ഗുജറാത്ത് വംശഹത്യയും മുഗള്‍ ഭരണവും ഭരണഘടനാ നിര്‍മാണവും ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നടക്കുന്നത് വന്‍ വെട്ടിനിരത്തലുകള്‍. സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധത്തിലാക്കുന്നതുമായ പാഠഭാഗങ്ങളാണ് ഒഴിവാക്കുന്നത്.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള വിവരങ്ങള്‍, അടിയന്തരാവസ്ഥ ജനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമുണ്ടാക്കിയ ആഘാതങ്ങള്‍, നര്‍മദ ബച്ചാവോ ആന്തോളന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ തുടങ്ങിയ സാമൂഹിക മുന്നേറ്റ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാഠപുസ്തകങ്ങളില്‍നിന്ന് നീക്കി.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മൂന്നാം തവണയാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നത്. 2017ലാണ് ആദ്യമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. അധികവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കലും തെറ്റ് തിരുത്തലും അടക്കം 182 പുസ്തകങ്ങളിലായി 1,334 മാറ്റങ്ങളാണ് അന്ന് വരുത്തിയത്. 2019-ലാണ് രണ്ടാമതായി പുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. അന്ന് കുട്ടികളുടെ പഠനഭാരം കുറയ്ക്കാനെന്ന പേരിലാണ് നിരവധി പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതിയുടെ ഉള്ളടക്കം കുറച്ച് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടപ്പാക്കുന്ന പരിഷ്‌കാരമെന്നാണ് എന്‍സിഇആര്‍ടി ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം.
പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍നിന്നാണ് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത്. 'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്ന അധ്യായം പൂര്‍ണമായും ഒഴിവാക്കി. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ വിമര്‍ശനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 'മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടമാണ് എന്നതിന്റെ തെളിവാണ് ഗുജറാത്ത് കലാപം പോലുള്ള സംഭവങ്ങള്‍. ഇത് ജനാധിപത്യ രാഷ്ട്രീയത്തിന് വെല്ലുവിളിയാണ്'-മനുഷ്യാവകാശ കമ്മീഷന്റെ ഈ നിരീക്ഷണം അടക്കം ഒഴിവാക്കിയ ഭാഗത്തുണ്ടായിരുന്നു.
കലാപസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പരാമര്‍ശവും ഒഴിവാക്കിയ പാഠഭാഗത്തുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി രാജധര്‍മം പാലിക്കണം എന്ന വാജ്പേയിയുടെ പ്രശസ്തമായ പരാമര്‍ശം ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇതും ഒഴിവാക്കിയിട്ടുണ്ട്. ഒരു ഭരണാധികാരി തന്റെ പ്രജകള്‍ക്കിടയില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വിവേചനവും നടത്തരുതെന്ന് 2002 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ അരികിലിരുന്ന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വാജ്പേയ് പറഞ്ഞിരുന്നു.
ഹിസ്റ്ററി പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ സദസ്സുകളെക്കുറിച്ചുള്ള മുഴുവന്‍ ഭാഗങ്ങളും നീക്കി. ഏഴ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍നിന്ന് ദളിത് എഴുത്തുകാരന്‍ ഓം പ്രകാശ് വാല്‍മീകിയെക്കുറിച്ചുള്ള ഭാഗവും നീക്കി. എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തില്‍ ഭരണഘടനാ നിര്‍മാണത്തെക്കുറിച്ചും സംസ്ഥാന രൂപവത്കരണത്തെക്കുറിച്ച് പഞ്ചവത്സര പദ്ധതികളെക്കുറിച്ചുമുള്ള അധ്യായങ്ങളും ഇനിയുണ്ടാവില്ല.
Leave A Comment