ആരെയും അല്‍ഭുതപ്പെടുത്തുന്ന ക്ഷമ
താബിഉകളില്‍ പ്രമുഖനാണ് ഉര്‍വതുബ്നുസുബൈര്‍(റ). പ്രവാചകരുടെ ഹവാരിയ്യ് (ഉറ്റ മിത്രം) എന്ന് അറിയപ്പെടുന്ന സുബൈറുബ്നുല്‍ അവ്വാം(റ)ന്റെയും ഒന്നാം ഖലീഫ അബൂബക്റ് സ്വിദ്ധീഖ്(റ)ന്റെ പുത്രിയായ, ദാതുന്നിത്വാഖൈന്‍ എന്ന പേരിലറിയപ്പെടുന്ന അസ്മാഅ്(റ)യുടെയും പുത്രനാണ് അദ്ദേഹം.
അമവീ ഖലീഫ വലീദുബ്നു അബ്ദില്‍മലിക് നാട് ഭരിക്കുന്ന കാലം. ഉര്‍വ(റ)നോട് ഖലീഫ, ഭരണതലസ്ഥാനമായ ഡമസ്കസിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. വിവരം കിട്ടിയ ഉടന്‍ അദ്ദേഹം തന്റെ ഏഴ് മക്കളെയും കൂട്ടി മദീനയില്‍നിന്ന് ഡമസ്കസിലേക്കുള്ള യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വഴിയില്‍ വെച്ച് കാലിന് അസുഖം ബാധിച്ച് നടക്കാന്‍ പോലും സാധിക്കാതെ ആയ ഉര്‍വ(റ)നെ ചുമന്നുകൊണ്ടാണ് ഡമസ്കസിലെത്തിച്ചത്. തന്റെ അതിഥി, ഈ അവശാവസ്ഥയില്‍ കടന്നുവരുന്നത് കണ്ട ഖലീഫക്ക് സങ്കടം തോന്നി.
ഉടനെ അദ്ദേഹം അതിവിദഗ്ധരായ കൊട്ടാരം വൈദ്യരെ വരുത്തി ആവശ്യമായ ചികില്‍സ നല്കാന്‍ ആവശ്യപ്പെട്ടു. കാല് മുറിച്ച് കളുയകയല്ലാതെ പരിഹാരമില്ലെന്നായിരുന്നു അവരുടെ പരിശോധനാഫലം. ഇത് കേട്ട ഖലീഫക്ക് സങ്കടം ഇരട്ടിയായി. രണ്ട് കാലുമായി തന്നെ കാണാനെത്തിയ അതിഥിയെ ഒരു കാലില്ലാതെ എങ്ങനെ ഞാന്‍ യാത്രയാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
അവസാനം കാര്യം ഉര്‍വ്വ(റ)നെ അറിയിക്കാന്‍ തീരുമാനിച്ചു. അത് കേട്ടതും അല്ലാഹുവേ നിനക്കാണ് സ്തുതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റുമാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മുറിച്ച് മാറ്റാന്‍ അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അതിനായി ബോധം കെടുത്താം എന്ന് വൈദ്യന്മാര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല. അല്ലാഹുവിനെ ഓര്‍ക്കാതെ ഒരു നിമിഷം പോലും കഴിച്ച് കൂട്ടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഞാന്‍ രണ്ട് റക്അത് നിസ്കരിക്കാം, അപ്പോള്‍ വേണ്ടതെല്ലാം ചെയ്തുകൊള്ളൂ എന്ന് അദ്ദേഹം അവരോട് പറഞ്ഞു.
അദ്ദേഹം നിസ്കാരത്തില്‍ പ്രവേശിച്ചു. സുജൂദിലേക്ക് പോയ സമയത്ത് കണങ്കാല്‍ മുറിച്ച്മാറ്റുകയും രക്തം നില്ക്കാനായി തിളച്ച എണ്ണ പുരട്ടുകയും ചെയ്തു. അതോടെ അദ്ദേഹം ബോധരഹിതനായി.
അതേ സമയം, അദ്ദേഹത്തിന്റെ മക്കളില്‍ ഒരാള്‍ കൊട്ടാരത്തിലെ കുതിരകളെ കാണുകയായിരുന്നു. കുതിരകളില്‍ ഒന്ന് ആ മകനെ തൊഴിക്കുകയും അവന്‍ മരണപ്പെടുകയും ചെയ്തു. ഈ മനുഷ്യന് പ്രയാസത്തിന് മേല്‍ പ്രയാസം വരുന്നത് കണ്ട ഖലീഫക്ക് ദുഖം അടക്കാനായില്ല.
ബോധം തെളിഞ്ഞ ഉര്‍വ്വ(റ)നോട് ഖലീഫ തന്നെ സാവകാശം കാര്യങ്ങള്‍ ബോധിപ്പിച്ചു. ആദ്യം കാല് മുറിച്ച് മാറ്റിയ കാര്യം പറഞ്ഞു. അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശേഷം മകന്റെ മരണ വിവരം പറഞ്ഞപ്പോഴും, യാതൊരു ഭാവഭേദവുമില്ലാതെ അത് തന്നെയായിരുന്നു മറുപടി. ശേഷം അദ്ദേഹം പറഞ്ഞു, അല്ലാഹു എനിക്ക് ഏഴ് മക്കളെ തന്നു, അതില്‍ ഒരാളെയല്ലേ അവന്‍ തിരിച്ചെടുത്തുള്ളൂ. അവന്‍ എനിക്ക് രണ്ട് കാലുകളും രണ്ട് കൈകളും തന്നു, അതിലും ഒന്ന് മാത്രമല്ലേ അവന്‍ തിരിച്ചെടുത്തുള്ളൂ. ചിലതില്‍ അവന്‍ എന്നെ പരീക്ഷിച്ചെങ്കിലും എത്രയോ കാര്യങ്ങളില്‍ അവന്‍ എനിക്ക് സൗഖ്യം തന്നില്ലയോ. എത്രയോ നല്കിയ അവന്‍ ചിലത് മാത്രമല്ലേ തിരിച്ചെടുത്തുള്ളൂ.
ശേഷം, മുറിച്ച് മാറ്റിയ കാല് അദ്ദേഹത്തിന് കാണിച്ച് കൊടുത്തു. അത് കണ്ട അദ്ദേഹം പറഞ്ഞു, അറിഞ്ഞുകൊണ്ട് ഈ കാലുപയോഗിച്ച് ഒരു തെറ്റിലേക്കും ഞാന്‍ നടന്നിട്ടില്ല, അത് എന്നേക്കാളേറെ അല്ലാഹുവിന് അറിയാം. മകനും ഈ കാലുമെല്ലാം നാളെ സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പമുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അല്ലാഹുവിന്റെ വിധിയില്‍ തൃപ്തനാവുക എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് ഇത്. വിശ്വാസിക്ക് ഏത് പ്രതിസന്ധിയിലും പിടിച്ച് നില്ക്കാനും അതിജീവിക്കാനുമുള്ള ഊര്‍ജ്ജം നല്കുന്നത് ഈ വിശ്വാസമാണ്.



Leave A Comment