അറക്കൽ രാജാക്കന്മാര്‍: കടല്‍ ഭരിച്ചിരുന്ന ആഴിരാജകള്‍
കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ സിറ്റിയുടെ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ തീർത്തും അവിസ്മരണീയമായ ഒന്നാണ് അറക്കൽ രാജവംശം. വൈദേശിക ശക്തികളുമായി വാണിജ്യ ബന്ധം ശക്തമായി നിലനിർത്തിക്കൊണ്ട് പോന്നിരുന്ന കേരളത്തിലെ ഏക മുസ്‍ലിം രാജവംശമാണ് അറക്കൽ. വാണിജ്യ വ്യാവസായിക മേഖലയിൽ അറക്കൽ എന്നും ശക്തന്മാർ തന്നെയായിരുന്നു.
എങ്ങനെയാണ് അറക്കൽ രാജവംശം നിലവില്‍ വരുന്നത് എന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നതാണ്. ഇസ്‍ലാം മതത്തില്‍ ആകൃഷ്ടനായ കോലത്തിരി രാജാവ് സ്ഥാപിച്ചതാണ് അതെന്നും, കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ മുഹമ്മദ് നബിയിൽ വിശ്വസിച്ച് നാട് ഉപേക്ഷിക്കുമ്പോൾ തന്റെ രാജ്യം ബന്ധുക്കൾക്ക് ഭാഗം വെച്ചു നൽകിയതിന്റെ ഭാഗമായി കിട്ടിയതാണെന്നും അഭിപ്രായങ്ങളുണ്ട്. കൊട്ടാരത്തിൽ നിന്നും അവിടുത്തെ രാജ്ഞിയായിരുന്ന നങ്ങേലി എന്ന യുവതി ആറ്റിൽ കുളിക്കാൻ ചെന്നപ്പോൾ അബദ്ധവശാൽ ഒഴുക്കിൽപ്പെടുകയുണ്ടായി. നഗ്നയായി മുങ്ങുകയായിരുന്ന കുമാരിയെ അവിടെ ഉണ്ടായിരുന്ന ഒരു മുസ്‍ലിം ഭടനായിരുന്നുവത്രെ രക്ഷപ്പെടുത്തിയത്. ഒരു അന്യ ജാതിക്കാരൻ നഗ്നയായ അവസ്ഥയിൽ സ്പർശിച്ചതിനാൽ രാജ്യത്തിന്റെ ഒരു ഭാഗം കപ്പമായി നൽകി അവരെ കൊട്ടാരത്തില്‍നിന്ന് പറഞ്ഞയച്ചതാണെന്ന മറ്റൊരു അഭിപ്രായവും കാണാം. നങ്ങേലിയെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കുവാൻ മറ്റൊരു കാരണം കൂടി പറയപ്പെടുന്നുണ്ട്. രാജകുമാരിയെ രക്ഷപ്പെടുത്തുന്ന വേളയിൽ ഭടൻ തന്റെ മേൽമുണ്ട് നൽകിയായിരുന്നു രക്ഷപ്പെടുത്തിയത്. അത്കൊണ്ട് തന്നെ “പുടവ നല്‍കൽ” എന്ന മംഗല്യ കർമ്മമാണ് ഇതോടെ നടന്നത് എന്നും കരുതപ്പെട്ടു.
ഈ രാജ പരമ്പരയുടെ സാന്നിധ്യം പ്രവാചക കാലത്ത് തന്നെ ഉണ്ടെന്ന് “മലബാർ മാനുവൽ” “കേരളോല്പത്തി” തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അറക്കൽ രാജവംശത്തിൻ്റെ നാമത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും ചരിത്രകാരന്മാർക്കിടയിൽ പല ഭിന്നാഭിപ്രായങ്ങളും നിലവിലുണ്ട്. അതിലൊന്ന്, രാജകുമാരിയെ കൊട്ടാരം വിട്ട് പറഞ്ഞയച്ചപ്പോൾ രാജ്യത്തിന്റെ എട്ടിൽ ഒരു ഭാഗം നൽകിയായിരുന്നു വിട്ടത്. അതിനെ സൂചിപ്പിക്കുന്ന “അര കാൽ” എന്നത് ലോപിച്ചാണ് “അറക്കൽ” വന്നതെന്ന് പറയപ്പെടുന്നു.
അറക്കലിന്റെ വിശേഷണങ്ങളിൽ മർമ്മ പ്രധാനമായ ഒരു മേഖലയാണ് വാണിജ്യം. വൈദേശിക ബന്ധം ഏറ്റവും കൂടുതൽ സൂക്ഷിച്ച് പോന്നിരുന്ന കുടുംബമായിരുന്നു അറക്കൽ രാജവംശം. അറബ്, ചൈന, പോർച്ചുഗീസ്, ജർമനി, ഫ്രഞ്ച്, ബ്രിട്ടൻ, പേർഷ്യ തുടങ്ങിയ വൻശക്തികളുമായി അഭേദ്യമായ വാണിജ്യ ബന്ധം തന്നെ അവര്‍ സ്ഥാപിച്ചിരുന്നു. ഈയൊരു കാരണത്താൽ തന്നെയാണ് അറക്കൽ ആഴികടലിന്റെ രാജാക്കന്മാർ (ആഴിരാജ) എന്ന പേരില്‍ അറിയപ്പെട്ടത്. പിന്നീട് അതിൽ നിന്നും ലോപിച്ചാണ് ആദിരാജ എന്നുള്ള സ്ഥാനപ്പേര് ആ കുടുംബത്തിന് ലഭിക്കുന്നതും.
അതുപോലെതന്നെ അറക്കലിന്റെ വിശേഷണങ്ങളിൽ അനിഷേധ്യമായ മറ്റൊരു മേഖലയാണ് വാസ്തുശില്പ കല എന്നത്. ആദ്യകാലത്ത് ധർമ്മപട്ടണമെന്ന ധർമ്മടത്ത് നിന്നും മാപ്പിളബെ എന്ന തുറമുഖ നഗരമായ സിറ്റിയിലേക്ക് തലസ്ഥാനം മാറ്റി സ്ഥാപിച്ചതിനു ശേഷം ധർമ്മടം മുതൽ ബളർപട്ടണം എന്ന വളപട്ടണം വരെയുള്ള പ്രദേശത്ത് നിരവധി മുസ്‍ലിം ആരാധനാലയങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. അവയിൽ ഭൂരിഭാഗം ആരാധനാലയങ്ങളിലും വൈവിധ്യമാർന്ന വാസ്തു ശില്പ കലയുടെ കയ്യൊപ്പുകള്‍ കാണാം.
അറക്കലിന്റെ തലസ്ഥാന നഗരിയായ കണ്ണൂർ സിറ്റിയിൽ ഇന്നും തലയെടുപ്പോട് കൂടി നിൽക്കുന്ന രണ്ട് പ്രധാന പള്ളികളാണ് കണ്ണൂർ സിറ്റി ജുമാ മസ്ജിദും, വാഴക്കത്തെരു മുഹിയുദ്ദീൻ പള്ളിയും. ഫ്രഞ്ച് നിർമിത ടൈലുകൾ, ബെൽജിയൻ പളുങ്കുകൾ, മാലിദ്വീപിൽ നിന്നും ഇറക്കുമതി ചെയ്ത പാറക്കല്ലുകൾ, ജർമ്മനിൽ നിർമിച്ച ഓടുകൾ, ഓസ്ട്രേലിയൻ തൂക്കുവിളക്കുകൾ, ബെൽജിയൻ കലാരൂപങ്ങൾ നിറഞ്ഞ ഗ്ലാസുകൾ എന്നിങ്ങനെ അനേകം വാസ്തു ശിൽപ്പ ശൈലികൾ ഇവിടെ കാണാം. വാഴക്കത്തെരു മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് തീർത്തും യൂറോപ്യൻ ചർച്ചുകൾക്ക് സമാനമായ രീതിയിലുള്ള വാസ്തു ശില്പ ശൈലിയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ഈ കാലയളവിൽ തന്നെ അറക്കൽ രാജകുടുംബത്തിന് പല അധിനിവേശ വൈദേശിക ശക്തികളുമായി പോരാടേണ്ടി വരുന്നുണ്ട്. ആ ശൃംഖലയിൽ അറക്കൽ എന്നും സ്മരിക്കുന്ന നാമമാണ് “ബലിഹസൻ”. 1525ൽ പോർച്ചുഗീസുകാർക്കെതിരെ ശക്തമായി പട നയിച്ച ഒരു ധീര രക്തസാക്ഷിയാണ് അദ്ദേഹം. ഇന്നും കണ്ണൂർ സിറ്റിയുടെ തെരുവുകളിൽ അദ്ദേഹത്തിന്റെ ചരിത്രം പാടി നടക്കുന്നതായി കാണാം. അതിലെ ചില വരികൾ ഇങ്ങനെയാണ്;
“കണ്ണിൽ കണ്ണായ ഒരു നാടിത്…
കണ്ണൂർ സിറ്റിതൻ ചേലാം പറഞ്ഞത്
വീര ചരിതം രചിച്ചത്…
വീര ശൂര ബലിഹസൻ മണ്ണിത്”
അറക്കലിന്റെ പോരാട്ട യാത്രയിൽ ടിപ്പുസുൽത്താന്റെ മൈസൂർ രാജ്യവുമായി ചേര്‍ന്ന് ഒരുപാട് പോരാട്ടങ്ങളും നടക്കുന്നുണ്ട്. ആ പോരാട്ടങ്ങളിലൂടെയാണ്, ഡച്ചുകാരില്‍ നിന്നും കണ്ണൂർ സെന്റ് അഞ്ചിലോസ് കോട്ട ഫ്രഞ്ച് സഹായത്തോടുകൂടി ടിപ്പുസുൽത്താൻ പിടിച്ചെടുക്കുന്നതും പിന്നീട് അത് അറക്കല്‍ രാജാക്കന്മാര്‍ക്ക് കീഴിൽ വരുന്നതും. തുടർന്ന് അറക്കലിന്റെ പോരാട്ട മേഖലയില്‍ അത് വലിയ പങ്ക് വഹിക്കുന്നതും കാണാം.
അറക്കൽ എന്ന അതിപുരാതനമായ ഭരണകൂടത്തിന്റെ ആസ്ഥാനമായ കണ്ണൂർ സിറ്റിയിൽ ഇന്നും നിരവധി ബാക്കി പത്രങ്ങള്‍ കാണാം. രാജദർബാറായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ഇന്ന്, അറക്കൽ മ്യൂസിയം ആക്കി സന്ദർശകർക്കും ചരിത്ര വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കി സര്‍കാര്‍ തുറന്ന് കൊടുത്തിരിക്കുന്നത്.
അറക്കൽ രാജവംശം ഉപയോഗിച്ചു പോന്നിരുന്ന പാത്രങ്ങള്‍, ചെമ്പുകള്‍, പുരാതന ഖുർആൻ പ്രതികള്‍, അവർ യുദ്ധത്തിനായി ഉപയോഗിച്ച് പോന്നിരുന്ന ആയുധങ്ങള്‍ തുടങ്ങിയവയെല്ലാം ആ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പഴയ കാല പ്രതാപത്തിന്റെ ശേഷിപ്പുകളായി ഇന്നും അവ സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.
Leave A Comment