ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍
ഹിജ്‌റ 1334 റമളാന്‍ 14-ാം തീയ്യതിയാണ് ചാപ്പനങ്ങാടിക്കടുത്ത പറങ്കിമൂച്ചിക്കല്‍ എറിയാടന്‍ വെള്ളേങ്ങര ഹസന്‍ മുസ്‌ലിയാരുടെ പുത്രനായി ശൈഖുനാ മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍ ജനിച്ചത്. കൊല്ലംതൊടി ബിയ്യ എന്ന മഹതിയാണ് മാതാവ്. പിതാവ് ഹസന്‍ മുസ്‌ലിയാര്‍ അക്കാലത്തെ പ്രമുഖ പണ്ഡിതരിലൊരാളായിരുന്നു. മതപ്രസംഗരംഗത്ത് അന്നത്തെ ആളുകള്‍ക്ക് സുപരിചിതനായ വ്യക്തിയുമായിരുന്നു അദ്ദേഹം. വിവിധ ഫന്നുകളില്‍ വിശിഷ്യാ ഫിഖ്ഹില്‍ സാമര്‍ത്ഥ്യം നേടിയിരുന്ന അദ്ദേഹത്തിന്റെ ആകര്‍ഷകമായ മതപ്രസംഗം ധാരാളമാളുകള്‍ക്ക് സന്മാര്‍ഗ്ഗവും, വിജ്ഞാനവും പ്രദാനം ചെയ്തിരുന്നു. താനൂര്‍ അബ്ദുര്‍ റഹ്മാന്‍ ശൈഖ് അവര്‍കളുടെ ശിഷ്യത്വം നേടാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം അറിയപ്പെട്ടൊരു നഖ്ശബന്തി ത്വരീഖത്തുകാരനായിരുന്നു.
പിതാവിനെപ്പോലെ തന്നെ ശ്രേഷ്ഠതയുടെ വിളനിളമായിരുന്നു ശൈഖുനായുടെ മാതാവും. തഹജ്ജൂദ് നിസ്‌കാരം പതിവാക്കിയിരുന്ന മഹതി മിക്കപ്പോഴും സുന്നത്തുനോമ്പനുഷ്ഠിക്കുകയും മറ്റാരാധനാ കര്‍മ്മങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തുപോന്നു. അനുഗ്രഹീതരായ മാതാപിതാക്കളെക്കൊണ്ട് സൗഭാഗ്യം നേടിയ ശൈഖുനാക്ക് പക്ഷെ, ബാപ്പയുടെ ശിക്ഷണം കൂടുതല്‍ കാലം ലഭിക്കുകയുണ്ടായിട്ടില്ല. മാപ്പിള ലഹളയുടെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിതാവ് ഹസന്‍ മുസ്‌ലിയാര്‍ പരലോകപ്രാപ്തനായി. അന്ന് ശൈഖുനാക്ക് 6 വയസ്സായിരുന്നു പ്രായം. ദീര്‍ഘദര്‍ശിനിയായ മാതാവ് കുട്ടിയെ വീട്ടില്‍ നിന്നു തന്നെ ഖുര്‍ആനും, മറ്റു പ്രാഥമിക കാര്യങ്ങളും പഠിപ്പിച്ചു. പിന്നീട് ഒമ്പതാം വയസ്സില്‍ ഒതുക്കുങ്ങല്‍ ദര്‍സില്‍ കൊണ്ടുപോയി ചേര്‍ത്തു. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരായിരുന്നു അവിടത്തെ ഉസ്താദ്. അതിനുശേഷം പാലച്ചിറമാട്, മമ്പാട്, നാദാപുരം, മണ്ണാര്‍ക്കാട്, ചാപ്പനങ്ങാടി, കരിങ്കപ്പാറ എന്നീ സ്ഥലങ്ങളിലെ പ്രധാന ദര്‍സുകളില്‍ നിന്ന് ഉപരിപഠനം നേടുകയുണ്ടായി. ഇക്കാലയളവില്‍ പണ്ഡിതശ്രേഷ്ഠരായ മുഹമ്മദ് ഹസന്‍ മുസ്‌ലിയാര്‍, മമ്മുഞ്ഞി മുസ്‌ലിയാര്‍, കുഞ്ഞലവി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരുടെ പക്കല്‍ നിന്ന് വിജ്ഞാനം കരഗതമാക്കി.
ഓരോ വിഷയങ്ങള്‍ പഠിക്കാന്‍ അതില്‍ പ്രാവീണ്യം നേടിയ ആളുകളെ സ്വീകരിക്കുന്ന സമ്പ്രദായം ശൈഖുനായും സ്വീകരിച്ചിരുന്നു. വര്‍ഷങ്ങളോളം വിവിധ ദര്‍സുകളില്‍ ചെലവഴിച്ച ശൈഖുനായോട് വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോകാന്‍ മര്‍ഹും പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതനുസരിച്ച് ഉപരിപഠനയാത്രക്കൊരുങ്ങിയ കഥാപുരുഷനു ടൈഫോയ്ഡ് പിടിപെടുകയും ആ മഹല്‍ സംരംഭം അങ്ങനെ മുടങ്ങിപ്പോവുകയും ചെയ്തു. മഹാന്മാരായ പണ്ഡിതശ്രേഷ്ഠരില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത വൈജ്ഞാനിക കലവറ അടച്ചുപൂട്ടി വെക്കാനല്ല ശൈഖുനാ ആഗ്രഹിച്ചത്. പ്രധാനപ്പെട്ട പല സ്ഥലങ്ങളിലും അദ്ദേഹം മുദര്‍റിസായി സേവനമനുഷ്ഠിച്ചു. കോട്ടക്കല്‍, പാലപ്പറ്റ, മാനന്തേരി, പാനൂര്‍ കൈവേലിക്കല്‍ മുതലായ സ്ഥലങ്ങള്‍ ശൈഖുനായെ മുദര്‍റിസായി സ്വീകരിച്ച് അനുഗ്രഹീതമായവയാണ്. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാരില്‍ നിന്ന് എല്ലാ ഇജാസത്തുകളും വാങ്ങി പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ശൈഖ് മക്കയിലെ പ്രസിദ്ധവലിയ്യ് ആയിരുന്ന ഹസ്ബുല്ലാ (റ) ആയിരുന്നു.
ആലുവാ അബൂബക്കര്‍ മുസ്‌ലിയാര്‍, അശ്ലൈഖ് ബര്‍ദാന്‍ തങ്ങള്‍ തുടങ്ങിയവരുമായി ബന്ധപ്പെടാനായി ശൈഖനാ അവരുടെ പ്രദേശങ്ങളില്‍ മദ്‌റസ മുഅല്ലിമായി പോലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും, പുറത്തുമുള്ള നിരവധി മസാറുകള്‍ ശൈഖുനാ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകളില്‍ മിക്കതും പദയാത്രകളായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തി. ജനങ്ങള്‍ ആദരപൂര്‍വ്വം സ്വീകരിച്ചു. ഖാദിരി, റിഫാഈ, ചിശ്ത്തി, നഖ്ശബന്തി, ശാദുലി, ബാഅലവി, ഖുള്‌രി തുടങ്ങിയ അനവധി ത്വരീഖത്തുകളുടെ ശൈഖായിരുന്നു ബാപ്പു മുസ്‌ലിയാര്‍. പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക യതീംഖാന ചേരൂര്‍, കരുവാരക്കുണ്ട് ദാറുന്നജാത്ത്, മണ്ണാര്‍ക്കാട് ദാറുന്നസജാത്ത്, കാവനൂര്‍ മജ്മഅ് തുടങ്ങിയ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും, ഉയര്‍ച്ചയിലും ശൈഖുനായുടെ ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1398 ദുല്‍ഹിജ്ജ 26 (1978 നവംബര്‍ 27) തിങ്കളാഴ്ച ശൈഖുനാ വഫാത്തായി. പറങ്കിമൂച്ചിക്കല്‍ പള്ളിയുടെ സമീപമാണ് മഖ്ബറ.
Leave A Comment