ഖദീജ ഖൈറുവാനിയ്യ: മൊറോക്കോയിലെ പണ്ഡിത പ്രതിഭ
മൊറോക്കോയിൽ മാലികി മദ്ഹബിൻ്റെ പ്രചാരകയായി അറിയപ്പെടുന്ന, ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ലോക പ്രശസ്ത്ര കർമ്മ ശാസ്ത്ര പണ്ഡിതയാണ് ഖദീജ ഖൈറുവാനിയ്യ. ടുണീഷ്യയിലെ ഖൈറുവാൻകാരിയായ മഹതി ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന മുസ്‍ലിം മഹിളകളിൽ സുപ്രധാന സ്ഥാനമുള്ളവരാണ്. ഖാളി ഇയാള്(റ) തന്റെ 'തർതീബുൽ മദാരിക്' എന്ന ഗ്രന്ഥത്തിൽ പ്രത്യേകം പേരെടുത്ത് വിശദീകരിച്ചിട്ടുള്ള മഹതി കൂടിയാണ് ഖൈറുവാനിയ്യ. പ്രശസ്ത പണ്ഡിതൻ ഇമാം സഹനൂൻ ബ്നു സഈദ് തനൂഖിയുടെ മകളാണ് ഖദീജ ഖൈറുവാനിയ്യ എന്നതും മഹതിയെ ശ്രദ്ധേയമാക്കുന്ന വിശേഷണമാണ്.
ഖാളി ഇയാളിൻ്റെ വിവരണത്തിൽ പറയുന്നു: 'ബുദ്ധിമതിയും പണ്ഡിതയും മതബോധമുള്ളവരുമായിരുന്നു ഖൈറുവാനിയ്യ'. മഹതിയുടെ വിജ്ഞാന സാമർത്ഥ്യവും ഭക്തിയും കാരണം പിതാവ് ഇമാം സഹനൂനിന്ന് മകളോട് അവർണനീയമായ സ്നേഹമാണ് ഉണ്ടായിരുന്നത്. ഏത് സുപ്രധാന വിഷയത്തിലും മകളോട് കൂടിയാലോചന നടത്തുന്ന പ്രകൃതമായിരുന്നു പിതാവിൻ്റേത്. അന്നത്തെ ഭരണാധികാരി അദ്ദേഹത്തെ ഖാസിയായി നിയമിച്ചപ്പോൾ മകളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ ആ സ്ഥാനമേറ്റെടുക്കുകയൂള്ളൂ എന്ന് വരെ അദ്ദേഹം പറഞ്ഞു.
ആ കാലത്തെ സ്ത്രീകൾ ഫത്‍വക്കും പ്രശ്ന പരിഹാരങ്ങൾക്കും മഹതിയെയായിരുന്നു തേടി വന്നിരുന്നത്. സഹനൂനിൻ്റെ സഹോദര പുത്രൻ അബൂ ജഅഫർ, ഖദീജ ഖൈറുവാനിയ്യയെ വിവാഹാലോചന നടത്തിയ ഒരു കഥയുണ്ട്. ബുദ്ധിമതിയും സൗന്ദര്യവതിയുമായ മഹതിയെ ഇണയായി ലഭിക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. വിവാഹാലോചനക്ക് അബൂദാവൂദുൽ അത്താറിനെ ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ, മകളുടെ തീരുമാനവും ജീവിത ചിട്ടയും അറിയുന്ന പിതാവ് അതിന് മറുപടി പറയാതെ മൗനമവലംബിക്കുകയാണുണ്ടായത്. പിതാവിൻ്റെ വിയോഗ ശേഷം മകൻ മുഹമ്മദിൻ്റെ അടുക്കലേക്കും വിവാഹാലോചനയുമായി അദ്ദേഹം അയച്ചിരുന്നു. പക്ഷേ, അദ്ദേഹവും പിതാവിൻ്റെ നിലപാട് തന്നെയാണ് എടുത്തത്. ഇദ്ദേഹം മരണപ്പെട്ടപ്പോൾ നേരിട്ട് മഹതിയോട് തന്നെ ഈ കാര്യത്തിൽ സംസാരിക്കാൻ അബൂ ജഅഫർ എന്നവർ അബൂദാവൂദുൽ അത്താറിനെ അയക്കുകയുണ്ടായി. മുമ്പ് രണ്ട് പേരും പറഞ്ഞ അതേ നിലപാട് തന്നെയാണ് അതിൽ തനിക്കുള്ളതെന്ന് അറിയിച്ച് മഹതി അദ്ദേഹത്തെ തിരിച്ചയച്ചത്രെ. അഥവാ വിജ്ഞാന സേവനവും ആരാധനയുമായി മാത്രം ജീവിക്കാൻ ദൃഢ പ്രതിജ്ഞ ചെയ്തവരായിരുന്നു ഖൈറുവാനിയ്യ.
വിജ്ഞാന പ്രസരണത്തിലും ആരാധനയിലും മാത്രമായി ജീവിച്ച ആ ത്യാഗോജ്ജ്വല ജീവിതം ഹിജ്റ 270 ൽ വിടപറയുന്നത് വരേയും അവിവാഹിതയായി തന്നെയാണ് കഴിഞ്ഞത്. പ്രസിദ്ധ സ്വഹാബി അബൂ സംഅത്ത്(റ)വിൻ്റെ മഖ്ബറക്ക് അടുക്കലാണ് മഹതിയേയും മറവ് ചെയ്തത്. ഇസ്‍ലാമിക ചരിത്രത്തിൽ വൈജ്ഞാനിക മേഖല സമ്പുഷ്ടമാക്കിയ സ്ത്രീ സാന്നിദ്ധ്യത്തിൻ്റെ ഒരു ശോഭന നാളുണ്ടായിരുന്നു. ഖുർആനും ഹദീസും കർമ്മശാസ്ത്രവും തുടങ്ങി സകല ഇസ്‍ലാമിക വിജ്ഞാനങ്ങളിലും രാജകുമാരികളായി വിരാജിച്ച പണ്ഡിത പ്രതിഭകൾ. അവരിൽ ഏറ്റവും എടുത്തു പറയേണ്ട കർമ്മശാസ്ത്ര മേഖലയിലെ കുലപതിയായ മഹതിയായിരുന്നു ഖദീജ ഖൈറുവാനിയ്യ. അബൂബക്കർ അബ്ദില്ലാഹി ബ്നു മുഹമ്മദുൽ മാലികിയുടെ 'താരീഖുൽ ഖൈറുവാൻ' എന്ന ഗ്രന്ഥത്തിൽ പിതാവിൻ്റെ മതകീയ ജീവിതവും അധ്യാത്മിക ചിട്ടകളുമാണ് ആ സ്ത്രീപണ്ഡിതെ വാര്‍ത്തെടുത്ത് എന്ന് പറയുന്നുണ്ട്. അത് പോലെ സഹോദരൻ മുഹമ്മദിൻ്റെ പാണ്ഡിത്യവും മാലികി മദ്ഹബിനുള്ള ഗ്രന്ഥ രചനയടക്കമുളള സേവനങ്ങളും മഹതിയെ സ്വാധീനിക്കാൻ പോന്നതായിരുന്നു. മാത്രമല്ല, ആ കുടുംബത്തിൻ്റെ വൈജ്ഞാനിക മേഖലയിലെ പ്രതാപം നൂറ്റി മുപ്പത് വർഷം നീണ്ട് നിന്നുവെന്ന് പ്രസിദ്ധ ചരിത്രകാരൻ ഇബ്നു ഹാരിസ് ഉദ്ധരിക്കുന്നുണ്ട്.
ചുരുക്കത്തിൽ ടുണീഷ്യയിലെ ഖൈറുവാനിൽ ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ കർമ്മ ശാസ്ത്രത്തിലെ കുലപതിയായി തിളങ്ങി നിൽക്കുകയും ജീവിതം വിജ്ഞാന പ്രസരണം സപര്യയായി എടുക്കുകയും അധ്യാത്മിക വഴിയിൽ മാത്രം സഞ്ചരിച്ച് ചരിത്രത്തിൽ ജീവിതം അടയാളപ്പെടുത്തി വിട പറയുകയും ചെയ്ത ഖദീജ ഖൈറുവാനിയ്യ എന്ന പണ്ഡിത പ്രതിഭ വർത്തമാന കാല മുസ്‍ലിം സ്ത്രീകൾക്ക് മാതൃകയാണ്. മഹതിയെ രൂപപ്പെടുത്തുന്നതിൽ വൈജ്ഞാനിക ഗ്രഹാന്തരീക്ഷവും പണ്ഡിത കുടുംബവും വഹിച്ച സമൂഹത്തിന് തന്നെ പാഠമാണ്.



Leave A Comment