വിശ്വാസിയും പ്രതിഫലവും
അബൂദര്‍റ്(റ) പറയുന്നു: നബി(സ) എന്നോട് പറഞ്ഞു: ''നല്ല കാര്യങ്ങളില്‍ ഒന്നിനെയും നീ നിസ്സാരമായി കാണരുത്. പ്രസന്നവദനനായി നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നതു പോലും.''(മുസ്‌ലിം) പരലോകത്ത് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മങ്ങളുടെ മേഖല അതിവിശാലമാണ്. ആരാധനാരൂപത്തിലുള്ളവ മാത്രമല്ല പുണ്യകര്‍മ്മങ്ങള്‍. മനുഷ്യജീവിതത്തിന്റെ എല്ലാ ചലനങ്ങളും മനനങ്ങളും പുണ്യങ്ങളാണ്; തിന്മയുമായി ബന്ധപ്പെട്ടതല്ലെങ്കില്‍. അതിനാല്‍ നല്ല കാര്യം അതെത്ര ചെറുതായിതോന്നുന്നുവെങ്കിലും നിസ്സാരവല്‍ക്കരിക്കപ്പെടേണ്ടതോ അവഗണിച്ച് തള്ളേണ്ടതോ അല്ല. ഒരു മനുഷ്യന്റെ മുഖത്തേക്ക് തെളിഞ്ഞ മുഖവുമായി നോക്കുന്നത് അത്രവലിയ കാര്യമൊന്നുമല്ല. എന്നാല്‍ അതുപോലും ഇസ്‌ലാമിക ദൃഷ്ട്യാ കനപ്പെട്ടതും പരലോകത്ത് പ്രതിഫലാര്‍ഹവുമാണെന്ന് തന്റെ അനുയായികളെ തെര്യപ്പെടുത്തുകയാണ് തിരുനബി(സ) ചെയ്യുന്നത്.
ഏതാനും ചില ആരാധനാ മുറകള്‍ നിര്‍ദേശിക്കുകയും അവ പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മങ്ങളായി പരിഗണിക്കുകയും ജീവിതത്തിന്റെ മറ്റു മേഖലകളെക്കുറിച്ച് മൗനം ദീക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇസ്‌ലാമിലില്ല. മനുഷ്യപ്രകൃതിക്കും സംസ്‌കാരത്തിനും അനുയോജ്യമായ എല്ലാ നല്ല കാര്യങ്ങളും പുണ്യങ്ങള്‍ തന്നെ. അതിനാല്‍, സുകൃതങ്ങള്‍ ചെയ്ത് പ്രതിഫലം നേടാന്‍ സത്യവിശ്വാസികള്‍ക്ക് ധാരാളം അവസരങ്ങള്‍ തുറന്നുകിട്ടുന്നു.
ദാനധര്‍മ്മങ്ങള്‍ വളരെ പ്രാധാന്യമുള്ള പുണ്യകര്‍മമാണ്. എന്നാല്‍, സമ്പത്തുള്ളവര്‍ക്കേ പ്രസ്തുത പുണ്യം നേടാന്‍ കഴിയൂ. ഈ ചിന്ത പാവപ്പെട്ട സ്വഹാബികളില്‍ ചിലരെ അലോസരപ്പെടുത്തി. ധനികന്മാരെ പോലെ ദാനം ചെയ്ത് പ്രതിഫലം കരസ്ഥമാക്കാന്‍ കഴിയാതെ പോയല്ലോ എന്നതായിരുന്നു അവരെ അലട്ടിയ മനോവ്യഥ. ഒരിക്കല്‍ പ്രവാചക തിരുമേനി(സ)യോട് ഈ വിഷമം അവര്‍ തുറന്നു പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ! ധനമുള്ളവര്‍ ധാരാളം പ്രതിഫലം കരസ്ഥമാക്കുന്നു. ഞങ്ങളെ പോലെ അവരും നിസ്‌കരിക്കുന്നു. ഞങ്ങളെ പോലെ അവരും നോമ്പ് അനുഷ്ഠിക്കുന്നു.(അതിനെല്ലാം പുറമെ) അവരുടെ ധനത്തില്‍ മിച്ചം വരുന്നതു കൊണ്ട് അവര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നു (ഞങ്ങള്‍ക്ക് അതിന്ന് കഴിയില്ലല്ലോ).'' പ്രവാചകര്‍(സ) ചോദിച്ചു: ''നിങ്ങള്‍ക്കും ദാനം നല്‍കാന്‍ ചിലത് അല്ലാഹു നിശ്ചയിച്ചു തന്നിട്ടില്ലേ? എല്ലാ തസ്ബീഹുകളും സ്വദഖയാണ്. എല്ലാ തക്ബീറുകളും സ്തുതിവചനങ്ങളും തഹ്‌ലീലുകളും സ്വദഖയാണ്. നന്മകല്‍പ്പിക്കലും തിന്മ തടയലും സ്വദഖയാണ്. നിങ്ങളുടെ ഭാര്യമാരുടെ അടുത്ത് ചെല്ലുന്നതു പോലും സ്വദഖയാണ്. (ഇതൊക്കെ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്.) '' അപ്പോള്‍ ശ്രോതാക്കള്‍ ചോദിച്ചു: ''ഞങ്ങളിലൊരുത്തന്‍ വികാരശമനത്തിനു വേണ്ടി ഭാര്യമാരെ സമീപിക്കുന്നതിലും പ്രതിഫലമുണ്ടോ?'' നബി(സ) പ്രതികരിച്ചു: ''ഒരാള്‍ നിഷിദ്ധമായ മാര്‍ഗത്തില്‍ അത് നിര്‍വഹിക്കുകയാണെങ്കില്‍ അവന്‍ കുറ്റക്കാരനാവുകയില്ലേ? എന്നാല്‍, അനുവദനീയമായ വഴിയില്‍ അത് നിര്‍വഹിച്ചാല്‍ അവന്ന് പ്രതിഫലവുമുണ്ട്.'' (മുസ്‌ലിം)
നല്ല കാര്യങ്ങള്‍ ഒന്നിനെയും നിസ്സാരമായി കാണരുതെന്നാണല്ലോ തിരുവാക്യത്തിലെ ഉപദേശം! ജനങ്ങളുടെ ദൃഷ്ടിയില്‍ നിസ്സാര കാര്യമായതുപോലും അല്ലാഹുവിന്റെയടുക്കല്‍ അത് ഗണനീയമായിരിക്കും. അതിനാല്‍ കാര്യങ്ങളെയൊന്നും അവഗണിക്കരുതെന്നാണ് ഉപദേശത്തിന്റെ പൊരുള്‍. ''രണ്ടു പേര്‍ക്കിടയില്‍ പ്രശ്‌നം പരിഹരിച്ചുകൊടുക്കല്‍, ഒരു വ്യക്തിയെ വാഹനത്തില്‍ കയറാന്‍ സഹായിക്കല്‍, ചുമട് കയറ്റാനും ഇറക്കാനും സഹകരിച്ചുകൊടുക്കല്‍, മനുഷ്യരോട് നല്ല വാക്ക് പറയല്‍, നിസ്‌കാരത്തിനു വേണ്ടി പള്ളിയിലേക്ക് ഓരോ ചവിട്ടടി വെക്കല്‍, വഴിയില്‍ കാണുന്ന ശല്യങ്ങള്‍ എടുത്തു മാറ്റല്‍ എല്ലാം പുണ്യകര്‍മ്മങ്ങളാണ്.''
(ബുഖാരി, മുസ്‌ലിം)
സാധാരണയില്‍ ലാഘവതരത്തില്‍ ഗണിക്കപ്പെടുന്ന ചില കാര്യങ്ങളാണ് ഇതൊക്കെ. പക്ഷേ, വിശാലമായ മനുഷ്യസേവനത്തിന്റെ ഭാഗങ്ങളാണിതെല്ലാം. അതിനാല്‍ വളരെ വിലപ്പെട്ടതായി ഇസ്‌ലാം അവയെ കാണുന്നു.
നനവോടെ സ്പര്‍ശിച്ചാല്‍ ഗൗരവതരമായ മാലിന്യമുള്ളതും നീച ജീവിയുമായി ഇസ്‌ലാം കണക്കാക്കുന്ന നായക്ക് ദാഹജലം നല്‍കിയ വ്യക്തിക്ക് അല്ലാഹു പാപമോചനം നല്‍കി സ്വര്‍ഗപ്രവേശം അനുവദിച്ചു കൊടുത്തതായി ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീസില്‍ കാണാം. നബി(സ) പറഞ്ഞു: ''ഒരാള്‍ ഒരു വഴിയെ സഞ്ചരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് കഠിനമായ ദാഹം നേരിട്ടു. അദ്ദേഹം ഒരു കിണര്‍ കണ്ടു. അതില്‍ ഇറങ്ങി ദാഹശമനം വരുത്തി. കയറിവന്നപ്പോള്‍ നാവും തൂക്കിയിട്ട് ഒരു നായ നില്‍ക്കുന്നു. ദാഹത്താല്‍, നനഞ്ഞ മണ്ണില്‍ (ഇടക്കിടെ) നാവിട്ട് നക്കുന്നു. എന്നെപ്പോലെ ഈ നായയും ദാഹത്താല്‍ വലയുന്നുണ്ടാവാം എന്നു പറഞ്ഞ് അയാള്‍ കിണറ്റിലേക്ക് വീണ്ടും ഇറങ്ങി. തന്റെ കാലുറ അഴിച്ച് അതില്‍ വെള്ളം നിറച്ചു. വായ കൊണ്ട് കടിച്ചു പിടിച്ച് കിണറ്റില്‍നിന്നു കയറി. നായയെ വെള്ളം കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അദ്ദേഹത്തോട് നന്ദി കാണിച്ചു. അദ്ദേഹത്തിന് പാപമോചനം നല്‍കി.'' ഇതു കേട്ട സ്വഹാബികള്‍ ചോദിച്ചു: ''മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ നബിയേ?'' പ്രവാചകര്‍(സ) പ്രതിവചിച്ചു: ''അതെ, എല്ലാ ജീവികളിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.''(ബുഖാരി, മുസ്‌ലിം)
ഇമാം ബുഖാരിയുടെ ഒരു റിപ്പോര്‍ട്ടില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു എന്നുകൂടിയുണ്ട്. പുണ്യങ്ങളുടെ അനന്തമായ സാധ്യതകളില്‍ ചിലതാണ് ഉദ്ധരിക്കപ്പെട്ട കാര്യങ്ങളെല്ലാം. വളരെ ഗൗരവതരമായവ മാത്രമല്ല, എത്ര ചെറുതാണെങ്കിലും നല്ല കാര്യത്തിന്റെ മഹത്വം അല്ലാഹുവിന്റെയടുക്കല്‍ വലിയതാണ്. ''നന്മയാല്‍ നിങ്ങള്‍ എന്തു ചെയ്താലും അല്ലാഹു അത് അറിയുന്നവനാണ്.''(വി.ഖുര്‍ആന്‍) ''അണുമണി തൂക്കം നന്മ ഒരാള്‍ ചെയ്താല്‍ അതിനെ അവന്‍ കാണും.''(വി.ഖുര്‍ആന്‍)
സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണിതൊക്കെ. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് ആത്മാര്‍ത്ഥമായി ചെയ്യുന്ന ഏത് നല്ല കര്‍മ്മത്തിനും കണക്കറ്റ പ്രതിഫലങ്ങള്‍ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു. സമ്പാദിക്കാന്‍ ശ്രമിക്കണമെന്നു മാത്രം.
Leave A Comment