ലഹരി മുക്തമാകുമ്പോഴാണ് ആരോഗ്യമുള്ള സമൂഹം പിറവിയെടുക്കുന്നത്
ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ 'മഹാഭാരതം കിളിപ്പാട്ട്' എന്ന കാവ്യത്തില്‍ ഒരു സമൂഹത്തിന്റെ സുരപാനാസക്തി എങ്ങനെ ആ സമൂഹത്തിന്റെ നാശത്തിന് കാരണമാവുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭക്തി പ്രസ്ഥാന നായകനായി കവി സമൂഹത്തിന് ധാര്‍മിക ബോധനം പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട് തന്റെ കാവ്യങ്ങളില്‍. സമൂഹത്തിന്റെ ധര്‍മ ഭംശത്തിന് മദ്യം വഹിക്കുന്ന പങ്ക് സമകാലിക സാമൂഹ്യജീവിത പരിസരങ്ങളില്‍നിന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കണം. അത് കൊണ്ടാണ് മദ്യപാനാസക്തിമൂലമുണ്ടായ യാദവനാശത്തെ വര്‍ണിക്കുമ്പോള്‍ കവി വാചാലനാവുന്നത്. വ്യാസവിരചിതമായ ഇതിഹാസ സന്ദര്‍ഭത്തിന് എഴുത്തച്ഛന്റെ തൂലികാസ്പര്‍ശമേല്‍ക്കുമ്പോള്‍ കൂടുതല്‍ മിഴിവും സന്ദര്‍ഭോചിത്യവും കൈവരുന്നു. ശ്രീകൃഷ്ണന്റെ വംശമായ യാദവകുലം പൊതുവെ ശാന്തശീലരായിരുന്നു. പക്ഷെ, മദ്യാപാനാസക്തി അവരുടെ നാശത്തില്‍ കലാശിക്കുന്നു. മദ്യം കഴിച്ച് സ്വബോധം നഷ്ടപ്പെട്ട അവര്‍ തമ്മില്‍ യുദ്ധം ആരംഭിക്കുന്നു. അച്ഛനും മക്കളും തമ്മില്‍ സഹോദരര്‍ തമ്മിലും രൂക്ഷമായ യുദ്ധം തന്നെ നടന്നു. അങ്ങനെ ഒരു വംശം തന്നെ ഒടുങ്ങുന്നു. ഇതിനെല്ലാം നിര്‍മമനായി കൃഷ്ണനും സാക്ഷിയാവുന്നു. മദ്യാസക്തരായ തന്റെ ബന്ധുജനത്തെ രക്ഷിക്കാന്‍ തന്നെക്കൊണ്ടാവുന്നില്ലല്ലോ എന്ന ഖേദമായിരിക്കണം അപ്പോള്‍ ശ്രീകൃഷ്ണന്റെ മനസ്സില്‍. മദ്യപാനം സൃഷ്ടിക്കുന്ന കെടുതികളില്‍ ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല എന്ന പാഠമാണ് എഴുത്തച്ഛന്‍ നല്‍കുന്നത്.
മറ്റെന്തിലുമെന്ന പോലെ, മദ്യപാനത്തിന്റെ കാര്യത്തിലും കേരളം അതിവേഗം ബഹുദൂരം മുന്നിലാണ്. ഓണം, വിഷു, ന്യൂ ഇയര്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ കേരളീയര്‍ ഉപയോഗിക്കുന്ന മദ്യത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. കോടികളുടെ മദ്യവില്‍പനയാണ് ഈ സന്ദര്‍ഭങ്ങളില്‍ നടക്കാറുള്ളത്. ഇക്കല്ലത്തെ ന്യൂ ഇയര്‍ ആഘോഷത്തിന് പതഞ്ഞൊഴുകിയ മദ്യത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടുകയുണ്ടായില്ല. 'ദൈവത്തിന്റെ സ്വന്തം നാട്' എന്നതിന് പകരം 'മദ്യത്തിന്റെ സ്വന്തം നാട്' എന്ന വിശേഷമാണ് കേരളത്തിനിപ്പോള്‍ നന്നായി ചേരുക. ഏത് ആഘോഷത്തിനും ഇപ്പോള്‍ മദ്യം വേണം. വിദ്യാര്‍ത്ഥികള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും ഇപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുന്നു. കേരളത്തിലെ കലായങ്ങളെ ടാര്‍ജറ്റ് ചെയ്യുന്ന മദ്യമാഫിയകളും മയക്ക് മരുന്ന് ലോബികളും സജീവമാണ്.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന നാടാണ് കേരളം. ഇതില്‍ ഏറിയ പങ്കും സംഭവിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതുകൊണ്ടാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് കേരളത്തില്‍ തന്നെ. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം തകര്‍ന്ന് നിരാശയുടെ ആഴങ്ങളില്‍ ആപതിച്ചവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികപേരും. ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളും ഹൃദ്രോഗികളും ജീവിക്കുന്നത് കേരളത്തിന്റെ അതിരകത്താണ്. 18 ലക്ഷത്തോളം കേരളീയര്‍ മദ്യാസക്തരാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ശരാശരി മദ്യവില്‍പന എട്ട് ശതമാനം കണ്ട് വര്‍ധിക്കുമ്പോള്‍ ഇവിടെ 20 ശതമാനം വര്‍ധിക്കുന്നുവത്രേ! ഒരു വര്‍ഷം കേരളം കുടിച്ചു തീര്‍ക്കുന്നത് ഏകദേശം 26 കോടി ലിറ്റര്‍ മദ്യമാണ്. 90-91 വര്‍ഷത്തില്‍ കേരളീയര്‍ കുടിച്ചത് 142.33 കോടി രൂപയുടെ മദ്യമാണെങ്കില്‍, 2010-11 വര്‍ഷത്തില്‍ അത് 5600 കോടിയോളം രൂപയിലെത്തി. 10 വര്‍ഷം കൊണ്ട് 40 ഇരട്ടി വര്‍ധനവ്! കേരളത്തിലെ മൂന്നു ശതമാനം സ്ത്രീകള്‍ ഇപ്പോള്‍ മദ്യം സേവിക്കുന്നവരാണ്. കേരളത്തിലെ ആശുപത്രകികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന നല്ല ശതമാനം പേര്‍ മദ്യപാനം കൊണ്ടുണ്ടാവുന്ന രോഗങ്ങള്‍ പിടിപെട്ടവരാണ്. ഇവിടുത്തെ 50 ശതമാനം ആത്മഹത്യക്കു പിന്നിലും വില്ലന്‍ മദ്യം തന്നെ. ആത്മഹത്യ ചെയ്യുന്ന മൊത്തം സ്ത്രീകളുടെ മൂന്നിലൊന്ന് മദ്യാപാനികളുടെ ഭാര്യമാരാണ്.
മാനവികത, ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന കേരളം ഇപ്പോള്‍ അതിവേഗം ക്രിമിനല്‍വത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
പട്ടാപകല്‍ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ പെരുകി. പിടിക്കപ്പെടുന്ന കുറ്റവാളികളില്‍ 70 ശതമാനവും മദ്യലഹരിയില്‍ കുറ്റകൃത്യം നിര്‍വഹിച്ചവരാണ്. 60 ശതമാനം കുടുംബങ്ങളിലും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നു. ഇതില്‍ മുക്കാല്‍ പങ്കും മദ്യപാനം കൊണ്ട് സംഭവിക്കുന്നതാണ്. സൗമ്യവധം ഉള്‍പ്പെടെ സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ അമിത മദ്യപാനത്തിന് അടിമപ്പെട്ടവരായിരുന്നു. ലഹരി മൂത്ത് സ്വബോധം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ആളുകള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നത്.
മദ്യപാനത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവം തന്നെ മാറിയിരിക്കുന്നു. പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ മ്യപാനികള്‍ അന്തസ്സില്ലാത്തവരും സംസ്‌കാര ശൂന്യരുമായി ഗണിക്കപ്പട്ടിരുന്നുവെങ്കില്‍, ഇന്ന് അല്‍പം മിനങ്ങുന്ന് സ്റ്റാറ്റസ് സിംബലായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇന്ന് ഏത് ആഘോഷത്തിലും മദ്യം ഒഴുകുന്നു. വീടിന്റെ കോണ്‍ക്രീറ്റ് പണി നടക്കുമ്പോള്‍, വൈകുന്നേരം വര്‍ക്ക് കഴിഞ്ഞ് കരാറുകാരനെയും പണിക്കാരെയും മദ്യസല്‍ക്കാരം നടത്തുക എന്നത് ചില സ്ഥലങ്ങളില്‍ ഒരു അലിഖിക നിയമം തന്നെയായി കഴിഞ്ഞിരിക്കുന്നു. വിവാഹത്തലേന്ന് മിക്ക വീടുകളിലും മദ്യസേവ നടക്കുന്നുണ്ട്. അതൊക്കെ സമ്പന്നതയുടെയും പത്രാസിന്റെയും സൂചനയാണിന്ന്. മുന്‍കാലത്ത് ഒരാള്‍, മദ്യം കഴിക്കുമായിരുന്നെങ്കില്‍ അത് മറ്റാരുംഅറിയാതെയാകാന്‍ പരമാവധി ശ്രമിക്കുമായിരുന്നു. ഇന്ന് ഒരാള്‍ മദ്യപിക്കാന്‍ പോകുമ്പോള്‍ ത്താളുകളെ കൂടി തന്നെടൊപ്പം കൂട്ടാനാണ് ശ്രമിക്കുന്നത്. ആത്യന്തികമായി നമുക്ക് നഷ്ടം മാത്രം നല്‍കുന്ന, നമ്മുടെ സമ്പത്തും ആരോഗ്യവും നശിപ്പിക്കുന്ന ഒരു കാര്യത്തിന് വേണ്ടിയാണ് നാം ഇങ്ങനെ ക്യൂവില്‍ നില്‍കുന്നത് എന്നതാണ് രസകരം!
മദ്യത്തിനെതിരെ ഇസ്‌ലാം കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. തിന്മകളുടെ മാതാവ് എന്നാണ് മദ്യത്തെ പണ്ഡിതന്‍മാര്‍ വിശേഷിപ്പിക്കുന്നത്. സുത്ബുദ്ധിയായ മനുഷ്യന്റെ ബോധമണ്ഡലത്തെ മരവിപ്പിച്ച്, അവനെ തിന്മയിലേക്ക് നയിക്കുന്നു എന്നതിനാല്‍ മദ്യം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും മനുഷ്യന് ഒട്ടേറെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മദ്യപാനി സ്വന്തം കര്‍ത്തവ്യങ്ങളില്‍ എപ്പോഴും വിമുഖനായിരിക്കും. പ്രപഞ്ചസ്രഷ്ടാവുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളവനാണ് മനുഷ്യന്‍. ഈ കരാര്‍ യഥോചിതം നിര്‍വഹിക്കുന്നതിനു മനുഷ്യന്‍ സ്വബോധം ഉള്ളവനായിരിക്കണം. മദ്യപാനിയുടെ ബോധമണ്ഡലം ഇരുണ്ടുപോവുകയും ചെയ്യുന്നു. മദ്യലഹരിയിലായി തന്നെ, അസാന്‍മാര്‍ഗികതയായിരിക്കും മനുഷ്യനെ നിയന്ത്രിക്കുന്നത്. ബോധവും വിവേകവും നശിച്ച് മൃഗതുല്യരാവാന്‍ വേണ്ടി സമ്പത്തും ആരോഗ്യവും വിനിയോഗിക്കുന്നത് എത്ര വിരോധാഭാസമാണ്. ശരീരത്തിലെ നാഡീഞരമ്പുകളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയാണ് ലഹരി വസ്തുക്കള്‍ ചെയ്യുന്നത്. ബോധമനസ്സ് തളരുകയും അബോധമനസ് ഉണരുകയും ചെയ്യുന്നു. പിന്നീട് വിവേകത്തിന് സ്ഥാനമില്ല. നിസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ക്കൊന്നും മദ്യപാനിയുടെ മനസ്സില്‍ സ്ഥാനമില്ല. അത് കൊണ്ടാണ് എല്ലാ തിന്മകളുടെയും ഉറവിടസ്ഥാനമായി മദ്യത്തെ ഇസ്‌ലാം വീക്ഷിക്കുന്നത്.
വളരെ കരുതലോടെയുള്ളതും മനഃശാസ്ത്രവുമായിരുന്നു ലഹരി ഉപയോഗത്തിനെതിരെയുള്ള ഇസ്‌ലാമിന്റെ സമീപനം. ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ മദ്യം സുലഭവും പൊതുവെ എല്ലാവരും ഉപയോഗിക്കുന്നതുമായിരുന്നു. അതുകൊണ്ട് ഒറ്റയടിക്ക് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം ഘട്ടം ഘട്ടമായി മദ്യവര്‍ജ്ജനത്തില്‍ എത്തിച്ചേരുകയാണ് ഇസ്‌ലാം ചെയ്തത്.
വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ''(നബിയേ) താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തെക്കാള്‍ വലുത്'' (അല്‍ ബഖറ 219) കൂടുതല്‍ ഉപദ്രവം വരുത്തി വയ്ക്കുന്ന ഒരു കാര്യം വിവേകശാലികള്‍ ഉപേക്ഷിക്കണമെന്നാണ് ഖുര്‍ആന്റെ താല്‍പര്യം. മനുഷ്യന്‍ വിവേകിയാവണമല്ലോ. കുറെ കൂടി വിശദമായി മദ്യത്തിനെതിരെ ഖുര്‍ആന്‍ താക്കീത് നല്‍കുന്നു. ''സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേളച്ഛ വ്യക്തികള്‍ മാത്രമാവുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക, നിങ്ങള്‍ വിജയം പ്രാപിക്കുന്നതിനു വേണ്ടി. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവിനെ ഓര്‍മിക്കുന്നതില്‍ നിന്നും നിസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാവുന്നു. അതിനാല്‍ നിങ്ങള്‍(അവയില്‍ നിന്ന്) വിരമിക്കാനൊരുക്കമുണ്ടോ?'' (അല്‍ മാഇദ 90, 91) ഇങ്ങനെ വിശ്വാസികളെ മാനസിക പരിവര്‍ത്തനത്തിന് വിധേയമാക്കിയ ശേഷമാണ് ഇസ്‌ലാം മദ്യം നിരോധിക്കുന്നത്. ഒന്നാം ഘട്ടമായി, നിസ്‌കാരത്തിനു വരുമ്പോള്‍ മദ്യം നിഷിദ്ധമാക്കിയെങ്കിലും മറ്റു സമയങ്ങളില്‍ പലരും മദ്യം ഉപയോഗിക്കാറുണ്ടായിരുന്നു. പിന്നീടാണ് സമ്പൂര്‍ണ മദ്യനിരോധനം വരുന്നത്. അങ്ങനെ, താന്‍ മരിച്ചാല്‍ തന്നെ മുന്തിരിവള്ളിയുടെ ചുവട്ടില്‍ അടക്കം ചെയ്യണമെന്നും അതിന്റെ വേരുകളിലൂടെ താന്‍ ലഹരി നുകരട്ടെയെന്നും ഭാവനാത്മകമായി ഒസ്യത്ത് ചെയ്തിരുന്ന ആ സമൂഹം മദ്യം നിരോധിക്കപ്പെട്ടതോടെ തങ്ങളുടെ മദ്യശേഖരം തെരുവിലൊഴുക്കിക്കളഞ്ഞുവെന്നാണ് ചരിത്രം. ശ്രദ്ധിക്കുക, എത്ര ആസൂത്രിതവും സമര്‍ത്ഥവുമായിട്ടാണ് ഇസ്‌ലാം ഒരു സാമൂഹിക വിപ്ലവം സാധിച്ചിരിക്കുന്നത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് മതപരമായ വിലക്കുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ട് തന്നെ മുസ്‌ലിം സമൂഹം അടുത്തകാലം വരെ മദ്യപാനം വലിയ അപരാധമായും അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയായും കരുതിയിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ജീവിത ശൈലിയില്‍ വന്നമാറ്റവും കാരണം ധാരാളം മുസ്‌ലിംകള്‍ മദ്യസേവകരായി മാറി. മദ്യം അത്ര നിഷിദ്ധമായി കരുതാത്ത ഇതര സമുദായങ്ങളേക്കാള്‍ ആവേശത്തില്‍ മുസ്‌ലിം യുവാക്കള്‍ മദ്യം സേവിക്കുന്നവരായിമാറി. സമുദായത്തിന്റെ അഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് ഇത് വളര്‍ന്നിരിക്കുന്നു. മുസ്‌ലിംകളുടെ ഏത് ആഘോഷങ്ങള്‍ക്കും ഇപ്പോള്‍ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. ഒരു മുസ്‌ലിം, നിസ്‌കാരം, വ്രതാനുഷ്ഠാനം തുടങ്ങിയ ആരാധനകള്‍ അനുഷ്ഠിച്ചില്ലെങ്കില്‍ അത് അവന്റെ വ്യക്തിപരമായ കാര്യമായി പരിഗണിക്കാം. മാത്രവുമല്ല, ഏത് സമയത്തും ബോധം വന്ന് അവര്‍ അവ അനുഷ്ഠിക്കുകയും ചെയ്യാം. എന്നാല്‍, മദ്യപാനത്തിനടിമകളായ യുവാക്കള്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ സമുദായത്തിന് മൊത്തം അപമാനമായി മാറുന്നുവെന്ന് മാത്രമല്ല, ഇനിയൊരു പ്രതീക്ഷയ്ക്കു വകയില്ലാത്തവിധം ഈ യുവാക്കള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് പോവുകയും ചെയ്യുന്നു. വിവാഹാദി സത്കര്‍മ്മങ്ങള്‍ പോലും മദ്യപാനികളായ ചെറുപ്പക്കാരുടെ കൂന്താട്ടങ്ങള്‍കൊണ്ട് മുഖരിതമാണിപ്പോള്‍. അടുത്തകാലത്ത്, അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണത്തില്‍ ശ്രവിച്ച രസകരമായ സംഭവം ഓര്‍ത്തുപോകുന്നു. പള്ളിയില്‍ വച്ച് നികാഹ് നടന്നു. വരന്റെ പ്രധാന കൂട്ടുകാരന്‍ രജിസ്റ്ററിലെ സാക്ഷിപ്പട്ടികയില്‍ ഒപ്പിടാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍, മുഅദ്ദിന് മദ്യത്തിന്റെ നാറ്റം അനുഭവപ്പെട്ടു. ഇത് പോലൊരു പുണ്യകര്‍മത്തിന് അതും പള്ളിയില്‍ വച്ച് നിങ്ങള്‍ മദ്യപിച്ചുവന്നത് ശരിയായില്ല എന്ന് മുഅദ്ദിന്‍ പറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞത് എന്നെ മാത്രം കുറ്റപ്പെടുത്തേണ്ട, പുതിയാപ്പിളയും പൂശിയിട്ടുണ്ട് എന്നായിരുന്നുവത്രേ! ഈ വിഷയം നാട്ടില്‍ ചര്‍ച്ചയായപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തിയത് മുഅദ്ദിനെ. 'കുട്ടികള്‍ അങ്ങനെ ചെയ്തുവെന്ന് വച്ച്, ഇയാള്‍ അത് വെളിച്ചത്താക്കണേ?' ഇതായിരുന്നു. എല്ലാവരുടെയും ചോദ്യം. പാവം മുഅദ്ദിന് ജോലിയും നഷ്ടപ്പെട്ടു. നാട്ടിലെ പ്രമാണിമാരുടെയും നേതാക്കളുടെയും മഹല്ല് ഭാരവാഹികളുടെയുമൊക്കെ മക്കളായിരിക്കും പലപ്പോഴും വലിയ മദ്യപാനികളും താന്തോന്നികളും. അപ്പോള്‍ പിന്നെ ചോദിക്കാനും പറയാനുമൊന്നും ആരുമുണ്ടാവില്ല. എന്റെ പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ കൂട്ടുകൂടി മദ്യപിക്കുന്നവനായിരുന്നു. തന്റെ വിവാഹദിവസം മദ്യം കഴിക്കരുതെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, കൂട്ടുകാരന്‍ സമ്മതിച്ചില്ല. അവര്‍ പറഞ്ഞ ന്യായം എന്താണെന്നോ, 'ഇവനൊരു കുടിയനാണെന്ന് ഭാര്യ പിന്നീട് അറിഞ്ഞാല്‍ അത് പ്രശ്‌നമാവും, അതുകൊണ്ട് ഇന്നു തന്നെ അക്കാര്യം മനസ്സിലായാല്‍ അവള്‍ അതുമായി പൊരുത്തപ്പെട്ടും കൊള്ളും.'' ഇങ്ങനെയൊക്കെയാണിന്നത്തെ മുസ്‌ലിം യുവതയുടെ ജീവിതം.
മദ്യാസക്തി കൂടിയ ഒരാളെ രക്ഷിക്കുക എന്നത് ഏറെ ദുഷ്‌കരമാണ്. ഒരിക്കല്‍ പോലും താന്‍ മദ്യം ഉപയോഗിക്കില്ലെന്ന് ചെറുപ്പത്തിലെ ദൃഡനിശ്ചയം ചെയ്യണം. മദ്യത്തിന്റെ പ്രലോഭനങ്ങളില്‍ പൂര്‍ണമായും അകന്നുനില്‍ക്കണം. ഇത്തരം കാര്യങ്ങള്‍ക്കു കൂട്ടുകാര്‍ പ്രേരിപ്പിക്കുമ്പോള്‍ തന്റേടത്തോടെ 'നോ' എന്ന് പറയാന്‍ കഴിയണം. കുടുംബത്തിന്റെയും സമുദായത്തിന്റെയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥനാണ് താന്‍ എന്ന ചിന്തവേണം. സമുദായനേതൃത്വം മഹല്ല് തലത്തില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തണം. മദ്യാപനത്തിന് ലഭിക്കുന്ന മാന്യതയുടെ പട്ട് അഴിച്ചുകളയണം. നമ്മുടെ ജീവിതം സമ്പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിക്കാനുള്ളതാണ്. ആ ലക്ഷ്യത്തില്‍ നിന്ന് തന്നെ വഴി തെറ്റിക്കുന്ന എല്ല ആസക്തികളും ഉപേക്ഷിക്കപ്പെടണം. ഇലാഹീ ചിന്തയുടെ ആനന്ദലഹരി നുകരാനാവാത്തതാണ് ഇത്തരം വില കുറഞ്ഞ ലഹരികള്‍ക്ക് അടിമപ്പെട്ടുപോകാന്‍ കാരണം. ഇലാഹീ സാമീപ്യത്തിന്റെ ലഹരിയാണ് യഥാര്‍ത്ഥ ലഹരി എന്ന തിരിച്ചറിവുവേണം.
Leave A Comment