽ കേന്ദ്രം ഉണ്ടായിരുന്നതിന്റെ ഗുണങ്ങൾ അനവധിയായിരുന്നു. ഈ കേന്ദ്രത്തിലെ തടവുകാർ (സാധാരണയായി യുദ്ധത്തടവുകാർ) അവരുടെ സുരക്ഷയും ന്യായമായ പെരുമാറ്റവും ഉറപ്പാക്കാനായി. രണ്ടാമതായി, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും യഥാർത്ഥ സ്വഭാവവും നിലപാടുകളും, പള്ളിയുടെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യവും പ്രവർത്തനങ്ങളും കണക്കിലെടുത്ത്, അവർക്ക് പതുക്കെ, പ്രായോഗിക അനുഭവത്തിലൂടെ ഇസ്‌ലാമിന്റെ ആശയങ്ങളെ മനസ്സിലാക്കാൻ സഹായിച്ചു. ഇതിന്റെ ഫലമായി, പല തടവുകാരും മുസ്‌ലിംകളുടെ ജീവിതവും പെരുമാറ്റവും കണ്ട് ആകൃഷ്ടരായി, ഒടുവിൽ ഇസ്‌ലാം സ്വീകരിച്ചു.

മറ്റൊരു വിധത്തിൽ, ഈ സ്ഥലം ഒരു തടങ്കൽ കേന്ദ്രം എന്ന നിലയിൽ മാത്രമല്ല, മറിച്ച്, എപ്പോഴും വിപുലീകരിക്കപ്പെടുന്ന ദഅ്‌വത്തുൽ ഇസ്‌ലാമിയ്യ (ഇസ്‌ലാമിന്റെ പ്രചാരണവും ആളുകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കലും) എന്ന ആത്മീയ, മനഃശാസ്ത്രപരമായ പുനരധിവാസ കേന്ദ്രം കൂടിയായിരുന്നു. വാസ്തവത്തിൽ, ഓരോ തടങ്കൽ കേന്ദ്രവും ഒരു പുനരധിവാസ കേന്ദ്രമായി പ്രവർത്തിക്കേണ്ട ആവശ്യകതയും അന്ന് നിലനിന്നിരുന്നു. ഒരു വ്യക്തിയെ കുറ്റവാളിയായി തടങ്കൽ കേന്ദ്രത്തിലേക്ക് അയക്കുന്നതിൽ യാതൊരു പ്രയോജനവുമില്ലെന്നും, അപ്രകാരം അയാൾ ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ, ഉടൻ തന്നെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്നുമായിരുന്നു പ്രവാചകനിരീക്ഷണങ്ങൾ. ഒരു വ്യക്തി കുറ്റവാളിയായി തടങ്കലിൽ അടക്കപ്പെട്ടാൽ, പുറത്തുവരുമ്പോൾ, പുനരധിവാസം നേടിയ, സാധാരണവും ധാർമിക ചിന്താഗതിയുള്ളതുമായ ഒരു പൗരനായി പുറത്തുവരണം എന്ന നിലപാടാണ് ഇസ്‍ലാം എന്നും സ്വീകരിച്ചത്.

നേരത്തെ സൂചിപ്പിച്ച സുമാമ ബിൻ ഉഥാൽ, പള്ളിയിൽ തടവുകാരനായി കുറച്ച് ദിവസങ്ങൾ ബന്ദിയാക്കപ്പെട്ട ശേഷം ഇസ്‌ലാം സ്വീകരിച്ചപ്പോൾ, അദ്ദേഹം പ്രവാചകൻ(സ്വ)യോട് പറഞ്ഞു: “അല്ലാഹു തന്നെ സത്യം, ഭൂമിയിൽ എനിക്ക് താങ്കളുടെ മുഖത്തേക്കാൾ വെറുപ്പുളവാക്കുന്ന മുഖം മറ്റൊന്നുമുണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ആ മുഖം എനിക്ക് എല്ലാ മുഖങ്ങളിലും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. അല്ലാഹു സത്യം, താങ്കളുടെ മതത്തേക്കാൾ വെറുപ്പുളവാക്കുന്ന മതം എനിക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ഈ മതം എനിക്ക് എല്ലാ മതങ്ങളിലും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. അല്ലാഹു തന്നെ സത്യം, താങ്കളുടെ നഗരത്തേക്കാൾ വെറുപ്പുളവാക്കുന്ന നഗരം എനിക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ഈ നഗരം എനിക്ക് എല്ലാ നഗരങ്ങളിലും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു” (മുസ്‌ലിം, 2005, ഹദീസ് നമ്പർ 4361).

ഇസ്‌ലാമിൽ ആദ്യമായി പൂർണ സംവിധാനങ്ങളോടെയും അടിസ്ഥാനപരവുമായി നിർമിക്കപ്പെട്ട തടങ്കൽ കേന്ദ്രങ്ങൾ നാലാമത്തെ ഖലീഫയായ അലി ബിൻ അബീത്വാലിബി(റ)ന്റെ കാലത്താണ് കാണാനാവുന്നത്. മുൻഗാമികളായ അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫമാർ, പ്രവാചകന്‍(സ്വ)യുടെ രീതി പിന്തുടർന്ന്, പ്രധാന പള്ളികളിൽ താൽക്കാലിക തടങ്കലുകളാണ് നിർമിച്ചത്. ഈ മൂന്ന് ഖലീഫമാരിൽ, ഉമർ(റ) മാത്രമാണ് മക്കയിൽ ഒരു വീട് വാങ്ങി ഒരു തടങ്കൽ കേന്ദ്രമോ ജയിലോ ആയി ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു (അൽകതാനി 1:297-299). പ്രവാചകന്‍(സ്വ)യുടെ കാലത്ത്, റംല ബിൻത് അൽഹാരിസ് അൽനജ്ജാരിയ്യയുടെ വീട്, നബിയുടെ അതിഥികളോ സന്ദർശക പ്രതിനിധി സംഘങ്ങളോ താമസിക്കാൻ ഉപയോഗിച്ചിരുന്ന വീടുകളിലൊന്നായി സേവനം ചെയ്തിരുന്നതിനു പുറമേ, ഒരിക്കൽ ഒരു താൽക്കാലിക തടങ്കൽ കേന്ദ്രമായും പ്രവർത്തിച്ചിരുന്നു. അവിടെ, ബനൂ ഖുറൈള എന്ന യഹൂദ ഗോത്രത്തിലെ അംഗങ്ങൾ, ഏകദേശം ഏഴുനൂറോളം പേർ, അവരിലെ പുരുഷന്മാർ കൊല്ലപ്പെടണം, സ്വത്ത് വിഭജിക്കപ്പെടണം, സ്ത്രീകളും കുട്ടികളും ബന്ദികളാക്കപ്പെടണം എന്ന വിധി പുറപ്പെടുവിക്കപ്പെട്ട നിമിഷം മുതൽ, ആ വിധി നടപ്പാക്കപ്പെടുന്നതുവരെ, കുറഞ്ഞത് ഒരു ദിവസം തടവിൽ പാർപ്പിക്കപ്പെട്ടു (അൽകതാനി 1:446). മുസ്‌ലിംകളും യഹൂദരും തമ്മിലുണ്ടായിരുന്ന എല്ലാ സമാധാന-സഹകരണ ഉടമ്പടികൾക്കും വിരുദ്ധമായി, ഖന്ദഖ്  യുദ്ധത്തിൽ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയ ഭീതിദമായ സാഹചര്യത്തിൽ, ബനൂ ഖുറൈളയുടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ കാരണമാണ് പ്രവാചകൻ(സ്വ) ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

മസ്ജിദുന്നബവിയുടെ ഈ പ്രത്യേക സവിശേഷത കാരണമാണ്, ഒരിക്കൽ ഒരു ശക്തനായ ജിന്നിനെ പിടികൂടിയ ശേഷം, പള്ളിയുടെ ഒരു തൂണിൽ കെട്ടാൻ നബി(സ്വ) തീരുമാനിച്ചത്. പ്രസ്തുത സംഭവം അബൂ ഹുറൈറ(റ) വിവരിക്കുന്നു, നബി(സ്വ) ഒരിക്കൽ പറഞ്ഞു: “ഇന്നലെ ഒരു ഇഫ്‌രീത് (ജിന്നുകളിലെ അതിശക്തന്‍) എന്റെ പ്രാർത്ഥന തടസ്സപ്പെടുത്താൻ പെട്ടെന്ന് എന്റെ അടുക്കൽ വന്നു, എന്നാൽ അല്ലാഹു എനിക്ക് അവനെ കീഴടക്കാൻ ശക്തി നൽകി, ഞാൻ അവനെ പിടികൂടി, നിങ്ങളെല്ലാം കാണാനായി അവനെ പള്ളിയുടെ ഒരു തൂണിൽ കെട്ടാൻ ഞാൻഉദ്ദേശിച്ചു, എന്നാൽ എന്റെ സഹോദരൻ സുലൈമാൻ നബിയുടെ പ്രാർത്ഥന അപ്പോൾ ഞാൻ ഓർത്തു: "എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യേണമേ" (വി.ഖു 38:35), അതിനാൽ ഞാൻ അവനെ വിട്ടയച്ചു” (ബുഖാരി 1/ 99:461).

അത്തരത്തിൽ, പ്രവാചകകന്‍(സ്വ)യും മുസ്‌ലിംകളും, തങ്ങളുടെ കരാറുകൾ ലംഘിച്ച് വിശ്വാസവഞ്ചന നടത്തിയ, ബനൂ ഖുറൈള എന്ന യഹൂദ ഗോത്രത്തെ ദിവസങ്ങളോളം ഉപരോധിക്കുന്നുണ്ട്. മുസ്‍ലിം സൈന്യത്തിന് കീഴടങ്ങുക എന്നതായിരുന്നു യഹൂദരുടെ മുന്നിലുണ്ടായിരുന്ന ഏകമാർഗം. മുസ്‍ലിംകൾക്ക് മുമ്പിൽ കീഴടങ്ങുന്ന വിഷയത്തിൽ തങ്ങളുടെ സഖ്യകക്ഷികളിലെ പ്രമുഖനായിരുന്ന അബൂ ലുബാബ ബിൻ അബ്ദുൽ മുൻദിർ (അന്ന് ഇസ്‍ലാം സ്വീകരിച്ചിട്ടില്ല) എന്ന വ്യക്തിയോട് യഹൂദർ ഉപദേശം തേടിയിരുന്നു. അദ്ദേഹം അവരെ സഹായിച്ച ശേഷം, വളരെയധികം ഖേദിക്കുകയും, താൻ പരിധി ലംഘിച്ചുവെന്നും മുസ്‌ലിംകളോട് വിശ്വാസവഞ്ചന നടത്തിയെന്ന്  വിശ്വസിക്കുകയും ചെയ്തു. അമിതമായ കുറ്റബോധം കാരണം, അദ്ദേഹം സ്വന്തം ശരീരത്തെ മസ്ജിദുന്നബവിയിൽ കെട്ടിയിട്ട്, തന്റെ പശ്ചാത്താപം അംഗീകരിക്കപ്പെടുന്നതുവരെ മോചിപ്പിക്കപ്പെടാൻ വിസമ്മതിച്ചു. അബൂ ലുബാബ ഏകദേശം പത്തോ പതിനഞ്ചോ ദിവസം തൂണിൽ കെട്ടിയിടപ്പെട്ടു. ഓരോ നിസ്കാരത്തിന് മുമ്പും, ഭാര്യ വന്ന് അദ്ദേഹത്തിന്റെ കെട്ടുകൾ അഴിച്ചുവിടുമായിരുന്നു. നിസ്കാരം കഴിഞ്ഞ ശേഷം, അദ്ദേഹം ഭാര്യയോട് വീണ്ടും തന്നെ കെട്ടിയിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു (സീറതു ഇബ്നിഹിശാം). പിന്നീട്, അബൂ ലുബാബ കെട്ടിയിടപ്പെട്ടിരുന്ന തൂൺ, പശ്ചാത്താപത്തിന്റെ സ്തംഭം (ഉസ്തുവാനുതൗബ) എന്നറിയപ്പെട്ടു (അൽസംഹൂദി, 1997: 2/442).

കൂടാതെ, തബൂക്കിലേക്കുള്ള മുസ്‌ലിം സൈനിക മുന്നേറ്റത്തിന്റെ സമയത്ത്, പത്ത് പുരുഷന്മാരടങ്ങുന്ന ഒരു സംഘം സൈന്യത്തോടൊപ്പം യുദ്ധത്തിന് പോകുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളുമുണ്ടായിരുന്നു. അവരെക്കുറിച്ച് ഖുർആനിൽ പ്രതിപാദിക്കുന്നു: “തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്‌. (കുറെ) സല്‍കര്‍മ്മങ്ങളെ, മറ്റു ദുഷ്കര്‍മ്മങ്ങളുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു” (വി.ഖു 9:102). കുറ്റബോധത്താൽ ഖേദിച്ചിരുന്ന പത്തിൽ ഏഴ് പേർ, പ്രവാചകകന്‍(സ്വ)യുടെ നേതൃത്വത്തിലുള്ള മുസ്‍ലിം സൈന്യം യുദ്ധമവസാനിച്ച് മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ മസ്ജിദുന്നബവിയിലെ തൂണുകളിൽ തങ്ങളുടെ ശരീരങ്ങളെ സ്വയം കെട്ടിയിടുകയുംപ്രസ്തുത ഖുർആനിക വചനം അവതരിക്കപ്പെടുന്നത് വരെ ബന്ദിതരായി തുടരുകയും ചെയ്തു. അബൂ ലുബാബ ബിൻ അബ്ദുൽ മുൻദിർ(റ) ഈ ഏഴു പേരിൽ ഒരാളായിരുന്നു (ഇബ്നു കസീർ: അൽ ബിദായ വന്നിഹായ 7:199).

ചികില്‍സാകേന്ദ്രം

മസ്ജിദുന്നബവിയിൽ, വൈദ്യചികിത്സയ്ക്കും പരിചരണത്തിനും വേണ്ടി ഒരു പ്രത്യേക ഭാഗം നീക്കിവയ്ക്കപ്പെട്ടിരുന്നു. ഖന്ദഖ് യുദ്ധദിനത്തിൽ, സ്വഹാബിയായ സഅ്ദ് ബിൻ മുആദ്(റ) ന് പരിക്കേറ്റപ്പോൾ, അദ്ദേഹത്തെ കാര്യക്ഷമതയോടെ പരിചരിക്കാൻ വേണ്ടി പ്രവാചകൻ(സ്വ) പള്ളിയിൽ ഒരു കൂടാരം സ്ഥാപിസിച്ചിരുന്നതായി ചരിത്രരേഖകളിൽ ഉദ്ധരിക്കുന്നുണ്ട്.

റുഫൈദ എന്ന സ്ത്രീയായിരുന്നു അക്കാലത്ത് രോഗികളെയും പരിക്കേറ്റവരെയും പരിചരിക്കുന്നതിൽ ഏറെ വൈദഗ്ധ്യം നേടിയിരുന്നത് (അൽ-കതാനി 1:454). ചില സ്ത്രീകൾ മുസ്‌ലിം സൈന്യങ്ങളോടൊപ്പം യുദ്ധക്കളത്തിലേക്ക് പോകുകയും, രോഗികളായ സേനാംഗങ്ങൾക്കും പരിക്കേറ്റവർക്കും പരിചരണം നൽകുകയും ചെയ്തിരുന്നു. യുദ്ധങ്ങളവസാനിച്ച് മദീനയിലേക്ക് മടങ്ങിയെത്തുമ്പോൾ, ഗുരുതരമായ പരിക്കുകളുള്ള ചിലർക്ക് തുടർച്ചയായും കൂടുതൽ തീവ്രവുമായ ചികിത്സാ നടപടികൾ ആവശ്യമായിരുന്നു. അത്തരം കാരണങ്ങളാലാണ് മസ്ജിദുന്നബവിയിലെ പരിചരണകേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ആദ്യകാല മുസ്‌ലിംകൾക്ക് നേരിടേണ്ടി വന്ന നിരന്തരമായ യുദ്ധങ്ങളുടെ ആധിക്യം കണക്കിലെടുക്കുമ്പോൾ, മസ്ജിദുന്നബവിയിലുള്ള ചികിത്സാകേന്ദ്രത്തിന് ഏറെ പ്രസക്തി ഉണ്ടായിരുന്നു.

കായികകലാകേന്ദ്രം

ചില കായിക, വിനോദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു മസ്ജിദുന്നബവി. പള്ളിക്കകത്തും പുറത്തുമായാണ് അത്തരം പ്രവർത്തനങ്ങൾ അരങ്ങേറിയിരുന്നത്. ആഇശ(റ) വിവരിക്കുന്നു: ഒരു പെരുന്നാൾ ദിവസം, അന്ന്  അബ്സീനിയക്കാർ പരിചകളും കുന്തങ്ങളുമായി പള്ളിയിൽ കളിക്കുകയായിരുന്നു. ഞാൻ പ്രവാചകന്‍(സ്വ)യോട് അത് കാണാൻ ആഗ്രഹമുണ്ടെന്ന് ആവശ്യപ്പെടുകയോ, അതോ പ്രവാചകൻ(സ്വ) തന്നെ "നിനക്ക് കാണാൻ ആഗ്രഹമുണ്ടോ?" എന്നോട് ചോദിക്കുകയോ ചെയ്തു. അപ്പോൾ ഞാൻ "അതെ” എന്ന് പറഞ്ഞു. പ്രവാചകൻ(സ്വ) എന്നെ തന്റെ പിന്നിൽ നിർത്തി, എന്റെ കവിൾ അദ്ദേഹത്തിന്റെ കവിളിനോട് ചേർത്ത്, അബ്സീനിയക്കാരോട് പറഞ്ഞു: "കളിച്ചോളൂ, അർഫിദയുടെ മക്കളേ! (അബ്സീനിയക്കാരുടെ ഒരു വിഭാഗത്തിന്റെ പേരോ അല്ലെങ്കിൽ അവരുടെ ഒരു പൊതുവായ വിശേഷണമോ ആയി ഇത് ഉപയോഗിച്ചിരുന്നു)" എനിക്ക് മടുത്തപ്പോൾ പ്രവാചകൻ(സ്വ) "മതിയായോ നിനക്ക്?" എന്ന് ചോദിച്ചു. ഞാൻ ‘അതെ’ എന്ന് പറഞ്ഞപ്പോൾ പ്രവാചകൻ(സ്വ) എന്നോട് പോകാൻ പറയുകയും ചെയ്തു." (ബുഖാരി :2906). അതേ സംഘത്തെ, അല്ലെങ്കിൽ മറ്റൊരു സംഘത്തെ പിന്നീടൊരിക്കൽ പള്ളിയിൽ അവരുടെ കുന്തങ്ങളുമായി കളിക്കുന്നത് കണ്ടപ്പോൾ ഉമർ(റ) വന്ന് കല്ലുകൾ എടുത്ത് അവരെ എറിഞ്ഞു. പ്രവാചകൻ(സ്വ) പറഞ്ഞു: "അവരെ വിട്ടേക്കൂ, ഉമർ". പ്രവാചകൻ(സ്വ) അവർ സുരക്ഷിതരാണെന്ന് പറയുകയും, തുടർന്ന് കളിക്കാൻ അനുവദിക്കുകയും ചെയ്തു (ബുഖാരി,2901).

കൂടാതെ, മഗ്‌രിബ് നിസ്കാരത്തിന് (സൂര്യാസ്തമയ നമസ്കാരം) ശേഷം, ചിലപ്പോൾ പ്രവാചകകന്‍(സ്വ)യുടെ സാന്നിധ്യത്തിൽ, ചില സ്വഹാബികൾ രാത്രി പൂർണ്ണമായി ഇരുട്ട് വീണ് നാട്ടക്കുറി (അമ്പെയ്തിന് സ്ഥാപിക്കുന്ന ലക്ഷ്യസ്ഥാനം) അദൃശ്യമാകുന്നത് വരെ പള്ളിക്കകത്ത് അമ്പെയ്ത്ത് പരിശീലിക്കുമായിരുന്നു. (ബുഖാരി 559).

പ്രസ്തുത രീതിയുലുണ്ടായ മറ്റൊരു സംഭവം അനസ് ഇബ്നു മാലിക്(റ) വിവരിക്കുന്നു: "പ്രവാചകൻ(സ്വ) സൈനബ്(റ) എന്ന ഭാര്യയെ വിവാഹം ചെയ്തപ്പോൾ, എന്റെ മാതാവ് ഉമ്മു സുലൈം കുറച്ച് 'ഹൈസ്' (ഈത്തപ്പഴം, പനീർ, നെയ്യ് എന്നിവ ചേർത്ത തയ്യാറാക്കുന്ന  ഒരു വിഭവം) പാചകം ചെയ്ത് അതൊരു പാത്രത്തിലാക്കി എന്നോട് പറഞ്ഞു: 'അനസേ, ഇത് പ്രവാചകകന്‍(സ്വ)യുടെ അടുത്തേക്ക് കൊണ്ടുപോയി പറയുക: എന്റെ മാതാവ് ഇത് താങ്കൾക്ക് അയച്ചിരിക്കുന്നു, ഇത് ഞങ്ങളിൽ നിന്ന് താങ്കൾക്ക് സമർപ്പിക്കുന്ന ഒരു ചെറിയ സമ്മാനമാണ്.' അങ്ങനെ ഞാൻ ആ വിഭവം പ്രവാചകകന്‍(സ്വ)യുടെ അടുത്തേക്ക് കൊണ്ടുവരികയും ഉമ്മ പറഞ്ഞതുപ്രകാരം ഞാനെല്ലാം പ്രവാചകകന്‍(സ്വ)യോട് പറയുകയും ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: 'അത് നീ അവിടെ  വെക്കുക.' പിന്നീട് പറഞ്ഞു: 'നീ പോയി എനിക്ക് വേണ്ടി ഈ ആളുകളെയും (കുറച്ച് പുരുഷന്മാരുടെ പേര് പറയുയുന്നു), നിനക്ക് കാണാൻ കഴിയുന്ന മറ്റുള്ളവരെയും ക്ഷണിക്കുക.' അനസ് (റ)പറയുന്നു: അങ്ങനെ അവിടുന്ന് പേരെടുത്ത് പറഞ്ഞവരെയും, എനിക്ക് കാണാൻ കഴിഞ്ഞവരെയും ഞാൻ ക്ഷണിച്ചു. അവർ ഏകദേശം മുന്നൂറ് പേരുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും പള്ളിയോട് ചേർന്നുള്ള നബിയുടെ വീട്ടിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ, ആളുകൾ പള്ളിക്കകത്ത്, സുഫ്ഫയിൽ, തങ്ങളുടെ ഊഴം വരെ കാത്തിരുന്നു (മുസ്‌ലിം :2572).

ചിലർ തങ്ങളുടെ ഒഴിവുസമയം പോലും പള്ളിയിൽ ചെലവഴിച്ചിരുന്നു. അവിടെ പലപ്പോഴും എന്തെങ്കിലും ഗുണപ്രദമായ കാര്യങ്ങൾ നടക്കും എന്ന പ്രതീക്ഷയിലായിരുന്നു അത്. പ്രവാചകൻ(സ്വ) പോലും തന്റെ അപൂർവമായ ഒഴിവുസമയത്തിന്റെ ചില ഭാഗങ്ങൾ പള്ളിയിൽ തന്നെ ചെലവഴിച്ചിരുന്നു, സ്വഹാബികളോടൊപ്പം ഒഴിവു നിമിഷങ്ങൾ ആസ്വദിക്കുകയും, അവരെ ചിരിപ്പിക്കുകയും, അവർ സംസാരിച്ചിരുന്ന കാര്യങ്ങളിൽ, ജാഹിലിയ്യ കാലത്തെ ചില രസകരമായ കഥകൾ പോലുള്ളവയിൽ, സ്വയം ചിരിക്കുകയും ചെയ്തിരുന്നു.

സമൂഹം വേഗത്തിൽ വികസിച്ചുകൊണ്ടിരുന്നതിനാൽ, അതിന്റെ ആശയധാരകൾ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും, ജനങ്ങളെ നയിക്കാനും അവരുടെ ആത്മീയ - നാഗരിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) നിരന്തരം അവതരിക്കപ്പെടുകയും ചെയ്തതിനാൽ, മസ്ജിദുന്നബവിയുടെ ഈ സവിശേഷതകൾ വളരെ എളുപ്പത്തിൽ നിലനിർത്തപ്പെട്ടു. പള്ളിയിൽ നടക്കുന്ന എന്തിനോടും നിരന്തരം ബന്ധപ്പെട്ടിരിക്കാൻ പലരും എല്ലാ വിധത്തിലും ശ്രമിക്കുകയും, അവിടെ നടക്കുന്ന ഏതൊരു സംഗമവും നഷ്ടപ്പെടുന്നത് ഗുരുതരമായ നഷ്ടമായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. കാരണം, മസ്ജിദുന്നബവിയിലെ സാമൂഹിക സംഗമങ്ങൾ നിസ്സാരമോ വ്യർത്ഥമോ ആയിരുന്നില്ല. പലപ്പോഴും, ജനങ്ങൾ തങ്ങളെ ബാധിക്കുന്ന മതപരമായ കാര്യങ്ങൾ തിരിച്ചറിയാനും ഉൾക്കൊള്ളാനും, അത്തരം വിഷയങ്ങളിലെ തങ്ങളുടെ തുടർന്നുള്ള പങ്കാളിത്തവും ഇടപെടലുകളും ഉറപ്പു വരുത്താനും ശ്രമിച്ചിരുന്നു.

മദീനയുടെ കേന്ദ്രഭാഗത്തു  നിന്ന് അകലെ താമസിച്ചിരുന്ന ഉമർ ബിൻഅൽഖത്താബ്(റ), എല്ലാ ദിവസവും പ്രവാചകസന്നിധിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ, മദീനാനിവാസിയായ ഒരു സ്വഹാബിയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇരുവരും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവാചകസന്നിധിയിൽ പങ്കെടുക്കുകയും, കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കുകയും ചെയ്യുക എന്നതായിരുന്നു ആ കരാര്‍.

എന്നാൽ, പള്ളിയിൽ പ്രധാനപ്പെട്ട സംഗമങ്ങളൊന്നും നടക്കുന്നില്ലെങ്കിലോ, ആരും വന്നില്ലെങ്കിലോ, അത്തരം സാരചര്യം വളരെ അപൂര്‍വ്വമായിരുന്നെങ്കിലും, പള്ളിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. വിശുദ്ധ ഖുർആനിന്റെ അർത്ഥങ്ങൾ വായിക്കാനും ചിന്തിക്കാനും, ധ്യാനത്തിൽ മുഴുകാനും, ചർച്ചകളിൽ ഏർപ്പെടാനും, അല്ലാഹുവിന്റെ സ്മരണാ സംഗമങ്ങൾ (ദിക്ർ) നടത്താനും, ഐഛിക നിസ്കാരങ്ങൾ അനുഷ്ഠിക്കാനും പരമാവധി എല്ലാവരും പള്ളിയിൽ സന്നിഹിതരായിരുന്നു. അതിനിടയിൽ, പള്ളിയിൽ ഭക്ഷണം കഴിക്കുക, ഉറങ്ങുക, രാത്രികൾ ചെലവഴിക്കുക എന്നിവ ആരും തടയാത്ത സാധാരണ പതിവുകളിൽ ഉൾപ്പെട്ടു.

സ്വഹാബിയായ അബ്ദുലാഹിബ്നുഉമർ(റ), പ്രവാചകകന്‍(സ്വ)യുടെ കാലത്ത്  യുവാവായിരിക്കെ, മസ്ജിദുന്നബവിൽ ഉറങ്ങിയിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. (മുസ്‌ലിം 2479). ഒരിക്കൽ അലിബിൻ അബീത്വാലിബ്(റ)വിനും ഭാര്യ ഫാത്തിമ(റ)യ്ക്കുമിടയിൽ ഒരു ചെറിയ പ്രശ്നം രൂപപ്പെട്ടു. അലി(റ) ക്ഷുഭിതനായി വീട്ടിൽ നിന്ന് പുറത്തുകടന്ന് നേരെ പോയത് മസ്ജിദുന്നബവിയിലേക്ക് ആയിരുന്നു. വിവരമറിഞ്ഞ പ്രവാചകൻ(സ്വ) അലി(റ)യെ തേടിച്ചെന്നു. അവിടുന്ന് നേരെ പള്ളിയിലേക്ക് പോയി, അവിടെഉറങ്ങുകയായിരുന്ന അലി(റ)നെ കണ്ടെത്തി. അദ്ദേഹത്തിന്റെ മേൽവസ്ത്രം ശരീരത്തിന്റെ ഒരു വശത്തേക്ക് വീണുപോവുകയും ശരീരത്തില്‍ മണ്ണ് പറ്റുകയും ചെയ്തിരുന്നു. പ്രവാചകൻ (സ്വ) അദ്ദേഹത്തിന്റെ കവിളിൽ പതുക്കെ തട്ടി, സ്നേഹപൂർവ്വം പറഞ്ഞു: “ഓ അബൂ തുറാബ് ! (മണ്ണിന്റെ പിതാവേ — അലി (റ) ന്റെ അപരനാമം) , എഴുന്നേൽക്കൂ.. (ബുഖാരി 5924).

മസ്ജിദുന്നബവിയുടെ സാമൂഹികസാഹചര്യങ്ങളും മദീന നഗരത്തിന്റെ പൊതുവായ അന്തരീക്ഷവും, എപ്പോഴും ആത്മവിശ്വാസം, ഊർജ്ജസ്വലത, തുടങ്ങിയ ഘടകങ്ങളിൽ അധിഷ്ഠിതമായിരുന്നു. ഒരു അപരിചിതന് പോലും, മദീനയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവിയ്ക്ക് സമീപത്തെത്തിയാൽ ഈ ആകർഷകമായ സവിശേഷത അനുഭവിക്കാൻ കഴിയുമായിരുന്നു. നഗരങ്ങൾക്കും അവയുടെ നിർമിത പരിസ്ഥിതികൾക്കും അർത്ഥവും ജീവനും നൽകുന്നത് ജനങ്ങളാണെന്നതിനാൽ, മദീനയിലെ ജനങ്ങൾ തങ്ങളുടെ നഗരത്തിലെ ഈ ആകർഷകമായ അന്തരീക്ഷത്തിന്റെ സംരക്ഷകരുമായിരുന്നു. അവർ താങ്കളുടെ മതപരവും ലൗകികവുമായ സ്വാധീന മേഖലകളിൽ വരുന്ന എന്തിനെയും അത്തരമൊരു പരിസ്ഥിതിയിലേക്ക് പ്രസരിപ്പിച്ചിരുന്നു എന്നതാണ് സത്യം.

പ്രവാചകൻ(സ്വ) മസ്ജിദുന്നബവിയിലും മറ്റ് പള്ളികളിലും വ്യാപാരം നടത്തുന്നത് വ്യക്തമായി വിലക്കിയിരുന്നു (തിർമുദി 640), എന്നാൽ പള്ളിക്ക് പുറത്ത് വ്യാപാര നടപടികൾ അനുവദനീയമായിരുന്നു (ബുഖാരി 782). നബിയുടെ കാലത്ത്, പള്ളിക്ക് പുറത്ത് വളരെ പരിമിതമായ തോതിൽ നടന്ന ചില വ്യാപാര പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപ്രകാരം, പള്ളികളോട് ചേർന്നുള്ള ചില വിപണികളും വ്യവസായങ്ങളും, ദൈനംദിന നഗരജീവിതത്തിന് സഹനീയമായ രീതിയിൽ ഇസ്‌ലാമിക നാഗരികതയുടെ രൂപഘടനയുടെ ഭാഗമായി മാറി. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഗുരുതരമായ ശല്യമോ അസൗകര്യമോ ഉണ്ടാക്കാൻ സാധ്യതയുള്ള മറ്റ് വിപണികളും വ്യവസായങ്ങളും, പതിവായി ജനവാസ കേന്ദ്രങ്ങളുടെ പരിധികൾക്കു പുറത്താണ് സ്ഥാപിക്കപ്പെട്ടത്. നഗരങ്ങളുടെ പ്രധാന പള്ളികളിൽ നിന്നും രൂപപ്പെടുന്ന സാമൂഹികത, ആവാസവ്യവസ്ഥയുടെ ഭൂമിശാസ്ത്രം, ജനവാസ കേന്ദ്രങ്ങളിലെ ഇടപെടലുകൾ, പള്ളി സമുച്ചയങ്ങളുടെ പ്രവർത്തനക്ഷമത, വിപണി പ്രവർത്തനങ്ങളുടെ ചലനാത്മകത, നഗരങ്ങളുടെ മൊത്തത്തിലുള്ള സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുകയും ചെയ്തിരുന്നു.

ചുരുക്കത്തില്‍ പള്ളി എന്നത്, ഇസ്‍ലാമിന്റെ കാഴ്ചപ്പാടില്‍ കേവലം ഒരു ആരാധനാകേന്ദ്രമല്ല. മറിച്ച്, അബുല്‍ഹസന്‍ അലി നദ്‍വി പറഞ്ഞതുപോലെ, ഇസ്‍ലാമിക ജീവിതമെന്ന ആസുകല്ല് വലംവെച്ചുകൊണ്ടേയിരിക്കുന്ന കേന്ദ്രബിന്ദുവാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്. മറ്റൊരു തലത്തില്‍ അതിനെ ഇങ്ങനെയും പറയാം, ജീവിതത്തിന്റെ അനക്കങ്ങളും അടക്കങ്ങളും ചലനനിശ്ചലതകളുമെല്ലാം ആരാധനയായി കണക്കാക്കുന്ന വിശ്വാസി സമൂഹത്തിന്, അവയെല്ലാം നിര്‍വ്വഹിക്കാനുള്ള മുഴുസമയ ആരാധനാകേന്ദ്രമായിരുന്നു പള്ളി. ശേഷം ഇസ്‍ലാമിക ചരിത്രത്തിലെ രാഷ്ട്രവികാസങ്ങളും പ്രബോധനപ്രചാരണങ്ങളും നടന്നപ്പോഴെല്ലാം, അവിടങ്ങളില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടതും പള്ളികളായിരുന്നു. മതപ്രബോധവുമായി കേരളത്തിലെത്തിയ മാലിക്ബിന്‍ദീനാര്‍(റ)വും കൂട്ടുകാരും ആദ്യമായി കേരളത്തിലങ്ങോളമിങ്ങോളമായി പത്തോളം പള്ളികള്‍ നിര്‍മ്മിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഇന്ന് പല പള്ളികളും കേവലം നിസ്കാരങ്ങള്‍ക്ക് മാത്രമാവുന്നതും ആ സമയങ്ങളില്‍ മാത്രം തുറക്കപ്പെട്ട് ബാക്കിസമയങ്ങളില്‍ അടഞ്ഞ് കിടക്കുന്നതും സമുദായം എത്രമാത്രം ആ കേന്ദ്രത്തില്‍നിന്ന് അകലുന്നു എന്നതിന്റെ തെളിവാണ്. അന്ത്യദിനത്തില്‍ അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴ് പേരില്‍, പള്ളിയുമായി ഹൃദയം ബന്ധിക്കപ്പെട്ടവനെയും പ്രവാചകര്‍ എണ്ണിയതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. പള്ളിയുമായി ജീവിതം ബന്ധിപ്പിച്ച് നിര്‍ത്തിയിരുന്ന ആ നല്ല നാളുകളിലേക്ക് സമുദായം തിരിച്ച് നടക്കേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter