ഇല്‍ഹാന്‍ ഒമര്‍ : ട്രംപിന്റെ വംശീയതക്കെതിരെ യു.എസ് ജനത കാതോര്‍ക്കുന്ന ശബ്ദം

 അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നിരന്തരമായി വിവാദ പരാമര്‍ശം നടത്തുന്ന വ്യക്തിയാണ്. യു.എസ് കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പ്രതിനിധികളായ നാല് വനിതകള്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ട്രംപിനെ നിശിതമായി വിമര്‍ശിക്കുന്നത് വഴി വാര്‍ത്തയിലിടം പിടിച്ചവരാണ് നാല് വനിതകളും. മിനസോട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇല്‍ഹാന്‍ ഒമര്‍, ന്യൂയോര്‍ക് പ്രതിനിധി അലക്‌സാണ്ട്രിയാ ഒകാസിയോ കോര്‍ട്ടസ്, മിച്ചിഗണ്‍ പ്രതിനിധി റാശിദാ താലിബ്, മസാച്ചുസെറ്റ് സ് പ്രതിനിധി അയന്ന പ്രിസ്‌ലി എന്നീ നാല് പേര്‍ക്കെതിരെയാണ് ഡൊണാള്‍ഡ് ട്രംപ് തിരിഞ്ഞിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സോമാലിയന്‍ വംശജയാണ് ഇല്‍ഹാന്‍ ഒമര്‍. റാശിദ താലിബ് ഫലസ്തീന്‍ വംശജയാണ്. അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ലിം വനിതകളാണ് ഇരുവരും. മാസാച്ചുസെറ്റ്‌സില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന കറുത്ത വംശജയാണ്അന്ന  അയന്ന പ്രിസ്‌ലി.

    ദ സ്‌ക്വാഡ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് സംഘടനയില്‍ അംഗത്വമുള്ള നാല് പേരും പൊതു നിലപാടുകള്‍ കൊണ്ട് ഏറെ ശ്രദ്ധേയരായി മാറിയിരിക്കുകയാണ്. അലക്‌സാണ്ട്രിയാ കോര്‍ട്ടസ് തന്നെയാണ് നാല് പേരെയും സൂചിപ്പിക്കാന്‍ സ്‌ക്വാഡ് എന്ന പേരിടുന്നത്. ട്രംപിന്റെ മതില്‍ നിര്‍മ്മാണം, പ്രത്യേക രാജ്യക്കാര്‍ക്ക് യാത്രാ നിരോധനം എന്നിവക്കെതിരെ നാല് പേരും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതാണ് ട്രംപിനെ ഇവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. തന്റെ ഒരു പൊതു പരിപാടിയില്‍ നാല് പേരും അമേരിക്കയില്‍ ജീവിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ട് പോവണം എന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതിനെതിരെ ട്രംപ് ഫാസിസ്റ്റാണെന്ന് ഇല്‍ഹാന്‍ ഒമര്‍ തിരിച്ചടിച്ചു.

    സംഘത്തില്‍ ട്രംപിന്റെ കടുത്ത വിമര്‍ശക ഇല്‍ഹാന്‍ തന്നെയാണ്. അമേരിക്ക ഇസ്രയേലിന് നല്‍കുന്ന പിന്തുണയുടെ വിഷയത്തില്‍ ഗവണ്‍മെന്റിനെ നിശിതമായാണ് അവര്‍ എതിര്‍ക്കുന്നത്. അമേരിക്കയിലെ നിരവധി സംഘടനകളില്‍ നിന്ന് ഇതിനാല്‍ ഇല്‍ഹാമിന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫേര്‍സ് കമ്മിറ്റിയടക്കമുള്ള ഇസ്രയേല്‍ അനുകൂല സംഘടനകളും ഇല്‍ഹാം ഒമറിനെതിരെ രംഗത്ത് വന്നിരുന്നു. വധഭീഷണികള്‍ പോലും അവരെ തേടി വന്നു.

    നോര്‍ത്ത് കരോലിനയില്‍ നടന്ന പൊതു റാലിയില്‍ ട്രംപ് നാല് പേരെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശനത്തിന് വിധേയരാക്കി. ഇല്‍ഹാന്‍ ഒമര്‍ ആന്റി സെമിറ്റിക് പരാമര്‍ശം നടത്തിയ വ്യക്തിയാണെന്ന് വരെ പറയാന്‍ ട്രംപ് മടിച്ചില്ല. ഇതിനിടയിലാണ് സദസ്സില്‍ നിന്ന് 'സെന്‍ഡ് ഹെര്‍ ബാക്ക്' എന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത്. സോമാലിയന്‍ വംശജയായ ഇല്‍ഹാനെ സ്വരാജ്യത്തേക്ക് മടക്കി അയക്കുക എന്നതാണ് സദസ്യര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം.

    ട്രംപിന്റെ സദസ്സില്‍ നിന്നുയര്‍ന്ന ഈ വാക്കുകള്‍ക്കെതിരെ അമേരിക്കയിലുടനീളം ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നു. പ്രതിഷേധം കനത്തപ്പോള്‍ ട്രംപ് പറഞ്ഞത് സദസ്സില്‍ നിന്ന് മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ താനത് ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ്. എന്നാല്‍ ട്രംപ് അത് കേട്ട് സന്തോഷിച്ച് നില്‍ക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ പ്രസിഡണ്ട് കല്ലു വെച്ച നുണ പറയുകയാണെന്ന് ലോകര്‍ക്ക് ബോധ്യമായിത്തീര്‍ന്നിട്ടുണ്ട്. ഇല്‍ഹാന്‍ അടക്കം നാല് പേരും അമേരിക്കയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് അമേരിക്ക വിട്ട് പോവാമെന്ന മുന്‍ പരാമര്‍ശത്തിനെതിരെ ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ട്രംപിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

    ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഇല്‍ഹാമിന് പിന്തുണയര്‍പ്പിച്ചു. യു.കെ ആഭ്യന്തര മന്ത്രി സാജിദ് ജാവേദും യു.കെയിലെ 150 ലധികം ജനപ്രതിനിധികളും ട്രംപിന്റെ പരാമര്‍ശം തികച്ചും വംശീയത നിറഞ്ഞതാണെന്ന് തുറന്നടിച്ചു.

    അതേ സമയം ഇല്‍ഹാന്‍ ഒമറിന് വലിയ പിന്തുണയാണ് അമേരിക്കയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. തന്റെ മണ്ഡലമായ മിനസോട്ടയിലെത്തിയ ഇല്‍ഹാമിനെ പ്രദേശവാസികള്‍ ഹര്‍ഷാരവത്തോടെയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വെല്‍കം ഹോം ഇല്‍ഹാന്‍ എന്ന ബാനറുകളുയര്‍ത്തിയാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്. ഈ പ്രസിഡണ്ടിന്റെ നയങ്ങള്‍ നമുക്ക് പേടിസ്വപ്നങ്ങളാണെന്നും അതിനാല്‍ അദ്ദേഹത്തിന് പേടിസ്വപ്നമായി നിലകൊള്ളുമെന്നും ഇല്‍ഹാം പ്രഖ്യാപിച്ചു. നാം പേടിക്കുന്നില്ലെന്നും പ്രസിഡണ്ടിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും പോരാടുമെന്നും അവര്‍ പറഞ്ഞു.

 

ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മിനസോട്ടയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇല്‍ഹാന്‍ ശക്തമായി തിരിച്ചടിച്ചു, ''വിയോജിക്കുകയെന്നത് സ്വീകാര്യമായ കാര്യമാണീ രാജ്യത്ത്. അതിനിയും തുടരുമെന്ന് സദസ്യര്‍ക്ക് ഇല്‍ഹാന്‍ ഉറപ്പ് കൊടുത്തു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സ്‌ക്വാഡിലെ മറ്റു മൂന്ന് പേരും പ്രതികരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ട്രംപിനെതിരെയുള്ള പോരാട്ടം കനക്കുമെന്നാണ് ഇവരുടെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് മനസ്സിലാവുന്നത്. എന്നാല്‍ വര്‍ധിച്ച് വരുന്ന വലത് പക്ഷ വംശീയത ഇവര്‍ക്കെതിരെ ട്രംപിന് വലിയ പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്നത് കാണാതിരുന്നു കൂടാ. മാത്രമല്ല ഇസ്രയേല്‍ അനുകൂലികളായ വലിയൊരു വിഭാഗം ജനത അമേരിക്കയിലുണ്ട്. ഇസ്രയേലിനെ എതിര്‍ക്കുന്നത് സെമിറ്റിക് വിരുദ്ധതയായി കണക്കാക്കുന്നവരണിവരെല്ലാം. അമേരിക്കയുടെ ഭരണവ്യവസ്ഥയില്‍ ജൂതന്മാര്‍ക്ക് ശക്തമായ സ്വാധീനവുമുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ട്രംപ് വിരുദ്ധ മുന്നേറ്റം ഏറെ പ്രയാസകരമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ വംശീയതക്കെതിരെയും വലിയ മൂവ്‌മെന്റുകള്‍ ഉയര്‍ന്ന് വരുന്നുണ്ട് വിശിഷ്യാ കറുത്ത വര്‍ഗക്കാരുടെ ഭാഗത്ത് നിന്നും. ഈ പിന്തുണ ഇവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നതില്‍ യാതൊരു സംശയവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter