ബംഗ്ലാദേശ് ഒരു നൊബേല്‍ ജേതാവിന്റെ കരങ്ങളിലെത്തുമ്പോള്‍
ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശ് അവസാനം മുഹമ്മദ് യൂനുസ് എന്ന സമാധാന നൊബേല്‍ ജേതാവിന്റെ കൈകളിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന ശൈഖ് ഹസീനക്കും അവരുടെ സര്‍കാറിനും എതിരെ ആളിക്കത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അവര്‍ നാട് വിട്ടതോടെയാണ്, പ്രക്ഷോഭകരുടെ ശക്തമായ ആവശ്യം മാനിച്ച്, പാരീസിലായിരുന്ന മുഹമ്മദ് യൂനുസിനെ പ്രസിഡണ്ട് മുഹമ്മദ് ശഹാബുദ്ദീന്‍ ജന്മനാട്ടിലേക്ക് വിളിച്ചതും ഇടക്കാല സര്‍കാറിന്റെ മുഖ്യഉപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതും. അദ്ദേഹം തിരിച്ചെത്തിയെങ്കിലും പ്രതിഷേധങ്ങളും അക്രമണങ്ങളും തുടരുന്നത് കണ്ട അദ്ദേഹം, ആദ്യമായി ആവശ്യപ്പെട്ടത് അവ നിര്‍ത്താനായിരുന്നു, അല്ലാത്ത പക്ഷം, തനിക്ക് ഈ ദൗത്യം ഏറ്റെടുക്കാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുകയും ചെയ്തു. അതോടെയാണ്, ബംഗ്ലാദേശ് തല്ക്കാലത്തേക്കെങ്കിലും ശാന്തമായത് എന്ന് പറയാം.
സംവരണത്തെയും ശൈഖ് ഹസീനയുടെ റസാകാര്‍ പ്രയോഗത്തെയും ചൊല്ലിയാണ് നിലവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ മുള പൊട്ടിയതെങ്കിലും, യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തോളം തന്നെ പഴക്കമുണ്ട്. 1971ലെ വിമോചന പോരാട്ടത്തിൽ ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ സർവ്വം സമർപ്പിച്ച ശൈഖ് മുജീബ് റഹ്മാൻ മുക്തി ബാഹിനി അംഗമായിരുന്നു. മുഴുവന്‍ പൗരന്മാരും അന്ന് അദ്ദേഹത്തിനൊപ്പമായിരുന്നു എന്ന് പറയാനാവില്ല. പാക്കിസ്ഥാനുമായി ചേർന്നു നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഒത്തിരി പേര്‍ അന്നുണ്ടായിരുന്നു എന്നതാണ് സത്യം. സ്വാതന്ത്ര്യലബ്ധി മുതൽ 95 വരെ ഭരിച്ച മുജീബ് റഹ്മാന്റെ അവാമി ലീഗ് സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ 30% സംവരണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി കൂടെ നിന്നവര്‍ എന്ന നിലക്ക് അത് ന്യായവുമായിരുന്നു.
1995ലെ പട്ടാള അട്ടിമറിക്ക് ശേഷം അധികാരത്തിലേക്ക് മടങ്ങിയെത്തിയതോടെ ഈ നിയമത്തിന് വീണ്ടും പ്രാബല്യം നല്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. പാര്‍ട്ടി അനുഭാവികള്‍ക്ക് ഇതിന്റെ മറവില്‍ സര്‍കാര്‍ ജോലികള്‍ നല്കുകയാണെന്ന് പറഞ്ഞ്, അന്ന് തന്നെ പ്രതിപക്ഷം അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തിരുന്നു. 2001 മുതൽ 2008 വരെ രാജ്യത്തിന്റെ ഭരണം അവാമി ലീഗിന് നഷ്ടപ്പെട്ട വേളയില്‍ ഈ നിയമത്തെ ഇല്ലാതാക്കാനാണ് അന്നത്തെ ഭരണകൂടം ശ്രമിച്ചത്. 2009ല്‍, അവാമി ലീഗ് അധികാരത്തില്‍ തിരിച്ചെത്തി, ശൈഖ് മുജീബ് റഹ്മാന്റെ മകളായ ശൈഖ് ഹസീന സര്‍കാറിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ്, സംവരണ പദ്ധതിക്ക് വീണ്ടും ജീവൻ വെയ്ക്കുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ വകവെക്കാതെ, സേനാനികളുടെ മക്കൾക്കും പേരമക്കള്‍ക്കും ഈ ആനുകൂല്യം വ്യാപിപ്പിക്കുന്നതിന് കൂടി ശൈഖ് ഹസീന പച്ചക്കൊടി കാട്ടി.
ഇതോടെ രോഷാകുലരായ സാധാരണക്കാരെ തണുപ്പിക്കാൻ കോടതി ചെയ്തത് ചില മേഖലകളിൽ നിന്നുള്ള സംവരണം എടുത്തുകളയലായിരുന്നു. അന്ന് കെട്ടടങ്ങിയ സമരങ്ങൾ ഇന്ന് ആളിക്കത്താനും കാരണമായത് ഹൈക്കോടതിയുടെ ഇടപെടൽ തന്നെ. പോയ കാലത്തെ നടപടിയിൽ പുനപരിശോധന വേണമെന്നും, 30% സംവരണം തിരിച്ചുകൊണ്ടുവരണമെന്നുമുള്ള ജുഡീഷ്യൽ ഓർഡറാണ് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന ഹേതു. 2019 മുതൽ 2023 വരെയുള്ള കണക്കുകൾ പ്രകാരം, പഠനം കഴിഞ്ഞ് ജോലി തേടുന്ന 1.9 ബില്യൺ യുവാക്കൾക്ക് ആകെയുള്ളത് മൂന്നര ലക്ഷം സർക്കാർ തൊഴിവസരങ്ങളാണ്. അതിൽ തന്നെ 30% ഭരണകക്ഷികൾക്കും, 26% മറ്റ് പിന്നാക്ക ജാതിക്കാർക്കും നീക്കി വെക്കുന്ന പക്ഷം അർഹരായ യുവാക്കൾക്ക് സർക്കാർ ഉദ്യോഗം എന്നത് കേവലം ദിവാസ്വപ്നമായി മാറുകയാണ്. 170 മില്യൻ ആളുകളിൽ നിന്നും 30% യുവാക്കൾ അടങ്ങുന്ന 65% തൊഴിലന്വേഷകര്‍ക്ക് മതിയായ അവസരം ലഭിക്കാതെ വരുമ്പോൾ പ്രതിഷേധങ്ങളുയരുന്നത് സ്വാഭാവികമാണ്.
പ്രസ്തുത നടപടി പിൻവലിക്കാൻ കോടതിക്ക് അപ്പീൽ നൽകി സമരരംഗത്ത് നിന്ന് പിൻവലിയാൻ ശൈഖ് ഹസീന ആവശ്യപ്പെട്ടിട്ടും ഒരടി പിന്നോട്ട് വെക്കാതെയുള്ള വിദ്യാർത്ഥി രോഷത്തിൽ നിന്നും വ്യക്തമാവുന്നത് കേവല സംവരണ വിരുദ്ധ വികാരമല്ല, മറിച്ച് വർഷങ്ങളായി തുടരുന്ന ഹസീനയുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള കൊടും വെറി കൂടിയാണ്. ജനുവരിയിൽ നടന്ന 300 അംഗ സീറ്റിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റുകൾ ഉറപ്പാക്കിയുള്ള ഹസീനയുടെ വിജയം ബംഗ്ലാദേശിൽ കൊടികുത്തി വാഴുന്ന ഏകാധിപത്യത്തിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. അനുരഞ്ജന നീക്കങ്ങളിലൂടെ ഒതുക്കാമായിരുന്ന പ്രക്ഷോഭങ്ങളെ ഇവ്വിധം സ്ഫോടകമാക്കിയത്, പ്രതിഷേധക്കാരെ നേരിട്ട ഗവൺമെന്റിന്റെ അസ്വാഭാവിക രീതിയും അവാമി ലീഗ് പോഷക സംഘടന സാത്രാ ലീഗിന്റെ സാന്നിധ്യവുമാണ്. പോരാത്തതിന്, രാജ്യദ്രോഹികളെ വിളിക്കുന്ന റസാക്കാർ എന്ന പ്രയോഗം ശൈഖ് ഹസീന നടത്തിയതും പ്രതിഷേധക്കാരെ നന്നേ വിളറി പിടിപ്പിച്ചു.
ബംഗ്ലാദേശിന്റെ ജിഡിപി ഒരു ഘട്ടത്തിൽ ഇന്ത്യയിലെതിനേക്കാൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ വിജയം കണ്ടെത്താനായിരുന്നു ശൈഖ് ഹസീനക്ക്. അതുകൊണ്ടൊന്നും അടിത്തട്ട് ജനതയെ ഗ്രസിച്ചിരുന്ന വർദ്ധിത ദാരിദ്ര്യത്തിന് പോംവഴി കണ്ടെത്താൻ ആയില്ലായെന്നത് നഗ്ന സത്യമാണ്. വിദേശ നാണ്യ ശേഖരണം കുറഞ്ഞ അവസരത്തിൽ ഐഎംഎഫിൽ നിന്നും ബംഗ്ലാദേശ് കടമെടുത്തത് 4.7 ബില്യനാണ്. കടുത്ത സാമ്പത്തിക അസ്ഥിരതയിലൂടെയാണ് ബംഗ്ലാദേശ് ഇന്നും കടന്നുപോകുന്നത്.
ഈ ഏകാധിപത്യത്തിനും തൊഴിലില്ലായ്മക്കും എതിരെ ഇനിയും മൗനം പാലിക്കാനാവില്ലെന്ന തിരിച്ചറിവാണ് വിദ്യാര്‍ത്ഥികളെയും തൊഴിലന്വേഷകരെയും പ്രക്ഷോഭത്തിലേക്ക് നയിച്ചത്. അതിന്റെ ഫലമായാണ് ശൈഖ് ഹസീനക്ക് നാട് വിടേണ്ടിവന്നതും ആഗസ്റ്റ് 08ന് മുഹമ്മദ് യൂനുസ് താല്‍ക്കാലിക സര്‍ക്കാറിന്റെ ഉപദേശകസ്ഥാനം ഏറ്റെടുത്തതും. സ്ഥാനം ഏറ്റെടുത്ത ശേഷം, മുഹമ്മദ് യൂനുസ് പോയത്, പ്രക്ഷോഭത്തില്‍ പരിക്ക് പറ്റിയവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സന്ദര്‍ശിക്കാനായിരുന്നു. ബംഗ്ലാദേശിലുള്ള ഒരു മില്യണിലേറെ വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും മുഹമ്മദ് യൂനുസ് ഇതിനകം വാഗ്ദാനം ചെയ്യുകയുണ്ടായി. ചുരുക്കത്തില്‍, ഈ സമാധാന നൊബേല്‍ ജേതാവിന് കീഴില്‍ ബംഗ്ലാദേശ് പുതിയൊരു ചരിത്രത്തിലേക്ക് കുതിക്കുമെന്ന് കരുതാവുന്ന ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രകടമാവുന്നത്.വരുംദിനങ്ങളില്‍ കാര്യങ്ങളെന്താവുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
അതേ സമയം, മറ്റെല്ലാ രാജ്യങ്ങളും അഭയം നൽകാൻ വിസമ്മതം പ്രകടിപ്പിച്ച ഘട്ടത്തിൽ ഹസീനക്ക് താവളം നൽകിയത് ഇന്ത്യയാണ്. സ്വാതന്ത്ര്യം നേടിയത് മുതൽ ഇന്നുവരെ ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തിയതിന്റെ ഫലമായിരുന്നു അതെന്ന് പറയാം. എന്നാല്‍ അതോടൊപ്പം, ബംഗ്ലാദേശിലെ സംഭവവികാസങ്ങളില്‍നിന്ന് ഇന്ത്യയിലെ അധികാരികള്‍ക്ക് ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ട്. തൊഴിലില്ലായ്മയാണ് സമകാലിക ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. രാമക്ഷേത്രത്തിലൂടെയും മതവിദ്വേഷത്തിലൂടെയും അവയെല്ലാം മറച്ച് പിടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ നിലവിലെ ഭരണകൂടം ചെയ്യുന്നത്. അതോടൊപ്പം, സ്വേഛാധിപത്യത്തിന്റെ രീതികളിലേക്ക് അവര്‍ പതുക്കെപ്പതുക്കെ മാറുകയുമാണ്. അഭ്യസ്തവിദ്യരായ യുവതലമുറക്ക് അതിലൊന്നും വലിയ താല്പര്യമില്ലെന്നും അവര്‍ക്ക് വേണ്ടത് സ്വസ്ഥവും നിര്‍ഭയവും സുഭിക്ഷവുമായ ജീവിതമാണെന്ന് ഇനിയെങ്കിലും അധികാരികള്‍ തിരിച്ചറിയേണ്ടതുണ്ട്. രാമക്ഷേത്രം നിലകൊള്ളുന്ന മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നഷ്ടമായത് ഇതാണ് സൂചിപ്പിക്കുന്നത്. സ്നേഹവും സൗഹാര്‍ദ്ദവും കളിയാടുന്ന, പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത രാജ്യമാണ് ജനങ്ങള്‍ക്ക് വേണ്ടത്. മതഭ്രാന്ത് കൊണ്ട് ഒന്നും നേടാനാവില്ലെന്നും രാജ്യം പിന്നോട്ടടിക്കുകയേ ഉള്ളൂവെന്നും പൊതുജനം തിരിച്ചറിയുന്നുണ്ട്. അധികാരികള്‍ ഇനിയെങ്കിലും അത് മനസ്സിലാക്കി, ബംഗ്ലാദേശിന്റെ സമാന സാഹചര്യം വരാതിരിക്കാനുള്ള മുൻകരുതലുകളും അടിയന്തര നീക്കങ്ങളുമാണ് ഭരണകൂടത്തില്‍നിന്ന് ഉണ്ടാകേണ്ടത്.
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:
Leave A Comment