അധ്യായം 2. സൂറ ബഖറ- (Ayath 265-269) കത്തിക്കരിഞ്ഞ തോട്ടവും മക്കളും
അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടിയല്ലാതെ, ആളുകളെ കാണിക്കാനോ, ചെയ്ത ഗുണം എടുത്തുപറയാനോ, വാങ്ങിയവനെ ബുദ്ധിമുട്ടിക്കാനോ ഒക്കെ ദാനം ചെയ്യുന്നവരുടെ ദയനീയമായ അവസ്ഥയാണല്ലോ കഴിഞ്ഞ പേജിലെ അവസാന ആയത്തില്‍ പറഞ്ഞത്. ഇനി നേരെ ഓപ്പോസിറ്റാണ് പറയുന്നത്. അതായത് സത്യവിശ്വാസികളുടെ നിഷ്‌കളങ്കമായ ദാനത്തെക്കുറിച്ച്.
സത്യവിശ്വാസികളുടെ ദാനം എപ്പോഴും സദുദ്ദേശ്യത്തോടെയേ ആകാവൂ. ദൃഢമായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടിയായിരിക്കണം അത്. അല്ലാഹു അവന്‍റെ സമ്പത്ത് താല്‍ക്കാലികമായി നമ്മളെ ഏല്പിച്ചതാണെന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം. അല്ലാഹുവിന് ഇഷ്ടമുള്ള വിഷയങ്ങളില്‍ അത് ചെലവഴിക്കുകയും വേണം.
ചെലവഴിക്കാതിരിക്കുന്നതുകൊണ്ട് സമ്പത്ത് കൂടില്ല. ദാനധര്‍മം ചെയ്തു എന്നതുകൊണ്ട് അത് കുറയുകയുമില്ല. തിരുനബി صلى الله عليه وسلم വ്യക്തമായി പറഞ്ഞ കാര്യമാണത്.
അല്ലാഹുവിന്‍റെ തൃപ്തി മാത്രം ആഗ്രഹിച്ച് ദാനം ചെയ്യുന്നവരുടെ ഉദാഹരണമാണിനി പറയുന്നത്: ഉയര്‍ന്ന ഭൂപ്രദേശത്തുള്ള ഒരു തോട്ടത്തോട് അവരെ ഉപമിച്ചിരിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍, തോട്ടങ്ങള്‍ പലയിടത്തും ഉദാഹരണമായി എടുത്തുകാണിച്ചതുകാണാം. അക്കാലത്ത് ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമായിരുന്നു അറബികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വരുമാനം ലഭിക്കുന്ന സമ്പത്ത് എന്നതാണതിന് കാരണം.
ഉദാഹരണത്തിലേക്ക് വരാം: ഉയര്‍ന്ന ഭൂപ്രദേശത്തുള്ള ഒരു തോട്ടം. നല്ലൊരു മഴ ലഭിച്ചത് കൊണ്ട് ഇരട്ടി ഫലങ്ങളുണ്ടായി. ഇനി വലിയ മഴ കിട്ടിയില്ലെങ്കില്‍ തന്നെയും ചാറ്റല്‍ മഴയെങ്കിലും കിട്ടും. അതുകൊണ്ടുതന്നെ അത് വാടിക്കരിഞ്ഞ് പോകില്ല. ചെറിയ ചാറല്‍മഴ കിട്ടിയാലും ആ തോട്ടം വിളവുകള്‍ നല്‍കും. കാരണം ഉയരത്തിലുള്ള ഭൂമിയും നല്ല കാലാവസ്ഥയും അനുകൂലമായ അന്തരീക്ഷവുമൊക്കെയാണവിടെയുള്ളത്. അതിനാല്‍ ചെറിയ മഴ ലഭിച്ചാലും ഉല്‍പാദനത്തില്‍ കുറവുണ്ടാകില്ല.
ഉയര്‍ന്നു നില്‍ക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ പൊതുവെ വായുവും മണ്ണും ശുദ്ധമായിരിക്കുമല്ലോ. മാലിന്യങ്ങളുണ്ടാവില്ല. അതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന കായ്കനികള്‍ക്ക് പ്രത്യേകം ഗുണവും സ്വാദുമുണ്ടാകും. വളമിടുകയാണെങ്കില്‍ കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. അതോടൊപ്പം നല്ല മഴയും കൂടി കിട്ടിയാല്‍, മറ്റു തോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഇരട്ടി വിളവും ലഭിക്കും. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിലും നേരിയ മഴ കിട്ടിയാല്‍തന്നെയും കുറേയൊക്കെ ഫലം ആ തോട്ടം നല്‍കാതിരിക്കില്ല.
ഇങ്ങനെയാണ് മുഅ്മിനീങ്ങളുടെ ദാനധര്‍മങ്ങള്‍. പേരിനും പെരുമക്കും വേണ്ടി അവര്‍ ദാനം ചെയ്യില്ല. അല്ലാഹുവിന്‍റെ പ്രീതി ലാക്കാക്കി മാത്രമേ ചെയ്യൂ. ചെയ്ത ദാനം എടുത്തു പറഞ്ഞുകൊണ്ടിരിക്കുകയോ, അതിന്‍റെപേരില്‍ സ്വീകര്‍ത്താവിനെ മാനസികമായോ മറ്റോ പീഡിപ്പിക്കുകയോ ഇല്ല. അതുകൊണ്ടുതന്നെ അവരുടെ ദാനങ്ങള്‍ക്ക് ഫലം കിട്ടാതിരിക്കില്ല. ഉദ്ദേശ്യശുദ്ധിയും, വിശ്വാസദൃഢതയും എത്ര കൂടുന്നുവോ അതിനനുസരിച്ച് ആ ഫലം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
അല്ലാഹുവിങ്കല്‍ അതിന് വളര്‍ച്ചയും പുരോഗതിയും തന്നെയാണുണ്ടാവുക. നല്‍കുന്ന സംഖ്യ വലുതോ ചെറുതോ എന്നതൊന്നുമല്ല അടിസ്ഥാന പ്രശ്‌നം-വിശ്വാസവും ഭക്തിയുമൊക്കെയാണ്.
وَمَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِنْ لَمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ (265)
ദൈവ പ്രീതി കാംക്ഷിച്ചും മനസ്സ് ദൃഢീകരിച്ചും സ്വന്തം ധനം ചെലവഴിക്കുന്നവരുടെ ഉപമ ഉയര്‍ന്ന സ്ഥലത്തുള്ള ഒരു തോട്ടത്തിന്‍റേതാണ്; അതിനു കനത്ത മഴ കിട്ടുകയും ഫലങ്ങള്‍ ഇരട്ടിയായി നല്‍കുകയും ചെയ്തു. ഇനി ശക്തിയായ പേമാരി ലഭിച്ചില്ലെങ്കിലും അതിനു ചാറല്‍മഴയെങ്കിലും ലഭിക്കും. നിങ്ങളുടെ ചെയ്തികളെ അല്ലാഹു നന്നായി കാണുന്നവനാണ്.
وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ
നമ്മുടെ ഓരോരുത്തരുടെയും ചെയ്തികളും നിലപാടും മനോവിചാരങ്ങളുമെല്ലാം അല്ലാഹു സസൂക്ഷ്മം കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നു എന്നുകൂടി അവസാനം ഓര്‍മിപ്പിച്ചിരിക്കുന്നു.
അടുത്ത ആയത്ത് -266
നമ്മളെല്ലാം നല്ലവണ്ണം ചിന്തിക്കേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം നല്ലൊരുദാഹരണം പറഞ്ഞ് മനസ്സിലാക്കിത്തരികയാണിനി റബ്ബ്.
ഒരാള്‍ നല്ല കാര്യങ്ങള്‍ കുറേ ചെയ്യുന്നുണ്ട്, റബ്ബിന്‍റെയടുത്ത് ചെല്ലുമ്പോള്‍ നല്ല കൂലി കിട്ടുമെന്ന് കണക്കുകൂട്ടുന്നുമുണ്ട്. എന്നാലോ, ആ നല്ല കാര്യങ്ങളുടെ ഫലം കളയുന്ന പണിയേ അയാള്‍ ചെയ്യുകയുള്ളൂ. അത്തരക്കാരുടെ ഉദാഹരണം.
ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമായിരുന്നു അറബികള്‍ക്ക് ഏറ്റവും നല്ല വരുമാനം നേടിക്കൊടുത്തിരുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ആ തോട്ടങ്ങളില്‍ തന്നെ മറ്റുപലതരം ഫലങ്ങള്‍ കായ്ക്കുന്ന ചെടികളും മരങ്ങളും വേറെയുമുണ്ടാകും. നനക്കാന്‍ വേണ്ടത്ര വെള്ള സൗകര്യവും കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.
നിത്യവും നല്ല വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇതുപോലെയൊരു വലിയ തോട്ടം ഒരു മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമാവുന്ന സമയമപ്പോഴോണ് - അയാള്‍ക്ക് വയസ്സാകുന്ന സമയത്ത്, അല്ലേ? അതോടൊപ്പം ജോലിയോ മറ്റോ ചെയ്യാന്‍ കഴിയാത്ത പ്രായത്തിലുള്ള കുറേമക്കള്‍കൂടി അയാള്‍ക്കുണ്ടെങ്കിലോ? ഇത്തരം തോട്ടങ്ങളുടെ ആവശ്യകതയെക്കുറിച്ച് പറയേണ്ടതുമില്ല.
ഒരു തോട്ടമുടമ നമ്മളിപ്പറഞ്ഞ അവസ്ഥയിലാണെന്നു സങ്കല്‍പിക്കുക. വയസ്സായിട്ടുണ്ട്, ചെറിയ മക്കളുമുണ്ട്. നല്ല വരുമാനം തരുന്ന ഒരു തോട്ടവും അയാള്‍ക്കുണ്ട്. പക്ഷേ, പെട്ടന്നാണത് സംഭവിച്ചത്. ആ തോട്ടം കത്തിനശിച്ചുപോയി. ഒരു ചുഴലിക്കാറ്റ്. തീ പിടിച്ചു. എന്തായിരിക്കും അയാളുടെയൊരു മാനസികാവസ്ഥ. ആലോചിച്ചു നോക്കുക!
ഇതുപോലെയാണ് സല്‍ക്കര്‍മങ്ങള്‍ ഒരുപാട് ചെയ്യുകയും, അത് നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുന്നവരുടെ അവസ്ഥ. ഖിയമനാളില്‍ റബ്ബിന്‍റെ മുന്നില്‍ ചെല്ലുമ്പോള്‍, ഒന്നും കാണില്ല.
ഇഹലോകത്തുവെച്ച് ചെയ്ത സല്‍ക്കര്‍മങ്ങളുടെ ഫലം ആസ്വദിക്കുകയല്ലാതെ, വേറെ ഒരു ഗത്യന്തരവുമില്ലാത്ത ദിവസമാണല്ലോ അത്. അവിടെ ചെല്ലുമ്പോള്‍, നമ്മള്‍ ചെയ്ത നല്ല കര്‍മങ്ങളെല്ലാം നിഷ്ഫലമാണെന്ന് കണ്ടാല്‍ എന്തായിരിക്കും സ്ഥിതി?! അല്ലാഹു നമ്മെ കാക്കട്ടെ-ആമീന്‍.
أَيَوَدُّ أَحَدُكُمْ أَنْ تَكُونَ لَهُ جَنَّةٌ مِنْ نَخِيلٍ وَأَعْنَابٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ لَهُ فِيهَا مِنْ كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ (266)
നിങ്ങളിലൊരാള്‍ക്ക് ഈത്തപ്പനകളും മുന്തിരിച്ചെടികളുമുള്ള ഒരു തോട്ടമുണ്ടായിരിക്കുക; അതിനിടയിലൂടെ അരുവികളൊഴുകുന്നുണ്ട്; സകലവിധ കായ്കനികളുമുണ്ട് അതില്‍; അയാളാകട്ടെ വൃദ്ധനായി, ദുര്‍ബലരായ സന്തതികളുമുണ്ട്. ഇങ്ങനെയിരിക്കെ ഒരഗ്നിച്ചുഴലിയേറ്റ് അതു കരിഞ്ഞുപോയി-ഈയവസ്ഥ നിങ്ങളാരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ചിന്തിക്കുവാന്‍ വേണ്ടിയാണ് അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നത്.
നമ്മള്‍ നന്നായി ചിന്തിക്കേണ്ട ആയത്താണിത്. എല്ലാ സല്‍കര്‍മങ്ങളുടെയും യഥാര്‍ഥ പ്രതിഫലം കിട്ടേണ്ടത് പരലോകത്തുവെച്ചാണ്. അവിടെയാണല്ലോ നമ്മുടെ ശാശ്വത ജീവിതം. പരസ്പരം സഹായിക്കാനോ നന്മകള്‍ കൈമാറാനോ സാധിക്കാത്ത സ്ഥലമാണത്. അവിടെ വെച്ച് എന്തെങ്കിലും നന്മ ചെയ്യാമെന്ന് കരുതിയാല്‍, അതിനും സാധ്യമല്ല.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്നിരിക്കെ, ഇവിടെ വെച്ച് ചെയ്ത സല്‍കര്‍മങ്ങള്‍-ശാരീരികമോ സാമ്പത്തികമോ ഏതോ ആവട്ടെ, അവിടെ ചെന്നുനോക്കുമ്പോള്‍ കാണാനില്ലെങ്കില്‍ സങ്കടം തീര്‍ത്താല്‍ തീരുമോ?!
നല്ലൊരു തോട്ടമാണിവിടെ ഉദാഹരണമായി പറഞ്ഞത്. തനിക്കും ഭാര്യക്കും സന്താനങ്ങള്‍ക്കും മറ്റു ആശ്രിതര്‍ക്കുമെല്ലാം ജീവിക്കാന്‍ ആ തോട്ടം തന്നെ മതി. അത്രയും സുഭിക്ഷവും ഫലദായകവുമാണത്. ഈത്തപ്പഴവും മുന്തിരിയും മാത്രമല്ല, എല്ലാവിധ പഴവര്‍ഗങ്ങളും അതിലുണ്ട്. നനക്കാനും ബുദ്ധിമുട്ടില്ല. അതില്‍ തന്നെ അരുവികളൊഴുകുന്നുണ്ട്.
ഇത്തരമൊരു തോട്ടമാണ് കത്തിക്കരിഞ്ഞു ചാമ്പലാകുന്നത്. അതും എപ്പോള്‍? ആ തോട്ടക്കാരന് വയസ്സായപ്പോള്‍; അധ്വാനിക്കാനോ മറ്റോ കഴിയാത്ത ചെറിയ മക്കളുമുണ്ട്. ഇതയാള്‍ക്ക് സങ്കല്‍പിക്കാനെങ്കിലും കഴിയുമോ?
പരലോകത്തെ അവസ്ഥയാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. അവിടെയെത്തുന്ന മനുഷ്യന്‍ വയസ്സായവരെപ്പോലെയാണ്. അതായത് പുതിയ കര്‍മങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. ഉറ്റവരും ഉടയവരും ഭാര്യാമക്കളും എല്ലാം അവിടെയുണ്ട്. പക്ഷേ, ഫലത്തില്‍ ഇല്ലാത്തതുപോലെയാണ്; ഒരു സാഹയവും ചെയ്യാന്‍ കഴിയില്ല. സ്വന്തം കര്‍മങ്ങള്‍ മാത്രമേ ഉപകാരപ്പെടൂ. അതും അവസാനഘട്ടം നിഷ്ഫലമായിപ്പോകുന്നത് കാണുമ്പോള്‍ എന്തൊരു സങ്കടമായിരിക്കും!
അതുകൊണ്ട്, സല്‍കര്‍മങ്ങളുടെ ഫലം നഷ്ടപ്പെടുത്തുന്ന എല്ലാ ഏര്‍പ്പാടുകളില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കണം. ആളുകളെ കാണിക്കാന്‍ വേണ്ടി കൊടുക്കരുത്. ചെയ്ത ഗുണം എടുത്തുപറയരുത്, ദാനം വാങ്ങിയവനെ ഉപദ്രവിക്കരുത്....
സമ്പത്ത് ചെലവാക്കുന്നിടത്ത് മാത്രമല്ല, എല്ലാ സല്‍കര്‍മങ്ങള്‍ക്കും ബാധകമാണ് ഈ ഉദാഹരണം (ഇബ്നു കസീര്‍).
സാന്ദര്‍ഭികായി പറയട്ടെ, നമ്മുടെ മക്കളുടെ കാര്യത്തില്‍ വല്ലാത്ത ആധിയാണല്ലേ നമുക്ക്. ഞാന്‍ മരണപ്പെട്ടാല്‍ അവരെന്താ ചെയ്യാ?! ഞാനൊന്നും അവര്‍ക്കുണ്ടാക്കിവെച്ചില്ലല്ലോ.
അങ്ങനെ ചിന്തിക്കേണ്ടതില്ല. അവര്‍ക്ക് തലമുറകളോളം ജീവിക്കാനുള്ള സമ്പത്തുണ്ടാക്കിവെക്കലൊന്നുമല്ലല്ലോ നമ്മുടെ പണി. വെറും സമ്പത്തു മാത്രമാണുണ്ടാക്കിക്കൊടുത്തതെങ്കില്‍ അതുകൊണ്ടെന്തുഫലം? അത് തീര്‍ന്നുപോകും.
നമ്മള്‍ ഉണ്ടാക്കികൊടുക്കേണ്ടത് പ്രധാനമായും റബ്ബിനെ പേടിച്ച് ജീവിക്കാനുള്ള ബോധമാണ്. നല്ല നമുഷ്യരായി ജീവിക്കാനുള്ള വിദ്യാഭ്യാസമാണ്. രണ്ടു വിദ്യാഭ്യാസവും-മതവും ഭൌതികവും-നല്‍കണം. ദീനീവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയും വേണം.
ഭൌതിക വിദ്യാഭ്യാസം മാത്രം കൊടുത്താല്‍, ഇവിടെ ജീവിക്കാനുള്ള വകുപ്പല്ലേ ആകുകയുള്ളൂ, ആഖിറം രക്ഷപ്പെടാനുള്ള വകുപ്പാകില്ലല്ലോ.
ഇങ്ങനെ മക്കള്‍ നന്നായാല്‍, സ്വലാഹിയ്യത്തുള്ളവരായാല്‍, നമ്മുടെ കാലശേഷം പിന്നെ അവരുടെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരെക്കുറിച്ച് ടെന്‍ഷനാകേണ്ടിവരികയും ഇല്ല, إن شاء الله
നമ്മുടെ കാലശേഷം മക്കള്‍ റാഹത്തായി ജീവിക്കാന്‍ മറ്റൊരു മാര്‍ഗം കൂടിയുണ്ട്. നമ്മള്‍ മാതാപിതാക്കള്‍ നല്ലവരായി ജീവിക്കുക. നമ്മള്‍ പടച്ചോനെ പേടിച്ച് ജീവിച്ചാല്‍ മക്കള്‍ നമ്മുടെ കാലശേഷം ബുദ്ധിമുട്ടില്ല.
സൂറത്തുല്‍ കഹ്ഫില്‍ മൂസാ-ഖളിര്‍ (عليهما السلام) ന്‍റെ സംഭവം ഉദ്ധരിക്കുന്നതിനിടയില്‍, ഈ വസ്തുത കൂടി അല്ലാഹു തആലാ പഠിപ്പിക്കുന്നുണ്ട്. പിതാമഹന്മാര്‍ സ്വാലിഹീങ്ങളായതിന്‍റെ രണ്ട് യതീമുകളുടെ മുതല്‍ അല്ലാഹു സംരക്ഷിക്കുകയാണ് ചെയ്തത് (സൂറ കഹ്ഫ് 82).
അടുത്ത ആയത്ത് 267
സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ നിരവധിയുണ്ടെങ്കിലും, പ്രധാനമായി അതിനെ രണ്ടായി തരം തരിക്കാം. അദ്ധ്വാനിച്ചോ ജോലി ചെയ്തോ കച്ചവടം ചെയ്തോ ഒക്കെ സമ്പാദിക്കുന്നതാണ് ഒന്ന്. ഭൂമിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് മറ്റൊന്ന്.
ഈ രണ്ടില്‍ ഏതുവഴി സമ്പാദിച്ചതാണെങ്കിലും, നല്ല കാര്യങ്ങള്‍ക്കുവേണ്ടി അത് ചെലവഴിക്കണമെന്ന് ഉപദേശിക്കുകയാണിനി. കൊടുക്കുന്നത് നല്ലതും ശുദ്ധവുമായിരിക്കുകയും വേണം. മോശമായത് കൊടുക്കരുത്. ഒരാള്‍ നിങ്ങള്‍ക്ക് മോശമായത് തരികയാണെങ്കില്‍ നിങ്ങള്‍ക്കതത്ര പിടിക്കില്ലല്ലോ.
ജാബിര്‍(رضي الله عنه) പറയുന്നു: തിരുനബി صلى الله عليه وسلم ഫിഥ്ര്‍ സകാത്ത് ആവശ്യപ്പെട്ടപ്പോള്‍, ഒരാള്‍ താഴ്ന്ന ഈത്തപ്പഴം കൊണ്ടുവന്നുകൊടുത്തത്രെ. അപ്പോഴായിരുന്നു ഈ ആയത്ത് അവതരിച്ചത് (ഹാകിം رحمه الله).
يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُمْ مِنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ وَلَسْتُمْ بِآخِذِيهِ إِلَّا أَنْ تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ (267)
സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തുക്കളിലും ഭൂമിയില്‍ നാം ഉല്‍പാദിപ്പിച്ചു തന്നവയിലും നിന്നു ചെലവ് ചെയ്യുക. അസംതൃപ്തിയോടെയല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശപ്പെട്ട വസ്തു ദാനമായി വ്യയം ചെയ്യാന്‍ കരുതി വെക്കരുത്. അല്ലാഹു നിരാശ്രയനും സ്തുത്യര്‍ഹനുമാണെന്നു ഗ്രഹിച്ചു കൊള്ളുക.
ദാനം ചെയ്യാന്‍ വേണ്ടി, താണതരം ഐറ്റം തെരഞ്ഞെടുക്കുന്ന പലരുമുണ്ട്. ആ സ്വഭാവം മാറ്റണം. കാരണം, തരംതാണ എന്തെങ്കിലും ഇങ്ങോട്ടാരെങ്കിലും തരുമ്പോള്‍, പൂര്‍ണസംതൃപ്തിയോടെ, കണ്ണടച്ചല്ലാതെ ആരുമത് സ്വീകരിക്കില്ലല്ലോ. അതുപോലെ അങ്ങോട്ട് കൊടുക്കുന്ന വസ്തുക്കളും നല്ലതും മുന്തിയതും തന്നെയായിരിക്കണം. മോശമായത് കൊടുക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുക പോലും ചെയ്യരുത് (وَلَا تَيَمَّمُوا ) എന്നാണ് അല്ലാഹു പറയുന്നത്.
وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ
ഇങ്ങനെയൊക്കെ ഉപദേശിക്കുന്നത് നിങ്ങളുടെ തന്നെ നന്മക്കു വേണ്ടിയാണ്. അല്ലാഹുവിന് അതിന്‍റെയൊന്നും ആവശ്യമില്ല. അതുകൊണ്ട് പ്രത്യേകിച്ച് നേട്ടവുമില്ല. ആരുടെയും ഒരാശ്രയവും അവന് വേണ്ട. സര്‍വ സൃഷ്ടികളുടെയും പ്രശംസക്ക് അര്‍ഹനാണവന്‍. നിങ്ങളുടെ ഔദാര്യം അവന്നാവശ്യമില്ല.
അടുത്ത ആയത്ത് 268
ചെലവാക്കാതിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഇബ്‍ലീസിനെക്കുറിച്ചുള്ള മുന്നിറിയിപ്പാണിനി.
ചെലവാക്കിയാല്‍ കുടുങ്ങിപ്പോകും, സ്വന്തം കാര്യങ്ങള്‍ക്ക് കാശുണ്ടാകില്ല - ഈ ചിന്തയാണ് നമ്മളെ പിശുക്കന്മാരാക്കുന്നത്. അതേ സമയം, നല്ല കാര്യങ്ങളില്‍ ചെലവാക്കാതെ പിശുക്ക് കാണിക്കുന്ന അതേ പണം, ചിലപ്പോള്‍ വേണ്ടാത്തതിന് ചെലവാക്കിയെന്നുംവരും. സാക്ഷാല്‍ പിശാചാണിതിന് പിന്നില്‍.
ദുര്‍ബോധനം നടത്തി വഴിപിഴപ്പിക്കലാണ് പിശാചിന്‍റെ ജോലി. കൊടുത്താല്‍ ദാരിദ്യം വന്നുപോകുമെന്ന് ഭീഷണിപ്പെടുത്തും.
അതേസമയം, അല്ലാഹു ചെയ്യുന്ന വാഗ്ദാനം നേരെ മറിച്ചാണ്. ചെലവഴിച്ചാല്‍ കൂലിതരാമെന്നുമാത്രമല്ല, പാപങ്ങള്‍ പൊറുത്തുതരാമെന്നും, എമ്പാടും അനുഗ്രഹവും ഔദാര്യവും ചൊരിയാമെന്നുകൂടിയാണ്. ഇഹലോകത്തുവെച്ച് ലഭിക്കാവുന്ന ഏത് നേട്ടത്തെക്കാളും എത്രയോ വലുതല്ലേ അത്!
الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ ۖ وَاللَّهُ يَعِدُكُمْ مَغْفِرَةً مِنْهُ وَفَضْلًا ۗ وَاللَّهُ وَاسِعٌ عَلِيمٌ (268)
പിശാച് നിങ്ങളെ ദാരിദ്ര്യം വരുമെന്നു ഭീഷണിപ്പെടുത്തുകയും നീചവൃത്തികള്‍ക്ക് പ്രേരിപ്പിക്കുകയുമാണ്. അല്ലാഹുവാകട്ടെ, തന്‍റെ പക്കല്‍ നിന്നുള്ള പാപമോചനവും ഔദാര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. അവന്‍ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ.
നീചവൃത്തി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം പിശുക്കാണ്.
ഈ സൂക്തം ഓതിയിട്ട് നബി صلى الله عليه وسلم പറഞ്ഞു: പാപമോചനമോ ഔദാര്യമോ ലഭിക്കുമ്പോള്‍, അത് അല്ലാഹുവിങ്കല്‍ നിന്നാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക. പിശാചിന്‍റെ ദാരിദ്ര്യഭീഷണിയോ പാപപ്രേരണയോ അനുഭവപ്പെട്ടാല്‍, അവന്‍റെ തിന്മയില്‍ നിന്ന് അല്ലാഹുവോട് കാവല്‍ തേടുകയും ചെയ്യുക (അദ്ദുര്‍റുല്‍മന്‍സൂര്‍ 3:65).
തീര്‍ച്ചയായും ഒഴിവാക്കേണ്ട സ്വഭാവമാണ് പിശുക്ക്. ജീവിത സുഖവും സന്തോഷവും ഇല്ലാതെയാക്കുന്ന മനോരോഗമാണത്. ജീവിതകാലം മുഴുവനും അറുപിശുക്കന്‍മാരായിക്കഴിയുന്ന എത്രയോ ആളുകളുണ്ടല്ലേ. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.
അടുത്ത ആയത്ത് – 269
ഇടക്കുവെച്ചൊരു കാര്യം പറയുകയാണിനി. വളരെ അര്‍ത്ഥവത്തായൊരു തത്വം.
കുറെ ഉപദേശങ്ങള്‍ തന്നല്ലോ ഇതുവരെ. ചെലവാക്കിയാല്‍ ദാരിദ്ര്യം വരുമെന്ന് ഭയപ്പെടുത്തലും, നീചവൃത്തികള്‍ക്ക്പ്രേരിപ്പിക്കലും പിശാചിന്‍റെ പണിയാണെന്നും, പാപമോചനത്തിനും അനുഗ്രഹത്തിനുമുള്ള മാര്‍ഗമാണ് അല്ലാഹു ഉപദേശിക്കുന്നതെന്നും കഴിഞ്ഞ ആയത്തില്‍ പറഞ്ഞു. നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അതിന് മുമ്പും വിവരിച്ചു. ഇനിയും പറയുന്നുമുണ്ട്.
ഇത്തരം കാര്യങ്ങളെപ്പറ്റിയൊക്കെ ശരിക്കും ചിന്തിക്കാനും മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും ആര്‍ക്കാണ് ഭാഗ്യമുണ്ടാകുക എന്നാണ് ഇടക്കുവെച്ച് പറയുന്നത്.
يُؤْتِي الْحِكْمَةَ مَنْ يَشَاءُ ۚ وَمَنْ يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ(269)
താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജ്ഞാനം നല്‍കുന്നു. ഏതൊരാള്‍ക്ക് വിജ്ഞാനം ലഭിക്കുന്നുവോ അവനു ഒട്ടേറെ നന്മ നല്‍കപ്പെട്ടു. ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു മനസ്സിലാക്കുകയുള്ളൂ.
സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അറിവ് എന്നാണ്, വിജ്ഞാനം (ഹിക്മത്) എന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം. വിജ്ഞാനം, തത്വജ്ഞാനം, യുക്തി എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ടെങ്കിലും, ഏതു കാര്യവും യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാനും അത് പകര്‍ത്താനും സഹായിക്കുന്ന അറിവ് എന്നാണതിന്‍റെ വിശാലാര്‍ത്ഥം.
വിശുദ്ധ ഖുര്‍ആനില്‍ 20 സ്ഥലങ്ങളില്‍ ഹിക്മത്ത് ഈ പദം വ്യത്യസ്ത അര്‍ഥങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ ആയത്തിലെ ഉദ്ദേശ്യം സംബന്ധിച്ചും മുഫസ്സിറുകള്‍ വിവിധ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനിനെ സംബന്ധിച്ചും മറ്റൊമൊക്കെയുള്ള ദീനിയ്യായ അറിവ് എന്നാണ് മിക്ക വ്യാഖ്യാതാക്കളും അര്‍ത്ഥം പറഞ്ഞത്. അത് നല്‍കപ്പെട്ടവന് ധാരാളം നന്മ നല്‍കപ്പെട്ടു എന്ന ആയത്തും അതാണല്ലോ മനസ്സിലാക്കിത്തരുന്നത്.
നല്ല വഴിയില്‍ സമ്പത്ത് ചെലവാക്കുന്നതിനെ സംബന്ധിച്ച അറിവും ഈ കൂട്ടത്തില്‍ പെട്ടതാണ്.
ഹിക്‍മത്തിന് മേല്‍ പറഞ്ഞ അര്‍ത്ഥങ്ങളല്ലാതെ, തന്ത്രപരമായ സാമര്‍ത്ഥ്യമെന്നും തത്വശാസ്ത്ര വിജ്ഞാനങ്ങളെന്നും അര്‍ത്ഥം പറയുന്ന ചിലരുണ്ട്. അങ്ങനെ മാത്രം അര്‍ത്ഥം പറയുന്നത് ശരിയല്ല.
കേവലം കുറെ അറിവു നേടിയതു കൊണ്ടുമാത്രം ‘ഹിക്മത്ത്’ കിട്ടിയെന്ന് പറയാന്‍ പറ്റില്ല. അല്ലാഹുവിന്‍റെ അനുഗ്രഹവും പ്രതിഫലവും കിട്ടുന്ന രൂപത്തില്‍ ആ അറിവ് ഉപയോഗപ്പെടുത്താനുള്ള ഭാഗ്യം കൂടി ഉണ്ടാകുമ്പോഴേ അത് ലഭ്യമാകുന്നുള്ളൂ. ഈ ആയത്തുകളില്‍ നിന്നെല്ലാം അത് കൃത്യമായി മനസ്സിലാകുന്നുമുണ്ട്.
ഇബ്‌നുകസീര്‍ (رحمه الله) പറഞ്ഞതുപോലെ, ഹിക്മത്തിന്‍റെ ഏറ്റവും ഉന്നതമായ പദവിയാണ് പ്രവാചകത്വം. അല്ലാഹു ഉദ്ദേശിക്കുന്ന, ആ പ്രവാചകന്‍മാരുടെ അനുയായികള്‍ക്കും ഹിക്മത്ത് നല്‍കപ്പെടും.
‘അല്ലാഹുവിനെക്കുറിച്ചുള്ള പേടിയാണ് ഹിക്മത്തിന്‍റെ ശിരസ്സ്’ എന്നാണ് ഹദീസിലുള്ളത്. അതായത് പ്രധാന ഭാഗം എന്നര്‍ത്ഥം.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മറ്റൊരു ഹദീസ്: ‘രണ്ട് കാര്യങ്ങളിലല്ലാതെ അസൂയ പാടില്ല. അല്ലാഹു സമ്പത്ത് നല്‍കിയിട്ട് നല്ല കാര്യത്തില്‍ അത് മുഴുവന്‍ വിനിയോഗിക്കുന്ന മനുഷ്യന്‍റെ കാര്യത്തിലും, അല്ലാഹു ഹിക്മത്ത് നല്‍കിയിട്ട് അത് ജീവിതത്തില്‍ പകര്‍ത്തുകയും (മറ്റുള്ളവര്‍ക്ക്) പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ കാര്യത്തിലും,’ (ബുഖാരി, മുസ്‍ലിം). അസൂയ എന്ന് പറഞ്ഞാല്‍, അവര്‍ക്ക് ലഭിച്ചത് ഇഷ്ടപ്പെടാതിരിക്കുകയോ അത് നീങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുകയോ അല്ല, അവരെപ്പോലെ തനിക്കും ആകണമെന്ന് ആഗ്രഹിക്കുക, അതിന് വിരോധമില്ല.
فَقَدْ أُوتِيَ خَيْرًا كَثِيرًا
ധാരാളം നന്മ നല്‍കപ്പെട്ടു എന്ന് പറഞ്ഞാല്‍, ശാശ്വതമായ വിജയത്തിലേക്കാണവന്‍ എത്തിച്ചേരുക എന്നര്‍ത്ഥം.
وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
ഹിക്മത്ത് ലഭിച്ചവര്‍ മാത്രമേ കാര്യങ്ങള്‍ ശരിക്ക് ചിന്തിക്കുകയും മനസ്സിലാക്കുകയും യഥാവിധി ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയുള്ളൂ. അവരാണ് യഥാര്‍ത്ഥ ബുദ്ധിമാന്‍മാര്‍.
ألْبَاب എന്നത്, لُب എന്ന പദത്തിന്‍റെ ബഹുവചനമാണ്. കാമ്പ്, കാതല്‍, സത്ത് എന്നൊക്കയാണ് ഭാഷാര്‍ത്ഥം. ഊഹാപോഹങ്ങള്‍ക്കൊന്നും സ്ഥാനം കൊടുക്കാത്ത, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ മറ്റോ ശ്രമിക്കാത്ത, മോശം രീതിയിലേക്കുള്ള ഒരു തരം ചായ്‌വും ഇല്ലാത്ത, തികച്ചും സംശുദ്ധമായി ഉപയോഗിക്കുന്ന ബുദ്ധി എന്നാണ് ഈ പദം കൊണ്ടുള്ള ഉദ്ദേശ്യം. സാധാരണ പറയുന്ന ബുദ്ധി അല്ല എന്ന് ചുരുക്കം.
----------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment