ദൈവത്തെ ആരാണ് സൃഷ്ടിച്ചത്?
ദൈവത്തിന്റെ സ്രഷ്ടാവ് ആര് എന്ന ചോദ്യം നാസ്തിക-ആസ്തിക സംവാദങ്ങളിൽ സജീവമായ ഒന്നാണ്. വിശ്വപ്രസിദ്ധ നിരീശ്വര ആചാര്യൻ റിച്ചാർഡ് ഡോക്കിൻസ് മുതൽ താഴെതട്ടിലുള്ള നാസ്തികർ വരെ പ്രസ്തുത ചോദ്യത്തെ വലിയ വാദമായി കൊണ്ട് നടക്കാറുമുണ്ട്. സന്ദേഹ വാദികൾ (skeptics )ചോദ്യത്തെ കൂടുതൽ വക്രീകരിച്ച്, "പ്രപഞ്ചത്തിലെ സർവ്വതിനും കാരണം ആവശ്യമെങ്കിൽ ദൈവത്തിനു മാത്രം എന്തുകൊണ്ട് കാരണം ആവശ്യമില്ല എന്നും ചോദിക്കാറുണ്ട്. പ്രത്യുത ചോദ്യത്തെ നാല് രീതിയിലൂടെ സമീപിക്കുകയാണ് ഇവിടെ.
ലോജിക്കൽ
ചോദ്യത്തെ അപഗ്രഥിക്കുന്നിടത് അല്പം തെറ്റിദ്ധാരണകൾ തിരുത്തി കുറിക്കേണ്ടതുണ്ട്. പ്രാഥമികമായി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം തന്നെ ഉണ്ടാവുന്നത്, ദൈവം ഒരു സൃഷ്ടിയാണെന്ന അവാസ്തവമായ അനുമാനത്തില്‍നിന്നാണ്. ഇസ്‍ലാമിക ദൈവശാസ്ത്രം പരിചയപ്പെടുത്തുന്നത് സൃഷ്ടിക്കപ്പെടാത്ത, അനിവാര്യമായ, തുടക്കം ഇല്ലാത്ത ദൈവീക സത്തയെ ആണ്.
ഫിലോസഫിയിൽ അനിവാര്യത (necessary )എന്ന് പറയുന്നത് ഇല്ലായ്മ അസാധ്യമായ ഉണ്മയെ കുറിച്ചാണ്. മാത്രമല്ല ആ വസ്തുവിന്റെ ഉണ്മയെക്കുറിച്ച് ബാഹ്യമായ വിശദീകരണങ്ങൾ ഇല്ലാതിരിക്കുകയും വേണം. അഥവാ, ദൈവം സൃഷ്ടിയാണ് എന്ന് പറയുന്നതിലൂടെ, ദൈവത്തിന്റെ ഉണ്മ അനിവാര്യമല്ല എന്നാണ് നാം പറയുന്നത്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ലോകത്ത് കല്യാണം കഴിച്ച എത്ര അവിവാഹിതരുണ്ട് എന്ന് ചോദിക്കുന്നത് പോലെയാണ് അനിവാര്യമായ ദൈവത്തെ ആരാണ് സൃഷ്ടിച്ചത് എന്ന് ചോദിക്കുന്നത് എന്നർത്ഥം.
കാര്യകാരണ സിദ്ധാന്തം
പ്രപഞ്ചത്തിന് ഒരു കാരണം ആവശ്യമെങ്കിൽ ദൈവത്തിനും ഒരു കാരണം ആവശ്യം ആണല്ലോ എന്നത് തെറ്റായ പ്രസ്താവനയാണ്. യഥാർത്ഥത്തിൽ സർവ്വതിനും കാരണം അനിവാര്യമാണ് എന്നല്ല, മറിച്ച് ഇല്ലായ്മയില്‍നിന്ന് ഉണ്ടായ എല്ലാത്തിനും കാരണം നിർബന്ധമാണ് എന്നേ നാം പറയുന്നുള്ളൂ. പ്രപഞ്ചം ഉണ്ടായതാണ് അപ്പോൾ പ്രപഞ്ചത്തിന് ഒരു കാരണം ആവശ്യവുമാണ്. എന്നാൽ ദൈവം ഉണ്ടായതല്ല, അതിനാല്‍ ദൈവത്തിന്റെ ഉണ്മക്ക് കാരണം ആവശ്യവുമില്ല. പ്രഫ. ജോൺ ലെനക്സ് അദ്ദേഹത്തിന്റെ God's Undertaker: Has science buried God? എന്ന പുസ്തകത്തിൽ ഇത് കൂടുതല്‍ അപഗ്രഥിക്കുന്നുണ്ട്.
ഇനി ദൈവത്തെ ആരാണ് ഉണ്ടാക്കിയത് എന്ന് ചോദിക്കുന്നയാൾ യഥാർത്ഥത്തിൽ അവന്റെ മനസ്സിൽ അവന്‍ സൃഷ്ടിച്ച ദൈവത്തെ കുറിച്ചാണ് ചോദിക്കുന്നത് എന്നേ പറയാനൊക്കൂ. എന്നാൽ ദൈവം സൃഷ്ടിക്കപ്പെടാത്തവനും , കാലാതീതമായി ഉള്ളവനും സൃഷ്ടി പ്രപഞ്ചത്തിലെ നിയമങ്ങൾക്ക് വഴങ്ങാത്തവനുമാണ് . കാരണം ശാസ്ത്രം കണ്ടെത്തിയ പ്രകൃതിനിയമങ്ങളക്കെ ദൈവിക സൃഷ്ടി ആണല്ലോ. അപ്പോൾ ദൈവവും സൃഷ്ടിയും തമ്മിലുള്ള സുപ്രധാന അന്തരം പ്രപഞ്ചം ഉണ്ടായതാണ്, ദൈവം ഉണ്ടായതല്ല എന്നത് തന്നെയാണ്.
അനന്തശൂന്യത ദോഷം
ഇനി വാദത്തിനുവേണ്ടി ദൈവത്തിന് സ്രഷ്ടാവ് വേണം എന്ന് സമ്മതിച്ചാൽ തന്നെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയേ ഉള്ളൂ. ദൈവത്തെ സൃഷ്ടിച്ചയാളെ കണ്ടെത്തിയാല്‍, വീണ്ടും അയാളുടെ സ്രഷ്ടാവിനെ അന്വേഷിക്കേണ്ടിവരില്ലേ. വീണ്ടും അടുത്ത സ്രഷ്ടാവിനെ തേടി ഈ ചോദ്യചങ്ങല നീണ്ടു പോവുകയാണെങ്കിൽ നിലവിലുള്ള പ്രപഞ്ചസൃഷ്ടി പോലും അസാധ്യമെന്നേ വരൂ. ആരാലും സൃഷ്ടിക്കപ്പെടാത്ത ഒരു ദൈവമില്ലാത്ത കാലത്തോളം ഈ കാണുന്ന സൃഷ്ടി പ്രപഞ്ചത്തിന്റെ ഉണ്മ അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല എന്നതുതന്നെ കാരണം.
ഉദാഹരണത്തിന് ഒരു പട്ടാള ഉദ്യോഗസ്ഥന് ഷൂട്ട് ചെയ്യാൻ സീനിയർ ഉദ്യോഗസ്ഥന്റെ അനുവാദം വേണമെന്ന് വെക്കുക. സീനിയർ ഉദ്യോഗസ്ഥൻ അയാളേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനോടും അനുവാദം ചോദിക്കേണ്ടിവരും. ആ ചങ്ങല മുന്നോട്ട് പോയി, അവസാനം സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥൻ ഉണ്ടാകുന്നതുവരെ അവിടെ ഷൂട്ടിംഗ് നടക്കില്ലല്ലോ. അഥവാ, ഒരു ഷൂട്ടിംഗ് നടന്നാല്‍ അതിന്റെ ഒരറ്റത്ത് അത്തരം ഒരു സ്വതന്ത്രാധികാരി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. അതുപോലെ, നിലവില്‍ പ്രപഞ്ചം ഉണ്ട് എന്നത് സത്യമാണ്. ആയതിനാല്‍, സൃഷ്ടിയല്ലാത്ത ഒരു ശക്തി ഉണ്ടെന്നതും ഉറപ്പാണ്.
പതിനൊന്നാം നൂറ്റാണ്ടിന്റെ പരിഷ്കർത്താവായ ഇമാം ഗസ്സാലി ഇതിനെ വളരെ വിശദമായി സ്ഥാപിക്കുന്നുണ്ട്. ഇസ്‍ലാമിക തത്വചിന്തകനായ ഡോക്ടർ ജാഫർ ഇദ്‍രീസി എഴുതുന്നു: സൃഷ്ടികർമ്മം ഇങ്ങനെ അനന്തമായി പിന്നോട്ട് പോവുകയാണെങ്കിൽ ഒരു സൃഷ്ടിയും ഇവിടെ ഉണ്ടാകുമായിരുന്നില്ല. എന്നാൽ യഥാർത്ഥത്തിൽ അനേകം സൃഷ്ടികള്‍ ഉണ്ടെന്നിരിക്കെ, ആത്യന്തികമായ ഒരു കാരണത്തിലേക്ക് ആണ് അവയൊക്കെ സൂചിപ്പിക്കുന്നത്.
സമാന യുക്തിയാണ് പ്രപഞ്ച വ്യവസ്ഥയിലും പ്രായോഗികമാവുന്നത്. ഖുർആൻ അടിവരയിടുന്നതും അത്തരമൊരു ദൈവ സങ്കൽപത്തെ ആണ്. അവൻ ജനികനോ ജാതകനൊ അല്ലെന്ന് അത് വ്യക്തമാക്കുന്നുണ്ട്. തുടക്കം ഇല്ലാത്ത, എന്നെന്നും നിലനിൽക്കുന്ന ഒരു അസ്തിത്വമാണ് ഇസ്‍ലാമിന്റെ ദൈവം.
There Is A God എന്ന പുസ്തകത്തിന്റെ അനുബന്ധത്തിൽ എബ്രഹാം വർഗീസ് എഴുതുന്നു "ഈശ്വര നിരീശ്വര ചർച്ചകൾ ശരിവെക്കുന്ന ഒരു വസ്തുത സർവ്വ സ്വത്വങ്ങളെയും മറികടക്കുന്ന ഒരു ഏക ഉണ്മ ഉണ്ട് എന്നാണ്. ആ ഉണ്മ എങ്ങനെ ഉണ്ടായി എന്ന് ചോദിക്കാവുന്നതല്ല. കാരണം അത് ഉണ്ടായതല്ല മറിച്ച് എന്നെന്നും ഉള്ളതായിരുന്നു.
Read More: ഇസ്‌ലാമിന്റെ ലോക വീക്ഷണം: ദൈവം, വ്യക്തി, സമൂഹം (ഭാഗം 2)
പ്രവാചക വാക്യങ്ങൾ
ദൈവത്തിന്റെ സ്രഷ്ടാവ് ആര് എന്ന ചോദ്യം പ്രവാചക വചനത്തില്‍ ഇങ്ങനെ കാണാം, പിശാച് നിന്റെ പക്കൽ സമീപിക്കുകയും ആരാണ് ഇതൊക്കെ ഉണ്ടാക്കിയത് എന്ന് ചോദിക്കുകയും ചെയ്യും. ഒടുക്കം ദൈവത്തെ തന്നെ ഉണ്ടാക്കിയത് ആരെന്ന സംശയം ജനിപ്പിക്കും. തദവസരം ഇത്തരം ചിന്തകളെ തൊട്ട് നീ ദൈവത്തിൽ അഭയം പ്രാപിക്കുക. മറ്റൊരു റിപ്പോർട്ടിൽ എനിക്ക് ദൈവ വിശ്വാസം ഉണ്ട് എന്ന് പറയുക എന്നും കാണാം.
അഥവാ, ധൈഷണികമായ തീർപ്പു കൽപ്പിക്കലുകള്‍ക്ക് അതീതമാണ് ഇത്തരം ചിന്തകള്‍ എന്നര്‍ത്ഥം. അവയിൽ നിന്ന് കാവൽ തേടന്‍ പ്രവാചക അധ്യാപനങ്ങൾ നമ്മെ ഉൽബോധിപ്പിക്കുന്നത് അത് കൊണ്ടാണ്. ഇബ്നു തൈമിയ്യ എഴുതുന്നു: മനുഷ്യപ്രകൃതി അടിസ്ഥാനമാക്കിയാൽ ഈ തരത്തിലുള്ള ചോദ്യങ്ങൾ തീർത്തും യുക്തിരഹിതമാണെന്ന് ബോധ്യപ്പെടും. ആത്യന്തിക സ്രഷ്ടാവിന് മറ്റൊരു സ്രഷ്ട്ടാവ് ഉണ്ടാവുക അസാധ്യമാണെന്നത് തന്നെ കാരണം.
വിവർത്തനം : സിയാദ് റമദാൻ
Leave A Comment