കാശ്മീരിന്റെ മണ്ണും മനസും - 1

രണ്ട് അയൽ രാജ്യങ്ങൾ തമ്മിൽ തർക്കത്തിലും ശത്രുതയിലും ആയാൽ അതിന്റെ നേട്ടം ആർക്കാണ് ലഭിക്കുക? ഏതായാലും ആ രണ്ട് രാജ്യങ്ങൾക്കും അല്ലെന്നുറപ്പ്. 

സ്വന്തം രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും താൽപ്പര്യമുള്ളവരാരും ഈ അവസ്ഥ തുടരാൻ ആഗ്രഹിക്കില്ല. എങ്ങനെയെങ്കിലും പ്രശ്നം പരിഹരിച്ചു നാട്ടിൽ സ്വസ്ഥവും സമാധാനപൂർണവുമായ ജീവിതം നില നിർത്താനാണ് രാജ്യസ്നേഹികൾ ശ്രമിക്കുക. യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു ശത്രുവിനെ ഇപ്പൊ തവിടുപൊടി യാക്കിക്കളയും എന്ന് വീമ്പിളക്കുന്നവർ യുദ്ധം തുടങ്ങിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന ധാരണയില്ലാത്തവരോ രാജ്യം എന്തായാലും കുഴപ്പമില്ല, തങ്ങൾക്ക് ഭരണത്തുടർച്ച ഉറപ്പായാൽ മതി എന്ന് ചിന്തിക്കുന്നവരോ ആണ്.

 

ഇനി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എതിർപ്പും ശാത്രവവും ജനങ്ങൾക്ക് നൽകുന്നത് നേട്ടമോ കോട്ടമോ എന്ന് ഒന്ന് വിലയിരുത്തി നോക്കൂ. 

 

2018-19 വർഷത്തെ പാക്കിസ്ഥാൻ പ്രതിരോധ ബജറ്റ് മുൻ വർഷത്തേക്കാൾ 20 ശതമാനം വർധിപ്പിച്ചു. 9.6 ബില്യൻ ഡോളറാണ് പുതിയ വർഷത്തെ പാക്കിസ്ഥാന്റെ പ്രതിരോധ ബജറ്റ്.

 

എന്നാൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് മുൻ വർഷങ്ങളേക്കാൾ അഞ്ചിരട്ടി വർധിച്ചു 50.7 ബില്യൻ ഡോളറായി. ഇത് കഴിഞ്ഞ വർഷം 46.6 ( 295 ലക്ഷം കോടി രൂപ) ബില്യൻ ഡോളറായിരുന്നുവെന്നോർക്കണം. അടുത്ത് തന്നെ ഇന്ത്യ പ്രതിരോധാവശ്യത്തിന് ഏറ്റവും കൂടുതൽ ചിലവാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി മാറുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇപ്പോൾ സഊദി, യു എസ്, ചൈന, യു കെ കഴിഞ്ഞു അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത ഭാവിയിൽ ഈ വിഷയത്തിൽ നാം ബ്രിട്ടനെ പിന്നിലാക്കുമെന്നർത്ഥം.

 

അപ്പോൾ പ്രതിരോധ ചെലവിലെ ഈ 'പുരോഗതി ' ഇന്ത്യക്കാർക്ക് എന്ത് നേട്ടമാണ് നൽകുക എന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആയുധവ്യാപാരികൾക്കും ഇടനിലക്കാർക്കുമാണ് അതിന്റെ ഗുണം ലഭിക്കുക. ഇന്ത്യക്കാർക്ക് അവരുടെ അടിസ്ഥാനാവശ്യങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി നീക്കിവയ്‌ക്കേണ്ട വൻ തുകയാണ് ഇങ്ങനെ ശത്രുതയുടെ എരിതീയിൽ എണ്ണയൊഴിച്ചു ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും വഴിയിൽ തുലച്ചു കളയുന്നത്. 

 

2018ലെ ബജറ്റിലെ നമ്മുടെ വിദ്യാഭ്യാസ വിഹിതം 79,685.95 കോടിയായിരുന്നു. അതും തൊട്ടു മുമ്പത്തെ 81,868 കോടി രൂപയിൽ നിന്ന്   2,185.05 കോടി രൂപ കുറവ്. ആരോഗ്യരംഗത്ത് നമുക്ക് ചെലവഴിക്കാൻ നീക്കിവയ്ക്കാനുള്ളത് 52,800 കോടി രൂപ മാത്രം. 2017-18 ൽ 50,079 കോടിയായിരുന്നു. നിസ്സാര വർധന മാത്രം. ഇപ്പോൾ  പ്രതിരോധത്തിന്റെ പേരിലാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ക്ഷേമ- നിർമാണ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു ആയുധക്കമ്പനികൾക്ക് മുതൽക്കൂട്ടാകും വിധം പ്രതിരോധ ചെലവിനായി വൻ തുക മാറ്റി വയ്ക്കേണ്ടി വരുന്നതെന്ന് വ്യക്തം. 

 

ഇനി ഒരു യുദ്ധം കൂടി ഉണ്ടായാൽ എന്തായിരിക്കും നമ്മുടെ സമ്പദ്ഘടനയുടെയും സാമൂഹിക ജീവിതത്തിന്റെയും അവസ്ഥയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രണ്ടും അണ്വായുധ രാജ്യങ്ങളാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. യുദ്ധം തുടങ്ങുന്നത് നാമാണെങ്കിലും അത് അവസാനിപ്പിക്കുന്നത് നമ്മളായിരിക്കില്ലെന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വാക്കുകൾക്ക് വലിയ അർത്ഥവും  പ്രസക്തിയും ഉണ്ട്.

 

ലോകത്ത് വിവിധ ഘട്ടങ്ങളിൽ ഭിന്നിച്ചു പോയ പല രാജ്യങ്ങളുമുണ്ട്. അവർ തമ്മിൽ ഇന്തോ- പാക്ക് ബന്ധങ്ങിലുള്ളത് പോലെ യുദ്ധവെറിയും പരസ്പര വിദ്വേഷവും നിലനിൽക്കുന്നില്ല. പല രാജ്യങ്ങളും പതിറ്റാണ്ടുകൾക്ക് ശേഷമാണെങ്കിലും ഒന്നായ സംഭവങ്ങൾക്കും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്ട് യമനുകൾ കടുത്ത ശത്രുതയിൽ കഴിഞ്ഞ ശേഷം പിന്നീട് ഒന്നായി. ഇരു ജർമനികളും ഒന്നാവുകയും ബർലിൻ മതിൽ തകർന്നടിയുകയും ചെയ്തു. കഠിന ശത്രുതയിൽ കഴിഞ്ഞ ഉത്തര-ദക്ഷിണ കൊറിയകളുടെ അതിർത്തിയിൽ നിന്നു പോലും സൗഹൃദത്തിന്റെയും ഐക്യത്തിന്റേയും വെള്ളപ്പുകയാണ് ഉയരുന്നത്. 

 

എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ മാത്രം മഞ്ഞുരുകലിന്റെ ലക്ഷണങ്ങൾ അപൂർവമായി മാത്രമേ ദൃശ്യമാകാറുള്ളൂ. അത് തന്നെ ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്നതാണ് നില. ഒരു വിധം സമാധാനത്തിന്റെ മേഘങ്ങൾ തെളിഞ്ഞു വരുന്നു എന്ന് തോന്നുമ്പോഴേക്ക് അതിർത്തികപ്പുറത്തോ ഇപ്പുറത്തോ ഒരു വെടി പൊട്ടും . അല്ലെങ്കിൽ ബോംബ് സ്ഫോടനം ഉണ്ടാകും. അതോടെ രംഗം ചൂടു പിടിച്ചു. പരസ്പരം വാക്കേറ്റമായി. കുറ്റപ്പെടുത്തലായി. ഒറ്റപ്പെടുത്തലായി.  പിന്നെ അന്യോന്യം മസില് പിരിക്കലായി. പ്രതിരോധ ബജറ്റ് വർധിപ്പിക്കലായി. ആയുധങ്ങളുടെ എണ്ണവും വണ്ണവും കൂട്ടലായി. അപ്പോൾ ഇതൊക്കെ ആരുടെ ആവശ്യമാണ്? 

 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നതയുടെ അടിവേര് കാശ്മീരിലാണ്.  കാശ്മീർ രണ്ട് രാജ്യത്തിന്റെയും തൊണ്ടയിൽ കുരുങ്ങിയ മുള്ളായി അവശേഷിക്കുന്നു. കാശ്മീർ പ്രശ്നം രമ്യമായും മാന്യമായും പരിഹരിക്കണമെന്ന് ഇരുകൂട്ടർക്കും താൽപ്പര്യമില്ലാത്തത് പോലെ. അല്ലെങ്കിൽ ഇതിനെ ഇങ്ങനെയൊരു സങ്കീർണപ്രശ്നമാക്കി മാറ്റിയതിൽ ഇരു രാജ്യത്തേയും ഭരണാധികാരികളുടെ പാളിച്ചകളും നയവൈകല്യങ്ങളും വലിയൊരളവ് വരെ പങ്കു വഹിച്ചുവെന്നതും  അനിഷേധ്യമായ വസ്തുതയാണ്. അതിന് വില നൽകേണ്ടി വരുന്നതാണെങ്കിൽ ഇന്ത്യക്കാർ പൊതുവേയും കശ്മീർ ജനത വിശേഷിച്ചും.

 

 ഇപ്പോൾ കാശ്മീർ വച്ച് കളിച്ചു രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കൊന്നും കാശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിസ്ഥാനപരമായ പരിഹാരം കാണാൻ താൽപ്പര്യമില്ല. കാശ്മീരിലെ പ്രശനങ്ങളുടെ അടിവേര് മനസ്സിലാക്കാതെ മുട്ടുശാന്തി പരിഹാരങ്ങളും തൊലിപ്പുറം ചികിത്സയും നടത്തിയത് കൊണ്ട് കാര്യമില്ല.

 

കാശ്മീരിന്റെ പ്രത്യേകതയോ കാശ്മീർ ഇന്ത്യയുടെ ഭാഗമായതിന് പിന്നിലെ ചരിത്രപരവും രാഷ്ട്രീയവുമായ കരുനീക്കങ്ങളോ  മനസിലാക്കാതെ, അക്കാലത്ത് ഇരു പക്ഷത്തേയും നേതാക്കളും മധ്യസ്ഥരും തമ്മിൽ നടന്ന ചർച്ചകളോ ധാരണകളോ ഒന്നും അറിയാതെ ഉപരിപ്ലവ പരമായി വിഷയത്തെ സമീപിക്കുന്നവർ നടത്തുന്ന ലാഘവബുദ്ധിയോടെയുള്ള നീക്കങ്ങളും പ്രസ്താവനകളുമാണ് പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കാനും സങ്കീർണമാക്കാനും വഴിയൊരുക്കുന്നത്. 

 

ഇവരുടെ ദൃഷ്ടിയിൽ കാശ്മീരിലുള്ള ജനസംഖ്യയിൽ ഭൂരിപക്ഷവും ഒരു പ്രത്യേക മതത്തിൽ പെട്ട ആളുകളാണ്. അയൽ രാജ്യമായ പാക്കിസ്ഥാനിലുള്ളതും അതേ മതത്തിൽ പെട്ട ആളുകൾ തന്നെ. അങ്ങനെ പോരാടുന്നവർക്കും എതിർക്കുന്നവർക്കും ഒരു പ്രത്യേകതരം വൈകാരിക ഭാവവും മതകീയ മുഖവും കൈവരികയാണ്. അതാണെന്ന് തോന്നുന്നു കാശ്മീർ പ്രശ്നത്തേയും പാക്കിസ്ഥാനമായുള്ള അയൽ ബന്ധത്തേയും വല്ലാതെ സ്ഫോടനാത്മകമായി നിലനിർത്തുന്നത്. ഇന്ത്യയുടെ പുതിയ കാലത്തെ സവിശേഷ രാഷ്ട്രീയ പശ്ചാത്തലം അത്തരം വൈജാത്യങ്ങളെ  വളച്ചൊടിച്ചു തങ്ങളുടെ രാഷ്ട്രീയ വളർച്ചയ്ക്കുള്ള വളമായി സ്വീകരിക്കുന്ന തരത്തിലേക്ക് തരം താണപ്പോൾ പ്രത്യേകിച്ചും. 

 

കാശ്മീർ പ്രശ്നം ചർച്ചയ്ക്ക് വരുമ്പോഴെല്ലാം ചിലർ ആവേശപൂർവം നടത്തുന്ന പ്രതികരണമുണ്ട്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് പോലെ പുതിയ 'ദേശഭക്തി 'യുടെ അവതാരങ്ങൾക്ക് ജമ്മു - കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 വകുപ്പ് തീരേ ഉൾക്കൊള്ളാനാവുന്നില്ല. തങ്ങൾ അധികാരത്തിൽ വന്നാൽ പ്രസ്തുത വകുപ്പ് എടുത്തുകളയുമെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു. യഥാർത്ഥത്തിൽ എന്താണ് വസ്തുത ?മുതിർന്ന പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ജെ. രാജശേഖരൻ നായരുടെ വാക്കുകൾ ശ്രദ്ധിക്കുക: 

 

" ഉത്തര പ്രദേശ് പോലെയോ ദില്ലി പോലെയോ കേരളം പോലെയോ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണോ കാശ്മീർ ? ഉത്തരം അല്ല എന്നാണ്. ഇതിന് കാരണം ഭരണഘടനയുടെ 370 അനുഛേദമാണ്. ഇതനുസരിച്ച് പ്രതിരോധം, വിദേശനയം, വാർത്താവിനിമയം എന്നീ മൂന്ന് മേഖലകളൊഴിച്ച് മറ്റൊരു മേഖലയിലും ഇന്ത്യൻ പാർലമെൻറ് പാസാക്കുന്ന നിയമം ജമ്മു കാശ്മീരിന് ബാധകമല്ല. സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനവും ജമ്മു - കാശ്മീറാണ്. ഇന്ത്യൻ പ്രസിഡൻറിന് പോലും ജമ്മു - കാശ്മീറിൽ ഭൂമി വാങ്ങാൻ അനുവാദമില്ല."

 

" ഈ പ്രത്യേക പദവി ഇന്ത്യാ ഗവർമെൻറ് ആ സംസ്ഥാനത്തിന് നൽകിയ ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല. മറിച്ച്, ജമ്മു കാശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ്. " (ജെ. രാജശേഖരൻ നായർ അഴിമുഖം സൈബർ പോർട്ടലിൽ എഴുതിയ ലേഖനത്തിൽ നിന്ന്.)

 

ചരിത്രം : കാശ്മീറിന്റെ ചരിത്രം തന്നെ സംഭവ ബഹുലവും സങ്കീർണവുമാണ്. 5000 വർഷത്തെ ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന കാശ്മീർ, ഒന്നാം സഹസ്രത്തിന്റെ ആദ്യ പകുതി വരെ ഹിന്ദു മതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. പിന്നീട് ഒമ്പതാം നൂറ്റാണ്ടിൽ ബുദ്ധമതക്കാരുടെ ആധിപത്യമായി. ക്രി. 1339 ലാണ് ശംസുദീൻ ശാഹ് മീറിന്റെ നേതൃത്വത്തിൽ അവിടെ മുസ്ലിം ഭരണം നിലവിൽ വരുന്നത്. അതോടെ ശാഹ് മീർ വംശത്തിന്റെ നേതൃത്വത്തിൽ കാശ്മീർ സുൽത്താൻമാരുടെ ഭരണത്തിൻ കീഴിലായി.

 

ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച മുഗൾ ഭരണത്തിൻ കീഴിൽ അക്ബർ ചക്രവർത്തി കാശ്മീറിനെ കൂടി പിടിച്ചടക്കി തങ്ങളുടെ സാമ്രാജ്യ ത്തിന്റെ ഭാഗമാക്കി. 1586- 1751 കാലത്താണ് മുഗൾ ഭരണം നിലനിന്നത്. തുടർന്നു 1820 വരെ അഫ്ഗാനിലെ ദുർ റാനി ഭരണത്തിൻ കീഴിലായി. ഈ വർഷമാണ് പ്രദേശം സിക്ക് ഭരണത്തിലേക്ക് വഴുതി വീഴുന്നത്. 1846 ൽ ആഗ്ലോ- സിക്ക് യുദ്ധത്തിൽ സിക്കുകാർ പരാജയപ്പെട്ടതിനെ തുടർന്നു പ്രദേശം ബ്രിട്ടിഷ് ആധിപത്യത്തിലായി. പഞ്ചാബിലെ മഹാരാജാവ് രഞ്ജിത് സിംഗിന് വേണ്ടി ജമ്മു രാജാവ് ഗുലാബ് സിംഗ് ഈസ്റ്റിന്ത്യാ കമ്പനിയുമായി അമൃതസറിൽ ഉണ്ടാക്കിയ കരാർ പ്രകാരം കാശ്മീർ പ്രദേശം ഗുലാബ് സിംഗ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് വിലയ്ക്ക് വാങ്ങി. അന്നത്തെ 75 ലക്ഷം രൂപയായിരുന്നു, വില. അങ്ങനെയാണ് ജമ്മുവും കാശ്മീരും ഒരേ ഭരണത്തിൻ കീഴിൽ ഒറ്റ രാജ്യമായി മാറുന്നത്.  

 

പിന്നീട് ഹിന്ദു ഭരണത്തിൻ കീഴിലേക്ക് വഴിമാറിയ ജമ്മു - കാശ്മീരിൽ, 1931 ൽ ദോഗ്ര വംശജരായ ഹരി സിംഗ് രാജാവിന്റെ നേതൃത്വത്തിൽ മുസ്ലിംകൾക്കെതിരെ കടുത്ത വിവേചനവും പീഢനങ്ങളും നടമാടി. മുമ്പ് ദുർറാനി ഭരണകാലത്തും സിക്ക് ഭരണകാലത്തും കടുത്ത അതിക്രമങ്ങളും അടിച്ചമർത്തലുകളും അവിടെ നടന്നിരുന്നെങ്കിലും ശക്തമായ പ്രതിഷേധവും ചെറുത്തു നിൽപ്പും ഉയർന്നത് 1931 ലാണ്. പിൽക്കാലത്ത് 'ശേറെ കശ്മീർ' എന്ന പേരിൽ അറിയപ്പെട്ട ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് ചെറുത്തുനിൽപ്പ് നടന്നത്. ഇതിനായി അദ്ദേഹം 'കാശ്മീർ മുസ്ലിം കോൺഫ്രൻസ് ' എന്ന പേരിൽ സംഘടന രൂപീകരിച്ചു. കടുത്ത പോരാട്ടങ്ങളിലൂടെ ശൈഖ് അബ്ദുല്ല നാട്ടുകാരുടെ ഹീറോ ആയി ഉയർന്നു. 1939 ഓടെ സംഘടന കാശ്മീരിലെ പൊതു പ്ലാറ്റ് ഫോമായി മാറുകയും സംഘടനയുടെ പേർ നാഷനൽ കോൺഫ്രൻസ് എന്നാക്കി പുനർനാമകരണം നടത്തുകയും ചെയ്തു. 

 

പ്രക്ഷോഭത്തെ തുടർന്നു ബ്രിട്ടനും മറ്റും ഇടപെട്ടു മുസ്ലിംകൾക്ക് ഭരണത്തിലും ഉദ്യോഗരംഗത്തും അർഹമായ പ്രാതിനിധ്യം നൽകുമെന്ന വാഗ്ദാനവും കരാറുമൊക്കെ രൂപം കൊണ്ടെങ്കിലും പിന്നിടത് പാലിക്കപ്പെട്ടില്ല. അങ്ങനെ ഹരി സിംഗ് രാജാവിനെതിരെ ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ 'ക്വിറ്റ് കാശ്മീർ' സമരം ആരംഭിച്ചു. തുടർന്നു ശൈഖ് അറസ്റ്റിലായി. 1946 ൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം 47 സെപ്തംബർ 29നാണ് ജയിൽ മോചിതനാകുന്നത്. 

 

അതിനിടയിൽ ഇന്ത്യാ-പാക്ക് വിഭജനം നടക്കുകയും ഇരു രാജ്യങ്ങളും ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടുകയും ചെയ്തിരുന്നു.

                      (തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter