സമാധിയൊതുക്കാനും മുസ്‍ലിം തീവ്രവാദികള്‍ തന്നെ
വസിയതുകളെല്ലാം ചെയ്ത്, മക്കളെയെല്ലാം അനുഗ്രഹിച്ച്, സ്വയം നടന്നുചെന്ന്, നേരത്തെ തയ്യാറാക്കി വെച്ച മണ്ഡപത്തിലിരുന്ന് സമാധിയായ ഗോപന്‍ സ്വാമിയാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. കഥയുടെ നിജസ്ഥിതിയും സംഭവത്തിന് പിന്നിലെ തിരക്കഥയും എന്താണെന്ന് നിയമപാലകരും അധികാരികളും അന്വേഷിച്ച് കണ്ടെത്തട്ടെ.
എന്നാല്‍, ആളെ കാണ്മാനില്ലെന്ന് പറഞ്ഞ് കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ അധികൃതരെയും പോലീസുകാരെയും തടയുന്നതിനിടെ, സ്വാമിയുടെ മകന്‍ പറയുന്ന വാചകം, സമകാലിക ഇന്ത്യയുടെ നേര്‍ചിത്രമാണ് വെളിവാക്കുന്നതെന്ന് പറയാം. തന്റെ അച്ഛന്‍ സമാധിയായതാണെന്നും അടക്കം ചെയ്ത കല്ലറ തുറക്കരുതെന്നും തുറക്കുന്ന പക്ഷം ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്നും പറഞ്ഞ അയാള്‍ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്, ഇവിടെ എല്ലാവരും ഇത് അംഗീകരിക്കുന്നുണ്ട്. ഏതാനും മുസ്‍ലിം തീവ്രവാദികളാണ് ഇതിനെ എതിര്‍ക്കുന്നത്. ഇത്രയും ആയതോടെ, കേട്ട് നിന്ന ഏതാനും ഹിന്ദു സുഹൃത്തുക്കളുടെ രക്തം തിളക്കുന്നു. അതോടെ അവര്‍ മുദ്രാവാക്യങ്ങളുരുവിട്ടു, ഒന്നാണ്.. ഒന്നാണ്... ഹിന്ദു സമൂഹം ഒന്നാണ്.
ഏതൊരു വിഷയത്തെയും വഴിതിരിച്ച് വിടാനുള്ള ഏറ്റവും നല്ല ഉപായമാണ് മുസ്‍ലിം തീവ്രവാദികളെന്ന സംജ്ഞയെന്ന് ഏത് കൊച്ചുകുട്ടിയും ചിന്തിക്കുന്നിടത്താണ് കാര്യങ്ങളെത്തിയിരിക്കുന്നത്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് എന്നും എല്ലായിടത്തും മതവും അത് മുന്നോട്ട് വെക്കുന്നതും അതിനെ ചുറ്റിപറ്റിയുള്ളതുമായ വിശ്വാസങ്ങളും. അത് കൊണ്ട് തന്നെയാണ്, അതിന്റെ മറവില്‍ എന്നും ചൂഷണങ്ങളും മുതലെടുപ്പുകളും നടന്നിട്ടുള്ളതും നടക്കുന്നതും. ഒരു മതവും അതില്‍ നിന്ന് മുക്തമല്ലെന്ന് തന്നെ പറയാം. എന്നാല്‍, സഹോദര മതസ്ഥരെ ദുരുപയോഗം ചെയ്യുകയും തെറി വിളിക്കുകയും ചെയ്താല്‍, ഏത് അധികാരിക്ക് മുന്നിലും കാര്യം നേടാം എന്ന് ചിന്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തുന്നു എന്നത് ഒരു സമൂഹത്തിന്റെ ദുരന്തപൂര്‍ണ്ണമായ അവസ്ഥാവിശേഷത്തെയാണ് പ്രകടമാക്കുന്നത്. വെറുപ്പും പരസ്പര വിദ്വേഷവും എത്രമാത്രം കുത്തിനിറക്കപ്പെട്ടതാണ് ഇന്ത്യന്‍ മനസ്സ് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് പറയാതെ വയ്യ.
മതേതര ഇന്ത്യയും സൗഹാര്‍ദ്ദ പൂര്‍ണ്ണമായ കേരളവും ഇനിയും ശേഷിക്കണമെന്ന് ആഗ്രഹിക്കുന്ന അധികാരികള്‍, ആദ്യം ചെയ്യേണ്ടത്, ആ പ്രസ്താവനയുടെ പേരില്‍ കേസെടുക്കുകയാണ്. സമാധിയും ആള്‍കൊലയും മാന്‍ മിസിംഗുമെല്ലാം അന്വേഷിക്കുന്നത് പിന്നീടായാലും മതി. കാരണം, അത് ഒന്നോ രണ്ടോ വ്യക്തികളെയോ ആ കുടുംബത്തെയോ മാത്രം ബാധിക്കുന്നതാണ്. എന്നാല്‍, മേല്‍പറഞ്ഞ പ്രസ്താവവും അഭിപ്രായ പ്രകടനവും ഒരു സമുദായത്തെ മാത്രമല്ല ബാധിക്കുന്നത്, മതേതര ഇന്ത്യയില്‍ താമസിക്കുന്ന മറിച്ച് മുഴുവന്‍ സമൂഹത്തെയാണ്.
സമാനമായ മുന്‍സന്ദര്‍ഭങ്ങളില്‍ കൃത്യമായ നടപടികള്‍ എടുക്കാതെ പോയതിന്റെ പരിണിത ഫലമാണ് ഇതെന്ന് കൂടി പറയാതെ വയ്യ. കൊലക്ക് വരുന്ന വണ്ടിയുടെ പിന്നിലെ മാ ശാ അല്ലായും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും ഇടക്കിടെ പൊങ്ങി വരുന്ന സമാന സങ്കേതങ്ങളും ആരോപണങ്ങളുമെല്ലാം ഇതിന് അടിവരയിടുകയാണ്. ആ വജ്രായുധം തന്നെയാണ്, ഗോപന്‍ സ്വാമിയുടെ മക്കളും ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഏതൊരു എതിര്‍പ്പിനെയും പ്രതിരോധത്തെയും ഇല്ലായ്മ ചെയ്യാനുള്ള ഒറ്റ മൂലിയാണ് തീവ്രവാദി ലേബലൊട്ടിക്കലെന്നത് സാമാന്യ ബോധമായി മാറിയിരിക്കുന്നു എന്നര്‍ത്ഥം.
ഈ രീതിയില്‍ രാജ്യം മുന്നോട്ട് പോയാല്‍ വരും തലമുറകളുടെ ജീവിതം എത്രമാത്രം ദുസ്സഹമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത വീട്ടിലുള്ളവനെ പോലും വിശ്വാസമില്ലാത്ത അയല്‍വാസികളും ബെഞ്ചില്‍ ചേര്‍ന്നിരിക്കുന്ന സുഹൃത്തിനെ പോലും വിദ്വേഷത്തിന്റെ കണ്ണുകളിലൂടെ നോക്കുന്ന വിദ്യാര്‍ത്ഥികളുമുള്ള ഒരു സമൂഹത്തിന് എങ്ങനെയാണ് ജീവിക്കാനാവുക, എന്നിട്ടല്ലേ ആ പൗരന്മാരുടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നതൊക്കെ. വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തിയ ഒരു സമൂഹവും വിജയിച്ചിട്ടില്ലെന്നതാണ് ചരിത്രം. ശേഷം വരുന്നവര്‍ക്ക് പാഠമാവാനേ അവര്‍ക്കായിട്ടുള്ളൂ. നമ്മുടെ ഇന്ത്യ അങ്ങനെ ആയിക്കൂട.
Leave A Comment