തസ്‌ലീമ നസ്രിൻ എഴുത്തുകാരിയല്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു?
ഏറെ ചിന്തോദ്ധീപകമായ ഒരു ജിബ്രാൻ കഥയുണ്ട്. പൂവാടിയിൽ ഒട്ടേറെ പൂവുകളുണ്ടായിട്ടും നിത്യവും തന്റെ കൂമ്പിൽ നിന്ന് മാത്രം തേൻ നുകരുന്ന വണ്ടിനെ കുറിച്ച് കാറ്റിനോട് പരിഭവം പറയുകയാണ് ഒരു പൂവ്. പരിഹാരമെന്നോണം കാറ്റ് പറഞ്ഞതിങ്ങനെയാണ്: നിന്റെ രേണുക്കൾ പൂവാടിയുടെ പലയിടങ്ങളിലായി ഞാൻ പരാഗണം ചെയ്യാം. വണ്ടിന് തേൻ ആസ്വദിക്കാൻ ഒരുപാട് ഇടങ്ങളുണ്ടാവുകയും നിനക്ക് നിന്റെ പരിഭവം കുറയുകയും ആവാമല്ലോ.തസ്‌ലീമ നസ്രിന്റെ ഏറ്റവും പുതിയ ഇസ്ലാം വിരുദ്ധ പരാമർശം കാണുമ്പോൾ ഈ കഥ അനുസ്മര്യമാവുന്നത് സ്വാഭാവികമാണ്. ഇസ്‌ലാം വിരുദ്ധത മതമായി അനുഷ്ഠിക്കുന്ന തസ്ലീമക്ക് ഇസ്‌ലാമിനെ 'ചൊറിയാൻ' കിട്ടുന്ന അവസാന ആയുധമായിരിക്കില്ല മുഈൻ അലിക്കെതിരെയുള്ള തീവ്രവാദ ആരോപണം. അത് പക്ഷെ അവരുടെ മിടുക്കല്ലെന്നും ഇസ്‌ലാം എന്ന മതത്തിന്റെ ബഹുലതയുടെ പ്രതിപ്രവർത്തനമാണെന്നും മനസ്സിലാക്കാൻ ആഗോളാടിസ്ഥാനത്തിൽ അവരുണ്ടാക്കിയെന്ന് പറയപ്പെടുന്ന ഇമ്പാക്ട് മാത്രം ശ്രദ്ധിച്ചാൽ മതി. ഒരു നോവലെഴുത്തുകാരിയുടെ ജല്പനങ്ങളിൽ നിന്ന് മഞ്ഞപ്പത്രക്കാരന്റെ തലക്കെട്ടിന്റെ നിലവാരത്തിലെത്തി നിൽക്കുന്നു നിലവിൽ ആ ഇമ്പാക്ട്.
' കളിക്കാരനായിരുന്നില്ലെങ്കിൽ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മുഈൻ അലി ഐസിസിൽ പോവുമായിരുന്നു എന്ന അവരുടെ അവസാനത്തെ സ്റ്റേറ്റ്മെന്റ് ശ്രദ്ധിക്കുക. സ്പോട്ലൈറ്റ് എഫക്ട് എന്ന ആദ്യന്തം തസ്ലീമ ഉപയോഗിക്കുന്ന മാർക്കറ്റിങ് തന്ത്രം തന്നെയാണ് ഉള്ളടക്കത്തിൽ അതും. എന്നാൽ രണ്ട് രീതിയിൽ പഴയ കാല പരാമർശങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാവുന്നുണ്ട്. ഒന്ന്,ആദ്യകാലത്തേത് കുറച്ചെങ്കിലും സംവാദാത്മകയിരുന്നെങ്കിൽ ഇപ്പോഴത്തേത് തീർത്തും അപഹാസ്യമാണ്. ധാക്ക കലാപത്തോടനുബന്ധിച്ച് അവർ നടത്തിയ ' വെടിക്കോപ്പിനേക്കാൾ മുസ്ലിംകൾക്ക് പ്രിയം വടിവാളിനോടാണ്, കാരണം അള്ളാഹു അതുപയോഗിക്കാനാണ് ആഹ്വാനം ചെയ്യുന്നത് എന്ന പ്രസ്താവന സംവാദവേദികളിൽ ഇസ്‌ലാം അഡ്രെസ്സ് ചെയ്യുന്ന, നിലവാരമുള്ള ആരോപണമാണ്. വിശുദ്ധ ഖുർആനിലെ ജിഹാദിനെ ആഹ്വാനം ചെയ്യുന്ന സൂക്തങ്ങളെ ആധാരമാക്കി കാലാകാലങ്ങളിൽ അവർ തന്നെ ഉയർത്തിവിട്ട ഇതര പ്രസ്താവനകളെയും അക്കൂട്ടത്തിൽ കാണാം. ആഗോള ശ്രദ്ധ പിടിച്ച് പറ്റുവാൻ തസ്ലീമക്കാണിത് കൂടുതൽ ഉപകരിച്ചെങ്കിലും നിയതമായ നിയമ നിർവ്വഹണ ബോധമുള്ള മതമെന്ന നിലയിൽ ഇസ്‌ലാം കൂടുതൽ വായിക്കപ്പെട്ടു എന്നൊരു ഗുണം അവയ്ക്കവകാശപ്പെടാം.എന്നാൽ പുതിയ പ്രസ്താവന ഇത്തരത്തിലുള്ള എന്ത് ധർമ്മമാണ് നിർവ്വഹിക്കുന്നത്? പല നിലക്കുള്ള തന്റെ ഇച്ഛാഭംഗം തീർക്കാനുള്ള ഒരു അപശബ്ദം എന്നതിൽ കവിഞ്ഞ് അർത്ഥമെത്ര തിരഞ്ഞാലും കിട്ടില്ല അതിൽ. രണ്ട്, തന്നെ എതിർക്കുന്നവർ മതമൗലിക വാദികൾ മാത്രമാണ് എന്ന് മുമ്പ് അവർക്ക് ന്യായം പറയാമായിരുന്നെങ്കിൽ ദൗർഭാഗ്യവശാൽ ഇപ്പോഴതിന് തരമുണ്ടാവില്ല. മഹോൽപതിഷ്ണുക്കളായ തന്റെ തന്നെ 'മത'ക്കാരാണ് ഇക്കാര്യത്തിൽ തസ്ലീമയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സംഗതി വഷളായതോടെ ട്വീറ്റ് പിൻവലിച്ച് അത് വെറുമൊരു തമാശയായിരുന്നു എന്ന് കൂടെ അവർ പറഞ്ഞതോടെ ലോകത്തിന് മുന്നിൽ ഇളിഭ്യയായി നിൽക്കുന്നത് തസ്ലീമയല്ല, അവരെ ഇത്രയും കാലം നെഞ്ചേറ്റിയവരായിരിക്കും. 'ഈ തമാശ കേട്ട് ഞങ്ങൾക്കാർക്കും ചിരി വരുന്നില്ലല്ലോ' എന്ന ജോഫ്ര ആർച്ചരുടെ മറുപടി മേൽ പറഞ്ഞ സ്പോട്ലൈറ്റ് എഫക്ടിനേറ്റ ആഘാതമായും കാണാം.
Also Read:ഐ.എസിനെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല
മുഈൻ അലിയിലേക്ക് വരാം. തന്റെ വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം നീട്ടി വളർത്തിയ താടി മാത്രമാണ് തസ്ലീമയെ അസ്വസ്ഥമാക്കിയത് എന്ന് കരുതാനാവില്ല. അദ്ദേഹത്തിന്റ പൂർവ്വികരുടെ പാകിസ്ഥാൻ ബന്ധവും അദ്ദേഹം ഗ്രൗണ്ടിലും പുറത്തും പുലർത്തുന്ന മത കാർക്കശ്യവും തസ്ലീമക്ക് രസിക്കുന്നുണ്ടാവില്ല. ഈ രസക്കേടാണ് അവരിൽ നിന്ന് ഒരു നനഞ്ഞ പടക്കമായി വമിഞ്ഞ് പോന്നത്. ഒരുപക്ഷെ,വിക്കറ്റെടുക്കുമ്പോഴോ സെഞ്ചുറി നേടുമ്പോഴോ മറ്റു കളിക്കാരെ പോലെ വന്യമായി സെലിബ്രേറ്റ് ചെയ്യുന്ന ഒരാളാണ് മുഈൻ അലി എങ്കിലൊന്ന് സങ്കൽപ്പിച്ച് നോക്കൂ. ആ സെലിബ്രേഷൻ പോലും ഇവർക്ക് ജിഹാദെയേനെ. മുഈൻ അലിക്കെതിരെ ഒരു ചാവേറാവാനും അപ്പോഴവർ മടിക്കില്ല. സത്യത്തിൽ മുഈൻ അലിയുടെ താടി തന്റെ മുഖത്ത് കയറ്റി വെച്ച് ചൊറിയുന്നതിൽ കവിഞ്ഞൊന്നും ഇക്കാര്യത്തിൽ തോന്നേണ്ടതില്ല. നേരത്തെ, എ.ആർ റഹ്‌മാന്റെ മകൾ ഖദീജ ധരിച്ച ബുർഖയിലും സമാനമായ അസ്വസ്ഥത ഇവർ പ്രകടിപ്പിച്ചിരുന്നു. എ.ആർ റഹ്‌മാന്റെ സംഗീതം എനിക്കിഷ്ടമാണെങ്കിലും അവരുടെ മകൾ ധരിച്ച ബുർഖയെന്നെ ഭയ വിഹ്വലയാക്കുന്നു എന്ന പ്രസ്താവന തന്റെ സ്വാതന്ത്ര്യ ബോധം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള താത്പര്യമല്ലാതെ മറ്റെന്താണ്? തിരിച്ച്, തസ്ലീമയുടെ സൗന്ദര്യ വർദ്ധകവസ്തുക്കൾ തന്നെ അസ്വസ്ഥയാക്കുന്നു എന്ന് ഖദീജ പറഞ്ഞിരുന്നുവെങ്കിൽ എന്താകുമായിരുന്നു പുകിൽ?
തത്വത്തിൽ, ലൈംലൈറ്റിൽ സജീവമായി നിൽക്കാൻ അവർ കാണിക്കുന്ന പെടാപാട് മാത്രമാണ് ഈ പരാമർശങ്ങൾ. ജിഹാദീ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളെ ഇസ്‌ലാം വത്ക്കരിക്കാൻ വേഗപ്പെട്ട് പേന തിരയുന്ന ഇവർക്ക് ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ പള്ളിയിലും ലിൻവുഡ് ഇസ്‌ലാമിക് സെന്ററിലുമടക്കം മറ്റു മത നാമധാരികൾ നടത്തിയ ആക്രമണങ്ങളിൽ ഒട്ടും അപായം തോന്നാറില്ല. സരിയ വസീം അഭിനയം നിർത്തുന്നത് ഇവർക്ക് മോറോണിക് ഡിസിഷൻ ആണെങ്കിൽ ബോളിവുഡ് ലോകത്ത് നടക്കുന്ന വേണ്ടാതീനങ്ങൾ ഇവരെ ഒട്ടും അസ്വസ്ഥമാക്കുന്നില്ല. ഈ ഏകപക്ഷീയമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടാൻ പുതിയ പരാമർശം സഹായകമായി എന്ന് വേണമെങ്കിൽ കരുതാം. എതിരെ വരുന്ന വിമർശനങ്ങളെ കായികമായെന്നല്ല, ആ വിമർശനങ്ങളുടെ നിലവാരത്തിൽ കുറഞ്ഞ് പോലും അഡ്രെസ്സ് ചെയ്യുന്ന രീതി ഇസ്‌ലാമിനില്ല. ആൽബർട്ട് കാമുവുനെയും റിച്ചാർഡ് ഡോക്കിൻസിനേയും സാം ഹാരിസിനേയും ക്രിസ്റ്റഫർ ഹിച്ചൻസിനേയും ബൗദ്ധികമായി ഇസ്‌ലാം ഇപ്പോഴും അഡ്രെസ്സ് ചെയ്യുന്നത് ഇത് കൊണ്ടാണ്. എന്നാൽ വില കുറഞ്ഞ പ്രസ്താവനകൾ കൊണ്ട് മുസ്ലിം വിരുദ്ധരുടെ കയ്യടി നേടാൻ പണിപ്പെടുന്നവരോട് ഒരു ചോദ്യം മാത്രമായിരിക്കും ഉപചാരം. 'നിങ്ങൾ മുസ്ലിം വിരുദ്ധരായിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു?'
Leave A Comment