ദഅ്‌വത്ത്: കാലത്തിന്റെ ആവശ്യങ്ങളും നമ്മുടെ അജണ്ടകളും

ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനത്തെക്കുറിച്ച് ആലോചനനടത്തുമ്പോള്‍ നിലവിലെ സംവിധാനങ്ങളും രീതികളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ വളരെവേഗത്തില്‍ വ്യക്തമാവും. കാലത്തിന്റ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍പോന്ന കര്‍മപരിപാടികളില്‍ നമ്മുടെ സജീവ ശ്രദ്ധ പതിയേണ്ടതിന്റെ ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുകയുംചെയ്യും. മതപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായി പതിഞ്ഞുകിടക്കുന്ന കര്‍മരേഖകളും വഴികളും മാത്രമാണ് ഇപ്പോഴും നമ്മുടെ ആശ്രയം. കാലവും സമൂഹങ്ങളും ഈ വഴികളില്‍നിന്ന് വളരെ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞതിനാല്‍ പഴകിയതും ജീര്‍ണിച്ചതുമായ മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെവരുന്നു.

മതപ്രവര്‍ത്തനത്തിന്റെ പ്രാദേശിക മാതൃക

നമ്മുടെ അടിസ്ഥാന പ്രവര്‍ത്തന മേഖലയായ മഹല്ല് തലത്തില്‍ നടക്കുന്ന മതപ്രവര്‍ത്തനത്തിന്റെ സമകാലിക ചിത്രം പരിശോധിക്കുക. കെട്ടുറപ്പുള്ള മഹല്ലു സംവിധാനം നിലനില്‍ക്കുന്നിടത്ത് കമ്മിറ്റികള്‍ കാര്യമായി ചെയ്യുന്ന പണി ഖാദി-ഖതീബുമാരെ നിയമിക്കുക, പിരിച്ചുവിടുക എന്നതാണ്. വിവാഹ രജിസ്റ്റര്‍ സംബന്ധമായ രേഖകള്‍ സൂക്ഷിക്കുക തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ ചില അനുബന്ധ സംവിധാനങ്ങളും  നിലവിലുണ്ട്. പ്രാദേശികമായി നിലനില്‍ക്കുന്ന അധാര്‍മ്മികതകള്‍ ഇല്ലാതാക്കാനോ മഹ്ലലുനിവാസികളെ ബോധവല്‍ക്കരിക്കാനോ കമ്മിറ്റികള്‍ കാര്യമായശ്രദ്ധ കാണിക്കാറില്ല. മഹല്ലിലെ മത-ഭൗതിക വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുക, സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് റിലീഫ് സംവിധാനങ്ങളിലൂടെ സഹായം എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളൊക്കെ കടലാസില്‍ ഒതുങ്ങിപ്പോവുകയാണ്  പതിവ്. വളരെ ശാസ്ത്രീയമായും ഫലപ്രദമായും ഉപയോഗപ്പെടുത്താവുന്ന സംവിധാനങ്ങള്‍ ഏറെയുണ്ടായിട്ടും പ്രാദേശികവും രാഷ്ട്രീയവുമായ അഭിപ്രായ അനൈക്യങ്ങളുടെ പേരില്‍ മഹല്ല് സാരഥികള്‍ക്കിടയില്‍തന്നെ ചേരിപ്പോരും തര്‍ക്കവും നിലനില്‍ക്കുന്നു.

ഇത്തരം കമ്മിറ്റിയില്‍ അംഗമാവുന്നവര്‍ക്ക് വ്യക്തിതാല്‍പര്യവും രാഷ്ട്രീയ താല്‍പര്യവുമാണ് പ്രധാനം. മതപ്രവര്‍ത്തനം അല്ലാഹുവിങ്കല്‍ കൂലി ലഭിക്കുന്ന പ്രവര്‍ത്തനമായിട്ടല്ല, കേവലം പഞ്ചായത്തുഭരണം പോലെയാണ് പലരും കൈകാര്യംചെയ്യുന്നത്. മഹല്ല് തലത്തില്‍ പുതിയ പുതിയ ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതും പിന്നെപ്പിന്നെ പള്ളികള്‍ രണ്ടും നാലുമായി വര്‍ദ്ധിക്കുന്നതും ഈ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ അനന്തരഫലമാണ്. എന്തെല്ലാം അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നാലും മഹല്ല് ഒരു പൊതു യൂണിറ്റായി ഉള്‍കൊള്ളാനുള്ള വിശാലമനസ്സ് നമ്മുടെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പുകളും രാഷ്ട്രീയ താല്‍പര്യങ്ങളും നമ്മുടെ മഹല്ലു  സംവിധാനങ്ങളിലേക്കു  കൂടി  വ്യാപിച്ചതോടെ മഹല്ലുകളുടെ ഭദ്രതയും കെട്ടുറപ്പും തകര്‍ന്നു കഴിഞ്ഞു.

ഗ്രൂപ്പുകള്‍ക്കും ബിദഈ പക്ഷപാതങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്ന അപൂര്‍വ്വം മഹ്ലലുകളേ ഇനി അവശേഷിക്കുന്നുള്ളൂ. മുസ്‌ലിം ഉമ്മത്തിനെ ഒരു യൂണിറ്റായി മനസ്സിലാക്കിയുള്ള മഹല്ലു സംവിധാനങ്ങള്‍ക്കേ മതപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കൂ. അടിസ്ഥാനപരമായ ബോധനപ്രക്രിയകള്‍ മഹല്ലുതലത്തില്‍ പുനരാരംഭിക്കുകയേ ഇപ്പോള്‍ സമൂഹത്തില്‍ വളര്‍ന്നു വരുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരമുള്ളൂ. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ തിന്‍മകള്‍ സര്‍വ്വവ്യാപകമാവുന്ന കാഴ്ചയാണ് ഇപ്പോള്‍. ഇവയില്‍നിന്ന്  ഒരു ചെറിയ മുസ്‌ലിം പോക്കറ്റിനു പോലും രക്ഷയില്ലാത്ത സ്ഥിതി വന്നെത്തിയിരിക്കുന്നു. രക്ഷയുടെ മാര്‍ഗം എന്തെന്നു ആലോചിക്കാന്‍പോന്ന സാരഥികള്‍ ഇല്ലാതെപോയിരിക്കുന്നു. എങ്ങനെയെങ്കിലും പള്ളിയും മദ്‌റസയും നടന്നു പോവണമെന്നേയുള്ളൂ ഇപ്പോള്‍. പ്രാഥമിക മതപഠനത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന ഒരു സമൂഹം നമ്മെപ്പോലെ വേറെയില്ല. എന്നാല്‍ നമ്മുടെ യുവതലമുറ മദ്‌റസാവിദ്യാഭ്യാസം ജീവിതത്തില്‍ പകര്‍ത്താന്‍ പാകപ്പെടുത്തപ്പെടുന്നില്ല. നാം കോടിക്കണക്കിനു രൂപ മുടക്കി നടത്തുന്ന മതസംവിധാനങ്ങളുടെ അടിസ്ഥാന ലക്ഷ്യം പാളിപ്പോവുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. പ്രായോഗിക രീതിയില്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ച് പരിഹരിക്കുകയാണ് വേണ്ടത്.

യുവതലമുറയെ മതപ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുകയാണ് ഒരു വഴി. നിലവില്‍ മഹല്ലു കമ്മിറ്റിയിലും മദ്‌റസാകമ്മിറ്റിയിലും തലമൂത്തവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രം നടപ്പാക്കി മുന്നോട്ടുപോകുന്ന ഏകാധിപത്യ ശൈലിയാണുള്ളത്. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തികളെ തന്ത്രപൂര്‍വ്വം കമ്മിറ്റിയില്‍  ഉള്‍പ്പെടുത്തുകയാണെങ്കില്‍  അവര്‍വഴി വലിയ പരിവര്‍ത്തനം സാധ്യമാകും. എണ്‍പതുകളില്‍ നമ്മുടെ മഹല്ലുകളില്‍ നിലനിന്നിരുന്ന ബോധനക്ലാസുകള്‍ പൂര്‍വ്വോപരി ശക്തമായി തിരിച്ചുകൊണ്ടുവരാന്‍ വേദിയൊരുക്കണം. വ്യാജ ആത്മീയതയിലേക്കും ബിദ്അത്തിലേക്കും ജനങ്ങള്‍ തെറ്റിപ്പോകുന്നതു പ്രതിരോധിക്കാന്‍ മഹല്ലുഖതീബ് തീരുമാനിച്ചാല്‍ തടയാന്‍ നിഷ്പ്രയാസം സാധിക്കും. മറ്റു പ്രതിരോധ വഴികളെക്കാളൊക്കെ ഫലപ്രദമാണ് ഈ രീതി. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വ്യക്തിയെന്ന നിലയില്‍ ഖതീബില്‍ അവര്‍ക്കുള്ള വിശ്വാസം ചോദ്യംചെയ്യപ്പെടാത്തതാണ്. അദ്ദേഹത്തിന്റെ സംസാരം ഉള്‍ക്കൊള്ളുന്നത്ര മറ്റൊരാളുടേതും സ്വീകരിക്കില്ല. ആത്മീയമായ ഔന്നത്യം പുലര്‍ത്തുന്ന ബോധന പരിപാടികളാണ് ഇനി വേണ്ടത്. കാരണം, വരണ്ട വിശ്വാസങ്ങളില്‍ മനംമടുത്ത് സമൂഹം പൊതുവെ ആത്മീയ ദാഹികളായിത്തീര്‍ന്നിരിക്കുകയാണ്. മുതലാളിത്ത സാമൂഹിക ചുറ്റിപാടിലേക്ക് നമ്മള്‍ മാറുമ്പോള്‍ മതപ്രവര്‍ത്തകര്‍ അവരുടെ ആത്മീയത ചൂഷണം ചെയ്യുകയല്ല വേണ്ടത്, അവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ്. സ്വലാത്തും ദിക്‌റും ത്വരീഖത്തും കച്ചവടവല്‍ക്കരിക്കപ്പെടുന്നത് മുതലാളിത്ത ചൂഷണത്തിന്റെ ഭാഗം തന്നെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ശരിയായ ആത്മിക ബോധനം തന്നെയാണാവശ്യം. വ്യാജ കള്‍ട്ടുകള്‍ രൂപപ്പെടാന്‍ ഒരു നിലയിലും നമ്മുടെ മഹല്ലുകള്‍ വേദിയാവരുത്.

പുതിയ പൗരോഹിത്യം

മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനാണ് സ്വന്തത്തെക്കുറിച്ച് ആലോചിക്കുന്നതിനേക്കാള്‍ എന്നും നമുക്ക് താല്‍പര്യം. വിവിധ മതസംഘടനകളിലായി നമ്മുടെ ഊര്‍ജ്ജം വിനിയോഗിക്കപ്പെടുമ്പോള്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളല്ല വിമര്‍ശനാത്മക കര്‍മങ്ങളാണ് വേരു പിടിക്കുന്നത്. എങ്ങനെ അപരനെ ക്ഷീണിപ്പിക്കാം എന്നതാണ് വിവിധ സംഘടനാ പ്രവര്‍ത്തകരുടെ ലക്ഷ്യം. മതം കോടതിയിലും തെരുവിലും മുക്രയിട്ടു വിജയിപ്പിക്കേണ്ടതാണോ? അഴിമതിക്കെതിരെ നമ്മുടെ ചില സഹോദരങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ്. അഴിമതിക്കെതിരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുന്നതിലെ വിവരക്കേട് എത്രമാത്രമാണ്. പൊതുസമൂഹത്തില്‍ വളരുന്ന തിന്‍മകള്‍ ഉഛാടനം ചെയ്യാന്‍ വ്യക്തികളെ ഉപദേശിക്കുകയും സംസ്‌കരിക്കുകയുമാണ് ഏകവഴി. മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്നതിന് എന്തു പ്രതിഫലനമാണ് സാമൂഹിക തലത്തില്‍ സൃഷ്ടിക്കാനാവുകയെന്ന് ഇവര്‍ ആലോചിക്കണം. മതം ആവശ്യപ്പെടുന്ന മനസ്സുകളുടെ പരിവര്‍ത്തനത്തിനുവേണ്ട പ്രവര്‍ത്തനങ്ങളില്‍ സമ്പത്തും സമയവും ചെലവഴിക്കുന്നുവെങ്കില്‍ അതാണ് ഏറ്റവും ഉത്തമമായ മതപ്രവര്‍ത്തനം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് പൗരോഹിത്യത്തിന്റെ പുതിയ മുഖം തന്നെയാണ്. ഈ പൗരോഹിത്യത്തെ തോല്‍പ്പിക്കുകയാണ് നമുക്കുമുന്നിലെ ഏറ്റവുംവലിയ ദൗത്യം. വിശ്വാസത്തിലും കര്‍മ്മത്തിലും വിശ്വാസമില്ലാത്ത കുറേ പ്രവര്‍ത്തകരുണ്ടായിട്ട് ഇസ്‌ലാമിന് യാതൊരു ഉപകാരവും ലഭിക്കാനില്ല. പരലോക പ്രീതി കാംക്ഷിച്ച് പണിയെടുക്കുന്ന പ്രബോധകരെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമാവേണ്ടത്. എന്തിനും ഏതിനും ഭൗതിക താല്‍പര്യം മുന്നില്‍കാണുന്നവരെയാണ് പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ പലപ്പോഴും കാണുന്നത്.

ഈ പ്രവണത അവസാനിപ്പിക്കാതെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം വളര്‍ത്താന്‍ സാധിക്കുകയില്ല. ഏതു കാര്യത്തിനും കൂലി നിശ്ചയിച്ചു മതപ്രവര്‍ത്തകരെ വഴിതെറ്റിക്കുകയാണ് നാം. ഭൗതിക താല്‍പര്യങ്ങളില്‍നിന്ന് പ്രവര്‍ത്തകരുടെ മനസ്സു തിരിക്കുകയാണ് വേണ്ടത്. ദുനിയാവ് പിറകില്‍ വരുമെന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം.

ദഅ്‌വത്തിന് പുതിയവഴി തുറക്കണം

ഇതര മതവിഭാഗങ്ങളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ സാധ്യമാവുന്ന സര്‍വ്വ സംവിധാനങ്ങളും ഇപ്പോള്‍ ഉപയോഗപ്പെടുത്തണം. ഇസ്‌ലാമിനെക്കുറിച്ച് തെറ്റുദ്ധാരണകള്‍ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായ ചില തിരുത്തലുകള്‍ക്കെങ്കിലും ഈ സംവേദനം വഴിതുറക്കും. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നിടത്തോളം ഏറെ വിജയം കാണുന്നതാണ് അനുഭവം. നമ്മുടെ ഭൗതിക സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഇതിനിയും വ്യാപിപ്പിക്കുമ്പോള്‍ വലിയ ഫലം കാണുമെന്നുറപ്പാണ്. പാരമ്പര്യത്തിന്റെ അടിയുറച്ച ഇസ്‌ലാമിക മുന്നേറ്റത്തിന് സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ ഇപ്പോഴുമുണ്ട്. ഇനി നാം ചെയ്യേണ്ടത് ഈ ഭൂരിപക്ഷത്തെ കര്‍മസജ്ജരാക്കുകയാണ്. വിശ്വാസം നശിച്ച, പിഴച്ച ബിദഈ വിഭാഗങ്ങളെ ജനം വെറുത്തു കയ്യൊഴിഞ്ഞുകഴിഞ്ഞു. മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങളില്‍ മുന്നിലുണ്ടായിരുന്ന യുവാക്കളിപ്പോള്‍ നമ്മുടെ പള്ളികളിലും ഖുര്‍ആന്‍ പ്രഭാഷണ വേദികളിലും ഒന്നാം സ്വഫില്‍ തന്നെയുണ്ട്. ഇവര്‍ക്ക് ശരിയായ ദിശാബോധമാണ് ആവശ്യം. നിരന്തരമായ കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ നാം തയ്യാറായാല്‍ ഏറ്റെടുക്കാന്‍ സമുദായം എന്നും ഒരുക്കമാണ്. സന്നദ്ധതയും ആത്മാര്‍ത്ഥതയുമാണ് പരമപ്രധാനം. കച്ചവട മനസ്സോടെ പ്രവര്‍ത്തകരെ സമീപിക്കുന്നത് ഇനി തിരിച്ചറിയപ്പെടാതിരിക്കില്ല. പണം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിനി വേരോട്ടം ലഭിക്കാനും പോവുന്നില്ല.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter