പെണ്‍കുട്ടികള്‍ അവഗണിക്കപ്പെടരുത്
girlsമനുഷ്യ ജന്മം പവിത്രമാണ്. ഭൂമിയുടെ അവകാശിയായി മനുഷ്യനെ നിശ്ചയിക്കുക വഴി അവന്‍ ആദരിക്കപ്പെട്ടവനായി. ജനന കാര്യത്തില്‍ മനുഷ്യനു സ്വന്തമായ തീരുമാനത്തിനവകാശമില്ല. മാതാപിതാക്കള്‍ ആരാകണം, ഏതു രാജ്യത്ത്, ഏതു കുടുംബത്തില്‍, ഏതു കാലഘട്ടത്തില്‍ ജനിക്കണം, അതു തന്നെ സ്ത്രീയായോ, പുരുഷനായോ? ഈ വക കാര്യങ്ങളിലൊന്നും ആര്‍ക്കും തെരഞ്ഞെടുപ്പിനവകാശമില്ല. എല്ലാം സ്രഷ്ടാവിന്റെ തീരുമാനത്തിലൊതുങ്ങും. അതു കൊണ്ട് തന്നെ പുരഷനായതില്‍ അഭിമാനിക്കാനോ, സ്ത്രീയായതില്‍ ദുഃഖിക്കാനോ വ്യക്തിക്ക് അര്‍ഹതയില്ല. ദാമ്പത്യമാണ് മനുഷ്യ ജന്മത്തിന് നിദാനം. ഒരു വ്യക്തിയുടെ ജനനം ആകസ്മിക സംഭവമാകരുതെന്ന് അല്ലാഹു നിശ്ചയിച്ചു. വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സന്താന ഉല്പാദനമായി പരിഗണിക്കുകയും ചെയ്തു. ദമ്പതിമാരായി ജീവിച്ചത് കൊണ്ട് മക്കള്‍ ജനിക്കണമെന്നില്ല. 'സന്താനസൗഭാഗ്യം' എന്നാണല്ലോ പറയാറുള്ളത് തന്നെ. ഈ സൗഭാഗ്യത്തിന് പ്രാര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ലഭിച്ചത് ആണായാലും പെണ്ണായാലും സന്തോഷത്തോടെ സ്വീകരിക്കുകയും ഉത്തരവാദിത്വത്തോടെ വളര്‍ത്തുകയും വേണം. പെണ്‍കുഞ്ഞ് പലര്‍ക്കും കണ്ണിലെ കരടാണ്. ചരിത്രം വായിച്ചാല്‍ ഇതിനു തെളിവുകള്‍ കിട്ടും. ജാഹിലിയ്യാ അറബികളുടെ മനോനില ഖുര്‍ആന്‍ പറഞ്ഞു തന്നിട്ടുണ്ട്. മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കും സ്ത്രീ വര്‍ഗത്തിന്റെ ഔന്നത്യം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശാപത്തിന്റെ പ്രതീകമായി പരിചയപ്പെടുത്താനാണ് അവയൊക്കെ മല്‍സരിച്ചത്. ടെക്‌നോളജിയുടെ യുഗത്തിലും പെണ്ണിനു മോചനമായില്ല. ചൂഷണത്തിന്റെ സകല വഴികളും അവര്‍ക്ക് നേരെ തുറന്നുവെക്കാനാണ് ആധുനിക സമൂഹം തയ്യാറയത്. സ്ത്രീ സൗന്ദര്യം പ്രദര്‍ശിപ്പിച്ചു ഉപഭോക്താക്കളെ വശീകരിക്കാന്‍ ശ്രമിക്കാത്ത കമ്പനി ഏതുണ്ട്? ജീവനും ചാരിത്ര്യത്തിനും ഭീഷണി നിറഞ്ഞ ഒരുസമുഹത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി പെണ്‍കുട്ടികള്‍ മാറിയതിന്റെ കാരണം പരിശോധിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. ജന്മഘട്ടത്തില്‍ ലിംഗ വ്യത്യാസമല്ലാതെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ വേര്‍തിരിവില്ല. ഇരു വിഭാഗവും മാതാവിനെ ആശ്രയിച്ചാണ് വളരുന്നതത്. വളര്‍ച്ചയുടെ ഒന്നാംഘട്ടമായ ബാല്യം പിന്നിട്ട് കൗമാരത്തിലെത്തുന്നതോടെ പെണ്‍കുട്ടി ഭീഷണിയുടെ ഇടവഴിയിലുഴലാന്‍ തുടങ്ങുകയാണ്. പുറത്തിറങ്ങിയാല്‍ തന്നെ കൊത്തി വലിക്കുന്ന കണ്ണുകളാണ് ചുറ്റു ഭാഗത്തും. വഴിതെറ്റി വന്നൊരു പെണ്‍കുട്ടിക്കു അഭയ മാര്‍ഗം കാണിച്ചുകൊടുക്കുന്നതിനു പകരം വികാരശമനത്തിനു ഒരു ഇര കിട്ടിയതിലുള്ള സന്തോഷമാണ് പലരിലും പ്രകടമാകുക. തനിക്കു മാത്രമല്ല സുഹൃത്തുക്കള്‍ക്കു കൂടി പെണ്‍കുട്ടിയെ സമര്‍പ്പിക്കാനുള്ള വിശാല മനസ്‌കത ഏറെയാണ്!. എന്തുകൊണ്ട് പീഡനം? വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്കു പ്രധാന കാരണക്കാര്‍ രക്ഷിതാക്കളാണ്. പെണ്‍മക്കളെ മാന്യമായി വളര്‍ത്തുന്നതിന് പകരം ഫാഷന്‍ പരേഡിനു തയ്യറാക്കും വിധമാണ് പുറത്തിറക്കുന്നത്. ആകര്‍ഷണീയമായ വേഷങ്ങള്‍ അണിഞ്ഞ് ആരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ മക്കള്‍ പുറത്തിറങ്ങി നടക്കുന്നതില്‍ സായൂജ്യം കൊള്ളുന്ന രക്ഷിതാക്കള്‍ അപകടം സ്വയം ക്ഷണിച്ചു വരുത്തുകയാണ്. സ്ത്രീ വര്‍ഗം അടുത്ത കാലത്ത് ഉടലെടുത്ത ഇനമല്ല. ഭൂമിയിലെ പ്രഥമ പുരുഷന് ഇണയായി സ്ത്രീയെ അല്ലാഹു നല്‍കിയിട്ടുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ സ്ത്രീ വര്‍ഗം ഭൂമിയില്‍ നിന്നു വേരറ്റു പോയിട്ടില്ലതാനും. സദാചാരമൂല്യങ്ങള്‍ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിന് പകരം തിന്മയുടെ വാതായനങ്ങള്‍ നാം അവര്‍ക്കു മുമ്പില്‍ തുറന്ന്‌കൊടുക്കുകയാണ്. നമ്മുടെ പാഠശാലകളോട് രക്ഷിതാക്കള്‍ക്കുള്ള പുച്ഛമനോഭാവം മക്കളിലും സ്വാധീനം ചെലുത്തുന്നു. ഒരു ചടങ്ങുമാത്രമായി മത വിദ്യാഭ്യാസത്തെ കാണുകയും പഠിക്കുന്നത് പ്രാവര്‍ത്തികമാക്കാനുള്ള അന്തരീക്ഷം വീട്ടിലും, നാട്ടിലും നഷ്ടപ്പെടുകയും ചെയ്താല്‍ പിന്നെയെങ്ങനെ സമാധാനജീവിതം കൈവരും? വിവാഹപ്രായമാകുന്നതോടെ പെണ്‍കുട്ടികള്‍ കമ്പോള വല്‍ക്കരിക്കപ്പെടുകയാണ്. കാലിച്ചന്തയിലെ അറവു മൃഗങ്ങള്‍ക്കു വേണ്ടി വിലപേശും വിധമാണ് വിവാഹ മാര്‍ക്കറ്റില്‍ പെണ്‍കുട്ടികളോടുള്ള സമീപനം. ഇസ്‌ലാം നിശ്ചയിച്ച മാര്‍ഗത്തില്‍ പെണ്‍കുട്ടി ഭാരമല്ല.! അവളെ വിവാഹം ചെയ്യുന്നവന്‍ 'മഹ്‌റ്' നല്‍കി സ്വീകരിക്കുക വഴി തന്റെ ഉത്തരവാദിത്ത്വം സ്വയം ഉള്‍ക്കൊള്ളുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയുമാണ്. 'മഹ്‌റി'ന് 'സ്വദാഖ്' എന്നു കൂടി പേരുണ്ട്. ഈ നാമം നല്‍കുന്ന സൂചന തന്നെ തന്റെ താല്‍പര്യം സത്യമാണ് എന്ന് ബോധ്യപ്പെടുത്തലാണ്. പിതാവിന്റെ കീഴില്‍ കാരുണ്യവും, ലാളനയും പെണ്‍കുട്ടികള്‍ക്ക് അവകാശപ്പെട്ടതുപോലെ വിവാഹ ശേഷം തന്റെ ഇണയുടെ സംരക്ഷണത്തില്‍ സുരക്ഷിതത്വവും, സ്‌നേഹവും സ്ത്രീക്കു ലഭ്യമാവണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. നിരുപാധികം വിവാഹത്തിന് പുരുഷന് ഇസ്‌ലാം സമ്മതം നല്‍കുന്നില്ല. മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഇണയെ സ്വീകരിക്കുന്നവര്‍ അംഗീകരിക്കേണ്ട നിലപാടുകളും വിശുദ്ധ മതം പഠിപ്പിക്കുന്നുണ്ട്. ''നല്ല രീതിയില്‍ നിങ്ങള്‍ ഇണകളോട് പെരുമാറുക'' എന്ന ഖുര്‍ആനികാധ്യാപനം പുരുഷന്‍മാര്‍ മുഖ വിലകൊടുക്കണം. സ്വന്തം കുടംബത്തില്‍ സ്വസ്ഥമായി കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ വിവാഹത്തിലൂടെ തന്റെ കീഴിലാക്കി ബുദ്ധിമുട്ടിക്കുന്നതില്‍ ന്യായമില്ല. മറിച്ചു ഭക്ഷണം, വസ്ത്രം, താമസസൗകര്യം തുടങ്ങി നിലനില്പിനാവശ്യമായത് അവള്‍ക്കു നല്‍കുന്നതോടൊപ്പം പെരുമാറ്റത്തില്‍ മാന്യത കാണിക്കുക കൂടി ചെയ്താല്‍ മാത്രമേ ഖുര്‍ആന്‍ വിശേഷിപ്പിച്ച 'ഇണ' എന്ന വിശേഷണത്തിനു പുരുഷന്‍മാര്‍ അര്‍ഹരാകൂ. ഇണയെ 'ഭാര്യ'യായി കാണുമ്പോള്‍ താന്‍ ഭരിക്കേണ്ടവനാണെന്ന അധമ വിചാരം മുന്‍നിര്‍ത്തി പുരുഷ ഇണ 'ഭര്‍ത്താവാ'യി മാറുകയാണ്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ തേനും പാലും ഒഴുക്കിയവര്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ക്രൂരമൃഗങ്ങളായി മാറുന്ന സംഭവം എത്രയോ ഉണ്ട്. വിവാഹം താല്‍കാലിക ഉടമ്പടിയല്ല. മരണം വരെ തുടരാനുള്ള കരാറാണ്. ഈ കരാറിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന് ഇസ്‌ലാം ഓര്‍മിപ്പിക്കുന്നു. സഹധര്‍മ്മിണിയെ ഇണയായി പരിചയപ്പെടുത്തിയ ഖുര്‍ആന്‍ പുരുഷനും, സ്ത്രീയും വിവാഹത്തോടെ പരസ്പരം വസ്ത്രത്തിന്റെ സ്ഥാനമലങ്കരിക്കുകയാണ്. ''അവര്‍ നിങ്ങള്‍ക്കുള്ള വിസ്ത്രവും, നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവുമാണ്'' എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. നിത്യ ജീവിതത്തില്‍ വസ്ത്രത്തിലേറെ വിലപിടിപ്പുള്ള പലതുമായും മനുഷ്യര്‍ ഇടപഴകുന്നു. അവയൊന്നും ഉപമയായി കാണാതെ എന്തിനു വസ്ത്രത്തെ പരിഗണിച്ചു? അധികം ചിന്തിക്കാതെ ഇത് ബോധ്യപ്പെടും. വസ്ത്രത്തെ പോലെ നിത്യ ജീവിതവുമായി ഇഴുകി നില്‍ക്കുന്നതും അനിവാര്യവും നിത്യ സാന്നിധ്യവുമാകുന്ന മറ്റൊന്നില്ല. ഉദാഹരണം, വീടു നമുക്ക് പലപ്പോഴും ഓര്‍മയില്‍ മാത്രമാകും. വാഹനങ്ങളും, മറ്റു സൗകര്യങ്ങളും ഈ വിധം തന്നെ. എന്നാല്‍ വസ്ത്രത്തില്‍ നിന്ന് മുക്തമായ ഒരു സന്ദര്‍ഭം ജീവിതത്തിലെവിടെയാണ്? ഉറക്കത്തിലും ഉണര്‍ച്ചയിലും ജോലിയിലും, വിശ്രമത്തിലും, രാവിലും പകലിലും വസ്ത്രം ശരീരത്തിലുണ്ട്. ഈ നയം തന്നെയാകണം ദാമ്പത്യ ജീവിതത്തിലും ഇണകള്‍ സ്വീകരിക്കേണ്ടത്. മനസ്സുകൊണ്ടുള്ള സജീവ സാന്നിധ്യം നില നിര്‍ത്തുക. കടലുകള്‍ക്ക് അക്കരെയുള്ള മാരനെ മനസ്സില്‍ കുടിയിരുത്തുവാനും ഓര്‍മകളില്‍ താലോലിക്കാനും സ്ത്രീക്ക്‌സാധിക്കണം. ജോലി ചെയ്തു ക്ഷീണിക്കുമ്പോള്‍ സഹ ധര്‍മിണിയെക്കുറിച്ചുള്ള സ്മരണകള്‍ പുരുഷനും ഉത്തേജനമാകും; ഒപ്പം സത്യസന്ധതപാലിക്കാനുള്ള ജാഗ്രത ഇരു വിഭാഗത്തിനും ലഭ്യമാകും. ഒരു മനുഷ്യനു ലഭിക്കുന്ന വലിയൊരു ഗുണമാണ് സല്‍സ്വഭാവമെന്നത്. ഇതു ഏറെ ബോധ്യപ്പെടുക കുടുംബത്തിലാണ്. മാന്യതയുടെ മാനദണ്ഡം പ്രവാചകന്‍ നിശ്ചയിച്ചത് ഓര്‍മിക്കുക. 'നിങ്ങള്‍ക്കിടയിലെ ഉത്തമന്‍ സഹധര്‍മിണിയോട് നല്ല രീതിയില്‍ പെരുമാറുന്നവനാണെ'ന്ന പ്രവാചക വചനം പുരുഷന്റെ 'ഈഗോ' തകര്‍ക്കും. ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ തന്റെ സ്ഥിതിക്കനുസരിച്ച് നല്‍കി മാന്യമായ പെരുമാറ്റം കൂടി ലഭ്യമാകുമ്പോള്‍ ഒരു സ്ത്രീ ജീവിത സുരക്ഷയുള്ളവളാകും. ഭര്‍ത്താവിന്റെ കീഴില്‍ സ്‌നേഹം ചൊരിഞ്ഞു കുടുംബ വിളക്കായി ജീവിക്കുന്ന സത്രീക്ക് അസ്വസ്ഥയാകേണ്ടിവരില്ല. ഒരു നല്ല സമൂഹത്തിന് വേണ്ടി തന്റെ മക്കളെ ധര്‍മബോധമുള്ളവരാക്കാന്‍ നിതാന്ത ജാഗ്രത അവള്‍ പുലര്‍ത്തുകയും വേണം. ജോലി കഴിഞ്ഞു ശാരീരികമായും, മാനസികമായും തളര്‍ന്നെത്തുന്ന ഭര്‍ത്താവിന് സാന്ത്വനത്തിന്റെ തെളിനീരായി പ്രിയതമ ഭവിക്കുമ്പോള്‍ പിറ്റെ ദിനം ജോലിക്കുവേണ്ട ഊര്‍ജവും ഉത്സാഹവും മനഃസംതൃപ്തിയും പുരുഷന് ലഭിക്കും. സമൂഹത്തിന്റെ ശാന്തപ്രകൃതിക്കും, പുരോഗതിക്കും ഈ മാര്‍ഗമാണ് ഉചിതവും. സ്ത്രീ കൂടി ജോലിക്കാരിയാകുന്നതോടെ ആര് ആരെ ആശ്വസിപ്പിക്കും? നീരസത്തിന്റെ, കുത്തുവാക്കുകളുടെ മുഴക്കങ്ങള്‍ക്കിടയില്‍ കുടുംബത്തില്‍ അശാന്തി പടരാന്‍ എളുപ്പമുണ്ട്. കാത്തിരിപ്പിനും, കാത്തിരിക്കാന്‍ ആളുണ്ട് എന്ന ചിന്തക്കും ഒരു സുഖമുണ്ട്. പുരുഷന്‍ പുറത്തുപോയി അദ്ധ്വാനിക്കുന്നവനും, സ്ത്രീ അവനു വേണ്ടി മാനസിക പിന്തുണ നല്‍കുന്നവളുമാകുമ്പോള്‍ മേല്‍ പറഞ്ഞ സുഖം അനുഭവിക്കാം. ഇസ്‌ലാം സ്ത്രീക്ക് നിശ്ചയിച്ച മേഖല വീട് നിയന്ത്രണമാണ്. ഭര്‍ത്താവിന്റെ സമ്പത്തും, സന്താനങ്ങളും കീഴിലാക്കി വീട് ഭരണം നടത്തുന്നവളായി അവളെ പരിഗണിക്കുമ്പോള്‍ അടച്ചുപൂട്ടലും, ഒതുക്കലും ഇല്ല. ഭരിക്കാന്‍ മാത്രം വീട്ടിലെന്ത് എന്ന് ചിന്തിക്കുന്നവര്‍ നല്ല സ്വപ്നം കാണാത്തവരാണ്. ശരീര വളര്‍ച്ചക്ക് നിയന്ത്രണം വേണ്ടെന്ന് വെക്കാം. അച്ചടക്കത്തിനോ? ~ഒരു നല്ല സമൂഹ സൃഷ്ടി വേണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ അതിനുള്ള മാര്‍ഗം നിര്‍ദ്ദേശിക്കാതെ ഒളിച്ചോടുകയാണ്. ചുരുക്കത്തില്‍ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ സ്ത്രീ പുരഷനേക്കാള്‍ ഒട്ടും മോശമില്ലാതെ നിലനില്പിനവകാശമുള്ളവളാണ്. മകളാകുമ്പോള്‍ കാരുണ്യത്തോടെ, ഭാര്യയാകുമ്പോള്‍ സ്‌നേഹത്തോടെ, മാതാവാകുമ്പോള്‍ ആദരവോടെ പരിഗണിക്കപ്പെടേണ്ട സ്ത്രീത്വം അവമതിക്കപ്പെടുന്നതിന്റെ കാരണം സ്വാര്‍ത്ഥത നിറഞ്ഞ പുരുഷ ലോകത്തിന്റെ സൃഷ്ടിയാണ്. ശാരീരികമായ ചില ബലഹീനതകള്‍ സ്ത്രീകള്‍ക്കു സ്രഷ്ടാവ് നല്‍കിയത് മനുഷ്യ വര്‍ഗത്തിന്റെ നില നില്പിനാണെന്നു ബോധ്യപ്പെടാന്‍ അതി ബുദ്ധിവേണ്ട. പുരുഷനെ പോലെ കഠിന മനസ്സ് സ്ത്രീക്കുണ്ടായിരുന്നെങ്കില്‍ പിഞ്ചുകുഞ്ഞിന്റെ രോഗാവസ്ഥയിലും മറ്റുമുള്ള പരിപാലനം പരിതാപകരമാകുമായിരുന്നു. തൊഴില്‍ മേഖലയില്‍ പുരുഷനെ നിയോഗിച്ചു സ്വാര്‍ത്ഥതയോടെ ഗൃഹ ഭരണത്തിനു സ്ത്രീ മുതിരുകയും ലജ്ജയും, വിനയവും, മുഖമുദ്രയാക്കി ജീവിതത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്താല്‍ മനുഷ്യകുലം എത്ര ഭാഗ്യം നിറഞ്ഞവരാകും! തന്റെ പുരോഗതി പറഞ്ഞു സ്വാതന്ത്ര്യത്തിന്റെ മേച്ചില്‍പുറങ്ങള്‍ തുറന്നു തരുന്നവര്‍ തന്റെ ചൂഷകരാണെന്ന തിരിച്ചറിവ് സ്ത്രീക്കുണ്ടായാല്‍ സമൂഹ മനസ്സാക്ഷിക്ക് ശാന്തി കൈവരും. തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter