ആത്മീയതയിലെ ശരിയും തെറ്റും

ആത്മീയത മനുഷ്യനെ ഉത്കൃഷ്ട ജീവിയാക്കുന്നു. മനുഷ്യമനസ്സിനെ സംസ്‌കരിക്കുകയും മനുഷ്യഗുണങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. മലാഇകതിനേക്കാള്‍ ഉന്നതനാവാനും മൃഗങ്ങളേക്കാള്‍ തരംതാഴാനും മനുഷ്യന് സാധിക്കുമെന്നാണ് മതപാഠം. മനുഷ്യകുലത്തിന് ശാന്തിയും ശാശ്വത സമാധാനവും ഉറപ്പുവരുത്താന്‍ ആത്മീയതക്കേ സാധ്യമാവൂ. ഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും കൊണ്ട് കലുഷമായ മനസ്സില്‍ ആത്മീയത ശാന്തതയുടെ കുളിര് കോരിയിടും. ഏതു നീറുന്ന പ്രശ്‌നവും നിസാരമാവുകയും മനസ്സിനെ കാര്‍ന്നുതിന്നുന്ന ദുഃസ്വഭാവങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.

മനുഷ്യഹൃദയം പളുങ്കുപോലെ പ്രകാശമാകും. ‘അറിയുക, ദൈവിക സ്മരണ കൊണ്ടാണ് ഹൃദയങ്ങള്‍ ശാന്തമാകുന്നത്’ (വി.ഖു)ആത്മീയതക്കു വേണ്ടി ദാഹിക്കുന്നവരാണ് ആധുനിക കാലത്തെ മനുഷ്യര്‍.

നിത്യജീവിതത്തിലെ യാന്ത്രികതയും വ്യക്തിബന്ധങ്ങളിലെ അസ്വസ്ഥതയും സാമൂഹിക ജീവിതത്തിലെ മാത്സര്യമനോഭാവവും മനുഷ്യനെ നന്നേ തളര്‍ത്തിയിട്ടുണ്ട്. ഭൗതികതയുടെ തള്ളിക്കയറ്റത്തില്‍ മതമൂല്യങ്ങള്‍ നഷ്ടപ്പെടുകയും ധാര്‍മിക മൂല്യങ്ങള്‍ അവമതിക്കപ്പെടുകയും ചെയ്തത് ആത്മീയതക്കായുള്ള നെട്ടോട്ടത്തില്‍ കൂടുതല്‍ തടസ്സമുണ്ടാക്കി. ആത്മീയതക്ക് ആവശ്യക്കാരേറുകയും പകര്‍ന്ന് നല്‍കേണ്ടവര്‍ കുറയുകയും ചെയ്യുന്നതാണ് സമകാലിക ലോകത്തിന്റെ ചിത്രം. ഇത് മുതലെടുത്ത് പല ചൂഷകന്‍മാരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കള്ള ത്വരീഖത്തുകളും ഇല്ലാത്ത കറാമത്തുകളും പ്രചരിപ്പിച്ച് സാധാരണക്കാരെ വശത്താക്കി സാമ്പത്തിക ഭൗതിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണിവരുടെ ലക്ഷ്യം.


Also Read: ആത്മീയത ഭൗതികതയെ തേടുന്നു


തസ്വവ്വുഫിന്റെയും സൂഫി ത്വരീഖത്തുകളുടെയും ഔന്നിത്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴൊക്കെ പണ്ഡിതന്‍മാര്‍ കള്ള ത്വരീഖത്തുകളെ കുറിച്ചും ആത്മീയ തട്ടിപ്പുകളെ കുറിച്ചും മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഒറിജിനലിനോട് അസാമാന്യമാം വിധം സാമ്യതയുള്ളതും ഒരു പക്ഷേ ഒറിജിനലിനേക്കാള്‍ വിശ്വാസയോഗ്യമെന്ന് തോന്നിക്കുന്നവയുമാകും പല ഡ്യൂപ്ലിക്കേറ്റുകളും. ആത്മീയ തട്ടിപ്പുകളുടെ സ്ഥിതിയും അതുതന്നെ.

ആത്മീയ ചൂഷകര്‍ സമൂഹത്തോട് കാണിക്കുന്നത് കടുത്ത വഞ്ചനയാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് നിഷ്‌കളങ്കരായ അനേകം ആളുകളുടെ മതവും വിശ്വാസവും കേവലം ഭൗതിക കാര്യലാഭത്തിന് വിലക്കെടുക്കുകയാണവര്‍. ആഖിറത്തിനെ കുറിച്ചും ദൈവിക ശിക്ഷയെ കുറിച്ചും ബോധമുള്ളവര്‍ക്ക്  ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്തവിധം നീചമാണത്. ‘പരലോകത്തിന് പകരം ഇഹലോകം വാങ്ങിയവരാകുന്നു അവര്‍. ശിക്ഷയില്‍ അവര്‍ക്ക് ഇളവ് നല്‍കപ്പെടുകയോ സഹായം ലഭിക്കുകയോ ഇല്ല’. (വി.ഖു)
സ്വയം വഴിതെറ്റുന്നു എന്നതിനു പുറമെ മറ്റുള്ളവരെ വഴിതെറ്റിക്കുകയും തസ്വവ്വുഫിനെയും ആത്മീയതയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക വഴി തസ്വവ്വുഫിനെ പാടെ നിഷേധിക്കുന്നവര്‍ക്ക് ശക്തി പകരുകയും ചെയ്യുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ആത്മീയ ചൂഷണത്തെ തുറന്നുകാട്ടുകയും അതിനെതിരെ സന്ധിയില്ലാ സമരം നടത്തുകയും ചെയ്യല്‍ പണ്ഡിതന്റെ ബാധ്യതയാണ്. ബിദ്അത്ത് വെളിപ്പെട്ടിട്ടും മൗനിയായിരിക്കുന്ന പണ്ഡിതനുമേല്‍ അല്ലാഹുവിന്റെ ലഅ്‌നത്തുണ്ടെന്നാണ് നബിവചനം.

(മുനവ്വറലി ശിഹാബ് തങ്ങള്‍, തെളിച്ചം മാസിക, ദാറുല്‍ഹുദാ, ചെമ്മാട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter