യൂറോപ്പിന് വഴികാട്ടിയ മുസ് ലിംകള്‍
യൂറോപിന് വഴികാട്ടിയ മുസ്ലിംകള്‍ പാശ്ചാത്യ സംസ്കാരത്തിന്‍റെ പ്രധാന സ്രോതസ്സാണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന യൂറോപ്പ്. പതിനഞ്ചാം നൂറ്റാണ്ടിലെ കോളനിവല്‍കരണവും പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാനവും പതിനെട്ടാം നൂറ്റാണ്ടിലെ ബോധോദയവും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവവും ഇരുപതാം നൂറ്റാണ്ടിലെ ലോക മഹാ യുദ്ധങ്ങളും കമ്മ്യൂണിസവും സമൂലമായ മാറ്റങ്ങള്‍ കൊണ്ട് വന്ന യൂറോപ്പ് എന്നും വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഭൂമി ശാസ്ത്രപരമായി യൂറേഷ്യ എന്ന മേഖലയുടെ പടിഞ്ഞാറന്‍ ഭാഗമെന്നോ ഏഷ്യയുടെ പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉപദീപ് എന്നോ വിപക്ഷിക്കാം. എഴുപത്തിയൊന്ന് ശതമാനം ജനവാസവും 1.04 സ്.കി.മീറ്റര്‍ വിസ്തീര്‍ണവുമുള്ള യൂറോപ്പ് ഭൗമോപരിതലത്തിന്‍റെ വെറും രണ്ട് ശതമാനം മാത്രമാണ്. പക്ഷെ, ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രത്യക്ഷമോ അപ്രത്യക്ഷമോ ആയ സാന്നിധ്യമോ കൈകടത്തലോ മേല്‍ക്കോയ്മയോ ഇല്ലാത്ത ഒന്ന് ഭൂമി ലോകത്ത് നമുക്ക് കണ്ടെത്താനാവില്ല. അടിച്ചമര്‍ത്തലുകളെയും സാമ്പത്തിക മാന്ദ്യത്തെയും തുടര്‍ന്ന് പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പ് ആരംഭിച്ച കോളനിവല്‍കരണത്തെ തുടര്‍ന്ന് ഈ ഭൗമ ലോകത്ത് നിന്നും തുടച്ച് നീക്കപ്പെട്ട ഗോത്രങ്ങളുടെ കണക്ക് എണ്ണാന്‍ കഴിയാത്തതായി മാറിക്കഴിഞ്ഞു. അന്ധകാര യുഗത്തില്‍ നിന്നും സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാക്കി യൂറോപ്യന്‍ രാജ്യങ്ങളെ മാറ്റുന്നതില്‍ പ്രധാന കാരണം കോളനിവല്‍കരണമായിരുന്നു. അധപതിച്ചിരുന്ന യൂറോപ് ലോകത്തിലെ പ്രബല സാമ്പത്തിക ശക്തിയായി മാറിയത് കോളനികളിലെ സമ്പത്ത് ഊറ്റിക്കുടിച്ചായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയിലും യൂറോപിന് ശക്തമായ പാരമ്പര്യമുണ്ട്. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ തത്വ ചിന്തകരും പൈഥഗോറസിനെപ്പോലുള്ള ഗണിത ശാസ്ത്രജ്ഞരും ആര്‍ക്കിമിഡീസിനെപ്പോലുള്ള ഭൗതിക ശാസ്ത്രജ്ഞരും യൂറോപിന്‍റെ വൈജ്ഞാനിക പാരമ്പര്യത്തെ വ്യക്തമാക്കുന്നു. എന്നാല്‍, ഒമ്പതാം നൂറ്റാണ്ടില്‍ ക്രിസ്തീയ സഭകളും പോപും ഭരണത്തില്‍ കൈകടത്തിയതോടെ യൂറോപിന്‍റെ അന്ധകാര യുഗം ആരംഭിക്കുകയായിരുന്നു. മത വിശ്വാസങ്ങള്‍ യൂറോപ്യരുടെ മേല്‍ അടിച്ചമര്‍ത്തിയ ക്രിസ്തീയ സഭകള്‍ ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ക്ക് ശക്തമായ വില്ക്കേര്‍പ്പെടുത്തി. അതിനാല്‍ തന്നെ അത് വരെ ശോഭിച്ച് നിന്നിരുന്ന യൂറോപ് മെല്ലെ പ്രഭ മങ്ങാന്‍ തുടങ്ങി. കോപ്പര്‍ നിക്കസ്, ഗലീലിയോ തുടങ്ങിയ ഭൗമ ശാസ്ത്രജ്ഞരുടെ ദാരുണാന്ത്യവും ഇതിനെ ശക്തിപ്പെടുത്തി. പിന്നീട് ആധുനിക യൂറോപിന് ശാസ്ത്ര രാഷ്ട്രീയ അടിത്തറ പാകിയത് എ.ഡി 700 ന് ശേഷം യൂറോപിലെത്തിയ മുസ്ലിംകളായിരുന്നു. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന യൂറോപിന്‍റെ മുഖഛായ മാറ്റിയത് എ.ഡി 711-ല്‍ സ്പെയ്ന്‍ കീഴടക്കിയ ത്വാരിഖ് ബിന്‍ സിയാദിന്‍റെയും മുസ്ലിം സൈന്യത്തിന്‍റെ പിന്‍ഗാമികളുടെ വിലപ്പെട്ട അറബിക് ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷയുമായിരുന്നു. ടോളമി, അരിസ്റ്റോട്ടില്‍, തുടങ്ങിയ ഗ്രീക്ക് തത്വ ചിന്തകരുടെയും ശാസ്ത്രജ്ഞരുടെയും ആശയങ്ങള്‍ പൊടിതട്ടിയെടുത്ത് യൂറോപിന് പരിചയപ്പെടുത്തിയതും മുസ്ലിംകളായിരുന്നു. ആഭ്യന്തര കലഹങ്ങളും അധികാര വടംവലിയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്പെയ്നിലേക്കായിരുന്നു ത്വാരിഖ് ബിന്‍ സിയാദിന്‍റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം കടന്ന് ചെന്നത്. ക്രിസ്തീയ സഭകള്‍ യൂറോപിനെ തങ്ങളുടെ സമഗ്രാധിപത്യത്തിന് കീഴില്‍ വരുത്തിയിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു. അന്ധ വിശ്വാസങ്ങളെയും മതതീവ്രവാദത്തെയും എതിര്‍ത്ത മുസ്ലിംകള്‍ ബഗ്ദാദിലേക്കും സ്പെയ്നിലേക്കും വിജ്ഞാന ശാലകളിലൂടെ യൂറോപിന്‍റെ മണ്ണില്‍ വൈജ്ഞാനിക വിപ്ലവത്തിന്‍റെ വിത്തിറക്കി. ഈ വിത്തുകളില്‍ നിന്ന് മുളച്ച വടവൃക്ഷങ്ങളിലൂടെയായിരുന്നു യൂറോപ്യന്‍മാര്‍ അഖില നിഖില മേഖലകളിലും വിപ്ലവാത്മകമായ കണ്ടെത്തലുകള്‍ നടത്തിയിരുന്നത്. മുസ്ലിം ഭരണം യൂറോപില്‍ മുസ്ലിം ചരിത്രത്തിലെ അധിപ്രധാനമായ ഒരേടായിരുന്നു മുസ്ലിംകളുടെ യൂറോപ് ആക്രമണം. യൂറോപിന്‍റെ കവാടത്തിനകത്ത് കാലെടുത്ത് വെച്ചപ്പോള്‍ തന്നെ മുസ്ലിംകള്‍ക്ക് മുന്നില്‍ യൂറോപ് അടിയറവ് പറഞ്ഞു. എ.ഡി 711-ല്‍ ത്വാരിഖ് ബിന്‍ സിയാദിന്‍റെ നേതൃത്വത്തില്‍ സ്പെയ്ന്‍ കീഴടക്കിയ മുസ്ലിം സേനകളുടെ മുമ്പിലായിരുന്നു യുറോപ് പതറിയത്. അതോട് കൂടി അറബികള്‍ സമാര്‍ജിച്ചിരുന്ന ശാസ്ത്ര വിജ്ഞാനത്തിന്‍റെ രശ്മികള്‍ യൂറോപിലേക്ക് കടന്നു പോകാനുള്ള കവാടമായി സ്പെയ്ന്‍ മാറി. ഇന്ന് ആഗോള തലത്തില്‍ പ്രബല ശക്തിയായ യൂറോപ് അന്ധകാരത്തില്‍ നിന്ന് ഈ ദിശയിലേക്ക് ഗതി തിരിയാന്‍ തുടങ്ങിയത് മുസ്ലിംകളുടെ ഈ അക്രമണത്തിലൂടെയായിരുന്നു. ഓര്‍ത്തോഡക്സ് ചര്‍ച്ചും ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതികളും സംഹാര താണ്ഡവമാടിയ ഭൂമികയായിരുന്ന മുസ്ലിം അക്രമണത്തിന് മുമ്പുണ്ടായിരുന്ന യൂറോപ് ജാഹിലിയ്യ കാലഘട്ടം പോലെത്തന്നെ അധപതിച്ചിരുന്ന ഒരു ചരിത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. യൂറോപിലെ ഏകാധിപതികളായി വാണിരുന്ന അന്നത്തെ ക്രിസ്ത്യന്‍ ഭരണാധികാരികള്‍ അവിടങ്ങളിലെ ജൂതരെ തങ്ങളുടെ അടിമകളായി കണക്കാക്കുകയും പലരെയും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ഇരയാക്കുകയും ചെയ്തു. സ്പെയ്ന്‍ അടക്കം പല രാജ്യങ്ങളിലും ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സ്പെയ്നില്‍ ദീര്‍ഘകാലം നീണ്ടു നിന്നിരുന്ന അധികാര വടം വലി റഡറിക് രാജാവിന്‍റെ കാലത്തോട് കൂടി രൂക്ഷമായിത്തീര്‍ന്നു. തന്‍റെ മുന്‍ഗാമിയായ പിറ്റീസയെ വധിച്ച് അധികാരത്തിലേറിയത് കൊണ്ട് തന്നെ പിറ്റീസയുടെ പക്ഷക്കാര്‍ ഏത് വിധേനയും റഡറികിനെ വധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ റഡറികുമായി പിണങ്ങിയ ക്യൂട്ടയിലെ ഗവര്‍ണര്‍ ജൂലിയാന്‍ അയല്‍ രാജ്യമായ ആഫ്രിക്കയിലെ മുസ്ലിം ഭരണത്തില്‍ അകൃഷ്ടനായി. ആഫ്രിക്കയിലെ മുസ്ലിം ഗവര്‍ണറായ മൂസ ഇബ്നു നുസൈറിനെ സ്പെയ്നിലേക്ക് ക്ഷണിച്ചു. അറേബ്യയുടെ ഒരു മൂലയില്‍ തുടങ്ങി ആഫ്രിക്കയിലും ഏഷ്യയിലും വെന്നിക്കൊടി നാട്ടിയ മുസ്ലിംകള്‍ യൂറോപിന്‍റെ മണ്ണിലേക്ക് പ്രവേശിക്കാനുള്ള ആദ്യാവസരമായി മൂസ ബിന്‍ നുസൈര്‍ ഇതിനെ മനസ്സിലാക്കി. യൂറോപിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് യൂറോപിനെ കുറിച്ച് പഠിക്കാന്‍ മൂസ എ.ഡി 710-ല്‍ ത്വാരിഫ് ബിന്‍ മാലികിന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ സ്പെയ്നിലേക്ക് അയച്ചു. യൂറോപിന്‍റെ തെക്ക് ഭാഗത്തുള്ള ഒരു ദീപിലാണ് ത്വാരിഫ് ഇറങ്ങിയത്. മുസ്ലിം അക്രമണങ്ങള്‍ക്ക് അനുകൂലമായ അനുഭവങ്ങളായിരുന്നു അവിടെ നിന്നും മുസ്ലിംകള്‍ നേരിട്ടത്. അനുകൂല വിവരം ലഭിച്ച മൂസാ എ.ഡി. 711-ല്‍ അദ്ദേഹത്തിന്‍റെ സൈനിക നേതാവായ താരിഖ് ബിന്‍ സിയാദിന്‍റെ നേതൃത്വത്തില്‍ ഒരു വന്‍ പടയെ യൂറോപ്പിലേക്ക് അയച്ചു. മുസ്ലിംകളുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തനായ റൊഡറിക് രാജാവ് സര്‍വ ശക്തിയും സമാഹരിച്ച് സെപ്റ്റംബറില്‍ അവരുമായി ഒരു ഘോര യൂദ്ധത്തില്‍ ഏര്‍പ്പെട്ടു. റൊസറികിന്‍റെ എതിരാളികളായ ജൂലിയനും സംഘവും യഹൂദരും മുസ്ലിംകളെ സഹായിച്ചു. ഈ യുദ്ധത്തില്‍ റൊസറിക് പൂര്‍ണമായും പരാജയപ്പെട്ടു. അതോട് കൂടെ യൂറോപ്പിന്‍റെ അന്ധകാരത്തിലേക്ക് പ്രകാശം കടത്തിവിടാനുള്ള വാതായനമായി സ്പെയ്ന്‍ മാറി. എ.ഡി 712 ജൂണ്‍ മാസത്തില്‍ പതിനായിരത്തോളം സൈന്യങ്ങളോട് കൂടി മൂസ സ്പെയ്നിലേക്ക് തിരിച്ചു. സപെയ്നിന് പുറമേ യൂറോപ്പിലെ ഇതര പ്രദേശങ്ങള്‍ കീഴടക്കാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി. എന്നാല്‍,യൂറോപ് വന്‍കര മുഴുവന്‍ മുസ്ലിം ഭരണകൂടത്തിന് കീഴില്‍ വരുന്നതിന് മൂമ്പ് ഖലീഫ വലീദി ബിന്‍ അബ്ദുല്‍ മലിക് മൂസയെ ഡമസ്കസിലേക്ക് വിളിച്ചു. അത് കൊണ്ട് തന്നെ തന്‍റെ ഉദ്ദ്യമം പാതി വഴിയില്‍ ഉപേക്ഷിച്ച് മൂസാക്ക് ഡമസ്കസിലേക്ക് മടങ്ങി പോകേണ്ടി വന്നു. പിന്നീട് ഏകദേശം 700- വര്‍ഷം മുസ്ലിംകള്‍ സ്പെയ്ന്‍,സിസിലി, ഇറ്റലി തുടങ്ങിയ പ്രദേശങ്ങള്‍ ഭരിച്ചു. അന്ധകാര നിബിഡമായിരുന്ന യൂറോപ്പിന് ഉന്നതിയുടെ പടവുകള്‍ ചവിട്ടാന്‍ ഈ എഴുന്നൂറ് വര്‍ഷങ്ങള്‍ തന്നെ ധാരാളമായിരുന്നു. മുസ്ലിം യൂറോപ്പിന്‍റെ സാംസ്കാരിക പൈതൃകം യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രശോഭിക്കുന്ന അധ്യായമായിരുന്നു മുസ്ലിംകളുടെ കീഴിലുള്ള എഴുന്നൂറ് വര്‍ഷങ്ങള്‍. ഗണിത ശാസ്ത്രം, സാഹിത്യം, അച്ചടി, ബോട്ടണി, വൈദ്യ ശാസ്ത്രം, തത്വ ശാസ്ത്രം എന്നിവ യൂറോപ്പില്‍ വളരാന്‍ പാകത്തിലാക്കി മാറ്റിയത് അറബികളായിരുന്നു. മത ഭൗതിക വിജ്ഞാന ശ്രേയസ്സുകളായി കണക്കാക്കപ്പെട്ടിരുന്ന അറബികള്‍ക്ക് വിജ്ഞാന രശ്മികള്‍ യൂറോപ്പിലേക്ക് കടത്തി വിടാനുള്ള മാധ്യമമായിട്ടായിരുന്നു മുസ്ലിം സ്പെയ്ന്‍ വര്‍ത്തിച്ചത്. കൊര്‍ഡോവ, ഗ്രാനഡ, സെവിന്‍, മവാഗ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങളെല്ലാം ചരിത്രത്തിലെ ശോഭിക്കുന്ന അധ്യായങ്ങളായി മാറിയത് ഇസ്ലാമിക സര്‍വകലാശാലകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടതിന് ശേഷമായിരുന്നു. സ്പെയ്ന്‍ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ നാമമായിരുന്നു കൊര്‍ഡോവയും കൊര്‍ഡോവ സര്‍വകലാശാലയും. ലോകത്തിന്‍റെ രത്നം എന്നാണ് ആ നഗരത്തിന് ഒരു ജര്‍മന്‍ ക്രിസ്തീയ സന്യാസി കൊടുത്ത വിശേഷണം. വ്യവസായം, കൃഷി, വിദ്യഭ്യാസം, ജിയോഗ്രഫി, ജ്യോതി ശാസ്ത്രം തുടങ്ങിയവയെല്ലാം യൂറോപ്യന്‍മാര്‍ മുന്നിട്ട് നില്‍ക്കാന്‍ പ്രധാന കാരണം എഴുന്നൂറ് വര്‍ഷങ്ങളോളം യൂറോപ്പ് ഭരിച്ച ഉമവിയ്യ്-അബ്ബാസിയ്യ ഖിലാഫത്തുകളും മറ്റു ചെറിയ ഇസ്ലാമിക ഖിലാഫത്തുകളുമാണ്. വിദ്യാഭ്യാസം ഭൂമി ശാസ്ത്രം യൂറോപ്യന്‍മാര്‍ക്ക് അജ്ഞമായിരുന്ന ഭൂമി ശാസ്ത്രം വ്യക്തമായി പരിചയപ്പെടുത്തിക്കൊടുത്തത് മുസ്ലിംകളായിരുന്നു. ടോളമി, അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയ വിശ്വ പ്രസിദ്ധ വിജ്ഞാന ശ്രേയസ്സുകളുടെ അറിവിന്‍റെ പ്രസരണം ഗ്രീസിന്‍റെ മതില്‍ കെട്ടിനുള്ളില്‍ ഒതുങ്ങിയപ്പോള്‍ അറബികളുടെ പഠനമായിരുന്നു അതിര്‍ത്ഥി വ്യത്യാസമില്ലാതെ ലോകത്ത് പ്രസരിച്ചത്. പതിനൊന്നാം നൂറ്റാണ്ടോട് കൂടി യൂറോപ്യന്‍ ഭൂമിശാസ്ത്ര ശാഖക്ക് വിലയേറിയ സംഭാവനകള്‍ നല്‍കിയ പണ്ഡിതന്‍മാര്‍ രംഗത്ത് വന്നു. കൊറഡോവയില്‍ ജനിച്ച അല്‍ ബക്രി പ്രശസ്തനായ ഒരു ഭൂമി ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്‍റെ അല്‍ മസാലിക്- വല്‍ മമാലിക് എന്ന ഭൂമി ശാസ്ത്ര ഗ്രന്ഥം ഈ ശാഖയില്‍ മധ്യ കാലത്ത് രചിക്കപ്പെട്ട ഒരു പ്രധാന ഗ്രന്ഥമായിരുന്നു. ആദ്യ ലോക ഭൂപടം വരച്ച അല്‍ ഇദിരീസി അക്കാലത്തെ ഒരു പ്രശസ്ത ഭൂമി ശാസ്ത്രജ്ഞനായിരുന്നു. അല്‍ കിന്ദി, അബൂ സൈദ് അല്‍ ബല്‍ഖീ, അല്‍ ഇസ്തഖ്രീം എന്നിവര്‍ ഭൂമി ശാസ്ത്ര ശാഖയെ സമ്പന്നമാക്കി. വാണിജ്യ മേഖലയെ ഉപജീവന മാര്‍ഗമായി കണ്ടിരുന്ന അറബികള്‍ക്ക് ഭൂമി ശാസ്ത്രം അഭിവാജ്യ ഘടകമായിരുന്നു. യാകൂത് അല്‍ ഹമവിയുടെ മുഅ്മുല്‍ ബുല്‍ദാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളായിരുന്നു അക്കാലത്ത് ഭൂമി ശാസ്ത്രത്തില്‍ പ്രധാനമായും അവലംബിക്കപ്പെട്ടിരുന്നത്. ജ്യോതി ശാസ്ത്രം യൂറോപ്യന്‍ പ്രദേശങ്ങള്‍ ഭരിച്ചിരു്ന്ന മുസ്ലിം ഭരണാധികാരികള്‍ ജ്യോതി ശാസ്ത്രത്തിന്‍റെയും ഗോള ശാസ്ത്രത്തിന്‍റെയും പഠനങ്ങള്‍ക്ക് വളരെയേറെ പ്രോല്‍സാഹനങ്ങള്‍ നല്‍കിയിരുന്നു. യൂറോപിലേക്ക് വൈജ്ഞാനിക പ്രവാഹം സൃഷ്ടിച്ച ബൈതുല്‍ ഹിക്മ എന്നറിയപ്പെടുന്ന സ്ഥാപനത്തോടനുബന്ധിച്ച് അല്‍ മഅ്മൂന്‍ ബഗ്ദാദില്‍ ഒരു വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. ഇവിടെ നിന്നായിരുന്നു യൂറോപ്പിലേക്ക് ജ്യോതി ശാസ്ത്രത്തിന്‍റെ ബാല പാഠങ്ങള്‍ ഒഴുകിയത്. ജ്യോതി ശാസ്ത്രത്തിലെ പ്രശസ്ത പണ്ഡിതനായിരുന്നു അബൂ മശ്അര്‍ മധ്യ യൂഗത്തില്‍ യൂറോപിലാകമാനം പ്രശസ്തനായിരുന്നു. ഇന്ന് യൂറോപില്‍ പ്രചാരമുള്ള ഗോള ശാസ്ത്ര പട്ടികകള്‍ തയ്യാറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഖവാരിസ്മി, അസ്സര്‍ഖാരി തുടങ്ങിയ പ്രശസ്ത മുസ്ലിം പണ്ഡിതന്‍മാരായിരുന്നു നക്ഷത്രങ്ങളുടെ ദൂരം കണ്ട് പിടിക്കാനുപയോഗിക്കുന്ന ആസ്ട്രോ ലാബ് കണ്ട് പിടിച്ചു. ടോളമിയുടെ നിഗമനങ്ങല്‍ നിശിതമായി വിമര്‍ശിച്ച് വരെ മധ്യ കാലഘട്ടത്തില്‍ കിതാബുകള്‍ രചിക്കപ്പെട്ടിരുന്നു. ഇതര ഗ്രന്ഥങ്ങളെ കുറിച്ച് സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ച ജാബിര്‍ ബ്നുല്‍ അഫാലഹായിരുന്നു ഇത്തരത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചത്. ഗണിത ശാസ്ത്രം ഗണിത ശാസ്ത്രത്തിലെ മുടിചൂടാ മന്നന്‍മാരായ പൈഥഗോറസ്, ആര്‍ക്കിമിഡീസ്, തൈല്‍സ്, യൂക്ലിഡ് എന്നിവര്‍ യൂറോപ്യന്‍മാരാണെങ്കിലും മധ്യ ശതകത്തോട് കൂടെ യൂറോപ്പ് ഇവരെ വിസ്മരിക്കാന്‍ തുടങ്ങി. പിന്നീട് ഇന്ത്യയിലെ പുരാതന യൂറോപ്യന്‍ ഗണിത ശാസ്ത്രജ്ഞരില്‍ ചിന്നഭിന്നമായിരുന്ന ഗണിത ശാസ്ത്രത്തെ ഏകീകരിച്ച് ഗ്രന്ഥങ്ങള്‍ സജ്ജീകരിച്ച് ലോകത്തിന്‍റെ നാനാ ദിക്കുകളിലേക്ക് എത്തിച്ചത് അറബികളായിരുന്നു. ഗണിത ശാസ്ത്രത്തില്‍ വിപ്ലവാത്മകമായ ചലനങ്ങളുണ്ടാക്കിയ പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാരാണെങ്കിലും അത് ലോകത്ത് പ്രചരിക്കാനും ഗണിത ശാസ്ത്രത്തില്‍ സജീവമാകാന്‍ വഴിയൊരുക്കിയതും അറബികളായിരുന്നു. ഗണിത ശാസ്ത്രത്തിലെ നിഗൂഢ മേഖലയായ ബീജ ഗണിതത്തെ കുറിച്ചുള്ള പ്രധാന ഗ്രന്ഥമായ അല്‍ ജബര്‍ വല്‍ മുഖാബല രചിച്ച ഖവാരിസ്മിയായിരുന്നു അറബിയിലാദ്യം അക്കത്തിന്‍റെയും പൂജ്യത്തിന്‍റെയും ഉപയോഗം ആവിഷ്കരിച്ചത.് സ്പെയ്നില്‍ ശാസ്ത്ര സംബന്ധമായ ഉപരി പഠനം നടത്തി എ.ഡി 999-ല്‍ പോപ് ആയിത്തീര്‍ന്ന ഗര്‍ബര്‍ട്ട് ആയിരുന്നു യൂറോപ്പില്‍ ഗണിത ശാസ്ത്രം പ്രചരിപ്പിച്ചിരുന്നത്. സമവാക്യങ്ങളെയും സമകലനങ്ങളെയും കുറിച്ച് ഖവാരിസ്മി എഴുതിയ ഒരു ഗ്രന്ഥത്തിന്‍റെ ലാറ്റിന്‍ പരിഭാഷയാണ് പതിനാറാം നൂറ്റാണ്ട് വരെ യൂറോപ്യന്‍ സര്‍വകലാശാലയില്‍ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടിരുന്നത്. പാശ്ചാത്യന്‍ നാടുകളില്‍ അല്‍ ജിബ്റ പ്രചാരണം നേടിയതും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളിലൂടെയായിരുന്നു. വൈദ്യ ശാസ്ത്രം പുതിയ തരം സാംക്രമിക രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവാതെ നൂതന സാങ്കേതിക വിദ്യ കൈവശമുള്ള ആധുനിക ശാസ്ത്രം കുഴങ്ങി നില്‍ക്കുമ്പോഴാണ് ഇസ്ലാമിക വൈദ്യ ശാസ്ത്രത്തിന്‍റെ പ്രസക്തി നമുക്ക് കണ്ടെത്താനാവുന്നത്. ഒരു കാലത്ത് ലോകത്തെ വേട്ടയാടുകയും സംഹാരതാണ്ഡവമാടുകയും ചെയ്ത കോളറ, വസൂരി തുടങ്ങിയ പല മാറാവ്യാധികളെക്കുറിച്ചും ആദ്യമായി പ്രതിപാദിച്ചത് മുസ്ലിം ശാസ്ത്രജ്ഞരായിരുന്നു. മുസ്ലിം വൈദ്യ ശാസ്ത്രജ്ഞരായ ഇബ്നു സീന, അര്‍റാസി, അസ്സഹ്റാവി, തുടങ്ങിയവരുടെ അറബി ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളിലൂടെയാണ് യൂറോപ്യന്‍മാര്‍ ഈ കലയില്‍ പ്രാവീണ്യം നേടിയത്. വൈദ്യ ശാസ്ത്രം ഇസ്ലാമിക ലോകത്ത് പ്രചാരം നേടിയത് അബ്ബാസിയ ഖിലാഫത്തിന്‍റെ കാലത്തായിരുന്നു. ഖലീഫ ഹാറൂന്‍ അല്‍ റഷീദായിരുന്നു ഒമ്പതാം നൂറ്റാണ്ടില്‍ ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ആശുപത്രി പണിതത്. വൈദ്യ ശാസ്ത്രത്തില്‍ യൂറോപ്യന്‍മാര്‍ പ്രധാനമായും അവലംബിച്ചിരുന്നത് ഇക്കാലത്തെ പണ്ഡിതന്‍മാരായ ഇബ്നു സീനയുടെ അല്‍ ഖാനൂനു ഫിത്തിബ്ബ്, അര്‍റാസിയുടെ അല്‍ ഹാവി, അസ്സഹ്റാവിയുടെ അല്‍ തസ്രീഫു ലിമന്‍ അജസ അനിത്തആലിഫ് തുടങ്ങിയ ഗ്രന്ഥങ്ങളിലായിരുന്നു. നൂതനമായ ചികിത്സകളും ശസ്ത്രക്ക്രിയകളും ഈ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. വസൂരിയെ കുറിച്ച് ആധികാരിക വിവരണം നല്‍കുന്ന അര്‍റാസിയുടെ അല്‍ ഹാവി യൂറോപിന് പുറമേ പേര്‍ഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലും പ്രശസ്തി ആര്‍ജിച്ചിരുന്നു. അസ്സഹ്റാവിയുടെ ഗ്രന്ഥങ്ങള്‍ മൂത്രക്കല്ല് നീക്കം ചെയ്യല്‍ അടക്കം അക്കാലത്ത് ചികിത്സ നിര്‍ദേശിക്കപ്പെടാത്ത പല രോഗങ്ങള്‍ക്കും പ്രതിവിധി കല്‍പിച്ചിരുന്നു. മുസ്ലിം സപെയ്നായിരുന്നു യൂറോപ്യന്‍മാര്‍ക്ക് വൈദ്യശാസ്ത്രത്തില്‍ അവലംബിച്ച മറ്റൊരു ഘടകം. ഈ മേഖലയില്‍ യൂറോപിന്‍റെ ആശാകേന്ദ്രമായിരുന്ന മുസ്ലിം സ്പെയ്ന്‍ അവിടെയുണ്ടായിരുന്ന പ്രശസ്ത ഭിഷഗ്വരന്‍മാരും ഗുണനിലവാരമുള്ള ആശുപത്രികളും അസ്സഹ്റാവി, ഇബ്നു സുഹര്‍, അബുല്‍ മര്‍വാന്‍, ഇബ്നു റുഷ്ദ് തുടങ്ങിയ വൈദ്യശാസ്ത്ര നിപുണരും സ്പൈനിനെ ശ്രദ്ധാകേന്ദ്രമാക്കി. വൈദ്യ ശാസ്ത്രത്തിലെ പല സിദ്ധാന്തങ്ങളും ആവിഷ്കരിച്ചതും രോഗങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കിയതും മുസ്ലിം സ്പെയ്നിലെയും അബ്ബാസിയ കാലഘട്ടത്തിലെയും പണ്ഡിതന്മാരായിരുന്നു. വൈദ്യ ശാസ്ത്ര മേഖലയിലുള്ള തന്‍റെ 113 ബൃഹത് ഗ്രന്ഥങ്ങളിലൂടെയും 28 ലഘു ഗ്രന്ഥങ്ങളിലൂടെയും അര്‍റാസി ചില അടിസ്ഥാന തത്വങ്ങള്‍ ആവിഷ്കരിച്ചിരുന്നു. രോഗിയുടെ മനസ്സ് മനസ്സിലാക്കി ചികിത്സിക്കുക എന്ന ശൈലിയായിരുന്നു അവിസ്സന്ന എന്ന പേരില്‍ യൂറോപ്യന്‍ നാടുകളില്‍ അറിയപ്പെടുന്ന ഇബ്നു സീന ഉപയോഗിച്ചിരുന്നത്. ജലം, ഭക്ഷണം, വായു എന്നിവയില്‍ കൂടി മാറാവ്യാധികള്‍ പകരുമെന്ന തത്വം ആദ്യമായി ആവിഷ്കരിച്ചത് കോളറയെ കുറിച്ച് വിശദമായ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ച ഇബ്നുല്‍ ഖതീഫ് ആയിരുന്നു. മാരഗ രോഗങ്ങള്‍ രോഗാണുക്കളിലൂടെ പകരുമെന്ന സിദ്ധാന്തം ആദ്യമായി ആവിഷ്കരിച്ചതും അദ്ദേഹം തന്നെയാണ്. ഇവ്വിധം മുസ്ലിംകള്‍ തത്വശാസ്ത്രം, രസതന്ത്രം, സാഹിത്യം, സഞ്ചാര സാഹിത്യം, വ്യവസായം എന്നീ മേഖലകളിലും യൂറോപ് പ്രധാനമായും അവലംബി്ച്ചത് ഇസ്ലാമിക ഗ്രന്ഥങ്ങളെയായിരുന്നു. ഇന്നും ആധുനിക ശാസ്ത്രജ്ഞര്‍ക്ക് അജ്ഞാതമായിക്കിടക്കുന്ന ആല്‍കമിയെക്കുറിച്ച് ഗഹനമായ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞരായിരുന്നു ജാബിറുല്‍ ഹയ്യാന്‍. ബാഷ്പീകരണം, ക്രിസ്റ്റലൈസേഷന്‍, കാള്‍സീകരണം തുടങ്ങിയ രാസ പ്രക്രിയകളുടെ രീതി പുത്തന്‍ രീതിയില്‍ ആവിഷ്കരിച്ചത് അദ്ദേഹമായിരുന്നു. പൊട്ടാസ്യം, സോഡിയം തുടങ്ങിയവയും അദ്ദേഹം രസതന്ത്രത്തിന് നല്‍കിയ അനശ്വര സംഭാവനകളില്‍ ഉല്‍ക്കൊള്ളുന്നു. മുസ്ലിംകളുടെ അനശ്വര സംഭാവനകള്‍ നിറക്കപ്പെട്ട ശാസ്ത്ര മേഖലയാണ് തത്വ ശാസ്ത്രം. ഇബ്നു റുഷ്ദ്, ഇബ്നു ബാജ, ഇബ്നു തുഫൈല്‍, ഇമാം റാസി, അല്‍ കിന്ദി തുടങ്ങിയവര്‍ അതികായകരായ തത്വ ശാസ്ത്രജ്ഞരായിരുന്നു അറേബ്യന്‍ രാജ്യങ്ങളിലെ അരിസ്റ്റോട്ടില്‍ എന്ന് അറിയപ്പെടുന്ന അല്‍ കിന്ദിയുടെ ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷ ഇന്നും ലഭ്യമാണ്. പരിശുദ്ധ ഖുര്‍ആനിനെപ്പോലെ തന്നെ അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരുടെ ചിന്താധാരകളിലും അറബികള്‍ ആകൃഷ്ടരായിരുന്നു. അറബികളില്‍ നിന്ന് യഹൂദരുടെ പ്ലാറ്റോ എന്ന് അറിയപ്പെടുന്ന ഗൂബറോള്‍, ടണ്‍സ്, റോജണ്‍ ബക്കണ്‍ മൈക്കല്‍ സ്കോട്ട് തുടങ്ങിയ മുസ്ലിം സ്പെയ്നിലെ ക്രിസ്ത്യാനികളും ജൂതന്മാരും തത്വശാസ്ത്ര ചിന്താഗതികള്‍ യൂറോപിലേക്ക് പ്രവഹിക്കാനുള്ള വാതായനങ്ങളായി മാറി. യൂറോപിലേക്ക് ബഗ്ദാദിലെയും സ്പെയ്നിലെയും ചിന്തകന്മാരായി രൂപം കൊടുത്ത് വിട്ട തത്വ ചിന്തകളുടെ പ്രവാഹമായിരുന്നു മധ്യ കാലഘട്ടത്തിലെ അന്ധകാര യുഗത്തിന്‍റെ അന്ത്യം കുറിച്ചത്. രാഷ്ട്രീയ ശാസ്ത്രം, ബയോളജി, ബോട്ടണി, സോഷ്യോളജി, മനശാസ്ത്രം തുടങ്ങിയവയില്‍ മുസ്ലിം പണ്ഡിതന്മാര്‍ നല്‍കിയ സംഭാവനകള്‍ അനശ്വരമാണ്. ആസട്രോ ലാബ്, ആന്ത്രാക്കസ് നിര്‍ണയം, ക്ലിനിക് സംവിധാനം, ഗ്ലാസ് നിര്‍മാണം തുടങ്ങിയവയില്‍ മുസ്ലിംകളുടെ പങ്ക് അനിഷേധ്യമാണ്. റൈറ്റ് സഹോദരന്‍മാര്‍ക്ക് മുമ്പേ മനുഷ്യന് പറക്കാന്‍ കഴിയുമെന്നുള്ള വാദം തെളിയിച്ച് കാണിക്കുന്നതിനിടെ വീണ് മരിച്ച മുസ്ലിം ശാസ്ത്രജ്ഞരായിരുന്നു അബ്ബാസ് ഇബ്നു ഫിര്‍നാസ്. ചുരുക്കത്തില്‍, നിലവില്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന യൂറോപിന് ശക്തമായ അടിത്തറ പാകിയത് മുസ്ലിംകളായിരുന്നു. മുസ്ലിം ശാസ്ത്രജ്ഞന്‍മാരുടെയും ചിന്തകന്മാരുടെയും ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍പറ്റിയിരുന്നത്. ഇബ്നു സീന, അര്‍റാസി, അസ്സഹ്റാവി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ഒരു കാലം വരെ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ പാഠ പുസ്തകമായി അംഗീകരിക്കപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter