സത്യാന്വേഷികൾക്ക് ഈ ഉപമാ സൂക്തം തന്നെ ധാരാളമല്ലേ

വിശുദ്ധ ഖുർആനിലെ    അധ്യായം 24 നാല്പതാം വചനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഡിബേറ്റുകളുമാണല്ലോ കഴിഞ്ഞ കുറേ ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. യുക്തിവാദികളും മതമുള്ളവരും ഇല്ലാത്തവരും എല്ലാം  ഖുർആൻ വ്യാഖ്യാനങ്ങളും പരിഭാഷകളും അന്വേഷിച്ചിറങ്ങിയിരിക്കുകയാണല്ലോ. പലരുടെയും ഈ 'സത്യാന്വേഷണ' പരീക്ഷണങ്ങൾ എത്രമാത്രം താർക്കിക ബുദ്ധിയോടെയുള്ളതും മുൻ ധാരണയിൽ അധിഷ്ഠിതമായതുമാണെന്ന് ആശ്ചര്യപ്പെട്ടു പോവുകയാണ്.

അന്വേഷണങ്ങൾക്കൊടുവിൽ സത്യം കണ്ടെത്തുന്നതിന് പകരം താൻ വിശ്വസിക്കുന്ന വാദമുഖങ്ങൾ സ്ഥിരപ്പെടുത്താനുതകുന്ന തെളിവുകളുടെ അന്വേഷണത്തിലാണ്  പലരും. 

വിശുദ്ധ ഖുർആനിലെ ഒരു ഉപമയിൽ അടങ്ങിയ ശാസ്ത്രവസ്തുതകൾ വസ്തുനിഷ്ഠമാണോ അല്ലയോ എന്നതാണല്ലോ തർക്കവിഷയം. ഉപമാ വാചകം  മനസ്സിലാക്കാൻ 'ഉപമാനം' മനസ്സിലാക്കുന്നതിനു മുമ്പ് 'ഉപമേയം' മനസ്സിലാക്കിയിരിക്കണം എന്ന സാമാന്യതത്വം പോലും മിക്കവരും  മറന്നു പോകുന്നു.

ഇരുപത്തി നാലാം അധ്യായം നാല്പതാം വചനത്തിലെ ഉപമ പകർന്നുനൽകുന്ന യഥാർത്ഥ ആശയത്തെ കുറിച്ച് ഒരു ചർച്ചയും എവിടെയും നടക്കുന്നതായി കാണുന്നില്ല എന്നത് തികച്ചും വിരോധാഭാസമാണ്.

വിശുദ്ധ ഖുർആനിലെ ഇരുപത്തി നാലാം അധ്യായം നാൽപതാം വചനം യഥാർത്ഥത്തിൽ  ഒരു അർദ്ധ വാക്യമാണ്. 'അല്ലെങ്കിൽ ആഴിക്കടലിലെ ഇരുട്ടുകൾ പോലെ...' പോലെ എന്നാരംഭിക്കുന്ന ഈ വചനം ഒരു ആഖ്യാതം (predicate) മാത്രമാണ്. മുപ്പത്തി ഒൻപതാം വചനത്തിലെ ആഖ്യ (subject)യും കൂടി ചേരുമ്പോൾ മാത്രമേ വാക്യം പൂർണ്ണമാവുന്നുള്ളൂ.  ഖുർആൻ വിമർശിക്കാൻ വേണ്ടി വാളെടുക്കുന്നവർ കേവലം ഈ ഒരൊറ്റ വാക്യമെങ്കിലും പൂർണ്ണമായും മനസ്സിലാക്കാൻ  ശ്രമിക്കേണ്ടതുണ്ട്.  ഈ ഒറ്റ വാക്യം കൃത്യമായി മനസ്സിലാക്കിയാൽ തന്നെ ഇന്നുന്നയിക്കപ്പെടുന്ന പല വിമർശനങ്ങൾക്കുമുള്ള മറുപടിയാവും.

ആഴക്കടലിലെ അന്ധകാര ങ്ങളെ കുറിച്ചുള്ള ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് മുമ്പ് ഈ ഖുർആനിക സൂക്തത്തിന് അർത്ഥം ഉണ്ടായിരുന്നില്ലേ? നബിയുടെ കാലത്തെ അറബികൾക്കൊന്നും ഈ ആയത്ത് മനസ്സിലായിട്ടുണ്ടായിരുന്നില്ലേ?  ആഴക്കടലിലെ അന്ധകാര ങ്ങളെക്കുറിച്ച്  ഖുർആനിൽ പരാമർശമുണ്ടായിരുന്നെങ്കിൽ ശാസ്ത്രം ഇത് കണ്ടെത്തുന്നതിനും മുമ്പ്  എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ല?  മനസ്സിലാവാത്ത ഇത്തരമൊരു  ഉപമ കൊണ്ട് എന്ത് കാര്യം?  നബി (സ) തങ്ങൾക്ക് പോലും മനസ്സിലാവാത്ത പുതിയ ആശയമാണല്ലോ ഇപ്പോൾ കണ്ടുപിടിക്കുന്നത്... ഇതൊക്കെയാണല്ലോ  ഉയരുന്ന ചോദ്യങ്ങൾ.


Also Read:ഖുർആനും ശാസ്ത്രവും: സംവാദത്തിന്റെ തുടർചലനങ്ങളും ശാസ്ത്രീയ വ്യാഖ്യാനങ്ങളുടെ സാധുതയും


സൂറത്തുന്നൂറിലെ 39, 40 വചനങ്ങൾ ദൈവത്തെ നിഷേധിക്കുന്നവരുടെ പ്രവർത്തനങ്ങളെ ഉദാഹരണസഹിതം വിശദീകരിക്കുകയാണ്. സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇബ്നു കസീർ (റ) നൽകുന്ന വ്യാഖ്യാനപ്രകാരം ഈ ആയത്തുകളുടെ ആശയം ഇങ്ങനെ സംഗ്രഹിക്കാം:

'ദൈവനിഷേധികൾ രണ്ടുതരത്തിലാണ്.

ഒരു വിഭാഗം, ദൈവത്തെ നിഷേധിക്കുന്നതിനോടൊപ്പം അത് പ്രചരിപ്പിക്കുകയും അതിനുവേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരാണ്.  തങ്ങൾ എന്തോ വലിയ ആശയസംഹിതകൾ ഉൾക്കൊള്ളുന്നവരാണെന്ന്  സ്വയം നടിക്കുകയും തങ്ങളുടെ പ്രവർത്തനങ്ങളിൽ സ്വയം സായൂജ്യമടയുകയും ചെയ്യുന്ന  ഈ വിഭാഗത്തിന്റെ പ്രയത്നങ്ങൾ  എത്രമാത്രം  നിഷ്ഫലവും നിരർത്ഥകവുമാണെന്ന്  സൂചിപ്പിക്കാനാണ് ഒന്നാമത്തെ ഉപമ.

പലതും ചെയ്തുവെന്നും എന്തൊക്കെയോ നേടിയെന്നും സ്വയം വിശ്വസിച്ചിരുന്ന ഇക്കൂട്ടർ വിചാരണ ദിവസം   സൃഷ്ടാവിന് മുമ്പിലെത്തുമ്പോൾ തങ്ങൾ ചെയ്തുകൊണ്ടിരുന്നതെല്ലാം എത്രമേൽ നിഷ്ഫലമായിരുന്നു എന്ന് തിരിച്ചറിയുന്ന രംഗമാണ് ഒന്നാമത്തെ  ഉപമ വിശദീകരിക്കുന്നത്.

വെള്ളത്തിനു വേണ്ടി ദാഹിച്ചവശനായ മരുഭൂമിയിലെ യാത്രക്കാരൻ   അകലങ്ങളിലെവിടെയോ കാണുന്ന മരീചിക വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് സ്വയം സായൂജ്യം കൊള്ളുകയും ഒടുവിൽ യാത്ര അവിടെ ചെന്നവസാനിക്കുമ്പോൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് തന്റെ പ്രതീക്ഷകളുടെ നിരർത്ഥകത ബോധ്യപ്പെടുകയും ചെയ്യുന്ന ഉപമയിലൂടെ ഈ സൂക്തം ഇക്കാര്യം ഭംഗിയായി വിശദീകരിക്കുന്നു.

സ്വന്തമായി അന്വേഷണങ്ങളോ പഠനങ്ങളോ നടത്താതെ  മറ്റുള്ളവർ പറയുന്നത് അന്ധമായി അനുകരിക്കുന്നവരാണ് ദൈവനിഷേധികളിലെ രണ്ടാമത്തെ വിഭാഗം.

ആഴക്കടലിനെ പൊതിയുന്ന വിവിധ അന്ധകാരങ്ങളെ പോലെ വിവിധ ഇരുട്ടുകൾ കൊണ്ട് മൂടിയിരിക്കുകയാണ് അവരുടെ ഹൃദയങ്ങൾ. അറിവില്ലായ്മയും സംശയങ്ങളും  മുൻവിധികളുമൊക്കെ  സത്യത്തിന്റെ പ്രകാശത്തിനും അവർക്കുമിടയിൽ ഇരുട്ടിന്റെ മറകൾ തീർത്തിരിക്കുകയാണ് . സമുദ്രാന്തർ ഭാഗത്തെ ഇരുളുകൾക്കുള്ളിൽ നിന്ന് പുറത്തേക്കിട്ട സ്വന്തം കൈ പോലും കാണാൻ കഴിയാത്തത്ര  അന്ധകാരങ്ങളിൽ അകപ്പെട്ടു പോയിരിക്കുകയാണ് അവർ. ഇക്കാര്യമാണ് രണ്ടാമത്തെ ഉപമ വിശദീകരിക്കുന്നത്.

പ്രസ്തുത ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ട വസ്തുതകളെ ഒടുവിൽ ആയത്ത് ഇങ്ങനെ സംഗ്രഹിക്കുന്നു: 'അല്ലാഹു ആർക്ക് പ്രകാശം നൽകുന്നില്ലയോ അവർക്ക് പ്രകാശം ലഭിക്കുന്നതേയല്ല'.  അഥവാ ആരെയൊക്കെ നേർമാർഗ്ഗത്തിലേക്ക് വഴി നടത്തണമെന്ന്  അള്ളാഹു ഉദ്ദേശിച്ചോ അവർക്ക് മാത്രമേ നേരായ മാർഗ്ഗം ലഭിക്കൂ. തെറ്റിദ്ധാരണകളും മുൻവിധികളും മാറ്റിവെച്ച് അന്ധമായ അനുകരണങ്ങൾ അവസാനിപ്പിച്ച് സത്യസന്ധമായി സത്യാന്വേഷണം നടത്തുന്നവരെങ്കിൽ അവരെ അല്ലാഹു വഴി നടത്തും എന്ന് സാരം.


Also Read:സമുദ്രശാസ്ത്രവും ഖുര്‍ആനും


നിഷ്പക്ഷമായി കാര്യങ്ങളെ കാണാൻ തയ്യാറുള്ളവർക്ക് മുകളിലെ വിശദീകരണത്തിൽ നിന്നും ഗ്രഹിച്ചെടുക്കാൻ കഴിയുന്ന യാഥാർത്ഥ്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1- ഏതെങ്കിലും ഒരു ശാസ്ത്ര സത്യത്തെ വിശദീകരിക്കാൻ വേണ്ടി ഇറങ്ങിയ ആയത്തല്ല ഇത്.

ഖുർആനിൽ മറ്റെവിടെയുമെന്നപോലെ  ഈ ആയത്തും ആത്യന്തികമായി ലക്ഷീകരിക്കുന്നത്  മനുഷ്യരെ വഴി നടത്താൻ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്നതാണ്.

2- ശാസ്ത്ര സത്യങ്ങളെ വിശദീകരിക്കുക എന്നത് ഖുർആനിന്റെ ആത്യന്തിക ലക്ഷ്യങ്ങളിൽ പെടുന്നില്ല എന്നതുകൊണ്ടുമാത്രം പ്രസ്തുത ഖുർആനിക വചനം ഉൾക്കൊള്ളുന്ന ശാസ്ത്ര സൂചനയെ അവഗണിക്കാവതല്ല.

3- ഈ ആയത്ത് പകർന്നുനൽകുന്ന ആശയം പൂർണാർഥത്തിൽ മനസ്സിലാക്കിയെടുക്കാൻ ആധുനിക ശാസ്ത്ര തത്വങ്ങളിൽ അവഗാഹം നേടണമെന്നില്ല. ഓഷ്യാനോഗ്രഫി പഠിച്ചിട്ടില്ലാത്ത മുൻകാല ഖുർആൻ പഠിതാക്കൾക്കും ഈ ആയത്ത് പകർന്നുനൽകുന്ന ആശയം ഗ്രഹിക്കാൻ ഒരു പ്രയാസവും വരുന്നില്ല .

4- മുൻകാല പഠിതാക്കൾക്ക് മനസ്സിലാവാത്ത ഒരു പുതിയ ആശയം ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ വെളിച്ചത്തിൽ ഖുർആനിക വചനങ്ങളിൽ തെളിഞ്ഞുവരുന്നു എന്നത്  ഖുർആനിന്റെ പദസഞ്ചയങ്ങളുടെ അവസാനിക്കാത്ത അമാനുഷികതകൾക്ക് തെളിവാണ്. ഇത് പ്രാമാണികമായ ഖുർആൻ വ്യാഖ്യാനങ്ങൾക്കോ പഴയകാല ഖുർആൻ പണ്ഡിതരുടെ അഭിപ്രായങ്ങൾക്കോ  എതിരായി തീരുന്നില്ലേ എന്ന് പ്രശ്നം ഇവിടെ ഉദിക്കുന്നില്ല.

5- തെറ്റിദ്ധാരണകളും മുൻവിധികളും മാറ്റിവെച്ച് ഖുർആൻ പഠിക്കാൻ തയ്യാറുള്ളവർക്ക് ഈ ഒരൊറ്റ ആയത്ത് പകർന്നുനൽകുന്ന ആശയം മനസ്സിലാക്കിയാൽ തന്നെ ധാരാളം മതി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter