ഇസ്രായേൽ ബന്ധത്തിന് മത്സരിക്കുന്ന അറേബ്യൻ രാജ്യങ്ങൾ
ഇസ്രായേൽ ബന്ധമാണ് നിലവിൽ മിഡിൽ ഈസ്റ്റിലെ മുഖ്യചർച്ചാ വിഷയം. സൗദി അറേബ്യയും ഇറാനുമെല്ലാം വാർത്തകളിൽ നിറയുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ഫോക്സ് ന്യൂസ് പ്രസിദ്ധീകരിച്ച, മുഹമ്മദ് ബിൻ സൽമാന്റെ അഭിമുഖവും സിറിയ ചൈന കൂടിക്കാഴ്ച്ചയുമാണ് മറ്റു പ്രധാനപ്പെട്ട സംഭവവികാസങ്ങൾ. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോക വിശേഷങ്ങൾ വായിക്കാം.
ഇസ്രായേലിന്റെ വല വീശൽ
ഇസ്രായേലുമായുള്ള ബന്ധവും അമേരിക്കൻ ആധിപത്യത്തിന്റെ പതനവുമാണ് സമകാലിക മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കാൻ പോകുന്നത്. ഫലസ്തീൻ സ്റ്റേറ്റ് യാഥാർത്ഥ്യമായാൽ മാത്രമേ അറബ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുകയുള്ളൂവെന്ന അറബ് ലീഗ് പ്രഖ്യാപനമൊക്കെ കാലഹരണപ്പെട്ട പ്രഖ്യാപനമായി മാറിയിരിക്കുകയാണ്. ശുഷ്കിച്ചു വരുന്ന അമേരിക്കൻ സ്വാധീനം ഒരു വസ്തുതയാണെങ്കിലും തങ്ങളുടെ ഉറ്റ സഖ്യകക്ഷിയായ ഇസ്രായേൽ സർവ രാജ്യങ്ങളാലും അംഗീകരിക്കപ്പെടുകയും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ശക്തിയായി മാറുന്നതും അമേരിക്കയെ മുന്‍ സീറ്റിൽ തന്നെ പ്രതിഷ്ഠിക്കാനുള്ള നീക്കമായിട്ട് വേണം കാണാൻ. അമേരിക്കയുടെ ആശീർവാദത്തോടെ അബ്രഹാം അക്കോർഡ് ആവിഷ്കരിക്കപ്പെടുന്നത് അത്തരത്തിലൊന്നായിട്ടാണ്. യു.എ.ഇ തുടങ്ങിവെച്ച കരാറൊപ്പിടൽ കർമം പിന്നീട് ഇതര മുസ്‍ലിം രാജ്യങ്ങളും വരിയായി നിന്ന് നിർവഹിച്ചു. കൂടെ ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്ന ബലഹീനമായൊരു പറച്ചിലും.
ഇസ്രായേലുമായുള്ള ചങ്ങാത്തത്തിന് അറബ് രാജ്യങ്ങൾ തിരക്ക് കൂട്ടുന്നതിനു പിന്നിൽ കാരണങ്ങൾ പലതാണ്. സാമ്പത്തിക വളർച്ചയും മേഖലയിലെ സ്വാധീന ശക്തിയായി ഉയരാനുള്ള ത്വരയുമാണ് അറബ് രാജ്യങ്ങളെ സാമ്പത്തികമായും സാങ്കേതികവിദ്യാപരമായും ഏറെ മുമ്പിലുള്ള ഇസ്രായേലുമായുള്ള ബന്ധത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് യാഥാർത്ഥ്യം. ഫലസ്തീൻ പ്രശ്നം അവരുടെ മാത്രം പ്രശ്നമാണെന്നും അത് തങ്ങളുടേത് കൂടിയാക്കി സ്വന്തം പുരോഗതിക്കും വികസനത്തിനും തടസ്സം നിൽക്കേണ്ടതില്ലെന്നുമുള്ള ചിന്തയാണ് ഇസ്രായേലുമായുള്ള ബന്ധത്തിനു പിന്നിലെ അടിസ്ഥാനമായി വിലയിരുത്തപ്പെടാവുന്ന സംഗതി.
ഏറ്റവും അവസാനമായി സൗദി അറേബ്യയാണ് ഇസ്രായേലുമായി ബന്ധം പുതുക്കാനിരിക്കുന്ന അറേബ്യൻ രാജ്യം. സമകാലിക മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്വാധീനശക്തിയാണ് സൗദി എന്ന് നിസ്സംശയം പറയാൻ സാധിക്കും. ബന്ധം സാധാരണ നിലയിലാക്കാനുള്ള സൗദി നീക്കം ഫലസ്തീൻ വിഷയങ്ങളിൽ ഇസ്രായേലിന് സാധാരണ കേൾക്കേണ്ടി വരുന്ന അറേബ്യൻ രാജ്യങ്ങളുടെ പഴികളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും രക്ഷ നൽകും. കാരണം പ്രമുഖ അറബ് രാജ്യങ്ങളെല്ലാം തന്നെ ഇസ്രായേലിന്റെ സ്വാധീന വലയത്തിലകപ്പെട്ടിരിക്കുകയാണ്. ഖത്തര്‍ പോലോത്ത ചുരുക്കം ചില അറബ് രാജ്യങ്ങൾ മാത്രമാണ് നിലവിൽ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കത്തതായിട്ടുള്ളത്.
പുതിയ യുറോപ്പാകാൻ സൗദി
സൗദി കിരീടവകാശിയായ മുഹമ്മദ് ബിൻ സൽമാൻ പ്രശസ്ത അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന അഭിമുഖം അതിവേഗം തന്നെ ആഗോളതലത്തിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഇസ്രായേൽ ബന്ധം, ജമാൽ ഖഷോഗി വധം, നിയോം സിറ്റി, കായികം, രാജ്യത്തിന്റെ ഭാവി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ ചർച്ചചെയ്യുന്ന അഭിമുഖം ലോകശക്തിയായി മാറാനുള്ള സൗദിയുടെ ചുവടുവെപ്പുകളുടെ അടയാളപ്പെടുത്തലുകളാണ് പറഞ്ഞുവെച്ചത്. പുതിയ യുറോപ്പ് ഇനി മിഡിൽ ഈസ്റ്റാണെന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത് വെറും വാക്കല്ലായിരുന്നുവെന്നാണ് സൗദിയുടെ അതിവേഗ പുരോഗതി സൂചിപ്പിക്കുന്നത്. അഭിമുഖത്തിൽ ഇനി മിഡിൽ ഈസ്റ്റിന്റെ ഭാവി സൗദിയാണെന്ന് പറഞ്ഞുവെക്കുന്ന എംബിഎസ് മുന്നോട്ട് വെക്കുന്നത്, സംരംഭകര്‍ക്കും ആഗോള ഭീമന്മാർക്കും സൗദിയിലേക്കുള്ള ക്ഷണം കൂടിയാണ്. ഇതിനു പുറമേ വിവാദപരമായ പല വിഷയങ്ങളെയും അഭിമുഖത്തിൽ അദ്ദേഹം നേരിടുകയുണ്ടായി. മുഹമ്മദ് അൽ ഗാമിദിയെ പോലെയുള്ള പണ്ഡിതന്മാരെ ജയിലിലടച്ച് വധശിക്ഷക്ക് വിധിച്ച നടപടിയോടും ഭരണകൂട വിമർശകർക്ക് നൽകുന്ന കനത്ത ശിക്ഷനടപടികളോടുമുള്ള മറുപടിയിൽ നിയമത്തിന്റെ കഠിന സ്വഭാവത്തിന്റെ അനിവാര്യതയെ സൂചിപിക്കുകയാണ് അദ്ദേഹം ചെയ്തത്. ജമാൽ കഷോഗിയുടെ വധം ഒരു പാളിച്ചയായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ദശാബ്ദങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ
മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിലേക്കുള്ള ഡ്രാഗണ്‍ വരവ് മുമ്പ് പലതവണകളിലായി ഈ പംക്തിയിൽ വിഷയമായതാണ്. ഇറാൻ - സൗദി തർക്ക പരിഹാരത്തിന് മുൻകയ്യെടുത്ത് മിഡിൽ ഈസ്റ്റിലേക്ക് തിളക്കമേറിയ പരിവേശത്തോടെ കടന്നുവന്ന ചൈന കൂടുതൽ രാഷ്ട്രങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറ്റവും അവസാനമായി, രണ്ട് ദശാബ്ദങ്ങൾക്കു ശേഷം നടക്കുന്ന ആദ്യത്തെ ചൈന-സിറിയ കുടിക്കാഴ്ച്ചയാണ് പുതിയ ചുവടുവെപ്പ്. ബശ്ശാറുൽ അസദ് ബെയ്ജിങ്ങിൽ വെച്ച് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പലവിധ പ്രാധാന്യങ്ങളുണ്ട്. വൈദേശിക (പാശ്ചാത്യ) ആധിപത്യത്തിൽ നിന്നും ഇടപെടലുകളിൽ നിന്നും മുക്തമാകാൻ വെമ്പുന്ന സിറിയക്ക് സർവവിധ പിന്തുണയും അറിയിക്കുന്നതോടൊപ്പം തങ്ങളുടെ ആഗോള പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ സിറിയയടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഭാഗമാക്കുക എന്നതും ചൈന ലക്ഷ്യം കാണുന്നു.
നിലപാട് കടുപ്പിച്ച് ഇറാൻ
കഴിഞ്ഞ ആഴ്ച് നടന്ന ഐക്യ രാഷ്ട്രസഭയുടെ സമ്മേളനത്തിൽ പ്രസംഗത്തിലുടനീളം ഇറാനെ നിശിതമായി വിമർശിക്കുകയും ഇറാന്റെ ആണവ ശേഷിയുടെ അപകടത്തെ കുറിച്ച് വാചാലനാവുകയും ചെയ്ത നെതന്യാഹു അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം സാധാരണയാകുന്നതിന്റെ സന്തോഷം പങ്കുവഹിക്കുകയും സൗദിയും യുഎഇയും ജോർദാനും ഈജിപ്തുമെല്ലാം ചേർന്ന പുതിയ മിഡിൽ ഈസ്റ്റ് സഖ്യത്തെകുറിച്ച് സംസാരിക്കുകയും ചെയ്തു. ഇറാനാണ് നിലവിൽ ഇസ്രായേലിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന രാജ്യമെന്ന് നിസ്സംശയം പറയാം. പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധത്തിൽ അയവ് വരുത്തി സാധാരണനിലയിലാക്കിയെങ്കിലും ഇറാൻ ഒരിക്കലും കീഴ്പ്പെട്ടുകൊടുക്കുന്ന മട്ടില്ല. സൗദിയുടെ ഇസ്രായേൽ കരാറിൽ ഇബ്രാഹിം റഈസി പ്രതികരിച്ചത് കരാർ പലസ്തീനികളോടുള്ള വഞ്ചനയാണെന്നാണ്. അത് കൊണ്ട് തന്നെ, ആരെല്ലാം കൂടെ നിന്നാലും ഇറാന്‍ ഇസ്റാഈലിന്റെ കണ്ണിലെ കരടായി തന്നെ തുടരും. മറ്റുള്ളവരെയെല്ലാം കൂട്ട് പിടിച്ച് അവരെ തുരത്താന്‍ ആവശ്യമായ നടപടികള്‍ വരുംദിനങ്ങളില്‍ ചെയ്ത് കൂടായ്കയുമില്ല. എല്ലാം കാത്തിരുന്ന് കാണുക തന്നെ വേണം.
മറ്റു വിശേഷങ്ങള്‍
തൂണീഷ്യയില്‍ റാശിദ് ഗനൂശിക്ക് പിന്തുണയുയമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കാമ്പയിനുകള്‍ തന്നെ നടന്നുവരുന്നു. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യൂറോപ്യന്‍ യൂണിയന് നല്കിയ താക്കീതും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. യൂറോപ്പ് തെറ്റുകള്‍ തിരുത്തി വാക് പാലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ നാല്പത് വര്‍ഷം ഞങ്ങള്‍. ഇനി ഞങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതലായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നായിരുന്നു ഫ്രഞ്ച് പാര്‍ലിമെന്റ് ഉദ്ഘാടനത്തിനിടെ ഉര്‍ദുഗാന്‍ തുറന്നടിച്ചത്. ഇറാഖില്‍, 2019ലെ വിപ്ലവത്തെ ഓര്‍മ്മിക്കാനായി തഹ്‍രീര്‍ ചത്വരത്തില്‍ നടന്ന പ്രകടനത്തെ സൈന്യം അടിച്ചമര്‍ത്തിയതും സിറിയയില്‍ ബശാര്‍ സൈന്യം കണക്ക് പോലും സൂക്ഷിക്കാതെ നൂറ് കണക്കിനെ ആളുകളെ കൊന്നൊടുക്കിയെന്ന ഹ്യൂമണ്‍ റൈറ്റ്സ് നെറ്റ്‍വര്‍കിന്റെ റിപ്പോര്‍ട്ടും ഇറാഖിലെയും ഈജിപ്തിലെയും തീപിടുത്തവുമെല്ലാം ഈ ആഴ്ചയിലെ ചില ദുഖവാര്‍ത്തകള്‍ കൂടിയാണ്.
Leave A Comment