മതേതര കേരളം സി.എച്ചിനെ സ്‌നേഹിക്കാന്‍ 5 കാരണങ്ങള്‍

സി.എച്ച്. മുഹമ്മദ് കോയ വിടപറഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. 1983 സെപ്തംബര്‍ 28 നാണ് അദ്ദേഹം രാജ്യത്തെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തി നമ്മെ വിട്ടുപോയത്. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സി.എച്ചിനെ മനസ്സ് തുറന്ന് സ്‌നേഹിക്കുന്നു. അദ്ദേഹത്തെ സ്‌നേഹിക്കുന്നവരില്‍ മലയാളികളും അല്ലാത്തവരുമുണ്ട്. മുസ്‌ലിംകളും അല്ലാത്തവരുമുണ്ട്. മുസ്‌ലിം ലീഗുകാരും അല്ലാത്തവരുമുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സ്‌നേഹവും ബഹുമാനവും നേടിയെടുക്കാന്‍ മാത്രം സമ്പൂര്‍ണത അദ്ദേഹത്തിനുണ്ടായിരുന്നു. 

എന്തുകൊണ്ട് സി.എച്ചിനെ സ്‌നേഹിക്കുന്നു? ഇതിനുള്ള അഞ്ച് ഉത്തരങ്ങളാണ് ഇവിടെ പറുന്നത്.

1. സി.എച്ച് ജീവിതത്തില്‍ പുലര്‍ത്തിയ മതനിഷ്ഠ.

നല്ല ആദര്‍ശ ബോധമുള്ള മുസ്‌ലിമായി അദ്ദേഹം ജീവിച്ചു. സ്വന്തം യാത്രകളിലും ഹജ്ജ് യാത്രയിലും പൊതുപ്രവര്‍ത്തന രംഗത്തും ഈ നിഷ്ഠ ശരിക്കും പ്രകടമാണ്. രാത്രി എത്ര വൈകി ഉറങ്ങിയാലും സുബഹി നിസ്‌കാരത്തിന് കൃത്യമായി ഉണരുന്ന ശീലം.

ഹജ്ജ് യാത്ര ചെയ്തപ്പോള്‍ കൂടെയുള്ള ആളുകള്‍ക്ക് ഹജ്ജ് കര്‍മത്തിനിടയില്‍ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ഉറക്കെ ചൊല്ലിക്കൊടുത്തിരുന്ന സി.എച്ച് അന്ന് കേരളത്തിലെ അറിയപ്പെട്ട രാഷ്ട്രീയ നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്നു.

വിദേശ യാത്രകള്‍ നടത്തുമ്പോള്‍, വിശേഷിച്ചും പടിങ്ങാറന്‍ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍, തന്റെ മുമ്പില്‍വെച്ച ഭക്ഷണത്തളികയില്‍ പന്നിമാംസമുണ്ടാകുമോ എന്ന ഭയം കാരണം മാംസ ഭക്ഷണങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചിരുന്നു. ശുദ്ധ വെജിറ്റേറിയനായി അപ്പോള്‍ അദ്ദേഹം മാറും. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഹറാം തിന്നുപോകുമോ എന്ന ദൈവ ഭയമാണ് ഇതില്‍ നാം കാണുന്നത്.

നിരവധി തവണ മന്ത്രിയായി, പല അവസരങ്ങളുണ്ടായിട്ടും ചെറിയൊരു അഴിമതി ആരോപണം പോലും അദ്ദേഹത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടില്ല. ഒരിക്കല്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ച്, കാര്‍ വിളിച്ച് കോഴിക്കോട്ടേക്ക് കുടുംബ സമേതം വരാന്‍ പണമില്ലാതെ വിഷമിച്ചിരിക്കുകയാണ്. മണിക്കൂറുകള്‍ക്കു മുമ്പ് മന്ത്രിയായിരുന്ന ആള്‍ക്ക് സ്വന്തം വീട്ടിലേക്കു പോകാന്‍ പണമില്ലായെന്നു പറയുമ്പോള്‍ അദ്ദേഹം കാത്ത വിശുദ്ധി എത്ര വലുതാണ്? കുറച്ചുകഴിഞ്ഞ് സീതി ഹാജി പണവുമായി വന്നപ്പോള്‍ സി.എച്ച് പറഞ്ഞുവത്രേ: ബേബി ജോണ്‍ വന്ന് കാറില്‍ പെട്രോള്‍ അടിച്ചുതരികയും ആയിരം രൂപ തരികയും ചെയ്തിട്ടുണ്ടെന്ന്. സി.എച്ചിന്റെ ജീവിത ശുദ്ധിയിലേക്കാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

2. വ്യക്തി പ്രഭാവം

സി.എച്ചിന്റെ പ്രതിഭാവിലാസമാണ് അദ്ദേഹത്തെ വ്യതിരിക്തമാക്കുന്ന മറ്റൊരു ഘടകം. നെഹ്‌റുവിന്റെ മലയാളപ്പതിപ്പ് എന്ന് പറയാന്‍ പറ്റുംവിധമുള്ള നാക്കും തൂലികയും നേതൃപാടവവും കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസംഗത്തില്‍ അഴീക്കോടിനെ കവച്ചുവെക്കാന്‍ കഴിയുന്ന സി.എച്ച് എസ്.കെ. പൊറ്റക്കാടിനു ശേഷമുള്ള ഏറ്റവും നല്ല സഞ്ചാര സാഹിത്യകാരനായിരുന്നുവെന്ന് നിരൂപിച്ച നിരൂപകന്മാരുണ്ട് മലയാളത്തില്‍. നൂറുക്കണക്കിന് പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍ നിരവധി ഗ്രന്ഥങ്ങളെഴുതാന്‍ അദ്ദേഹത്തിന് സമയമുണ്ടായി. 

സി.എച്ചിന്റെ നേതൃപാടവും ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്. ഉന്നതമായ വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത വ്യക്തി ഏത് ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്തപ്പോഴും കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യുവാനും എല്ലാവരുടെയും പ്രശംസ നേടിയെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചത് ഈ പാടവംകൊണ്ടാണ്. 

മലപ്പുറം ജില്ലയുടെ രൂപീകരണവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സംസ്ഥാപനവും വിദ്യാഭ്യാസ രംഗത്ത് അദ്ദേഹമുണ്ടാക്കിയ മറ്റു നേട്ടങ്ങളുമൊക്കെ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹമുണ്ടാക്കിയ പ്രത്യേകമായ നേതൃശക്തികൊണ്ടുമാത്രമായിരുന്നു. 

ചുരുക്കം ചില എം.എല്‍.എ മാര്‍ മാത്രം സ്വന്തം പാര്‍ട്ടിക്കുണ്ടായിരുന്ന സമയത്ത് 1979 ല്‍ അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് ഈ പാടവംകൊണ്ടല്ലാതെ മറ്റെങ്ങനെയാണ്? 30 ാം വയസ്സില്‍ എം.എല്‍.എയും  34 ാമത്തെ വയസ്സില്‍ രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കറും 40 ാമത്തെ വയസ്സില്‍ മുമ്പ് മുണ്ടശ്ശേരിയെപ്പോലെയുള്ള പ്രഗല്‍ഭര്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അവസരമുണ്ടായത് ഈ പ്രതിഭാവിലാസം കൊണ്ടാണ്. 

3. സി.എച്ചിന്റെ സ്വഭാവവും സംസ്‌കാരവും.

പ്രവര്‍ത്തകര്‍ക്ക് പുതിയൊരു സംസ്‌കാരമാണ് അദ്ദേഹം പഠിപ്പിച്ചത്. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് ലഭ്യമാകുന്ന ഏറ്റവും ഉന്നത പതവിയിലെത്തിയപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന ജനലക്ഷങ്ങള്‍ അദ്ദേഹത്തിനു മുമ്പില്‍ അണിനിരന്നപ്പോഴും അദ്ദേഹം അല്‍പംപോലും അഹങ്കാരം കാണിച്ചില്ല.

മകളുടെ വിവാഹത്തിന് സെക്രട്ടറിയേറ്റിനടുത്ത് ചായക്കട നടത്തുന്ന അമുസ്‌ലിമായ ഒരു സാധാരണക്കാരനെ നേരിട്ട് ക്ഷണിച്ച വ്യക്തിയാണ് സി.എച്ച് മുഹമ്മദ് കോയ. അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തനിക്കു കീഴില്‍ ജോലി ചെയ്തിരുന്ന എഴുത്തുകാരനായ ഒരു ഉദ്യോഗസ്ഥനെ നേരില്‍ സമീപിച്ച് ചന്ദ്രികയിലേക്ക് ലേഖനം ആവശ്യപ്പെട്ട സംഭവമുണ്ടായി. അപ്പോള്‍ ആ എഴുത്തുകാരന്‍ ചോദിച്ചു: സാര്‍, അങ്ങ് എന്നെ വിൡച്ചാല്‍ ഞാന്‍ അങ്ങോട്ട് വരില്ലേ? എന്നു പറഞ്ഞപ്പോള്‍ സി.എച്ച് പറഞ്ഞൊരു മറുപടിയുണ്ട്. ഞാനിപ്പോള്‍ വന്നിരിക്കുന്നത് മന്ത്രിയായിട്ടല്ല. മറിച്ച് ചന്ദ്രികയുടെ പത്രാധിപരായിട്ടാണ്. ഒരു സല്‍സ്വഭാവിക്ക് മാത്രമേ ഇത് പറയാന്‍ കഴിയൂ. 

അതുകൊണ്ടുതന്നെ, അദ്ദേഹം ആരെയും മാറ്റിനിര്‍ത്തിയില്ല. പലപ്പോഴും മുസ്‌ലിംവിരുദ്ധ ലേഖനമെഴുതുന്ന എം.ന്‍. കാരശ്ശേരിയും ചില മുസ്‌ലിംകള്‍ക്കെങ്കിലും അനഭിമതനായ വൈക്കം മുഹമ്മദ് ബഷീറുമൊക്കെ സി.എച്ചിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. എല്ലാവരെയും അടുപ്പിക്കുകയും എല്ലാവരെയും ഉള്‍കൊള്ളുകയും എല്ലാവര്‍ക്കും നന്മ പകര്‍ന്നുനല്‍കുകയും ചെയ്യുക എന്നതായിരുന്നു സി.എച്ചിന്റെ പോളിസി. 

ആ മനസ്സിന്റെ വിശുദ്ധികൊണ്ടാണ് ഉത്തമ ഫലിതങ്ങള്‍ ആ നാവില്‍നിന്നും പുറത്തുവന്നത്. നല്ല മനശ്ശുദ്ധിയില്ലാത്തവര്‍ക്ക് നല്ല നര്‍മങ്ങള്‍ പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ പലര്‍ക്കും ശക്തമായ വേതന ഉണ്ടാക്കിയിട്ടുണ്ട്. മനസ്സില്‍ തറക്കുന്ന വാക്കുകള്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ ശുദ്ധിയില്‍നിന്ന് ഉണ്ടാകുന്നതാണ്. 

4. സി.എച്ച്. കടുത്ത സമുദായ സ്‌നേഹിയായിരുന്നു.

കമ്യൂണലാവാതെ എങ്ങനെ കമ്യൂണിറ്റിക്കുവേണ്ടി നിലകൊള്ളാം എന്ന് അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു. എന്റെ സമുദായം, അവരുടെ പുരോഗതി, അവരുടെ വളര്‍ച്ച ഇത് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്റെ സമുദായം വിറകുവെട്ടികളും വെള്ളം കോരികളുമാകരുതെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ വിദ്യാഭ്യാസ അഭ്യുന്നതിയെക്കുറിച്ച വലിയ കാഴ്ചപ്പാടോടുകൂടി, അടുത്ത 25 വര്‍ഷം സമുദായത്തിന്റെ സ്ഥിതി എന്താവണം എന്ന് നേരത്തെ പ്ലാന്‍ ചെയ്ത്, പദ്ധതികള്‍ ആസൂത്രണം ചെയ്ത്, ആളുകളില്‍ വിദ്യാഭ്യാസ ബോധം വളര്‍ത്തി പിന്നില്‍ പ്രവര്‍ത്തിച്ച ആളായിരുന്നു അദ്ദേഹം. ഒരു സമുദായത്തെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ലോകത്തെ മറ്റു മുസ്‌ലിം നേതാക്കള്‍ക്ക് നല്ല മാതൃക കാണിച്ചു അദ്ദേഹം. 

1967 ല്‍ അദ്ദേഹം വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോള്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സിനോട് പറഞ്ഞുവത്രേ: ഒരു പ്രധാന കാര്യം പറയാനുണ്ട്. ഇനി കേരളത്തില്‍ ഒരു പഞ്ചായത്തില്‍ പുതിയ ഹൈസ്‌കൂള്‍ അനുവദിക്കുന്നതിനു മുമ്പ് തീരെ ഹൈസ്‌കൂളുകളില്ലാത്ത പഞ്ചായത്തില്‍ അനുവദിക്കണം. ധിഷണാശാലിയായ സി.എച്ചിന്റെ വലിയൊരു ചിന്തയായിരുന്നു ഇത്. കേരളത്തെ മുന്നോട്ടു നയിക്കാന്‍ ഈ രീതി ഏറെ ഉപകാരപ്പെട്ടു. കാരണം, അദ്ദേഹത്തിന് അറിയാമായാരുന്നു, ഹൈസ്‌കൂളുകളില്ലാത്ത പഞ്ചായത്തുകള്‍ മലബാറിലെ ഏറെനാട്ടിലെ, വള്ളുവനാട്ടിലെ പഞ്ചായത്തുകളാണെന്ന്. 

1967 നു ശേഷമാണ് സമൂഹത്തില്‍ വിദ്യാഭ്യാസ രംഗത്ത് പുരോഗതി വരുന്നത്. മലബാറിലെ വിവിധ സ്‌കൂളുകളുടെ, കോളേജുകളുടെ സംസ്ഥാപനത്തിന്റെ തിയ്യതി അന്വേഷിച്ചുപോകുമ്പോള്‍ ഇത് നമുക്ക് ബോധ്യപ്പെടും. അധികവും വരുന്നത് ഇതിനെത്തുടര്‍ന്നുള്ള കാലങ്ങളിലാണ്. ഇത്രയും സമുദായമേന്മക്കുവേണ്ടി നിലകൊണ്ടു അദ്ദേഹം.

1980 ല്‍ ഭാഷാസമരമുണ്ടായപ്പോള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം നടത്തുന്ന അധ്യാപകരോട് സി.എച്ച് പറഞ്ഞത്, അധ്യാപകര്‍ സ്‌കൂളിലേക്ക് മടങ്ങിപ്പോകണം, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു എന്നാണ്. ഇത് പറയാന്‍ അദ്ദേഹത്തെപ്പോലെയുള്ള സമുദായ സ്‌നേഹികള്‍ക്കു മാത്രമേ കഴിയൂ.

5. സി.എച്ച് ഏറ്റവും വലിയ മതേതരനായിരുന്നു.

നല്ല മതബോധമുള്ള ആളായിട്ടും, തൊപ്പി ധരിച്ചിട്ടും, സമുദായത്തിനു വേണ്ടി നല്ലപോലെ പ്രവര്‍ത്തിച്ചിട്ടും അദ്ദേഹം സമൂഹത്തില്‍ നല്ല മതേതരനായി നിലകൊണ്ടു. ആ ആശയത്തിനുവേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹുസ്വര പശ്ചാത്തലത്തില്‍ നല്ലൊരു മുസ്‌ലിമായി നിലകൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ബേബി ജോണും കരുണാകരനും അച്ചുതമേനോനും എല്ലാം ഉണ്ടായിരുന്നു. അദ്ദേഹത്തെ മനസ്സ് തുറന്ന് സ്‌നേഹിച്ചിരുന്ന ധാരാളം അമുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്നു. ഡി. ബാബു പോളും കെ.എം. റോയിയുമെല്ലാം സി.എച്ചിനെ സ്‌നേഹിച്ചത് അദ്ദേഹം മതനിഷ്ഠ മാറ്റിവെച്ച മതേതരനായത്‌കൊണ്ടായിരുന്നില്ല. മതബോധമുണ്ടായിട്ടും മതേതരനാവാം എന്ന് ജീവിതത്തിലൂടെ കാണിച്ച സി.എച്ച് അവരെയെല്ലാം ആകര്‍ഷിക്കുകയായിരുന്നു. 

അതുകൊണ്ടാണ് ഉന്നതനായൊരു ഹൈന്ദവ നേതാവ് സി.എച്ചിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്: സി.എച്ചിലെ സി എന്ന അക്ഷരം ക്രിസ്ത്യാനിറ്റിയിലെ സിയെ ആണ് പ്രതിനിധീകരിക്കുന്നത്. എച്ച് ഹിന്ദൂയിസം എന്നതിലെ എച്ചിനെയും മുഹമ്മദ് എന്നതിലെ എം മുസ്‌ലിം എന്നതിനെയുമാണ് പ്തിനിധീകരിക്കുന്നത്. അതാണ് സി.എച്ച്.എം. കോയ എന്നത്. 

നമുക്കും ഈ മഹാത്മാവില്‍നിന്നും ധാരാളം പഠിക്കാനുണ്ട്. മുസ്‌ലിം സമുദായമെന്നനിലയില്‍ നാം അദ്ദേഹവുമായി ധാരാളം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്താനും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്തിക്കാനും അദ്ദേഹത്തിനുവേണ്ടി സ്മാരകങ്ങള്‍ പണിയാനും നമ്മള്‍ തയ്യാറാവുക. പൊതുപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജീവിതം പഠിക്കുക. അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ വായിക്കുക. എം.സി. വടകരയുടെ സി.എച്ച്. മുഹമ്മദ് കോയ: രാഷ്ട്രീയ ജീവചരിത്രം അതില്‍ പ്രധാനമാണ്. റഹീം മേച്ചേരി തയ്യാറാക്കിയ അക്ഷര കേരളത്തിന്റെ ആത്മ സുഹൃത്ത് പ്രധാനപ്പെട്ട മറ്റൊരു കൃതിയാണ്. സി.എച്ച്: ഒരോര്‍മ, സി.എച്ച് ഫലിതങ്ങള്‍, വീക്ഷണങ്ങള്‍ തുടങ്ങിയവയും അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ സഹായിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter