പത്ത് വര്‍ഷം ഭരിച്ചിട്ടും, വോട്ട് നേടാന്‍ വിദ്വേഷപ്രസംഗം തന്നെ ശരണം

കഴിഞ്ഞ ഒരു ദശകത്തോളമായി രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്. 2014 ൽ  അധികാരത്തിലേക്ക്  പ്രഥമ പാദം വെച്ച  ബിജെപിക്ക്  പോയ 10 വർഷം  എടുത്തു കാണിക്കത്തക്ക  ഒരു വികസനവും അവകാശപ്പെടാനില്ലായിരുന്നു.  പിന്നെയെങ്ങനെയാണ് 2019 ൽ വീണ്ടും തെരഞ്ഞെടുപ്പ്  അനുകൂലമാക്കിയത് എന്നുള്ളത് തീർത്തും മറുപടി അർഹിക്കുന്നതും ഇന്നും നിലനില്ക്കുന്നതുമായ ചോദ്യം തന്നെയാണ്. പൊതുജനോപകാരമായ  അസംഖ്യം പദ്ധതികളോ, രാജ്യത്തിന്റെ  വികസന മുഖം  പ്രശോഭിപ്പിക്കാൻ പാകത്തിലുള്ള  എണ്ണമറ്റ പൊതുസംവിധാനങ്ങളിലൂടെയോ അല്ല,  ഭാരതീയ ജനതാ പാർട്ടി കഴിഞ്ഞതവണ കേന്ദ്രാധികാരം പിടിച്ചെടുത്തത്. കുപ്രചരണങ്ങളും രാജ്യവ്യാപകമായി വിഷം വമിക്കുന്ന പരാമര്‍ശങ്ങളും അഴിച്ചുവിട്ടായിരുന്നു സമീപ കാലം വരെ  ബിജെപി പ്രചരണങ്ങൾ കൊഴുപ്പിച്ചതും  വോട്ടുകൾ തട്ടിയെടുത്തതും.  2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ എടുത്തു നോക്കിയാൽ ഇത് സുവ്യക്തമാവും.

ബാലക്കോട്ട് ആക്രമണവും ഉറിയിലെ (സങ്കൽപ്പമോ യാഥാർഥ്യമോ എന്ന് ഇന്നും വ്യക്തമല്ല) തിരിച്ചടിയുമായിരുന്നു 2019ൽ പ്രചാരണങ്ങളിൽ ബിജെപി ഹൈലൈറ്റ് ചെയ്തിരുന്നത്. ചൗകീദാര്‍ എന്ന ടൈറ്റിലിന് മാറ്റ് കൂട്ടാനായി സ്വയം ഉണ്ടാക്കിയതാവാം ആ അക്രമണങ്ങള്‍ എന്ന സംശയവും ഇന്നും ശക്തമായി നിലനില്‍ക്കുന്നുമുണ്ട്. ഇതുമൂലം ദേശ സ്നേഹമെന്ന വളരെ ആസൂത്രിതമായ  രാഷ്ട്രീയ ആയുധം   രാജ്യത്തെ   ഒട്ടുമിക്ക പൗരന്മാരിലും  കുത്തിവെക്കുകയായിരുന്നു അവര്‍. അതോടൊപ്പം തന്നെ  ഓരോ പ്രദേശങ്ങളിലും തദ്ദേശീയർ അനുഭവിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ  ഇതര നിത്യജീവിത സന്ധാരണ പ്രശ്നങ്ങളെയെല്ലാം ഒരുവിധം മറച്ചു പിടിക്കാൻ  ബിജെപിക്ക് സാധിച്ചു. സാധാരണക്കാരെ ഉലക്കുന്ന ഇത്തരം നിത്യ പ്രശ്നങ്ങളെ ഒളിപ്പിച്ചുവെക്കാൻ വണ്ണം  പര്യാപ്തമായ നാഷണൽ ഇഷ്യൂസ് ഒന്നും ഇല്ല എന്നത് തന്നെയാണ്  പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നത്. സിഎഎയും  രാമ ക്ഷേത്ര ഉദ്ഘാടനവും ദേശീയ അജണ്ടയായി  ഉയർത്തിക്കാണിക്കാൻ  അവർ മുന്നോട്ടാഞ്ഞിരുന്നെങ്കിലും, പ്രയോഗത്തിൽ  അവ നനഞ്ഞ പടക്കം പോലെയായി എന്നുള്ളതാണ് വസ്തുത. 

7 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തുടക്ക സമയത്ത് പ്രയോഗിച്ച മോദി ഗ്യാരണ്ടികളും അസ്ഥാനത്തായി. അന്നേരം പ്രതിപക്ഷത്തെ പഴിക്കുകയല്ലാതെ  പ്രാദേശിക  പ്രശ്നങ്ങളെ മറച്ചു പിടിക്കാൻ  പോന്ന വഴികളില്ലെന്ന ബോധത്തിലേക്ക് ബിജെപി എത്തുന്നു.  പിന്നീട് മുഖ്യപ്രതിപക്ഷമായ  കോൺഗ്രസിനെ  ഉന്നമിട്ടുള്ള  തുരുതുരാ  ആക്രമണങ്ങളായിരുന്നു. അതിൽ വർഗീയമായ, അതിലും തരംതാണ  പ്രസ്താവനകളും പരാമർശങ്ങളും പോലും കടന്നുവന്നു. തൊടുത്തുവിട്ട  അസ്ത്രങ്ങളൊന്നും ലക്ഷ്യം കാണാതെ വന്നപ്പോള്‍,  ബിജെപി സ്വാഭാവികമായും  ഇന്ത്യൻ മണ്ണിൽ വേര് പിടിക്കാൻ ഇടയുള്ള, മുൻ കാലങ്ങളിൽ ലാഭം കൊയ്ത ഏർപാടിലേക്ക് തന്നെ തിരിയുകയാണ്. മുസ്‍ലിംകളെ  എതിർഭാഗത്ത് നിർത്തി ഹിന്ദു സമുദായത്തിന്റെ വോട്ടുകൾ ഏകീകരിക്കുക എന്ന  കാലപ്പഴക്കമുള്ള, നിലവിലെ സാഹചര്യങ്ങളിലും വീര്യം ഒട്ടും കുറയാത്ത  അപരവത്കരണത്തിന്റെ  നെറികെട്ട തന്ത്രം തന്നെ. അതോടെ,  ദൈർഘ്യത്തിന്റെ പേരിൽ ചരിത്രത്തിൽ ഇടം പിടിച്ച പതിനെട്ടാമത് തെരഞ്ഞെടുപ്പ്, കൂടുതൽ വംശീയ കള്ളങ്ങൾ ഒഴുകിയ ഇലക്ഷൻ എന്നതിലേക്ക് അധപതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളെ പഠനവിധേയമാക്കുന്ന, വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള 'ഇന്ത്യ ഹേറ്റ് ലാബ്' അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ട്  അമ്പരപ്പിക്കുന്നതായിരുന്നു.'ഹേറ്റ് സ്പീച്ച്  ഇവൻസ് ഇൻ ഇന്ത്യ' എന്ന തലവാചകത്തിലുള്ള  റിപ്പോർട്ടിൽ പരാമർശിക്കുന്ന പ്രകാരം,  2023 ന്റെ ആദ്യപകുതിയിൽ അപര മതവിദ്വേഷം ജനിപ്പിക്കുന്ന 255 സംഭവങ്ങളാണ് ഇന്ത്യയിൽ അരങ്ങേറിയത്. രണ്ടാം പകുതിയിൽ  അത്, 62% വര്‍ദ്ധിച്ച് 413 ലെത്തി. ആകെ സംഭവങ്ങളുടെ ഏകദേശം 75 ശതമാനവും (498)  ബിജെപി ഭരണ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും, ഡൽഹിയിലുമാണ് നടന്നതെന്ന് കുറിപ്പിൽ നിന്നും വ്യക്തം. അവയിൽ നിന്നും 36% സംഭവങ്ങൾ (239) മുസ്‍ലിംകൾക്കെതിരെ നേരിട്ടുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവയായിരുന്നു. ഗൂഢാലോചന പദ്ധതികളും  ലൗ ജിഹാദ്, ലാൻഡ് ജിഹാദ്,  പോപ്പുലേഷൻ ജിഹാദ്   തുടങ്ങി അസംഖ്യം ജിഹാദുകളും നിറഞ്ഞതായിരുന്നു 63% (420) വാചകങ്ങളും. ഏകദേശം 25% (169) പ്രസ്താവനകൾ മുസ്‍ലിം ആരാധനാലയങ്ങളെ  ഉന്നമിട്ടുള്ളതായിരുന്നു.

ഹിന്ദുത്വ രാഷ്ട്രത്തിനു വേണ്ടി സദാ നിലകൊള്ളുന്ന  ബിജെപിയുടെ വർഗീയമുഖമായ ആർഎസ്എസാണ് മുസ്‍ലിം വിദ്വേഷത്തിന് കോപ്പ് കൂട്ടുന്നത്.  ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വെറുപ്പുല്പാദന ക്യാമ്പയിനുകളിൽ നിന്നാണ് അവർ സംഘർഷങ്ങൾ ചുട്ടെടുക്കുന്നത്. വെറുപ്പ് നിർമ്മാണത്തിനായി ഐടി സെല്ലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഗോദി മീഡിയകൾ, സ്കൂളുകൾ,  വ്യത്യസ്ത ശാഖകൾ തുടങ്ങി  വ്യവസ്ഥാപിതമായ സംവിധാനങ്ങൾ തന്നെയുണ്ട് അവർക്ക്. ബിജെപി സംസ്ഥാന അധികാരികളും കേന്ദ്ര തലപ്പത്തുള്ളവരും ഏറെ കുറ്റകരമായ ഇത്തരം വിദ്വേഷ  ഭാഷണങ്ങളെ വളരെ ലാഘവത്തോടെയാണ്  കാണുന്നത്. ഇതുമൂലം ഒന്നും സംഭവിക്കാൻ ഇടയില്ലെന്ന തികഞ്ഞ ബോധ്യമാണ് ഇഷ്ടം പ്രവർത്തിക്കാൻ അവർക്ക് ധൈര്യം പകരുന്നത്. വിഷ്ണുവിന്റെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി മോദി തന്നെയായിരുന്നു ഇരകളെ കൊല്ലാ കൊല ചെയ്യാൻ അണികൾക്ക് സകല ഒത്താശകളും ചെയ്തിരുന്നത്. 'അവരുടെ വസ്ത്രം കണ്ടാൽ തന്നെ അവരെ തിരിച്ചറിയാനാവും, ഷംസൻ _കബറിസ്ഥാൻ, പിങ്ക് റവല്യൂഷൻ, പാക്കിസ്ഥാനികൾ   ഇവയൊക്കെയായിരുന്നു  കാലങ്ങളായി മോദി തന്റെ പ്രസംഗങ്ങളിലൂടെ കുടഞ്ഞിട്ടിരുന്നത്.

ഇത്തവണ കാര്യങ്ങൾ അല്പം തീവ്രമാണ്.  ആരംഭം മുതൽക്കേ കോൺഗ്രസിനെയും മുസ്‍ലിംകളെയും കൂട്ടിക്കെട്ടിയായിരുന്നു മോദിയും ബിജെപിയും വിദ്വേഷങ്ങൾ വിളമ്പിയത്. കോൺഗ്രസിന്റെ മാനിഫെസ്റ്റോ  മുസ്‍ലിം ലീഗിന്റെ തനി പകർപ്പാണെന്ന് ആരോപിച്ചായിരുന്നു വിദ്വേഷങ്ങളുടെ മാല പടക്കത്തിന് പ്രധാനമന്ത്രി തിരികൊളുത്തിയത്. കോൺഗ്രസ് നേതാക്കൾക്ക് മുഗൾ ഭരണാധികാരികളുടെ അതേ പെരുമാറ്റമാണെന്നും  അദ്ദേഹം പടച്ചുവിട്ടു. മുഖ്യപ്രതിപക്ഷത്തെ മുസ്‍ലിംകളുടെ സഹായികളായി  ചിത്രീകരിച്ച്  ഹിന്ദു വോട്ടുകൾ  കവർന്നെടുക്കാനുള്ള തരം താണ രാഷ്ട്രീയമാണ്  ആർഎസ്എസ് നടപ്പാക്കി കൊണ്ടിരിക്കുന്നത്.  പിന്നീട് രാജസ്ഥാനിലും ഗുജറാത്തിലും നടന്ന റാലികളിൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായി മോദി കളം നിറഞ്ഞു. "വല്ലവിധേനയും കോൺഗ്രസ് അധികാരത്തിലേറിയാൽ, അവർ ഹിന്ദുക്കളുടെ സമ്പത്ത് കൊള്ളയടിച്ച്  മുസ്‍ലിംകൾക്ക് വിതരണം ചെയ്യും, ഒബിസിക്കാർക്കുള്ള സംവരണം മുസ്‍ലിംകൾക്ക് നീക്കിവെക്കാനായി കോൺഗ്രസ് ശ്രമിക്കുന്നു" ഇവയൊക്കെയായിരുന്നു വെറുപ്പ് വാചകങ്ങളിൽ നിന്നും ഏറ്റവും ചീഞ്ഞുനാറിയവ. അതിനിടയിൽ ബിജെപിയെ തറ പറ്റിക്കാനായി മുസ്‍ലിംകൾ വോട്ട് ജിഹാദ് നടത്തുന്നുവെന്ന വിലകുറഞ്ഞ രാഷ്ട്രീയം പറയാൻ പോലും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അശേഷം ലജ്ജ ഉണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ ഉള്ളിൽ രൂഢമായരിക്കുന്ന മുസ്‍ലിം വിദ്വേഷത്തെ എടുത്തു കാണിക്കുന്നതാണ്. ഇതുകൊണ്ടൊന്നും മോദിയുടെ കലി അടങ്ങിയില്ല. മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ പെറ്റുകൂട്ടുന്നവരെന്നും അപഹസിച്ച് അദ്ദേഹം നടത്തിയ പ്രസ്താവങ്ങൾ, ജനാധിപത്യത്തിന് പേരുകേട്ട ഒരു രാജ്യത്തിന്റെ   പ്രധാനമന്ത്രിയിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. പ്രധാന മന്ത്രിയുടെ ജനസംഖ്യാ പരാമർശം ശരിവെക്കുന്നതിനായി, കേന്ദ്ര സാമ്പത്തിക ഉപദേശക സമിതി പത്തുവർഷം മുമ്പുള്ള ഡാറ്റ ഉയർത്തിക്കാണിച്ചു വിവാദമുണ്ടാക്കാൻ ശ്രമിച്ചു. അന്നേ ദിവസം തന്നെ  പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ  റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ തള്ളിയിരുന്നു. രാമക്ഷേത്രത്തിലൂടെയും ഞാൻവ്യാപിയിലൂടെയും തട്ടിപ്പറിക്കാനാവാത്ത   വോട്ടുകൾ തന്നെയാണ് കപട ജനസംഖ്യ രാഷ്ട്രീയത്തിലൂടെ  സംഘപരിവാരം ഉന്നമിടുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയും വെറുപ്പുല്പാദനത്തിൽ ഒട്ടും പിന്നിലല്ല.

ഒരു പ്രത്യേക സമുദായത്തെ ടാർജറ്റ് ചെയ്ത്, അവരുടെ ഐഡന്റിറ്റിയെ  വ്രണപ്പെടുത്തുന്ന അസംഖ്യം പ്രത്യക്ഷ്യ നടപടികളുമായി  കളം വാഴുന്ന ബിജെപിക്കും ആർഎസ്എസിനുമെതിരെ  ഇലക്ഷൻ കമ്മീഷൻ ചെറുവിരൽ പോലും അനക്കാത്തത്  ഏറെ ഖേദകരമാണ്. മതസ്പർദ്ധയുളവാക്കുന്ന നീക്കങ്ങൾ നടത്തിയതിന് 1999ൽ ശിവസേന സ്ഥാപകൻ ബാൽ  താക്കറക്കെതിരെ അന്നത്തെ കമ്മീഷൻ കൈ കൊണ്ട നടപടികൾ  ഇന്നും ചരിത്രത്തിൽ ഒളിമങ്ങാതെ കിടക്കുന്നു.  എന്തുകൊണ്ട് ഇപ്പോഴത്തെ കമ്മീഷൻ മോദിക്കെതിരെ തുനിയുന്നില്ല എന്ന് ചിന്തിക്കുന്നത്  പോലും മൗഢ്യമാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് നിയമിക്കുന്ന കമ്മീഷനിൽ നിന്ന്  എന്ത് എതിർ നടപടി പ്രതീക്ഷിക്കാനാണ്? നേരത്തെ കമ്മിറ്റിയിൽ ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും  ഇടം കണ്ടെത്തിയിരുന്നു. ചുരുക്കത്തിൽ ഇലക്ഷൻ കമ്മീഷനും രാജ്യം ഭരിക്കുന്നവരുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു എന്നര്‍ത്ഥം.

ബിജെപി ആവാനാഴിയിലെ അവസാന  അസ്ത്രമായിരുന്നു മുസ്‍ലിം വിരുദ്ധത.  മുസ്‍ലിം വിരുദ്ധ പരാമർശങ്ങളുമായി മോദി തെരഞ്ഞെടുപ്പ് വേദികളിൽ  കയറിയിറങ്ങുന്നുണ്ടെങ്കിലും,  അത് അത്രത്തോളം ഫലിക്കുന്നില്ല എന്നാണ് യുപിയിലെയും ബിജെപി ഭൂരിപക്ഷ സംസ്ഥാനങ്ങളിലെയും  തെരഞ്ഞെടുപ്പിലെ പോൾ റേറ്റ്  ചൂണ്ടിക്കാണിക്കുന്നത്. 400ൽ അധികം സീറ്റുകൾ നേടുമെന്ന പഴയ പ്രഖ്യാപനവുമായി മുന്നോട്ടുവരാൻ ഇപ്പോൾ അവർ ധൈര്യപ്പെടുന്നില്ല.  പല അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്,  കേവല ഭൂരിപക്ഷത്തിലേക്ക് പോലും ബിജെപിക്ക് അടുക്കാനാവില്ല എന്നാണ്. രാഹുൽഗാന്ധിയോടൊപ്പം ജയിൽ മോചിതനായി വന്ന അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യം  ഇന്ത്യാ ബ്ലോക്കിൽ സൃഷ്ടിക്കുന്ന ആന്തോളനങ്ങൾ ചെറുതല്ല. ഇന്ത്യയുടെ വീണ്ടെടുപ്പിനായി യോജിച്ചു നിൽക്കുന്നവരോടൊപ്പം ചേർന്ന് നിൽക്കാം നമുക്ക്.  പഴയ ഇന്ത്യയുടെ തിരിച്ചുവരവിനായി പ്രാർത്ഥിക്കാം, സാധിക്കും വിധം പ്രവര്‍ത്തിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter