ഇസ്‍ലാം എത്തിയിട്ട് ഒമ്പത് നൂറ്റാണ്ട്; ആഘോഷിച്ച് മാല്‍ദീവ്സ്
രാജ്യത്ത് ഇസ്‌ലാം എത്തിയതിന്റെ 900-ാം വാർഷികം ആഘോഷിച്ച് മാല്‍ദീവ്സിലെ (മാലിദ്വീപ്) ജനങ്ങൾ. പ്രാദേശികമായി 'മാലിദ്വീപ് ഇസ്‌ലാം ദിനം' എന്ന് അറിയപ്പെടുന്ന ഇത് സെപ്റ്റംബർ 13-ന് ആഘോഷിക്കാറ്.
രാജ്യത്തിന്റെ സമ്പന്നമായ ഇസ്‌ലാമിക ചരിത്രം പരാമര്‍ശിക്കുന്ന പ്രസംഗങ്ങൾ, മതപരമായ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചുകൊണ്ടാണ് മാലിദ്വീപ് നിവാസികൾ ഈ വാർഷികം ആചരിക്കുന്നത്. ഇസ്‌ലാമിക സ്വത്വം ശക്തിപ്പെടുത്തുന്നതിനും വരുംതലമുറകളിൽ അതിന്റെ വേരുകൾ കൂടുതൽ ഉറപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാലിദ്വീപിന്റെ ചരിത്രരേഖകൾ പ്രകാരം, ബുദ്ധമതത്തിൽ നിന്ന് ഇസ്‌ലാമിലേക്കുള്ള രാജ്യത്തിന്റെ സമ്പൂർണ്ണവും സമാധാനപരവുമായ പരിവർത്തനം നടന്നത് 1153 (ഹി. 548) ലായിരുന്നു. ഉത്തര ആഫ്രിക്കയിൽ നിന്ന് മാലി ദ്വീപിലെത്തിയ മുസ്‍ലിം പ്രബോധകനും പണ്ഡിതനുമായ അബുൽബറകാത്ത് യൂസഫ് അൽബാർബരിയിൽ നിന്ന് (മൊറോക്കോയിലോ സൊമാലിയയിലോ ആണ് ഇദ്ദേഹത്തിന്റെ കുടുംബ വേരുകളെന്നാണ് കരുതപ്പെടുന്നത്) ധോവേമി രാജാവ് ഇസ്‌ലാം മതം സ്വീകരിച്ചുവെന്നാണ് ചരിത്രം. മതം മാറിയതിനെത്തുടർന്ന് അദ്ദേഹം 'സുൽത്താൻ മുഹമ്മദ് ബിൻ അബ്ദുല്ലാഹ്' എന്ന പേര് സ്വീകരിക്കുകയും രാജ്യത്തെ ഇസ്‌ലാമിക പാതയിലേക്ക് നയിക്കുകയും ചെയ്തു.
900-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, തലസ്ഥാനമായ മാലിയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ നഗരവികസന മേഖലയായ ഹുൽഹുമാലെയിൽ ഒരു വലിയ പള്ളി നിർമ്മിക്കണമെന്ന മാലിദ്വീപ് ജനതയുടെ ദീർഘകാലത്തെ ആഗ്രഹസഫലീകരണമെന്നോണം, "സുൽത്താൻ മുഹമ്മദ് ബിൻ അബ്ദുല്ലാഹ് ഗ്രാൻഡ് മോസ്ക് ആൻഡ് ഇസ്‍ലാമിക് സിവിലൈസേഷൻ സെന്ററി"ന് തറക്കല്ലിട്ടു. ഇത് രാജ്യത്തിന്റെ ചരിത്രപരമായ ഒരു മുഹൂർത്തമാണെന്ന് മാലിദ്വീപ് ഇസ്‍ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് ഷഹീം 'X' പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇസ്‍ലാം മതം സ്വീകരിച്ച ആദ്യത്തെ മാലിദ്വീപ് ഭരണാധികാരിയോടുള്ള ആദരസൂചകമായാണ് ഈ സാംസ്കാരിക കേന്ദ്രത്തിന് സുൽത്താൻ മുഹമ്മദ് ബിൻ അബ്ദുല്ലാഹ് എന്ന് പേര് നൽകിയതെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ സ്വത്വത്തിന്റെ അടിസ്ഥാനശിലയായ ഇസ്‍ലാമിക പൈതൃകത്തിന്റെ 900-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സുപ്രധാന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുന്നത് എന്ന കാര്യവും മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.
മറ്റൊരു കുറിപ്പിൽ, ഹിജ്റ വർഷം 548-ലെ റബീഉൽആഖര്‍ മാസത്തിലാണ് മാലിദ്വീപ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് മന്ത്രി ഷഹീം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഇസ്‌ലാമിക സ്വത്വം രൂപപ്പെടുത്തിയ ആ സുപ്രധാന മുഹൂർത്തത്തെ അനുസ്മരിച്ചുകൊണ്ട്, എല്ലാ വർഷവും റബീഉൽആഖര്‍ 2-ാം തീയതി മാലിദ്വീപില്‍ ഇസ്‍ലാം ദിനം ആയി ആഘോഷിക്കപ്പെടുന്നു എന്നും ഈ വര്‍ഷം അതിന് ഒമ്പത് നൂറ്റാണ്ട് തികയുകയാണെന്നും (ചന്ദ്ര വര്‍ഷപ്രകാരം) കുറിപ്പില്‍ പറയുന്നു.
പള്ളികളുടെ നിർമ്മാണം, മതവിദ്യാഭ്യാസം, മത-സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ തുടര്‍ന്ന് വന്ന സുൽത്താൻമാരും പണ്ഡിതന്മാരും തലമുറകളും ഈ പൈതൃകത്തെ പരിപോഷിപ്പിച്ചുവെന്നും പരമ്പരാഗത പവിഴക്കല്ലുകൾ (coral stone) ഉപയോഗിച്ചുള്ള നിർമ്മിതികൾ മുതൽ മാലിദ്വീപ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പോലുള്ള ആധുനിക അടയാളങ്ങൾ വരെയുള്ള രാജ്യത്തെ ഇസ്‍ലാമിക വാസ്തുവിദ്യയുടെ ചരിത്രപരമായ പരിണാമത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. ഒപ്പം, സംസ്കാരത്തെയും ദേശീയ ഐക്യത്തെയും ശക്തിപ്പെടുത്തുന്ന ഖുർആൻ വിദ്യാഭ്യാസത്തോടും ഇസ്‌ലാമിക പഠനങ്ങളോടുമുള്ള പ്രതിബദ്ധതയിലൂടെ ഈ പൈതൃകം എങ്ങനെ നിലനിൽക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും പ്രാദേശിക മേഖലകളിലും വ്ലോഗർമാരും ബ്ലോഗര്‍മാരും സാധാരണക്കാരും ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചു. 900-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലും ഔദ്യോഗിക ചടങ്ങുകള്‍ നടന്നു. അവയുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പങ്ക് വെക്കപ്പെട്ടു.
മാലി ദ്വീപ് നൂറു ശതമാനവും മുസ്‍ലിം ജനസംഖ്യയുള്ള ഒരു രാജ്യമാണെന്നും, അവിടുത്തെ ജനങ്ങൾ ദയയും ശാന്തതയും പുലർത്തുന്നവരും പള്ളികളോടും ശരീഅത്ത് പഠനത്തോടും ആഴത്തിലുള്ള ആഭിമുഖ്യമുള്ളവരുമാണെന്ന് പ്രസിഡണ്ട് തന്റെ പോസ്റ്റിൽ കുറിച്ചു. കൂടാതെ, സൗദി അറേബ്യയിലെ മദീന, ഈജിപ്തിലെ അൽഅസ്ഹർ തുടങ്ങിയ പ്രമുഖ ഇസ്‍ലാമിക കേന്ദ്രങ്ങളിൽ ഉപരിപഠനം നടത്താൻ അവിടുത്തെ യുവാക്കൾക്ക് വലിയ താൽപ്പര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപുസമൂഹം ഉൾക്കൊള്ളുന്ന ഏഷ്യൻ രാജ്യമാണ് റിപ്പബ്ലിക് ഓഫ് മാല്‍ദീവ്സ്. ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഇവിടെ താമസമുറപ്പിക്കുകയും, പിന്നീട് പത്താം നൂറ്റാണ്ടിന്റെ മധ്യത്തോടെ മുത്ത്, സുഗന്ധവ്യഞ്ജനങ്ങൾ, തേങ്ങ, ഉണക്കമത്സ്യം എന്നിവ തേടി അറബികളും പേർഷ്യക്കാരും ഇവിടേക്ക് കുടിയേറുകയും അതോടെ ആ പ്രദേശം ലോക ശ്രദ്ധ നേടുകയും ചെയ്തു.



Leave A Comment