നക്ബ, ചതിക്കഥകളുടെ തീരാത്ത ചിത്രങ്ങള്‍

അവി ശ്‍ലൈം
വിവ: സൽമാൻ കൂടല്ലൂർ 

ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലെ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രഫസറാണ് അവി ശ്‍ലൈം. ഇസ്‍റാഈലിന്റെ തനിനിറം വെളിവാക്കുന്ന ഒന്നിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം, നക്ബയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്, The middle Easy Eye യില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

ബ്രിട്ടന്റെ കുടില തന്ത്രങ്ങൾക്കും നാടകീയ ഇടപെടലുകൾക്കുമൊടുവിൽ 1948 ൽ ചരിത്രം ഇന്നേവരെ കാണാത്ത ഒരു കൊടിയ ദുരന്തത്തിന് സാക്ഷിയായി. നഖ്ബയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മഹാവിപത്തിൽ 530 ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 62,000 വീടുകൾ തകർക്കപ്പെടുകയും കൂടാതെ രാജ്യത്തെ അറബ് ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾ, അഥവാ 7,50,000 പേര്‍ സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് അഭയാർത്ഥികാളായിമാറുകയും ചെയ്തുവെന്നത് ആ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കിത്തരുന്നു.

ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തിയ വംശ ശുദ്ധീകരണത്തിന്റെ (ethnic-cleansing) മൂർദ്ധന്യഭാവമായിരുന്നു ഈ മാഹാ ദുരന്തം. എക്കാലത്തും കുടിയേറ്റ കോളനി മനോഭാവം (settler-colonialism) കൈകൊണ്ട സയണിസത്തിന്റെ ഫലസ്തീൻ കേന്ദ്രീകൃത ലക്ഷ്യം അറബ് ജനതയെ അതിർത്തിയിലൊതുക്കി സ്വതന്ത്ര ജൂത രാഷ്ട്രത്തിന്റെ സംസ്ഥാപനമായിരുന്നു. സയണിസ്റ്റ് വക്താവ് രാജ്യത്തെ അറബ് തദ്ദേശീയരെ ഒരു തരത്തിലും വേട്ടയാടില്ലെന്നും ഇരു സമുദായത്തിനും ഗുണപ്രദമാകുന്ന രീതിയിൽ രാഷ്ട്രപുരോഗമനം നടത്തുമെന്നും ആവർത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം കേവലം ജലരേഖകളായി ശേഷിക്കുകയാണ് ചെയ്തത്.

സയണിസ്റ്റ് വ്യവഹാരം എക്കാലത്തും  പ്രവർത്തിക്കുന്നത് കുടിയേറ്റ കോളനി മനോഭാവമെന്ന (settler colonialism) ലോജിക്കിലാണ്. ഒഴിവാക്കൽ സിദ്ധാന്തമെന്ന് (logic of elimination) പ്രമുഖ ചരിത്രകാരൻ പാട്രിക് വോൾഫ് വിശേഷിപ്പിച്ച അതേ അധീശത്വ മുറയിലാണ് സെറ്റ്‍ലര്‍ കൊളോണിയലിസവും പ്രവർത്തിക്കുന്നത്. തദ്ദേശീയരെ നിഷ്കാസനം ചെയ്യുകയും അവരുടെ രാഷ്ട്രീയ ഔന്നത്യത്തെ കവച്ച് വെക്കുകയുമാണ് സെറ്റ്‍ലര്‍ കോളനി ഭരണകർത്താക്കൾ വാസ്തവത്തിൽ ചെയ്ത് പോരുന്നത്.  ജൂത അമേരിക്കൻ പണ്ഡിതനായ നോം ചോംസ്കി വീക്ഷിക്കുന്നത്, സെറ്റ്‍ലര്‍ കൊളോണിയലിസം സാമ്രാജ്യത്വത്തിന്റെ തീവ്രവും അക്രമാസക്തവുമായ രൂപമാണെന്നാണ്.  

തദ്ദേശീയ അറബ് ജനങ്ങളോട് പൂർണ്ണ നിസ്സഹകരണം നടത്തി അവരെ ആട്ടിയോടിക്കുകയും ഭൂമികയ്യേറുകയുമല്ലാതെ യാതൊരു പൊതു നന്മയും സയണിസ്റ്റ് മൂവ്മെന്റ് ലക്ഷീകരിക്കുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ ഇത്തരം പുറന്തള്ളലുകളെയും നാടു കടത്തലുകളെയും സയണിസ്റ്റ് ലോബി ലളിത വല്‍കരിക്കാൻ ശ്രമിക്കുന്നത് അതിനെ വെറും 'ട്രാൻസ്ഫർ' എന്ന വാക്കിലൊതുക്കികൊണ്ടാണ്.

രാഷ്ട്ര രൂപീകരണത്തിലേക്കുള്ള വഴി 

സയണിസത്തിന്റെ അഭിശപ്ത ചെയ്തികൾക്ക് പിന്നിൽ ചാലകശക്തിയായി വർത്തിച്ചത് അക്കാലത്തെ കൊളോണിയൽ ശക്തി കേന്ദ്രമായിരുന്ന ബ്രിട്ടനായിരുന്നു. ബ്രിട്ടന്റെ സഹായമില്ലാതെ രാഷ്ട്രനിർമാണം പൂർത്തിയാക്കാൻ സയണിസ്റ്റ് മേധാവികൾക്ക് കഴിയുമായിരുന്നില്ല. വ്യവസ്ഥാപിതമായ രീതിയിൽ ഭൂമി കയ്യേറാൻ തങ്ങളുടെ ഇളംമുറ പങ്കാളിയെ ബ്രിട്ടൺ സജീവമായി സഹായിച്ചുവെന്ന് വേണം പറയാന്‍. 

പൊതുവേ ജൂത രാഷ്ട്രരൂപീകരണത്തിലേക്കുള്ള വഴികൾ എളുപ്പമായിരുന്നില്ല അവർക്ക്. ആദ്യമേ വലിയൊരു ജനതയുടെ വാസസ്ഥലമായിരുന്ന ഭൂമി കയ്യിലാക്കുക എന്ന വലിയൊരു തടസ്സം അവർക്ക് മുന്നിലുണ്ടായിരുന്നു. ഈ ബുദ്ധിമുട്ട് സയണിസ്റ്റ് ശക്തികൾ മറികടന്നത് ബ്രിട്ടന്റെ സഹായം കൊണ്ട് മാത്രമാണ്. അതിന്റെ ഭാഗമായായിരുന്നു 1917 നവംബർ 2 ന് ബ്രിട്ടൺ കുപ്രസിദ്ധമായ ബാൽഫർ പ്രഖ്യാപനം (Balfar declaration) നടത്തുന്നത്. ജൂതജനതക്ക് ഫലസ്തീൻ ഭൂമിയിലെ രാഷ്ട്രഭവനത്തിന് ബ്രിട്ടീഷ് സഹായം വാഗ്ദാനം ചെയ്തത് അവരുടെ വിദേശ മേധാവിയായിരുന്ന ആർതർ ബാൽഫറായിരുന്നു.

ജർമനിക്കും ഓട്ടോമൻ സാമ്രാജ്യത്തിനും എതിരിൽ ലോക ജൂതരുടെ സഹായം തേടുക എന്നതായിരുന്നു പ്രസ്തുത പ്രഖ്യാപനത്തിന്റെ പ്രഥമ ലക്ഷ്യം. ഫലസ്തീനിലെ ജൂതേതര തദ്ദേശീയരുടെ വ്യക്തി കേന്ദ്രീകൃതവും മതപരവുമായ അവകാശങ്ങൾക്ക് ഒരിക്കലും കോട്ടം തട്ടരുതെന്ന മുന്നറിയിപ്പ് കൂടി അതിലുണ്ടായിരുന്നു. പക്ഷേ പ്രഖ്യാപിത വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടപ്പോൾ ആ മുന്നറിയിപ്പ് ഉപേക്ഷിക്കപ്പെടുകയും മറക്കുകയും ചെയ്തു എന്നതാണ് വാസ്തവം. 

1917ൽ,  ഫലസ്തീൻ ഓട്ടോമൻ ഭരണത്തിന് കീഴിലായിരുന്നു. ജനസംഖ്യയില്‍ 90 ശതമാനവും അറബികളായിരുന്നു. പത്ത് ശതമാനം മാത്രം വരുന്ന ജൂതര്‍ അന്ന് അധിവസിച്ചിരുന്നത് രണ്ട് ശതമാനം മാത്രം വരുന്ന ഭൂപ്രദേശത്തായിരുന്നു. പക്ഷേ ബാൽഫർ ഡിക്ലറേഷൻ എന്ന കൊളോണിയൽ പ്രമാണം പ്രസ്തുത ന്യൂനപക്ഷ വിഭാഗത്തിന് ദേശീയാവകാശങ്ങൾ വകവെച്ച് നൽകുകയും ഭൂരിപക്ഷത്തെ വ്യക്തി, മത അവകാശങ്ങളിലേക്ക് ഒതുക്കുകയും ചെയ്തതോടെ ദുരന്തത്തിന് തുടക്കം കുറിക്കുകയായിരുന്നു.

അറബ് ജനതയുടെ തീവ്രമായ ചെറുത്ത് നിൽപ്പിനപ്പുറം പുതിയൊരു ഭൂരിപക്ഷ വിഭാഗത്തെ സൃഷ്ട്ടിക്കലായിരുന്നു ഇവരുടെ പദ്ധതി. 1919 ആഗസ്റ്റ് 11 ന് ബാൽഫർ ഒരു നിവേദന പത്രികയിൽ ഇങ്ങനെ എഴുതി, "സയണിസം തെറ്റോ ശരിയോ ആകട്ടെ, പക്ഷേ 700,000 ത്തോളം വരുന്ന അറബികളുടെ മോഹങ്ങൾക്കും വിരോധങ്ങൾക്കും അപ്പുറം ജൂതർക്ക് ദീർഘ കാലത്തെ ഒരു പാരമ്പര്യവും ചരിത്രവും ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ". 

"സാക്രഡ് ട്രസ്റ്റ് ഓഫ് സിവിലൈസേഷൻ" 

1922 ൽ ലീഗ് ഓഫ് നേഷൻസ് ബ്രിട്ടന് ഫലസ്തീന് മേലിലുള്ള അധികാര പത്രം (palastine mandate) നൽകുകയുണ്ടായി. ലീഗിന്റെ ഉടമ്പടിയിൽ (covenant of league) ൽ പ്രസ്തുത അധികാരത്തെ വിശദീകരിച്ചത് 'സാക്രഡ് ട്രസ്റ്റ് ഓഫ് സിവിലൈസേഷൻ' എന്നായിരുന്നു. അവരുടെ പ്രഖ്യാപിത ലക്ഷ്യം, സ്വദേശികൾക്ക് വേണ്ടി ആ ഭൂപ്രദേശത്തെ വികസിതമാക്കുകയും പരാജയപ്പെട്ട ഓട്ടോമൻ സാമ്രാജ്യത്തിന്റെ മുൻ അറബ് പ്രവിശ്യകളെ മോഡേൺ നാഷൻ സ്റ്റേറ്റുകളായി പരിവർത്തിപ്പിക്കുകയും ആയിരുന്നു. 

പക്ഷെ സയണിസ്റ്റ് പ്രേരണ മൂലം നേരത്തെ പ്രഖ്യാപിച്ച ബാൽഫാർ കരാറും ഫലസ്തീൻ മാൻഡാറ്റും സംയോജിക്കുകയും അതോടെ ജൂത സയണിസ്റ്റുകൾക്ക്നൽകിയ വാഗ്ദാനം ബ്രിട്ടന് തന്നെ ഒരു ബാധ്യത ആയി മാറുകയും ചെയ്തു. ഫലസ്തീനികളുടെ പൂർണ സ്വാതന്ത്ര്യം കൊട്ടി അടക്കപ്പെടുകയായിരുന്നു അതോടെ. 

ആദ്യ ഘട്ടത്തിൽ മാൻഡാറ്റ് പ്രകാരം ബ്രിട്ടന് പൂർണമായ അധികാരം ഫലസ്തീനു മേൽ ഇല്ലായിരുന്നു. കാരണം നേരത്തെ പറഞ്ഞ League Covenant പ്രകാരം, അത്തരമൊരു ഭരണാവകാശം ബ്രിട്ടന് നൽകാൻ ലീഗ് ഓഫ് നേഷൻസിന് അധികാരമുണ്ടായിരുന്നില്ല. ഫലസ്തീന് മേലുള്ള പരമാധികാരം ക്ഷയിച്ചെങ്കിലും ബ്രിട്ടൺ നിരന്തരമായ ന്യായീകരണങ്ങൾ കൊണ്ട് ഫലസ്തീൻ വിഭാജാനാധികാരം കൗശലത്തിലൂടെ യുണൈറ്റഡ് നേഷൻസിൽ നിന്ന് നേടിയെടുക്കുന്നതാണ് പിന്നീട് ചരിത്രം കാണുന്നത്. ഒരർത്ഥത്തിൽ ആ അധികാരം അറബ് ഭൂരിപക്ഷ പ്രദേശത്തെ ഒരു ഭൂരിപക്ഷ ജൂത പ്രദേശമായി മാറ്റുന്നതിന് ബ്രിട്ടൺ ദുരുപയോഗം ചെയ്തു എന്ന് പറയാം. 

അറബികളുടെ അവകാശസംരക്ഷണ ബാധ്യത 

മിഡിൽ ഈസ്റ്റിലെ ഓട്ടോമൻ പ്രവിശ്യകളിലെ മറ്റെല്ലാ മാൻഡാറ്റുകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഫലസ്തീനിലേത്. ലോകത്തെ, പ്രത്യേകിച്ച് യൂറോപ്പിലെ ജൂത ജനതയെ ഫലസ്തീനിലേക്കാനയിച്ച് പുതിയൊരു രാഷ്ട്ര സംസ്ഥാപനമായിരുന്നു അതിന്റെ ലക്ഷ്യം. പ്രസ്തുത അനുശാസത്തിൽ അറബ് ജനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം കല്പിച്ചിരുന്നുവെങ്കിലും അത് ഉറപ്പ് വരുത്തുന്നതില്‍ ബ്രിട്ടന്‍ തന്നെ പരാജയപ്പെടുകയായിരുന്നു. അറബികളുടെ ചെറുത്ത് നിൽപ്പിന് പുറമെ ഇക്കാലയളവിൽ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ സാധൂകരിക്കാൻ ബ്രിട്ടൺ പല നിയമങ്ങളും ചട്ടങ്ങളും സ്ഥാപിക്കുകയും ജനാതിപത്യ ഭരണ സാധ്യതയെ വേരോടെ പിഴുതെറിയുകയും ചെയ്തു. 

1936 ഫലസ്തീനിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ അറബികൾ രംഗത്തിറങ്ങി. ബ്രിട്ടന്റെ കിരാതമർദ്ദനങ്ങൾക്ക് സാക്ഷിയായ ഉപര്യുക്ത കലാപം 1939 വരെ നീണ്ടു നിന്നു. അതിൽ 5000 ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 

ബ്രിട്ടീഷ് ചതി 

ഫലസ്തീനികൾക്കെതിരെയുള്ള ബ്രിട്ടന്റെ അവസാന ചതി രണ്ടാം ലോക മഹായുദ്ധാനന്തരമാണുണ്ടാകുന്നത്. ഇക്കാലയളവിൽ സയണിസ്റ്റ് സായുധ പോരാളികളുമായി ഏറ്റുമുട്ടി ബ്രിട്ടന്‍ ഏകപക്ഷീയമയി 'മാൻഡാറ്റ്' ഉപേക്ഷിക്കാൻ തീരുമാനിച്ചു. 1947ല്‍ അവിഭക്ത ഫലസ്തീനിനെ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാൻ യു.എന്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ജൂതർ ഈ വിഭജനം അംഗീകരിച്ചുവെങ്കിലും അറബികൾ അതിനെ ചെറുക്കുകയാണ് ചെയ്തത്. ഈ സമയം ബ്രിട്ടണും ഈ വിഭജന തീരുമാനത്തെ എതിര്‍ത്തു. ബ്രിട്ടൺ ജോർദാൻ രാജാവിനെ ഫലസ്തീൻ കീഴടക്കാൻ പ്രേരിപ്പിച്ചെങ്കിലും രാജാവ് ജൂതരുമായി രഹസ്യമായ സന്ധിയിലെത്തിയിരുന്നു എന്നത് അതിലേറെ സങ്കടകരമായിരുന്നു. 

ബ്രിട്ടീഷ് വിപരീത ചിത്രങ്ങൾ 

ചരിത്രപരമായ ഈ കൊടുംചതിക്ക് പിന്നിൽ ചാലക ശക്തിയായി വർത്തിച്ച ബ്രിട്ടൺ ഇതുവരെ തങ്ങൾ ചെയ്ത വഞ്ചനയുടെ പേരിൽ മാപ്പ് പറഞ്ഞിട്ടില്ല. അതിന് ഉദാഹരണമാണ് അവസാനത്തെ അഞ്ച് conservative പ്രധാനമന്ത്രിമാർ. 2014ൽ തന്റെ The Churchill Factor എന്ന ഗ്രന്ഥത്തിൽ ബോറിസ് ജോൺസൺ ബാൾഫർ പ്രഖ്യാപനത്തെ മോശമായി ചിത്രീകരിച്ചിരുന്നുവെങ്കിലും 2015 ൽ ഇസ്രയേൽ സന്ദർശനത്തിൽ പ്രസ്തുത ഉടമ്പടിയെ ജോൺസൺ 'great thing' എന്നാണ് വിശേഷിപ്പിച്ചത്. 

ഏറ്റവും അവസാനമായി, നക്ബയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍, യൂറോപ്യന്‍ യൂണിയന്റെ പ്രസിഡണ്ട് ഉര്‍സുല്‍വാ ലയനും ആ നീക്കത്തെ വിശേഷിപ്പിച്ചത്, സ്വപ്ന സാക്ഷാല്‍ക്കാരം എന്നായിരുന്നു.  

ചുരുക്കത്തിൽ, കഴിഞ്ഞ 100 വർഷമായി ബ്രിട്ടീഷ് വിദേശനയത്തിലെ സയണിസ്റ്റ് അനുകൂല പക്ഷപാതത്തിന്റെ മറവില്‍ നടമാടിയ കൊടും ചതികളുടെ ശൃംഖലയാണ് ഇസ്റാഈല്‍ എന്ന രാഷ്ട്രം എന്ന് പറയാം. അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നത് പാവപ്പെട്ട ഫലസ്തീനികളും.

കടപ്പാട്: middle East eye

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter