ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-19  ഇസ്നിക്കിന്റെ വിമോചകൻ

ആ ഉയർന്ന മലമുകളില്‍ വെച്ച് ഉസ്മാൻ ഗാസി തന്റെ മക്കളായ ഊർഹാനെയും അലാഉദ്ദീനെയും ഉപദേശിച്ചത് ഇപ്പോഴും അവിടെ അലയടിക്കുന്നതുപോലെ തോന്നി. ആ വാക്കുകള്‍ ഇങ്ങനെ വായിക്കാം.
എന്റെ പിതാവിൽ നിന്ന് എനിക്ക് ലഭിച്ച ഈ ഉത്തരവാദിത്തം ഞാന്‍ നിങ്ങൾക്ക് കൈമാറുകയാണ്. നിങ്ങളും ഇത് പോലെ നിങ്ങളുടെ കുട്ടികള്‍ക്ക് അത് കൈമാറണം. വിശുദ്ധ മതത്തിന്റെ പ്രചാരണമാണ് നമ്മുടെ ലക്ഷ്യം. അത് അവസാനിക്കാത്തിടത്തോളം നമ്മുടെ യുദ്ധങ്ങളും അവസാനിക്കില്ല.

മക്കളേ, നമ്മൾ ജനിച്ചത് കുതിരപ്പുറത്താണ്, നാം മരിക്കുന്നതും കുതിരപ്പുറത്ത് തന്നെയായിരിക്കും. ലോകം മുഴുവൻ നീതിയുക്തമായി ഭരിക്കപ്പെടുന്നതുവരെ, എല്ലാവരും സമാധാനത്തോടെ ജീവിക്കുന്നത് വരെ, ക്രൂരന്മാരുമായി നാം പോരാടിക്കൊണ്ടേയിരിക്കും.
പിതാവിന്റെ ഈ ഉപദേശം അക്ഷരം പ്രതി ശിരസാവഹിച്ചാണ് മക്കള്‍ വളര്‍ന്നത്. മൂത്തവനായ ഓര്‍ഹാന്‍ ആ ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നേറുകയും ചെയ്തു. 

ഓർഹാൻ ബെയ്, ഓർഹാൻ ഗാസി  എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഉസ്മാൻ ഗാസിയുടെയും മൽഹുൻ ഹത്തൂനിന്റെയും മകനാണ് അവർ. തന്റെ പിതാമഹന്‍ എർതുഗ്‌റുൽ ഗാസി മരണപ്പെട്ട അതേ വര്‍ഷം തന്നെയാണ് (1281) ഒർഹാൻ ഗാസി ജനിക്കുന്നത്. ഓർഹാൻ എന്ന പദത്തിന് നഗര ജഡ്ജി എന്നാണ് ടർക്കിഷ് ഭാഷയിൽ അര്‍ത്ഥം. ഭാവി ഭരണാധികാരിയായി പിതാവ് വളർത്തിയ ഓർഹാൻ ബെയ്, വിശാലമായ ഒരു രാഷ്ട്രം തന്നെ സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിച്ചാണ് വളര്‍ന്നത്. പിതാവിന്റെ ഭരണകാലത്ത് തന്നെ കമാൻഡറായി നിരവധി പ്രധാന യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തു. എസ്കിഷെഹിറിന്റെ ആധുനിക മധ്യ പ്രവിശ്യയായ സുൽത്താനൂവിന്റെ ഗവർണറായിരുന്നു അദ്ദേഹം. പതിനേഴാം വയസ്സിൽ അദ്ദേഹം യാർഹിസാർ ടെക്‌ഫുറിന്റെ മകൾ ഹോളോഫിറയെ വിവാഹം കഴിച്ചു. ഹോളോഫിറ ഇസ്‍ലാം മതം സ്വീകരിച്ച് "നിലൂഫർ" എന്ന പേര് സ്വീകരിക്കുകയായിരുന്നു.
പിതാവിന്റെ മരണശേഷം സിംഹാസനത്തിലെത്തിയ ഓര്‍ഹാന്‍, സഹോദരനും പണ്ഡിതനുമായിരുന്ന അലാവുദ്ദീൻ പാഷയെ മന്ത്രിയാക്കി നിയമിച്ചു. ഓട്ടോമൻ രാഷ്ട്രത്തിന്റെ ആദ്യത്തെ നിയമാവലി തയ്യാറാക്കിയിരുന്നതും അദ്ദേഹമായിരുന്നു. 

ബുര്‍സാ കീഴടക്കിയതോടെ, ഓര്‍ഹാന്‍ ബേ ഭരണ തലസ്ഥാനം അങ്ങോട്ട് മാറ്റി. തന്റെ പിതാവിന്റെ ഓർമകൾ ഉറങ്ങുന്ന പ്രദേശമായിരുന്നു അത്. 1335-ൽ അദ്ദേഹം അവിടെ മനോഹരമായ ഒരു പള്ളിയും പണിതു.

ബുർസ കീഴടക്കി ഓര്‍ഹാന്‍ ബേ വീണ്ടും മുന്നേറുന്നത് ബൈസന്റൈൻ ചക്രവര്‍ത്തിയെ ആശങ്കപ്പെടുത്തി. 1331-ൽ വന്‍സൈനിക സന്നാഹങ്ങളുമായി ഓര്‍ഹാന്‍ ബേയെ നേരിടാനെത്തിയ ബൈസന്റൈന്‍ ചക്രവര്‍ത്തി ദയനീയമായി പരാജയപ്പെട്ടു. അതോടെ, ഇസ്നിക് പ്രദേശവും ഓര്‍ഹാന്‍ ബേയുടെ കീഴിലായി മാറി. ആ പ്രദേശത്ത് കാരെല്ലാം, നീതിയുടെ പര്യായമായ ഓര്‍ഹാന്‍ ബേയുടെ ഭരണം ആഗ്രഹിച്ചിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകളായ ഭാര്യമാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, തന്റെ സൈനികരോട് അവരെ വിവാഹം കഴിക്കാന്‍ വരെ അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ നിലനിന്നിരുന്നത് ഇസ്‌നിക്കിലായിരുന്നു. 325-ൽ, പ്രസിദ്ധമായ ക്രിസ്ത്യൻ ബിഷപ്പുമാരുടെ കൗൺസിൽ നടന്നത് ഇവിടെയായിരുന്നു. യുദ്ധാനന്തര ഉടമ്പടി പ്രകാരം അത് പള്ളിയാക്കി മാറ്റുകയായിരുന്നു. ശേഷം അതിനോട് ചേര്‍ന്ന് മദ്റസയും തുടക്കം കുറിച്ചു. അതായിരുന്നു ഇസ്‌നിക്കിലെ ആദ്യത്തെ ഓട്ടോമൻ മദ്രസ. പ്രശസ്‌ത പണ്ഡിതരായ ദാവൂദ് അൽ-ഖൈസരിയും തഖിയുദ്ദീൻ കുർദിയും ഈ മദ്രസയിലെ അധ്യാപകരായിരുന്നു.
സൈനിക മുന്നേറ്റം തുടര്‍ന്ന ഓര്‍ഹാന്‍ ബേ, ജെംലിക്, ഇസ്മിത്ത് എന്നീ നഗരങ്ങള്‍ കൂടി കീഴടക്കി ഓട്ടോമൻമാർ സാമ്രാജ്യം ബോസ്പോറസിന്റെ തീരം വരെ എത്തി.

1331-ൽ സഹോദരൻ അലാഉദ്ദീൻ പാഷയുടെ മരണത്തെ തുടര്‍ന്ന്, കിരീടാവകാശിയായ സുലൈമാൻ പാഷയെ മന്ത്രിയായും ശേഷം പുതുതായി സ്ഥാപിതമായ റുമേലിയ പ്രവിശ്യയുടെ ഗവർണറായും നിയമിച്ചു. 
1360-ൽ ബുർസില്‍, എഴുപത്തി ഒമ്പതാം വയസ്സില്‍ ഓര്‍ഹാന്‍ ബേ മരണപ്പെട്ടു. പിതാവിനോട് ചേര്‍ന്ന് തന്നെ അദ്ദേഹത്തെയും അടക്കം ചെയ്തു. സിംഹാസനത്തിലിരിക്കെ അന്തരിച്ച ഏറ്റവും പ്രായം കൂടിയ ഓട്ടോമൻ സുൽത്താനാണ് ഓർഹാൻ ഗാസി. 
തന്റെ പിതാവിൽ നിന്ന് ഏറ്റെടുത്ത അധികാര ദേശം, ഏകദേശം ആറിരട്ടിയായി ഓര്‍ഹാന്‍ ബേ വികസിപ്പിച്ചു. രണ്ട് ഭൂഖണ്ഡങ്ങളിലായി ഏകദേശം 95,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു അതിന്. രാജ്യത്തെ ജനസംഖ്യ 3 ദശലക്ഷവും അതില്‍ മൂന്നിലൊന്ന് ക്രിസ്ത്യാനികളുമായിരുന്നു. കീഴടക്കിയ പ്രദേശങ്ങളില്‍ ജനസംഖ്യാ സന്തുലിതാവസ്ഥ ഉറപ്പ് വരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-18 ഹാജി ബെക്താഷ് വേലിയും ബെക്താഷ്കിലി ത്വരീഖത്തും

ആദ്യ ഭാര്യ നിലൂഫർ ഹത്തൂനിൽ അദ്ദേഹത്തിന്, സുലൈമാൻ, മുറാദ്, കാസിം എന്നീ മൂന്ന് മക്കള്‍ ജനിച്ചു. മറ്റൊരു ഭാര്യയായ ഹലീൽ തിയോഡോറയില്‍ ഇബ്രാഹീം, ഫാതിമ, അസ്പോർസയില്‍ എന്നീ മൂന്ന് മക്കളും.
ഭർത്താവിന്റെ അരികിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്ന ഭാര്യ നിലൂഫർ ഹാതൂനും വളരെ നല്ല മനുഷ്യസ്‌നേഹിയും മതനിഷ്ഠയുമായിരുന്നു. ബുർസയിൽ അവരുടെ പേരിൽ മൂന്ന് മസ്ജിദുകളും ഒരു ലോഡ്ജും ഒരു പാലവും അവർ സ്ഥാപിച്ചിരുന്നു. 
യുദ്ധസമയത്തും പുതുതായി കീഴടക്കിയ നാടുകളുടെ ഇസ്ലാമികവൽക്കരണത്തിലും ഗാസികൾക്ക് പരിശീലനം നൽകുന്നതിൽ സൂഫി ദർവീഷുകൾ വലിയ പങ്കുവഹിച്ചിരുന്നു. ഒട്ടോമൻ അധിനിവേശത്തിന്റെ ലക്ഷ്യം കേവല അധികാരമോ മഹത്വമോ അല്ലെന്ന് അവർ സൈനികരെ നിരന്തരം ബോധ്യപ്പെടുത്തി. ഓർഹാൻ ഗാസിയും ദര്‍വീഷുമാര്‍ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. അവര്‍ക്കായി പ്രത്യേക ദർവീഷ് ലോഡ്ജുകൾ അദ്ദേഹം നിർമ്മിച്ച് നല്കിയിരുന്നു. ഗെയിക്‌ലി ബാബ, ഡോഗ്‌ലു ബാബ, ദര്‍വീഷ് മുറാദ് എന്നിവർ ഇവരില്‍ പ്രശസ്തരാണ്. 

രാജാവ് എന്ന അറബി പദത്തിന് തുല്യമായ "സുൽത്താൻ" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ഒട്ടോമൻ സുൽത്താൻ ഓർഹാൻ ഗാസിയാണ്. ആദ്യകാലങ്ങളിൽ അദ്ദേഹത്തെ സന്ദർശിച്ച വടക്കേ ആഫ്രിക്കൻ അറബ് സഞ്ചാരി ഇബ്ൻ ബത്തൂത്ത പറയുന്നത്, തുർക്ക്മെൻ ഭരണാധികാരികളിൽ ഏറ്റവും മഹാനാണ് ഓര്‍ഹാന്‍ ബേ എന്നാണ്.

ഒർഹാൻ ബെയ് ബുർസയിൽ ഒരു വെള്ളി നാണയം തന്നെ പുറത്തിറക്കിയിരുന്നു. അതിൽ നാല് ഖലീഫമാരുടെ പേരുകളും ഒരു വശത്ത് സത്യസാക്ഷ്യ വാക്യങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. മറുവശത്ത്, അതിൽ “ഓർഹാൻ ബിൻ ഒസ്മാൻബുർസ, 727" എന്നും കായ് ഗോത്രത്തിന്റെ സ്റ്റാമ്പും അതിലുണ്ടായിരുന്നു. 

ദർവീശ് യാത്ര തുടരുകയാണ്. വഴികൾ ദീർഘമാണ്. എവിടെയും ശാശ്വതമായി നില്‍ക്കുന്നതല്ല അവരുടെ രീതി. അവന്റെ വാതിലിൽ മാത്രമാണ് അവസാന അഭയം. അത് തുറക്കപ്പെടുന്നത് വരെമുട്ടിക്കൊണ്ടേയിരിക്കണം, അവസാന ശ്വാസം വരെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter