image

നമുക്ക് ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്... അബ്ദുറഹ്മാന്‍ അസ്‍ലമി

ഇത് അബ്ദുറഹ്മാന്‍ അസ്‍ലമി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പൂന്താവനം മഹല്ലിലെ ഖതീബും ഇമാമുമാണ് ഇദ്ദേഹം. സാധാരണ ഇമാമുമാരില്‍ നിന്ന് വ്യത്യസ്തമായി, നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ ആലോചിച്ച് നടപ്പിലാക്കുകയും നാട്ടുകാരുടെ സര്‍വ്വതോന്മുഖ പുരോഗതിയിലും സജീവമായി ഇടപെടുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്. മറ്റുള്ളവര്‍ക്ക് പ്രചോദനമാവട്ടെ എന്ന പ്രത്യാശയോടെ, ഓണ്‍വെബ് അദ്ദേഹവുമായി നടത്തിയ അഭിമുഖമാണ് ഇവിടെ. 

 താങ്കളുടെ ജീവിതം, പഠനം, താല്‍പര്യങ്ങള്‍ എന്നിവയെകുറിച്ച് ചുരുക്കി പറയാമോ?

 മലപ്പുറം ജില്ലയിലെ പുലാമന്തോളിനടുത്ത ടി.എന്‍ പുരം ആണ് എന്റെ നാട്. എസ്.എസ്.എല്‍.സി പരീക്ഷക്ക് ശേഷം, മലപ്പുറം ജില്ലിയലെ തിരൂര്‍, വൈലത്തൂര്‍, മമ്പുറം ദര്‍സുകളില്‍ പഠിച്ച ശേഷം,  ആലപ്പുഴയിലെ ആറാട്ടുപുഴയിലുള്ള അല്‍മുഅസ്സസതുല്‍ ഇസ്‍ലാമിയ്യ ശരീഅത് കോളേജില്‍ ചേര്‍ന്ന് അസ്‍ലമി ബിരുദം നേടി. ശേഷം 21 വര്‍ഷമായി മുദരിസ്, ഖതീബ്, ഇമാം, മദ്റസാധ്യാപനം തുടങ്ങി വിവിധ മേഖലകളിലായി സേവനം ചെയ്ത് വരുന്നു, അല്‍ഹംദുലില്ലാഹ്. പഠന കാലം മുതല്‍ തന്നെ, കഥ, കവിത വായന, അവതരണം, രചന തുടങ്ങി പാഠ്യേതര വിഷയങ്ങളിലും പ്രകൃതി സംരക്ഷണം, മരം നട്ടുപിടിപ്പിക്കല്‍, കാര്‍ഷിക മേഖല തുടങ്ങി വിവിധ മേഖലകളിലും എനിക്ക് പ്രത്യേക താല്‍പര്യമായിരുന്നു. സേവനകാലത്തും ആ താല്‍പര്യങ്ങളെല്ലാം പരമാവധി കൂടെ കൂട്ടാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു.


ഇമാം, മുദരിസ്, ഖതീബ് എന്നീ രംഗങ്ങളിലിരുന്ന് കൊണ്ട് സമൂഹത്തിന്റെ മുന്നേറ്റത്തില് എന്തൊക്കെ ചെയ്യാനാവും എന്നാണ് താങ്കള്ക്ക് തോന്നുന്നത്?


വേണമെന്ന് കരുതിയാല്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും അനുഭവിച്ചതും. നാം പറയുന്നതെല്ലാം കേള്‍ക്കാനും അനുവര്‍ത്തിക്കാനും ജനങ്ങള്‍ തയ്യാറാണെന്നതാണ് ഈ തസ്തികകളിലിരിക്കുമ്പോഴുള്ള വലിയൊരു കാര്യം. അത് ഉപയോഗപ്പെടുത്തി, അവരുടെ വിവിധങ്ങളായ മുന്നേറ്റങ്ങള്‍ക്ക് നമുക്ക് നേതൃത്വം കൊടുക്കാവുന്നതാണ്. ആത്മീയമായ മാര്‍ഗ്ഗ ദര്‍ശനങ്ങളോടൊപ്പം, ശാസ്ത്രീയമായ ദീനീ പ്രവര്‍ത്തനങ്ങള്‍, കുടുംബ-സാമൂഹിക-ആരോഗ്യ ബോധവല്‍കരണങ്ങള്‍, ഇതര മത-സമുദായ സൌഹൃദങ്ങള്‍, അവരുടെയെല്ലാം സഹകരണത്തോടെ നാട്ടു വികസനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികള്‍, പ്രകൃതി സംരക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവുമെന്നതാണ് എന്റെ അനുഭവം. പള്ളിയിലെ ഇമാം, ആ മഹല്ലിലെ ഒരു അമുസ്‍ലിം വീട്ടിലേക്ക് കയറിച്ചെല്ലുന്നത് നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ, എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയുമായിരിക്കും ആ വീട്ടുകാര്‍ അയാളെ സ്വീകരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് സ്നേഹത്തിന്റെ പാലം പണിയാന്‍ ഈ തസ്തികകളിലിരിക്കുന്നവര്‍ തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം. 

ഇപ്പോള് പൂന്താവനം മഹല്ലിലാണല്ലോ സേവനം ചെയ്യുന്നത്. അവിടെ വിജയകരമായി നടപ്പാക്കിയ പദ്ധതികളെന്തെല്ലാം?

 ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍, മഹല്ല് സെന്‍സസ്, വിദ്യാര്‍ത്ഥികള്‍ക്ക് സമയോചിതമായി മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങി ചിലതൊക്കെ ഇവിടെയും വിജയകരമായി നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 21 വര്‍ഷത്തെ സേവനത്തിനിടെ, ഇത്തരത്തില്‍ താങ്കള്‍ വിജയകരമായി നടപ്പിലാക്കിയ, ഏറ്റവും സംതൃപ്തി നല്‍കിയ ഒരു പദ്ധതി ഏതായിരുന്നു?


മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് സേവനം ജോലി ചെയ്യുന്നതിനിടെ അവിടത്തെ പാലിയേറ്റീവ് പ്രവര്‍ത്തകരുമായി സഹകരിച്ച് വലിയ തോതിലുള്ള ആരോഗ്യ ബോധവല്‍ക്കരണങ്ങള്‍ ഫലപ്രദമായി നടത്താനായത് വലിയൊരു കാര്യമായി കാണുന്നു. ജനങ്ങളുടെ ഭക്ഷണ ക്രമങ്ങളില്‍ വരെ സാരമായ മാറ്റങ്ങള്‍ കൊണ്ടുവരാനായി, പച്ചക്കറികളും ഇലക്കറികളും പഴ വര്‍ഗ്ഗങ്ങളുമൊക്കെ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്തുന്നിടത്തേക്ക് നാട്ടുകാരിലധിക കുടുംബങ്ങളെയും എത്തിക്കാന്‍ സാധിച്ചിരുന്നു. വളരെ ശാസ്ത്രീയമായ മഹല്ലിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനായതും മറ്റൊരു നേട്ടമായി കാണുന്നു. മറ്റൊരു മഹല്ലില്‍ കര്‍ഷകരോട് കൂടെ നിന്ന്, ജൈവവളം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളെ അവരെ ബോധ്യപ്പെടുത്താനായതും അത് ഏറെ വിജയകരമായതും എന്നും ഓര്‍ക്കാറുണ്ട്.

 സേവനത്തിനിടെ ഇതര മതസ്ഥരുടെ വീടുകള്‍ സന്ദര്‍ശിച്ച ഏതെങ്കിലും അനുഭവമുണ്ടോ?

പലപ്പോഴും ഉണ്ടായിട്ടുണ്ട്, എറണാകുളം ജില്ലയിലെ വൈറ്റിലക്കടുത്ത് ജോലി ചെയ്യുമ്പോഴാണ് ഇത്തരത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമുണ്ടായത്. 2004ലെ സുനാമിക്ക് ശേഷമുള്ള കാലമായിരുന്നു അത്. എറണാകുളം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കുറെ കുടുംബങ്ങള്‍ അഭയം തേടിയത് ഞാന്‍ സേവനം ചെയ്യുന്ന മഹല്ലിലായിരുന്നു. അന്ന് അവരുടെ കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങുമല്ലോ എന്ന ചിന്ത എത്തിപ്പെട്ടത്, മദ്റസയില്‍ വെച്ച് അവര്‍ക്ക് സ്കൂള്‍ വിഷയങ്ങള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്കുക എന്ന പരിഹാരത്തിലായിരുന്നു. മദ്റസാ സമയത്ത് തന്നെ, മറ്റൊരു ഭാഗത്ത് ഇതര മതസ്ഥരായ കുട്ടികള്‍ വന്നിരുന്ന് പഠിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ് അനുഭവപ്പെട്ടത്. ആ മക്കളുടെ രക്ഷിതാക്കളൊക്കെ വളരെ വലിയ ബന്ധമാണ് അന്ന് സൂക്ഷിച്ചിരുന്നത്. അവര്‍ തിരിച്ചുപോയപ്പോള്‍ യാത്ര പറഞ്ഞതും ഏറെ സങ്കടത്തോടെയായിരുന്നു. മനുഷ്യസ്നേഹം പ്രവൃത്തി പഥത്തില്‍ അനുവര്‍ത്തിക്കുകയും അനുഭവിക്കുകയും ആസ്വദിക്കുകയുമായിരുന്നു അന്ന് ഞങ്ങളെല്ലാവരും.

 എവിടെനിന്നാണ് ഇതിനെല്ലാമുള്ള ഊര്ജ്ജം ലഭിച്ചത്?

 പ്രളയം, സുനാമി തുടങ്ങി മനുഷ്യന്‍ പൂര്‍ണ്ണമായും നിസ്സാഹയനാവുന്ന ഒട്ടേറെ രംഗങ്ങളും മൌലികാവശ്യങ്ങള്‍പോലും നിറവേറ്റപ്പെടാതെ പട്ടിണിയും പരിവട്ടവുമായി മല്ലിടുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. മതത്തിനും ഇസത്തിനുമെല്ലാമുപരി, മനുഷ്യര്‍ക്കാകമാനം ഉപകാരപ്പെടുന്ന കാര്യങ്ങള്‍ തന്നെ ധാരാളം നമുക്ക് ചെയ്യാനുണ്ടെന്ന ധാരണയാണ് അവയെല്ലാം എന്നില്‍ വളര്‍ത്തിയത്. അതോടൊപ്പം, പരന്ന വായന, ചില സാമൂഹിക ചുറ്റുപാടുകളെ കുറിച്ചുള്ള ബോധം, അവിടെ നമുക്ക് ചെയ്യാനാവുന്ന വിവിധ സാധ്യതകളുടെ തിരിച്ചറിവ് എല്ലാം ചേര്‍ന്നപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ക്ക് കൂടി സമയം കണ്ടെത്തേണ്ടതുണ്ട് എന്ന് തോന്നിയത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, സമൂഹജീവിതത്തിന്റെ അച്ചുതണ്ടായി പ്രവര്‍ത്തിക്കേണ്ട കേന്ദ്രമാണല്ലോ പള്ളി. അവിടെ മതപരമെന്നോ ഭൌതികമെന്നോ വ്യത്യാസമില്ല. ആ കേന്ദ്രത്തിന്റെ അധികാരത്തിലിരിക്കുമ്പോള്‍ അവയെല്ലാം നമ്മുടെ ബാധ്യതയായി മാറുന്നുവെന്നതല്ലേ ശരി. 

 ഈ രംഗത്ത് നേരിടുന്ന വെല്ലുവിളികള് എന്തെല്ലാമാണ്?


 പ്രാദേശിക മഹല്ല് കൈകാര്യകര്‍ത്താക്കളുടെ ബോധക്കുറവ്, ചിലരുടെ (വിശിഷ്യാ സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവരുടെ) നിസ്സഹകരണം, ഇതൊക്കെ പള്ളിയിലെ ഉസ്താദിന്റെ പണിയാണോ എന്ന ചിലരുടെയെങ്കിലും അറിവില്ലായ്മ തുടങ്ങി ചില വെല്ലുവിളികള്‍ നേരിടാറുണ്ട്. ഇത്തരം ശീലങ്ങള്‍ നമ്മുടെ നാട്ടുകാര്‍ക്ക് പരിചിതമല്ലെന്നതാണ് കാരണം. എന്നാല്‍, ഇത്തരം രംഗങ്ങളിലും നാം ഇടപെട്ടുതുടങ്ങുന്നതോടെ, അധികം വൈകാതെ തന്നെ ഭൂരിഭാഗം പേരും അത് ഉള്‍ക്കൊള്ളുകയും വിശിഷ്യാ ചെറുപ്പക്കാര്‍ വളരെ താല്‍പര്യത്തോടെ കൂടെ നില്‍ക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുമുണ്ട്.

 
 വിവിധ മഹല്ലുകളില് ജോലിചെയ്യുന്നവരോടും മഹല്ലുകാരോടും എന്താണ് പറയാനുള്ളത്?

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് നമ്മുടെ ബാധ്യതകളെ നാം തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളുമായി പരമാവധി ഇടപഴകാനും അവരുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനും നാം തയ്യാറാവേണ്ടതുണ്ട്. കുറ്റം പറഞ്ഞിരിക്കാനും മറ്റുള്ളവരെ പഴി ചാരാനും വളരെ എളുപ്പമാണ്, അത് ആര്‍ക്കും സാധിക്കും. എന്നാല്‍, പ്രശ്നങ്ങള്‍ മനസ്സിലാക്കി, പരിഹാരങ്ങള്‍ കണ്ടെത്തി സമൂഹത്തെ കൂടെ നിര്‍ത്താനാണ്, വിദ്യ നേടിയ നാം ശ്രമിക്കേണ്ടത്. അല്ലാത്തിടത്തോളം, നാമും കേവലം ഒരു തൊഴിലാളി മാത്രമായിരിക്കും.

തയ്യാറാക്കിയത് : എം.എച്ച് പുതുപ്പറമ്പ്

(ഇതുപോലെ, പരിചയപ്പെടുത്തണമെന്ന് തോന്നുന്ന വ്യക്തികളോ പദ്ധതികളോ കൂട്ടായ്മകളോ നിങ്ങളുടെ അറിവിലുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക

contact number:9539149456

 email:Islamonweb.net@gmail.com)