യൂസുഫ് ഇബ്നു താഷ്ഫീൻ: അൽമുറാബിത് സാമ്രാജ്യത്തിന്റെ സ്ഥാപകൻ
മൊറോക്കോയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഘട്ടമാണ് അൽമുറാബിത് സാമ്രാജ്യത്തിന്റെ ഉദയം. ഷെയ്ഖ് അബ്ദുല്ല ബിൻ യാസീൻ, യഹ്‌യ ബിൻ ഇബ്രാഹീം അൽജദാലി എന്നിവർ ഇസ്‍ലാമിക പ്രബോധന ഗ്രൂപ്പ് ആയി തുടങ്ങിയ ഈ പ്രസ്ഥാനം, പിൽക്കാലത്ത് യൂസഫ് ഇബ്നു താഷ്‍ഫീന്റെ നേതൃത്വത്തിൽ അതിശക്തമായ ഒരു സാമ്രാജ്യമായി മാറുകയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ, ഇബ്നു താഷ്‍ഫീൻ മൊറോക്കോയെ ഏകീകരിക്കുകയും, കിഴക്ക് അൾജീരിയ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് തീരം വരെയും, തെക്ക് സുഡാൻ മുതൽ വടക്ക് അൻഡലൂഷ്യ വരെയും സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്തു. ക്രൈസ്തവ ആക്രമണങ്ങളിൽ നിന്ന് അൻഡലൂഷ്യയെ സംരക്ഷിച്ച ഇബ്നു താഷ്‍ഫീൻ, സുവിശേഷമായ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിൽ, അൽമുറാബിത് സാമ്രാജ്യം ആഫ്രിക്കയിലെയും യൂറോപ്പിലെയും ഏറ്റവും വലിയ രാഷ്ട്രീയ ശക്തികളിലൊന്നായി മാറി.
ജീവിതവും രൂപീകരണവും
ഹിജ്റ 400-ൽ (1009 എ.ഡി.) ഇപ്പോഴത്തെ മൗറിറ്റാനിയയിലെ ലാംതൂണ ഗോത്രത്തിലാണ് യൂസഫ് ഇബ്നു താഷ്‍ഫീൻ ജനിക്കുന്നത്. അബൂയഅ്ഖൂബ് യൂസുഫ് ഇബ്ൻ താഷ്‍ഫീൻ ഇബ്ൻ തർഖന്ത് ഇബ്ൻ ഇബ്രാഹിം അൽലാംതൂനി അൽസൻഹാജി എന്നാണ് മുഴുവൻ നാമം. പിതാവ് ഇബ്രാഹീം ഇബ്‌നു തുർഫിതും മാതാവ് ഫാത്തിമ ബിൻത് സർ ഇബ്‌നു വജാജുമാണ്. ഒരു ഭരണ കുടുംബത്തിൽ ജനിച്ചതിനാൽ, യൂസുഫ് ചെറുപ്പത്തിൽ തന്നെ ഭരണകാര്യങ്ങളിലും രാഷ്ട്രതന്ത്രത്തിലും അറിവ് നേടി. മരുഭൂമിയിലെ കഠിനമായ ജീവിത സാഹചര്യങ്ങളിൽ അദ്ദേഹം വളർന്നതിനാൽ തന്നെ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് കരുത്ത് നൽകി.
അതോടൊപ്പം, അക്കാലത്തെ മരുഭൂമിയിലെ ഗോത്രങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും അദ്ദേഹം സ്വായത്തമാക്കി. ഔദ്യോഗിക വിദ്യാലയങ്ങൾ ഇല്ലാതിരുന്നിട്ടും, അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയ മികച്ച ഇസ്‍ലാമിക വിദ്യാഭ്യാസം യൂസുഫിനെ ആഴത്തിൽ സ്വാധീനിക്കുകയും ഹദീസ് പണ്ഡിതന്മാരിൽ നിന്നും പ്രബോധകരിൽ നിന്നും നേരിട്ട് അറിവ് നേടിയത് അദ്ദേഹത്തിന്റെ ചിന്തകൾക്ക് ദിശാബോധം നൽകുകയും ചെയ്തു. മൊറോക്കോയിലെ സൂസിൽ നിന്ന് വന്ന ഷെയ്ഖ് അബ്ദുല്ല ഇബ്നു യാസീനുമായുള്ള കൂടിക്കാഴ്ചയാണ് ഇബ്നുതാഷ്‍ഫീന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഷെയ്ഖിന്റെ ആദ്യ ശിഷ്യന്മാരിൽ ഒരാളായിരുന്ന ഇദ്ദേഹം, ഇസ്‍ലാമിക തത്ത്വങ്ങൾ പഠിക്കുകയും ജിഹാദിന്റെ പ്രാധാന്യം ഉൾക്കൊള്ളുകയും ചെയ്തു. അക്കാലത്ത് ലാംതൂണ ഗോത്രത്തിനിടയിൽ മതപരമായ വ്യതിചലനങ്ങളും അഴിമതികളും നിലനിന്നിരുന്ന സാഹചര്യത്തിൽ, ഷെയ്ഖ് ഇബ്നു യാസീന്റെ ഉപദേശങ്ങൾ യൂസുഫിന് പുതിയ ലക്ഷ്യബോധം നൽകി. ഈ പരിശീലനം അദ്ദേഹത്തെ ഭാവിയിൽ അൽമുറാബിത് സാമ്രാജ്യത്തിന്റെ ശക്തനായ സ്ഥാപകനാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.
വടക്കോട്ടുള്ള പടയോട്ടം
ഇബ്നു താഷ്‍ഫീന്റെ വ്യക്തിത്വത്തിലെ കരുത്തും, യുദ്ധതന്ത്രങ്ങളിലെ വൈദഗ്ധ്യവും അദ്ദേഹത്തിന് ബന്ധുവായ അബൂബക്കർ ഇബ്നു ഉമറിന്റെ കീഴിൽ ഉയർന്ന പദവി നേടിക്കൊടുത്തു. അൽമുറാബീതീന്റെ മരുഭൂമിയിലെ ശക്തികേന്ദ്രത്തിൽ സ്ഥിതിഗതികൾ സുസ്ഥിരമായപ്പോൾ, വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങളുടെ നേതൃത്വം അബൂബക്കർ ഇബ്നു ഉമർ അദ്ദേഹത്തെ ഏൽപ്പിച്ചു. അബൂബക്കറിനോടൊപ്പം ഇബ്നു താഷ്‍ഫീൻ സൈന്യത്തെ അറ്റ്‌ലസ് പർവതനിരകളിലേക്ക് നയിച്ചു. ബർഗവത എമിറേറ്റ്, അഗ്മത്ത് തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കി അവർ തങ്ങളുടെ സ്വാധീനം വിപുലീകരിച്ചു. എന്നാൽ, മരുഭൂമിയിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട വാർത്ത അറിഞ്ഞ് അബൂബക്കർ തിരികെ പോകാൻ നിർബന്ധിതനായി. ഇതോടെ, വടക്കൻ ഖിലാഫത്തിന്റെയും സൂസ് മേഖലയുടെയും ചുമതല ഇബ്നു താഷ്‍ഫീന് നൽകി. സൈന്യത്തിന്റെ ഒരു ഭാഗവുമായി മരുഭൂമിയിലേക്ക് മടങ്ങിയ അബൂബക്കർ, സിജിൽമാസയിലെ കലാപം അടിച്ചമർത്താൻ ഇബ്നു താഷ്‍ഫീന് നിർദേശം നൽകി. സിജിൽമാസയെ ഒരു തെക്കൻ താവളമാക്കി, മഗ്രാവ, സെനത, ബനു ഇഫ്രാൻ തുടങ്ങിയ ഗോത്രങ്ങളെ അദ്ദേഹം പരാജയപ്പെടുത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ, മധ്യ, തെക്കൻ മൊറോക്കോയിൽ അൽമുറാബിത് ഭരണം സ്ഥാപിതമായി.
ഹിജ്‌റ 454-ൽ ഇബ്നു താഷ്‍ഫീൻ അഗ്മത്തിലേക്ക് മടങ്ങി. അവിടെ വെച്ച്, മരുഭൂമിയിലേക്ക് പോകുന്നതിനുമുമ്പ് അബൂബക്കർ വിവാഹമോചനം ചെയ്ത സൈനബ് അൽനഫ്സാവിയയെ അദ്ദേഹം വിവാഹം കഴിച്ചു. അവർ അദ്ദേഹത്തിന്റെ ഭരണകേന്ദ്രമായ അഗ്മത്തിനെ വികസിപ്പിക്കാൻ സഹായിക്കുകയും, സുന്നി മുസ്‍ലിം സൻഹജ ഗ്രൂപ്പുകളെ അവിടെ പുനരധിവസിപ്പിക്കുകയും ചെയ്തു. എങ്കിലും, ഇബ്നു താഷ്‍ഫീന്റെ സ്വപ്നം അതില്‍ ഒതുങ്ങുന്നതായിരുന്നില്ല. ടെൻസിഫ്റ്റ് നദിയുടെ കരയിൽ അബൂബക്കർ സ്ഥാപിച്ച ഒരു ചെറിയ സൈനിക ക്യാമ്പിനെ "മറാക്കെഷ്" എന്ന മഹാനഗരമാക്കി മാറ്റുന്നതിൽ സൈനബ് അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി. അൽമുറാബീതീന്റെ പുതിയ തലസ്ഥാനമായി മറാക്കെഷ് വളർന്നുവന്നതോടെ, സാമ്രാജ്യത്തിന്റെ വടക്കോട്ടുള്ള വികാസത്തിൽ ഇബ്നു താഷ്‍ഫീൻ നിർണ്ണായക പങ്കുവഹിച്ചു.
അധികാരത്തിലേക്ക്
നിരവധി ഗോത്രങ്ങളെ കീഴടക്കിയും കലാപങ്ങളെ അടിച്ചമർത്തിയും യൂസുഫ് ഇബ്നു താഷ്‍ഫീന്റെ അധികാരം ക്രമേണ വളർന്നു. ഫെസ് നഗരം ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ അദ്ദേഹം അനായാസം കീഴടക്കി. എ.ഡി. 1067-ഓടെ റിഫിനും ടാൻജിയേഴ്സിനും ഇടയിലുള്ള മുഴുവൻ പ്രദേശങ്ങളും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. ഇതേസമയം, എ.ഡി. 1070-ൽ അൽമുറാബിത് നേതാവായ അബൂബക്കർ ഇബ്നു ഉമർ മരുഭൂമിയിൽനിന്ന് മടങ്ങിയെത്തി. വടക്കൻ പ്രദേശങ്ങളുടെ സൈനിക നേതൃത്വം ഏറ്റെടുത്ത് വിജയങ്ങൾ തുടരാൻ അദ്ദേഹം പദ്ധതിയിട്ടു. എന്നാൽ, മൊറോക്കോയുടെ വലിയൊരു ഭാഗം സ്വന്തം നിയന്ത്രണത്തിലാക്കിയ ഇബ്നു താഷ്‍ഫീന് അധികാരം വിട്ടുകൊടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. അധികാര കൈമാറ്റത്തിലെ സംഘർഷം ഒഴിവാക്കാൻ ഭാര്യ സൈനബ് അൽനഫ്സാവിയ യൂസുഫിനെ ഉപദേശിച്ചു. രക്തച്ചൊരിച്ചിലിനോട് താൽപര്യമില്ലാത്ത അബൂബക്കറിനെ പ്രീതിപ്പെടുത്താനും സമാധാനപരമായ ഒരു പരിഹാരത്തിലെത്താനും അവർ നിർദേശിച്ചു.
ഇത് പ്രകാരം, യൂസുഫ് മരുഭൂമിയിൽ വെച്ച് അബൂബക്കറിനെ കണ്ടുമുട്ടി. വിലയേറിയ സമ്മാനങ്ങളും പണവും ഒട്ടകങ്ങളും നൽകി അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചു. യൂസുഫിന്റെ വിനയത്തിൽ സംപ്രീതനായ അബൂബക്കർ, ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് നീതി പാലിക്കാനും അവരുടെ ഖലീഫയായി തുടരാനും അദ്ദേഹത്തെ ഉപദേശിച്ചു. പിന്നീട്, സുഡാനിലെ അവിശ്വാസികൾക്കെതിരെ ജിഹാദ് തുടരുന്നതിനായി അബൂബക്കർ മരുഭൂമിയിലേക്ക് മടങ്ങി. ഈ കൂടിക്കാഴ്ചയ്ക്കുശേഷം, യൂസുഫ് ഇബ്നു താഷ്‍ഫീൻ മൊറോക്കോയിലെ പ്രമുഖ രാജകുമാരന്മാരെയും ഗോത്രത്തലവന്മാരെയും വിളിച്ചുവരുത്തി. അബൂബക്കർ ഇബ്നു ഉമറിന്റെ അനുഗ്രഹത്തോടെയും മേൽനോട്ടത്തിലും അവർ യൂസുഫിനെ അമീറായി പ്രഖ്യാപിച്ചു. ഇതോടെ, യൂസുഫ് അൽമുറാബിതീന്റെ ഔദ്യോഗിക നേതാവായി മാറുകയും "അമീറുല്‍മുഅ്മിനീന്‍" എന്ന പദവി സ്വീകരിക്കുകയും ചെയ്തു. ബാഗ്ദാദിലെ അബ്ബാസിയ്യ ഖിലാഫത്തിന് കീഴിൽ നിന്നുകൊണ്ട് അദ്ദേഹം ഭരണം തുടർന്നു.
അൽജീരിയയിലേക്കുള്ള സൈനിക മുന്നേറ്റങ്ങൾ
അൽമുറാബിതീന്റെ അമീറായി അധികാരം ഏറ്റെടുത്ത ശേഷം, യൂസുഫ് ഇബ്നു താഷ്‍ഫീൻ തന്റെ സൈനിക വിജയങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹിജ്റ 465-ൽ അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം ടാൻജിയറിലെ അദ്ദംന മേഖലയായിരുന്നു. തുടർന്ന്, അലൗദാൻ, ഗിയാത, ബാനി മകുദ്, ബാനി റായ്ന എന്നീ പർവതനിരകളും അദ്ദേഹം കീഴടക്കി. കിഴക്കോട്ട് പലായനം ചെയ്ത സെനാറ്റ ഗോത്രങ്ങളിൽ നിന്ന് മൊറോക്കോയുടെ വടക്കൻ അതിർത്തികൾ സംരക്ഷിക്കുക എന്നതായിരുന്നു ഈ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം. എ.ഡി. 1077-ൽ, മുറാബിതീന്‍ സൈന്യം ടാൻജിയാർ പിടിച്ചെടുക്കുന്നതിൽ വിജയിച്ചു. രണ്ട് വർഷത്തിന് ശേഷം, സെനാറ്റ ഗോത്രത്തലവന്മാർ അഭയം തേടിയ അൾജീരിയയിലെ ത്ലെംസെൻ പ്രദേശത്തോടും അദ്ദേഹം യുദ്ധം ചെയ്തു. അവിടെ "ഇജ്‌റത്ത്" (സൈനിക മുന്നേറ്റം) എന്ന ഒരു പുതിയ നഗരവും ഒരു കൊട്ടാരവും ഒരു ചെറിയ പള്ളിയും നിർമ്മിച്ചു.
ത്ലെംസെനിൽനിന്ന് ഒറാൻ, ടെനസ്, ഔർസെനിസ് പർവതനിരകൾ, ക്ലെഫ് എന്നിവിടങ്ങളിലേക്ക് മുന്നേറിയ യൂസുഫ്, സെനാറ്റ രാജ്യങ്ങളെ ഇല്ലാതാക്കി. പിന്നീട് അദ്ദേഹം ജാസിർ ബെനി മെസ്ഗെന്ന നഗരം കീഴടക്കുകയും, മാലികി ചിന്താധാര പിന്തുടരുന്ന ആദ്യത്തെ പള്ളിയായ ഗ്രേറ്റ് മോസ്ക് അവിടെ നിർമ്മിക്കുകയും ചെയ്തു. ഇങ്ങനെ, ഇബ്നു താഷ്‍ഫീന്റെ ഭരണം മൊറോക്കോയുടെ വടക്കൻ പർവതങ്ങൾ, മരുഭൂമി പ്രദേശങ്ങൾ, ഫെസ് നഗരം എന്നിവ കടന്ന് കിഴക്ക് ഒറാൻ വരെ വ്യാപിച്ചു. ഈ വിജയങ്ങൾ അദ്ദേഹത്തെ ആഫ്രിക്കയിലെ ശക്തനായ ഭരണാധികാരികളിൽ ഒരാളാക്കി മാറ്റി.
ഇബ്നു താഷ്‍ഫീന്റെ വ്യക്തിത്വത്തിൽ മതപരമായ മൂല്യങ്ങൾ പ്രതിഫലിച്ചിരുന്നു. ഇസ്‍സാമിക ചരിത്രകാരനായ ഇബ്നുല്‍അതീർ അദ്ദേഹത്തെ "സഹനശീലൻ, ഉദാരമതി, മതവിശ്വാസി, ദാനശീലൻ" എന്നിങ്ങനെ വിശേഷിപ്പിച്ചതായി കാണാം. പണ്ഡിതന്മാരോട് അദ്ദേഹം ആദരവ് കാണിക്കുകയും, അവരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദർബാറിൽ പണ്ഡിതന്മാർക്ക് പ്രത്യേക പരിഗണന നൽകുകയും, ഭരണകാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. ഈ ഗുണങ്ങൾ അദ്ദേഹത്തെ ഒരു മികച്ച ഭരണാധികാരിയാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.
ആൻഡലൂഷ്യയുടെ ഭരണം
മൊറോക്കോ, പടിഞ്ഞാറൻ അൾജീരിയ, സഹാറയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അധികാരം സ്ഥാപിച്ചതിനുശേഷം, ഇബ്നു താഷ്‍ഫീന്റെ ശ്രദ്ധ മെഡിറ്ററേനിയൻ കടലിനപ്പുറമുള്ള അൻഡലൂഷ്യയിലേക്ക് തിരിഞ്ഞു. അക്കാലത്ത്, അൻഡലൂഷ്യ ഭരിച്ചിരുന്ന ത്വവാഇഫ് രാജാക്കന്മാർ (Taifa kingdoms) തമ്മിലുള്ള ആഭ്യന്തര കലഹങ്ങളും ദുർഭരണവും കാരണം അവർ ദുർബലരായിരുന്നു. ഇത് മുതലെടുത്ത്, കാസ്റ്റിലെ ക്രൈസ്തവ രാജാവായിരുന്ന അൽഫോൻസോ ആറാമൻ മുസ്‍ലിം രാജ്യങ്ങളെ ആക്രമിക്കാൻ തുടങ്ങിയതോടെ പല രാജ്യങ്ങളും അദ്ദേഹത്തിന് കപ്പം നൽകി. ടോളിഡോ പിടിച്ചെടുത്ത അൽഫോണ്‍സോ, സെവില്ലെ നഗരം കത്തിച്ച് കളഞ്ഞു. ഈ സാഹചര്യത്തിൽ, ത്വവാഇഫ് രാജാക്കന്മാർ അൽഫോണ്‍സോയുടെ ഭീഷണിയിൽ നിന്ന് രക്ഷ നേടാൻ അൽമുറാബിത് നേതാവായ യൂസുഫ് ഇബ്നു താഷ്‍ഫീനോട് സഹായം അഭ്യർത്ഥിച്ചു.
ത്വവാഇഫ് രാജാക്കന്മാരുടെ അഭ്യർത്ഥന സ്വീകരിച്ച്, ഇബ്നു താഷ്‍ഫീൻ ഒരു വലിയ സൈന്യവുമായി അൻഡലൂഷ്യയിലേക്കുള്ള പ്രവേശന കവാടമായ ഗ്രീൻ ഐലൻഡിലൂടെ പ്രവേശിച്ചു. യുദ്ധത്തിന് മുമ്പ്, അദ്ദേഹം അൽഫോണ്‍സോ ആറാമന് മുന്നിൽ മൂന്ന് നിർദേശങ്ങൾ വെച്ചു: ഇസ്‍ലാം സ്വീകരിക്കുക, അല്ലെങ്കില്‍ കപ്പം നൽകുക, അതുമല്ലെങ്കിൽ യുദ്ധം ചെയ്യുക. എന്നാൽ അൽഫോണ്‍സോ ഇത് അവഗണിച്ചതോടെ, യുദ്ധം അനിവാര്യമായി. ഹിജ്റ 479-ൽ സ്പെയിനിലെ സല്ലാഖ സമതലത്തിൽ വെച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ, ഇബ്നു താഷ്‍ഫീന്റെ നേതൃത്വത്തിലുള്ള മുസ്‍ലിം സൈന്യം നിർണായക വിജയം നേടുകയും കാസ്റ്റീലിയൻ സൈന്യം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇത് അൻഡലൂഷ്യയിലെ മുസ്‍ലിം ഭരണത്തിന് പുതുനാമ്പുകൾ തളിർക്കാന്‍ കാരണമായി. കാര്യങ്ങള്‍ നിയന്ത്രണത്തിലായതോടെ, അൻഡലൂഷ്യയുടെ ഭരണം തന്റെ സൈന്യാധിപൻ സർ ഇബ്നു അബൂബക്കറിനെ ഏൽപ്പിച്ച് ഇബ്നു താഷ്‍ഫീൻ മൊറോക്കോയിലേക്ക് മടങ്ങി.
സല്ലാഖ യുദ്ധത്തിനുശേഷം, പഴയ വഴികളിലേക്ക് മടങ്ങിയ ത്വവാഇഫ് രാജാക്കന്മാരെ അൽഫോണ്‍സോ വീണ്ടും ആക്രമിച്ചു. ഇതോടെ, ഇബ്നു താഷ്‍ഫീനോട് സഹായം അഭ്യർത്ഥിക്കാൻ അൻഡലൂഷ്യൻ പ്രതിനിധികൾ വീണ്ടും മറാകിഷിലെത്തി. ഹിജ്റ 481-ൽ അദ്ദേഹം അൻഡലൂഷ്യയിൽ വീണ്ടും യുദ്ധത്തിന് നേതൃത്വം നൽകി. ത്വവാഇപ് ഭരണത്തിലെ അരാജകത്വം തിരിച്ചറിഞ്ഞ ഇബ്നു താഷ്‍ഫീൻ മൂന്നാം തവണ അൻഡലൂഷ്യയിലേക്ക് വന്നപ്പോൾ ത്വവാഇഫ് രാജാക്കന്മാരുടെ സഹായമില്ലാതെ നേരിട്ട് ഭരണം ഏറ്റെടുത്തു. ഗ്രാനഡ, മലാഗ, കൊർഡോബ, സെവില്ലെ തുടങ്ങിയ പ്രധാന നഗരങ്ങൾ ഒന്നൊന്നായി അദ്ദേഹം കീഴടക്കി. സെവില്ലെയിലെ ഭരണാധികാരിയായിരുന്ന അൽമുഅ്തമിദ് ഇബ്നു അബ്ബാദിനെ മൊറോക്കോയിലേക്ക് നാടുകടത്തി. തന്റെ മകനായ മുഹമ്മദിനെ കിഴക്കൻ അൻഡലൂഷ്യയുടെ ഗവർണറാക്കിയ അദ്ദേഹം വലൻസിയ ഉൾപ്പെടെയുള്ള നഗരങ്ങളും പിടിച്ചെടുത്തു. സരഗോസയിലെ എമിറേറ്റ് മാത്രമാണ് അദ്ദേഹത്തിന് കീഴടങ്ങാതെ നിന്നത്. ഹിജ്റ 496-ഓടെ അൻഡലൂഷ്യ മുഴുവൻ യൂസുഫ് ഇബ്നു താഷ്‍ഫീന്റെ നിയന്ത്രണത്തിലായി. ഇതോടെ ത്വവാഇഫ് യുഗം അവസാനിച്ചു.
യൂസുഫ് ഇബ്നു താഷ്‍ഫീന്റെ കീഴിൽ അല്‍മുറാബിതീന്‍ സാമ്രാജ്യം തെക്ക് സെനഗൽ മുതൽ വടക്ക് സ്പെയിൻ വരെയും, കിഴക്ക് അൾജീരിയയിലെ ബെജായ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരെയും വ്യാപിച്ചു. ഈ വിശാലമായ സാമ്രാജ്യം സുഡാൻ, ബെർബർ, അറബ് ദേശങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. അബ്ബാസിയ്യ ഖിലാഫത്തിന് കീഴിൽ നിന്ന് കൊണ്ട് തന്നെയാണ് അദ്ദേഹം ഭരണം നടത്തിയത്. അൻഡലൂഷ്യ കീഴടക്കി ഒരു വർഷത്തിനുശേഷം, യൂസുഫ് ഇബ്നു താഷ്‍ഫീൻ രോഗബാധിതനായി. ഹിജ്റ 500 മുഹറം 3-ന് (എ.ഡി. 1106 ജൂലൈ 4) തന്റെ നൂറാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മറാകിഷിലെ കൊട്ടാരത്തിൽ അദ്ദേഹത്തെ അടക്കം ചെയ്യുകയും ചെയ്തു.



Leave A Comment