സുലൈമാൻ മൻസൂർ: കലകൾ തീർത്ത പ്രതിരോധ ഭാവങ്ങള്‍

​1986-ൽ കെനിയൻ എഴുത്തുകാരനായ ങൂഗി വാ തിയോംഗോ (Ngũgĩ wa Thiong'o) അദ്ദേഹത്തിന്റെ 'Decolonising the Mind' എന്ന വിശ്വവിഖ്യാത കൃതിയിൽ 'സാംസ്കാരിക ബോംബ്' (Cultural Bomb) എന്ന ആശയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു ജനതയുടെ ഭൗതികമായ നിലനിൽപ്പിനെ ശിഥിലമാക്കുന്നതിനേക്കാൾ ഭയാനകമായിരിക്കും ആ സമൂഹത്തിന്റെ സാംസ്കാരിക പരിസരങ്ങളെ സമൂലം നശിപ്പിക്കുക എന്നത്. ഇസ്രായേൽ ഭരണകൂടം ഈ കാലമത്രയും ചെയ്ത്കൊണ്ടിരിക്കുന്നത് ഫലസ്തീനിലെ സാംസ്കാരിക ചിഹ്നങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതേസമയം, ഒരു പിടി ഫലസ്തീനി കലാകാരന്മാര്‍, കലയെ ആയുധമാക്കി നിരന്തരം തുടരുന്ന പോരാട്ടത്തിലൂടെ ഇതിനെ സാധ്യമാവുന്നവിധം പ്രതിരോധിക്കുകയാണ്. പാട്ടുകളും കവിതകളും നോവലുകളും ചിത്രങ്ങളുമെല്ലാം കലയുടെ പ്രതിരോധരൂപങ്ങളായി ഇസ്രായേലിന്റെ അടിച്ചമർത്തലുകളെ ചെറുക്കാൻ അവർ ഉപയോഗിക്കുന്നു.

​മറ്റ് കലാമാധ്യമങ്ങളെപ്പോലെത്തന്നെ വരകളും ഗ്രാഫിറ്റികളും ഫലസ്തീൻ അതിജീവനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അഭേദ്യഭാഗമാണ്. നക്ബയും (Nakba) വഞ്ചന നിറഞ്ഞ ചരിത്രമുഹൂർത്തങ്ങളും ആവിഷ്കരിക്കാൻ നിരവധി കലാകാരന്മാർ ശ്രമിച്ചിട്ടുണ്ട്. അത്തരത്തില്‍, ഫലസ്തീൻ മണ്ണിലെ തന്റെ ഓർമ്മകളെയും വൈകാരിക നിമിഷങ്ങളെയും ക്യാൻവാസിലേക്ക് പകർത്തിയ പ്രശസ്ത ചിത്രകാരനാണ്,  2026 ഓഗസ്റ്റ് 24-ന് അന്തരിച്ച സുലൈമാൻ മൻസൂർ. അദ്ദേഹത്തിന്റെ 'ജമൽ അൽമഹാമിൽ' അടക്കം നിരവധി ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ഫലസ്തീൻ പോരാട്ടങ്ങൾക്ക് എന്നും ആശയവും ആദർശവും രൂപവും നൽകിയതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ.

​ജനനവും കലാജീവിതവും:

1947 ജൂലൈ 27-ന് ജറൂസലമിന് വടക്കുള്ള ബീർസൈത് (Birzeit) എന്ന പ്രദേശത്താണ് സുലൈമാൻ മൻസൂർ ജനിച്ചത്. അദ്ദേഹത്തിന് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. തുടർന്ന് മാതാവിന് അദ്ദേഹത്തെയും മറ്റ് അഞ്ച് സഹോദരങ്ങളെയും ബെത്‌ലഹേമിലെയും ബൈത്ത് ജാലയിലെയും ബോർഡിങ് സ്കൂളുകളിലേക്ക് അയക്കേണ്ടിവന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് അവിടുത്തെ ജർമ്മൻകാരനായ പ്രിൻസിപ്പൽ ഒരു ആർട്ട് ക്ലബ് സ്ഥാപിക്കുകയും സുലൈമാന്റെ വരകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം 1961-ൽ യു.എൻ (UN) സംഘടിപ്പിച്ച കുട്ടികളുടെ ആഗോള ചിത്രരചനാ മത്സരത്തിൽ സുലൈമാൻ മൻസൂർ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ 200 ഡോളർ നേടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് വലിയ ആശ്വാസമായി.

സ്കൂളിലും നാട്ടിലും ചിത്രരചനയിൽ ഏറെ നിപുണനായ കലാകാരനായി അദ്ദേഹം പ്രശസ്തി നേടി. ചില കുടുംബങ്ങൾ തങ്ങളുടെ മുൻതലമുറക്കാരുടെ ചിത്രങ്ങൾ പോലും അദ്ദേഹത്തെക്കൊണ്ട് വരപ്പിച്ചിരുന്നു. അങ്ങനെ ചിത്രകലയിലൂടെത്തന്നെ സുലൈമാൻ മൻസൂർ തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തി. ജറൂസലമിലെ ബെസാലെൽ (Bezalel) അക്കാദമി ഓഫ് ആർട്സ് ആൻഡ് ഡിസൈനിൽ നിന്ന് 1970-ൽ അദ്ദേഹം പഠനം പൂർത്തിയാക്കി. തന്റെ സഹകലാകാരന്മാരായ നബീൽ അനാനി, ഇസ്സാം ബദർ തുടങ്ങിയവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചു. വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി പ്രവർത്തിച്ചിരുന്ന പതിനെട്ടോളം ഫലസ്തീനി കലാകാരന്മാരെ ഒരുമിപ്പിച്ച് അവർ 'ലീഗ് ഓഫ് ഫലസ്തീനിയൻ ആർട്ടിസ്റ്റ്സ്' എന്ന കൂട്ടായ്മ രൂപീകരിച്ചു. തടവറകൾ, രക്തസാക്ഷികൾ, ഫലസ്തീൻ മണ്ണ്, സ്വാതന്ത്ര്യം തുടങ്ങിയ വിഷയാധിഷ്ഠിത പ്രമേയങ്ങൾ ചിത്രീകരിക്കാൻ ഈ കലാസംഘടനയ്ക്ക് സാധിച്ചു.

​ഇന്തിഫാദയിലെ (Intifada) കലാരൂപങ്ങൾ:

1987-88 കാലഘട്ടത്തിലെ ഒന്നാം ഇന്‍തിഫാദ അദ്ദേഹത്തിന്റെ കലയിൽ പുതിയ പരീക്ഷണങ്ങൾക്ക് വഴിതുറന്നു. ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക എന്നതായിരുന്നു ഇന്‍തിഫാദയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി ഇസ്രായേൽ നിർമ്മിത ഛായങ്ങളും പെയിന്റുകളും സുലൈമാൻ മൻസൂറും ബഹിഷ്കരിച്ചു. അതിനു പകരമായി, ബാല്യകാലത്ത് വല്യുമ്മയോടൊപ്പം തേനീച്ചക്കൂടുകൾ നിർമ്മിച്ച ഓർമ്മകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, കളിമണ്ണും വൈക്കോലും ഉപയോഗിച്ച് ചിത്രങ്ങൾക്ക് രൂപം നൽകാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹകലാകാരന്മാരുമായ തൈസീർ ബർകത്ത്, നബീൽ അനാനി തുടങ്ങിയവരും മൈലാഞ്ചിയും പ്രകൃതിദത്ത ചായങ്ങളും ഉപയോഗിച്ച് തങ്ങളുടെ ചിന്തകളെ ചിത്രങ്ങളാക്കി. ഈ പരീക്ഷണങ്ങളും കൂട്ടായ്മകളും 'ന്യൂ വിഷൻ' (New Vision) എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചു.

​മാതൃരാജ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു ജനതയുടെ ആകുലതകളെ ആവിഷ്കരിക്കുന്ന 'ആബ്സെന്റ് പ്രസൻസ്' (Absent Presence) തുടങ്ങിയ ചിത്രങ്ങൾ ഈ പ്രതിരോധ പരീക്ഷണങ്ങളുടെ ഭാഗമാണ്. കളിമണ്ണിന്റെ പ്രതീകാത്മകതയെക്കുറിച്ച് അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ മൻസൂർ വാചാലനാകുന്നുണ്ട്. "കളിമണ്ണ് മനുഷ്യന്റെയും മണ്ണിന്റെയും ഫലസ്തീന്റെയും പ്രതീകമാണ്; അത് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു," എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമിയുടെ ഭൂപ്രകൃതി ചിതറിപ്പോകുമ്പോഴും, തീവ്രമായ അർത്ഥതലങ്ങളുള്ള കളിമണ്ണിലൂടെ ഫലസ്തീനികൾ തങ്ങളുടെ മണ്ണുമായുള്ള ബന്ധം നിലനിർത്തുന്നു.

​വരകളിലെ പ്രതിരോധങ്ങൾ:

സുലൈമാൻ മൻസൂറിന്റെ ഓരോ വരയിലും നിഗൂഢതകളും ആഴമേറിയ അർത്ഥങ്ങളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് സൃഷ്ടിയായിരുന്നു 'ജമൽ അൽമഹാമിൽ' (Camel of Burdens). നഗ്നപാദനായി മുന്നോട്ട് ആഞ്ഞുനടക്കുന്ന ഒരു വൃദ്ധനായ ചുമട്ടുതൊഴിലാളിയാണ് ഇതിലെ പ്രമേയം. അദ്ദേഹത്തിന്റെ നെറ്റിയിലൂടെ കടന്നുപോകുന്ന കയറിൽ താങ്ങി നിർത്തിയിരിക്കുന്നത് ഫലസ്തീൻ നഗരമായ ജറൂസലമിനെയാണ്. ജറൂസലമിലെ ചുമട്ടുതൊഴിലാളികൾ തോളിലല്ല, മറിച്ച് നട്ടെല്ലിലാണ് ഭാരം താങ്ങുന്നത് എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് മൻസൂർ ഈ ചിത്രം വരയ്ക്കുന്നത്. ചുമട്ടുകാരന് സ്വന്തമായി കണ്ണുകളില്ലെന്നും, അവൻ ചുമക്കുന്ന ജറൂസലമാണ് അവന്റെ കണ്ണുകൾ എന്നും തുടങ്ങി നിരവധി വ്യാഖ്യാനങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു. 1975-ൽ ജറൂസലമിലെ വൈ.എം.സി.എ-യിൽ ചിത്രം പ്രദർശിപ്പിച്ചപ്പോഴാണ് പ്രശസ്ത ഫലസ്തീനി എഴുത്തുകാരൻ എമിൽ ഹബീബി ഇതിന് 'ജമൽ അൽമഹാമിൽ' എന്ന് പേരിട്ടത്.

​ഓറഞ്ചും ഒലിവുമരങ്ങളും തണ്ണിമത്തനുമെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രധാന പ്രതീകങ്ങളായിരുന്നു. 1976-ൽ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ലീനാ അല്‍നാബുൽസി എന്ന 17-കാരിയെ സ്മരിച്ച് അദ്ദേഹം വരച്ച 'ബ്രൈഡ് ഓഫ് ദി ഹോംലാൻഡ്' (Bride of the Homeland) ഏറെ പ്രശസ്തമാണ്. ഒരിക്കൽ ഇസ്രായേലി സൈന്യത്തിന്റെ തടവിലാക്കപ്പെടുകയും ക്രൂരമായി മർദ്ദിക്കപ്പെടുകയും ചെയ്ത അനുഭവം മൻസൂറിനുണ്ടായിട്ടുണ്ട്. ഈ അനുഭവത്തിന്റെ സ്മരണയിലാണ് 1982-ൽ അദ്ദേഹം 'പ്രിസൺ' (Prison) എന്ന ചിത്രം വരയ്ക്കുന്നത്. തോക്കുമായി നില്‍ക്കുമ്പോഴും കുഞ്ഞിന് മുലയൂട്ടുന്ന അമ്മയുടെ ചിത്രമായ 'വുമൺ ബ്രെസ്റ്റ്ഫീഡിങ്' (Woman Breastfeeding), ഒന്നാം ഇന്‍തിഫാദയുടെ പശ്ചാത്തലത്തിൽ വരച്ച 'അണ്ടർ ഒക്യുപേഷൻ' (Under Occupation) എന്നിവയും ശ്രദ്ധേയമാണ്. ഫലസ്തീൻ പതാകയിലെ നിറങ്ങളായ ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ് എന്നിവ ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും, ആ വിലക്കുകളെ ധിക്കരിച്ചുകൊണ്ട് മൻസൂർ ചിത്രങ്ങൾ വരച്ചു.

​കലയായിരുന്നു സുലൈമാൻ മൻസൂറിന്റെ ജീവനും ആത്മാവും. ഫലസ്തീന്റെ മറക്കാനാകാത്ത ചരിത്രനിമിഷങ്ങളെ അദ്ദേഹം കാൻവാസുകളിൽ ചിരപ്രതിഷ്ഠയാക്കി. തന്റെ ഓരോ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും ഫലസ്തീൻ ജനതയുടെ സങ്കടങ്ങളും സഹിഷ്ണുതയും പ്രത്യാശയും ആവിഷ്കരിക്കാൻ അദ്ദേഹത്തിന് സാധിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter