മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 2)

മഖാസ്വിദുശ്ശരീഅഃ - 2
മഖാസ്വിദിന്റെമുന്‍കാല പണ്ഡിതര്‍

ഒരു വിജ്ഞാന ശാഖയെന്ന നിലയില്‍ മഖാസ്വിദിന്റെ വികാസത്തില്‍ നിര്‍ണായകമായി സ്വാധീനിക്കുകയും സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ചില പണ്ഡിതശ്രേഷ്ഠരെ പരിചയപ്പെടാം. 

1) ഇമാമുല്‍ ഹറമൈന്‍ (റ):
മഖാസ്വിദിലധിഷ്ഠിതമായ ആഴത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ പൂര്‍വ്വകാല പണ്ഡിതരുടെ മുന്‍നിരയിലുള്ളയാളാണ് ഇമാമുല്‍ ഹറമൈന്‍ അബ്ദുല്‍ മലിക് ബ്‌നു യൂസുഫ്  ജുവൈനി (റ). 'അല്‍ ബുര്‍ഹാന്‍ ഫീ ഉസ്വൂലില്‍ ഫിഖ്ഹില്‍' മഖാസ്വിദുമായി ബന്ധപ്പെട്ട പ്രധാനമായ പല കാര്യങ്ങളും അദ്ദേഹം ഉള്‍പെടുത്തിയിട്ടുണ്ട്.
വിശുദ്ധ ദീനിന്റെ സമുന്നത ലക്ഷ്യങ്ങളെ വിശാലാര്‍ത്ഥത്തില്‍ മൂന്ന് വിഭാഗമായി തിരിക്കുന്നു:
1) അത്യാവശ്യങ്ങള്‍ (ളറൂറിയ്യാത്ത്)
2) ആവശ്യങ്ങള്‍  (ഹാജിയ്യാത്ത്)
3) അലങ്കാരങ്ങള്‍ (തഹ്‌സീനിയ്യാത്ത്)
പൂര്‍വകാല പണ്ഡിതരുടെ ഗ്രന്ഥങ്ങളിലും സമകാലിക മഖാസിദ് പഠനങ്ങളിലും നിര്‍ണായകമായി അവലംബിക്കപ്പെടുന്ന മൂല ശിലയാണ് കര്‍മ ശാസ്ത്ര വിധികളിലെ ഈ ത്രയങ്ങള്‍. ഇവയിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടിയ പണ്ഡിതന്‍ മഹാനായ ഇമാം ഹറമൈനിയാണ്. അത്യാവശ്യഗണത്തില്‍ പെടുന്ന ഏതാനും മഖാസ്വിദും, മഖാസ്വിദിന്റെ നിയമങ്ങളും ചില മതവിധികളുടെ പിന്നിലുള്ള ലക്ഷ്യങ്ങളും അദ്ദേഹത്തിന്റെ പഠനങ്ങളില്‍ നമുക്ക് കാണാനാകും.

2) അബൂഹാമിദുല്‍ ഗസാലി (റ):

ഇമാമുല്‍ ഹറമൈനിക്ക് ശേഷം, അവരുടെ ശിഷ്യനും ഇസ്്‌ലാമിക പണ്ഡിത ലോകത്തെ അദ്വിതീയനുമായ ഇമാം അല്‍ഗസാലി (റ) യുടെ രചനകള്‍ മഖാസ്വിദിന്റെ വഴിയിലെ നാഴികക്കല്ലാണ്. ശരീഅത്തിന്റെ ലക്ഷ്യങ്ങളുടെ സംരക്ഷണമാണ് പരമമായ നന്മയെന്ന് അദ്ദേഹം അടിവരയിട്ട് ഓര്‍മപ്പെടുത്തി. മുമ്പ് സൂചിപ്പിച്ചത് പ്രകാരം, ശരീഅത്തിന്റെ പ്രധാന ഉദ്ദേശ്യം പഞ്ച സങ്കല്‍പങ്ങളുടെ പരിരക്ഷയാണെന്ന് പ്രഥമമായി സ്ഥിതീകരിച്ചെഴുതിയത് ഇമാം ഗസാലി(റ)യാണ്. മതം, ജീവന്‍, ബുദ്ധി, കുടുംബം, സമ്പത്ത് എന്നിവയാണ് ഈ അഞ്ച്് കാര്യങ്ങള്‍. മഖാസ്വിദുശ്ശരീഅഃ ഖുര്‍ആനും സുന്നത്തും ഇജ്മാഉം മുഖേനയാണ് നിശ്ചയിക്കപ്പെടുന്നതും അറിയപ്പെടുന്നതുമെന്ന് ഇമാം ഗസാലി (റ) വ്യക്തമാക്കി. മഖാസ്വിദിനോട് എതിരായി നിലകൊള്ളുന്നത് നിഷിദ്ധമാണെന്നും ശരീഅഃയില്‍ അവന് സ്ഥാനമില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഇമാം ഗസാലിയുടെ ഗ്രന്ഥങ്ങളില്‍ കാണാനാവും.

3) അല്‍ ഇസ്സു ബ്‌നു അബ്ദുസ്സലാം (റ)

സുല്‍താനുല്‍ ഉലമാ എന്ന് സ്ഥാനപ്പേരുള്ള അല്‍ ഇസ്സു ബ്‌നു അബ്ദുസ്സലാമിന്റെ രചനകള്‍ മഖാസ്വിദിന്റെ വഴിയിലെ സുപ്രധാനമായ ഒരു സംഭാവനയാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ ഖവാഇദുല്‍ അഹ്കാം ഫീ മസാലിഹില്‍ അനാം എന്ന ഗ്രന്ഥം മഖാസിദ് ചര്‍ച്ചകളിലെ അനിഷേധ്യമായ റഫറന്‍സും അടിസ്ഥാനസ്രോതസ്സുകളിലൊന്നുമാണ്. ഈ ഗ്രന്ഥം ഏതാണ്ട് മസ്്‌ലഹത് (ഗുണം) മഫ്‌സദത് (ദോഷം) എന്ന് ക്ലിപ്തതയോടെ വിശദീകരിക്കുന്നതോടൊപ്പം അതിലെ വ്യത്യസ്ത വിഭാഗങ്ങളും ആ വിഭാഗങ്ങള്‍ക്കിടയിലെ മുന്‍ഗണനാ ക്രമങ്ങളും വളരെ കൃത്യതയോടെ സ്പഷ്ടമാകുന്നു. ഖവാഇദുല്‍ അഹ്കാം ഫീ മസാലിഹില്‍ അനാം ന് ശേഷം  ''മസ്്‌ലഹത്തില്‍'' വിരചിതമാകപ്പെട്ടതെല്ലാം ഈ ഗ്രന്ഥത്തിന്റെ വിശദീകരണമോ അതില്‍ കടം കൊണ്ടുള്ള വ്യാഖാനങ്ങളോ ആണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.
മസ്്‌ലഹതും മഖാസ്വിദും തമ്മിലുള്ള ബന്ധം സുതരാം വ്യക്തമാണ്. അതിലേക്ക് വിരല്‍ ചൂണ്ടുന്ന ഇമാം ഗസാലിയുടെ വിവരണം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ഖുര്‍ആനികാധ്യാപനങ്ങളുടെ സിംഹഭാഗവും ലക്ഷ്യമാക്കുന്നത് മസ്വ്‌ലഹത്തിന്റെയും അതിന്റെ പ്രേരകങ്ങളുടെയും സാക്ഷാത്കാരവും മഫ്‌സദത്തിന്റെയും അതിന്റെ പ്രേരകങ്ങളുടെയും, നിര്‍മാര്‍ജനവുമാണെന്ന് ഇബ്‌നു അബ്ദുസ്സലാം അടിവരയിടുന്നു.
ഇബ്‌നു അബ്ദുസ്സലാം പറയുന്നു ശരീഅ പൂര്‍ണമായും അത് നന്മയുടെ സാക്ഷാത്കാരത്തിനും (ജല്‍ബുല്‍ മസ്വലഹഃ) തിന്മയുടെ വര്‍ജനത്തിനും (ദഫ്ഉല്‍ മഫ്‌സദഃ) നിലകൊള്ളുന്നു. ശരീഅയുടെ അത്യന്തികലക്ഷ്യം മനുഷ്യരോടുള്ള കാരുണ്യവും നന്മയുമാണ്. മനുഷ്യരുടെ ഇടപാടുകളിലും ചുറ്റുപാടിലുമുള്ള മതവിധികളിലും അവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍ സാക്ഷാത്കൃതമാകാനും മസ്്‌ലഹതുകള്‍ കൈവരാനും അല്ലാഹു ഉദ്ദേശിക്കുന്നു. (ഖവാഇദുല്‍ ഫീ മസാലിഹില്‍ അനാം: 1: 175, 2: 122,130).

4) ഇമാം ശാത്വിബി (റ)

മധ്യകാല മുസ്‌ലിം സ്‌പെയ്‌നിലെ വിശ്വോത്തര പണ്ഡിതന്‍ അബൂ ഇസ്ഹാഖ് അല്‍ ശാത്വിബി മഖാസ്വിദില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ അല്‍ മുവാഫഖാത്ത് ഫീ ഉസൂലിശ്ശരീഅഃ എന്ന ഗ്രന്ഥത്തില്‍ വലിയൊരു ഭാഗം മഖാസ്വിദിന്റെ ചര്‍ച്ചകള്‍ക്കായാണ് വിനിയോഗിക്കുന്നത്. അദ്ദേഹത്തിന്റെ രചനകള്‍ക്ക് മുമ്പ് മഖാസ്വിദിനെ വ്യതിരിക്തമായി തന്നെ ചര്‍ച്ചചെയ്യുന്ന ഗ്രന്ഥങ്ങള്‍ അറിവിലില്ല. കൃത്യമായി പറഞ്ഞാല്‍ ഇമാം ശാത്വിബിയാണ് മഖാസ്വിദെന്ന അനര്‍ഘശേഖരത്തിന്റെ പൂട്ട് തുറന്ന്, കെട്ടുകളഴിച്ച്, മസ്അലകള്‍ വിശദീകരിച്ച്, നിബന്ധനകള്‍ വ്യക്തമാക്കി, പാഠങ്ങളായി തിരിച്ച് മഖാസ്വിദിനെ അവതരിപ്പിച്ച പ്രഥമ പണ്ഡിതന്‍. ഈ ഉദ്യമത്തില്‍ അദ്ദേഹം പൂര്‍വ്വ കാല പണ്ഡിതരുടെ രചനകളും സംഭാവനകളും അവലംബിച്ചുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്്‌ലാമിയ്യ എന്ന വിജ്ഞാനശാസ്ത്രത്തിലെ അനിഷേധ്യമായ നാല് പണ്ഡിതരെയാണ് ഇതു വരെ പരാമര്‍ശിച്ചത്. ഇവരെക്കൂടാതെ പൂര്‍വ്വകാല-സമകാലിക പണ്ഡിതരില്‍ അനേകം വ്യക്തിത്വങ്ങള്‍ ഈ മേഖലയില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്. പൂര്‍വ്വകാല പണ്ഡിതരില്‍ നിന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടവരാണ് മുഹമ്മദ് ബ്‌നു ഉമര്‍ അല്‍ ഖറാഫീ, ഇബ്‌നു തൈമിയ്യ, അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്‌നുല്‍ഖയ്യിം, സുലൈമാന്‍ അല്‍ തൂഫി തുടങ്ങിയ പണ്ഡിതര്‍.
ഇമാം ശാത്വിബിക്ക് ശേഷം മഖാസ്വിദില്‍ കേന്ദ്രീകരിച്ച് നിസ്തുലസംഭാവനള്‍ നടത്തിയ പണ്ഡിതനാണ് മുഹമ്മദ് അല്‍താഹിര്‍ ബിന്‍ ആശൂര്‍, അദ്ദേഹത്തിന്റെ മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്്‌ലാമിയ്യ എന്ന ഗ്രന്ഥം മഖാസ്വിദ് പഠനത്തിലെ പ്രമുഖ റഫറന്‍സാണ്. അവര്‍ക്ക് ശേഷം അല്ലാല്‍ ഫാസി, അഹ്മദ് റയ്‌സൂനി പോലുള്ള പണ്ഡിതരും സമകാലികരായ അനേകം പണ്ഡിതരും മഖാസ്വിദ് അവലംബിച്ച് ഗവേഷണപഠനങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും കോണ്‍ഫറന്‍സുകളിലൂടെയും ഏറെ ഉപകാരപ്രദമായ സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.
ചുരുക്കത്തില്‍, മഖാസ്വിദ് ഖുര്‍ആനിലും സുന്നത്തിലും വിവിധ സ്ഥലങ്ങളിലായി പരാമൃഷ്ടമായ ആശയമാണ്. മാത്രമല്ല, ഇത് പുതിയകാലത്തെ പണ്ഡിതരുടെ കണ്ടുപിടുത്തമല്ല . മറിച്ച് പൂര്‍വ സൂരികളായ പണ്ഡിതരിലൂടെ ഘട്ടം ഘട്ടമായി വികസിച്ചുവന്ന ജ്ഞാനമേഖലയാണ്. എന്നാല്‍, സമകാലിക ലോകത്തിലെ വെല്ലുവിളികളെ പ്രതിരോധിക്കാനും പുതിയകാലത്തെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുമായി ആധുനിക കര്‍മശാസ്ത്രജ്ഞര്‍ മുമ്പൊന്നുമില്ലാത്തവിധം ഇതിനെ അവലംബിക്കുന്നുവെന്നത് പരമയാഥാര്‍ത്ഥ്യമാണ്.
മതവിധികള്‍ക്ക് ലക്ഷ്യങ്ങളോ.?!
ഖുര്‍ആനിലും സുന്നത്തിലും ഗവേഷണം നടത്തുന്ന ആര്‍ക്കും ധാരാളം മഖാസ്വിദുകള്‍ ഗ്രഹിക്കാനും ശരീഅത്തിന്റെ സംസ്ഥാപനത്തിന് പിന്നില്‍ സര്‍വശക്തനായ തമ്പുരാന്‍ നിശ്ചയിച്ച സമുന്നത ലക്ഷ്യങ്ങള്‍ കണ്ടെത്താനും സാധിക്കും. അല്ലാഹു തആല സൃഷ്ടികളുടെ നന്മക്ക് വേണ്ടിയാണ് മതവിധികള്‍ നിര്‍ണയിച്ചിട്ടുള്ളതെന്ന് ആഴത്തിലുളള പഠനങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഇമാം ബൈളാവി (റ) തന്റെ മിന്‍ഹാജില്‍ വ്യക്തമാക്കുന്നു. മനുഷ്യ നന്മ എന്ന സാര്‍വ ലൗകിക സങ്കല്പത്തിന്റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടിയാണ് ഇസ്‌ലാമിക ശരീഅത്ത് നില കൊള്ളുന്നത് എന്നാണ് ഇതിന്റെ വിവക്ഷ. (അല്‍മിന്‍ഹാജ്: 233). 
ഖുര്‍ആനും സുന്നത്തും വിധികള്‍ക്ക് പിന്നിലുള്ള യുക്തികളെയും ലക്ഷ്യങ്ങളെയും ധാരാളമായി വിശദീകരിക്കുന്നുവെന്നും സൃഷ്ടിപ്പിന്റെയും മതവിധികളുടെയും കാരണങ്ങള്‍ വിശദീകരിക്കുന്ന ആയിരത്തിലധികം സന്ദര്‍ഭങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലുമുണ്ടെന്നും ഇബ്‌നുല്‍ ഖയ്യിം സാക്ഷ്യപ്പെടുത്തുന്നു. (മിഫ്താഹു ദാരിസ്സആദഃ: 407).


Also Read:മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 1)


ഖുര്‍ആനിലൂടെ അല്ലാഹു തന്നെ ഹകീം (യുക്തിശാലി) എന്ന് തുടരെത്തുടരെ പരിചയപ്പെടുത്തുന്നത് അവന്റെ കല്‍പനകളും വിധികളും ഹിക്മത്തുകള്‍ കൊണ്ട് സമ്പന്നമാണെന്നതിനുള്ള പ്രബലമായ  തെളിവുകളാണ്. അല്ലാഹുവിന്റെ വിധികള്‍ക്ക് കൃത്യമായ യുക്തിയും നിര്‍ണിതമായ ലക്ഷ്യങ്ങളുമുണ്ട്. ആ ലക്ഷ്യം മാനവിക കുലത്തിന്റെ ഐഹിക പാരത്രികമായ സമ്പൂര്‍ണ വിജയമാണ്.
അല്ലാഹു സ്വയം വിശേഷിപ്പിക്കുന്നത് കാരുണ്യവാന്മാരുടെ കൂട്ടത്തിലെ ഏറ്റവും വലിയ കാരുണ്യവാന്‍എന്നാണ.് കാരുണികരില്‍ അത്യുത്തമനായ കാരുണികനാണല്ലോ നീ (അല്‍ മുഅ്മിനൂന്‍: 109), എന്റെ കാരുണ്യം സകല വസ്തുക്കളെയും ചൂഴ്ന്നു നില്ക്കുന്നുവത്രെ (അല്‍ അഅ്‌റാഫ്: 156) തുടങ്ങിയ സൂക്തങ്ങള്‍ മേലുദ്ധൃത ആശയം പ്രഘോഷിക്കുന്നു. 
അല്ലാഹു മനുഷ്യര്‍ക്കായി സൃഷ്ടിച്ചതിലൂടെയും സംവിധാനിച്ചതിലൂടെയും നിരോധിച്ചതിലൂടെയും സര്‍വേശ്വരനായ തമ്പുരാന്റെ കാരുണ്യ വര്‍ഷത്തിന്റെ പുലര്‍ച്ചകളാണ് സംജാതമാകുന്നത്. അത്‌കൊണ്ട് തന്നെ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് പിന്നിലെ മസ്‌ലഹതും ഹിക്മതും നിഷേധിക്കുന്നത് അവന്റെ കാരുണ്യത്തിന്റെ ആത്മാംശങ്ങളെ നിരാകരിക്കുന്നതിന് തുല്യമാണ്. പ്രവാചകരെ അഭിസംബോധനം ചെയ്ത് ലോകര്‍ക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അങ്ങയെ നാം നിയോഗിച്ചത് (അല്‍-അമ്പിയാഅ്:107) എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതിലൂടെ ഈ ആശയമാണ് പ്രഘോഷിക്കുന്നത്. അതിനര്‍ത്ഥം, ആ പ്രവാചകരിലൂടെ നിയമമാക്കിയ സര്‍വ്വ കാര്യങ്ങളുടെയും മൂലശില കാരുണ്യമാണെന്ന് കൂടിയാണ്.
കൂടാതെ ഖുര്‍ആനില്‍ പല കല്‍പനകളോടൊപ്പം അല്ലാഹു ''എന്തിന് വേണ്ടി'',  ''എന്ത് കാരണം കൊണ്ട് '' ആ നിയമം കല്പിച്ചു എന്ന് വിശദീകരിക്കുന്നത് കാണാം. ഉദാഹരണത്തിന് ചില സൂക്തങ്ങള്‍ താഴെ ചേര്‍ക്കുന്നു.


1) ഇവ്വിധം നാം നിങ്ങളെ (മുസ്‌ലിംകളെ) ഒരു മിതസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോക ജനങ്ങള്‍ക്കു സാക്ഷികളാകുന്നതിനു വേണ്ടി; ദൈവദൂതന്‍ നിങ്ങള്‍ക്ക്് സാക്ഷിയാകാന്‍ വേണ്ടിയും. മുമ്പ് നിങ്ങള്‍ തിരിഞ്ഞ ദിക്കിനെ നാം ഖിബ്‌ലയാക്കി നിശ്ചയിച്ചത്, ദൈവദൂതനെ പിന്തുടരുന്നവരെയും പിന്തിരിഞ്ഞുപോകുന്നവരെയും വേര്‍തിരിച്ചു കാണാന്‍ വേണ്ടി മാത്രമായിരുന്നു. (അല്‍ ബഖറ: 143)

2)  നിങ്ങള്‍ എവിടെയായിരുന്നാലും മുഖങ്ങള്‍ തിരിക്കേണ്ടത് അതിന്റെ (മസ്ജിദുല്‍ ഹറാം) ഭാഗത്തേക്കാകുന്നു. അങ്ങനെ നിങ്ങള്‍ക്കു പ്രതികൂലമായി അധര്‍മ കാരികളല്ലാത്ത ആളുകള്‍ക്ക് യാതൊരു ന്യായീകരണവും ഉണ്ടാകാതിരിക്കാനാണത്. (അല്‍ ബഖറ: 150)

3) നിങ്ങള്‍ക്ക് ആശ്വാസമാണ് ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ (നോമ്പിന്റെ) എണ്ണം പൂര്‍ത്തീകരിക്കുന്നതിനും നേര്‍മാര്‍ഗത്തിലാക്കിയതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുവാനും കൃതജ്ഞത പ്രകാശിപ്പിക്കാനുമാണ് ഈ ശാസനം. (അല്‍ ബഖറ: 185)
4) പ്രവാചകാ നാമിതാ ഈ വേദം സത്യസമേതം നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അത്, അല്ലാഹു കാണിച്ചുതന്നതുപ്രകാരം താങ്കള്‍ ജനത്തിനിടയില്‍ വിധി കല്‍പിക്കേണ്ടതിനാകുന്നു. (അല്‍ നിസാഅ്: 105)
5) ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചക ദൗത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (അല്‍ നിസാഅ്: 165)
6) അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്. (അല്‍ മാഇദ : 6)
മുന്‍പറഞ്ഞ ആയത്തുകളിലെല്ലാം ഉപയോഗിക്കപ്പെട്ട അറബി അക്ഷരമായ ''ലാം'' വേണ്ടി, കാരണം തുടങ്ങിയ ആശയങ്ങളെ ദ്യോതിപ്പിക്കാനുള്ളതാണെന്ന് (ലാമുത്തഅ്‌ലീല്‍) പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ലാമിനു മുമ്പ് പറഞ്ഞ ആശയത്തിന്റെ ഫലം അല്ലെങ്കില്‍ അനുരൂപം വിശദീകരിക്കാന്‍ വേണ്ടിയാണെന്നും മറ്റുചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്.
ഈ വിധം, കര്‍മങ്ങളിലും ആജ്ഞാപനങ്ങളിലും കുടികൊള്ളുന്ന യുക്തിയും ലക്ഷ്യവും വ്യക്തമാക്കുന്ന മറ്റനേകം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കണ്ടെത്താനാകും.
7) ഇക്കാരണത്താല്‍, ഇസ്രായേല്‍ വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും  ജീവിതം നല്‍കിയതുപോലെയുമാകുന്നു. (അല്‍ മാഇദ: 32)
8) (സമ്പത്ത്) നിങ്ങളിലെ സമ്പന്നര്‍ക്കിടയില്‍ മാത്രം വിനിമയം ചെയ്യപ്പെടാതിരിക്കാനാണിത്. (അല്‍ ഹശ്‌റ്: 7)
9) വീട്ടില്‍ കയറുന്നതിന് മുമ്പ് സമ്മതം ചോദിക്കണമെന്ന നിയമം കാഴ്ചയുടെ കാരണം (വീട്ടുകാര്‍ക്കിഷ്ടമില്ലാത്തത് കാണുന്നതിന് കാരണമാകും) എന്നത് കൊണ്ടാണെന്ന ഹദീസും മേല്‍ പറഞ്ഞതിന് തെളിവാണ്.


ഖുര്‍ആനിനെ അല്ലാഹു പരിചയപ്പെടുത്തുന്നത് ഉടമസ്ഥനായ റബ്ബ് തന്റെ സൃഷ്ടിജാലങ്ങള്‍ക്ക് നല്‍കുന്ന ഉപദേശവും, രോഗശമനവും, സന്‍മാര്‍ഗദര്‍ശനവും, ഔദാര്യവും, കാരുണ്യവുമായി വന്ന അനര്‍ഘ ഗ്രന്ഥമായിട്ടാണ്.
അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്കു റബ്ബിങ്കല്‍നിന്നുളള ഉപദേശം ലഭിച്ചുകഴിഞ്ഞു. അത് മനസ്സിലുളള രോഗങ്ങള്‍ക്ക്  ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക്, സന്മാര്‍ഗദര്‍ശിയും അനുഗ്രഹവുമാകുന്നു. പറയുക: അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന്‍ ഇതയച്ചുതന്നത്. ഇതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു. അത് ജനം ശേഖരിച്ചുകൊണ്ടിരിക്കുന്ന സകല വിഭവങ്ങളെക്കാളും ഉല്‍കൃഷ്ടമായതാകുന്നു. (യൂനുസ് :57). 
മറ്റൊരു സ്ഥലത്ത് , സത്യത്തോടെയും നീതിയോടെയുമുള്ള ഗ്രന്ഥത്തെ ഇറക്കിയവന്‍ അല്ലാഹുവാണെന്ന് (അല്‍ ശൂറാ : 17) കാണാന്‍ സാധിക്കും. ഈ ഖുര്‍ആനിക സൂക്തങ്ങള്‍ ഖുര്‍ആനിന്റെ പരമലക്ഷ്യങ്ങളിലേക്കും ആ ലക്ഷ്യസാക്ഷാത്കാരത്തിലൂടെ സംജാതമാകുന്ന മാനവകുലത്തിന്റെ നന്മകളിലേക്കും വെളിച്ചം വീശുന്നു. ഐഹിക പാരത്രിക ലോകങ്ങളില്‍ മനുഷ്യരിലേക്ക് നന്മകളും ഉപകാരങ്ങളും അടുപ്പിക്കുകയും തിന്മകളും വൈഷമ്യങ്ങളും അകറ്റലുമാണ് ഇസ്‌ലാമികശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും സ്പഷ്ടമാകുന്നു.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter