മിഡിൽ ഈസ്റ്റിലെ മുറിവുകളുണങ്ങുമ്പോൾ

ബശ്ശാറുൽ അസദിന്റെ സൗദി സന്ദർശനം മിഡിൽ ഈസ്റ്റിന്റെ രാഷ്ട്രീയ അസ്ഥിരതകൾക്കു വിരാമമാകുന്നുവെന്ന ശുഭസൂചന നൽകുന്നതാണ്. ജിദ്ദയിൽ നടന്ന രണ്ടാം ഘട്ട ചർച്ച സുഡാനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള വലിയ ചുവടുവെപ്പായി നോക്കികാണാം. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ് തുർക്കിയ. ഓൾഡ് ജറുസലേമിൽ നടന്ന സയണിസ്റ് ഫ്ലാഗ് മാർച്ച്‌ പലസ്ഥീനിൽ വീണ്ടും സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഈ ആഴ്ചയിലെ മുസ്ലിം ലോക വിശേഷങ്ങൾ വായിക്കാം.


പ്രതീക്ഷകൾ നൽകുന്ന അസദിന്റെ സന്ദർശനം


ഒരു ദശാബ്ദത്തിലേറെ നീണ്ട ഇടവേളക്കു ശേഷം ബശ്ശാറുൽ അസദ് സൗദിയിൽ ചെന്നിറങ്ങി. 2011 ലെ ആഭ്യന്തര സമരങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിട്ട തീവ്ര നടപടികൾക്കു ശേഷം മിഡിൽ ഈസ്റ്റ് രാഷ്ട്രീയ സഖ്യ സമവാക്യങ്ങളുടെ ഔദ്യോഗികതകളിൽ നിന്നെല്ലാം മാറ്റിനിർത്തപ്പെട്ട സിറിയ, ഇതര അറബ് രാജ്യങ്ങളുടെ തീരുമാന പ്രകാരം ഈ മാസാദ്യത്തോടെ അറബ് ലീഗിലേക്ക് തിരിച്ചുവരുന്നതായി അമ്മാൻ ഉച്ചക്കോടിയിൽ പ്രഖ്യാപിക്കപ്പെട്ടിരിന്നു. അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ബശ്ശാറുൽ അസദ് സൗദിയിൽ ചെന്നിറങ്ങിയതോടെ മിഡിൽ ഈസ്റ്റിനെ കുഴക്കികൊണ്ടിരിക്കുന്ന സിറിയൻ സമസ്യക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. മദ്ധ്യേഷ്യയുടെ സാമുഹിക രാഷ്ട്രീയ സുസ്ഥിരതക്ക് അഗാധമായി പരിക്കേൽപ്പിച്ച പലവിധ പ്രശ്നങ്ങൾക്കും സംഘടിതമായി പ്രതിവിധി കണ്ടെത്താനുള്ള സൗദിയുടെയും ഇതര അറബ് രാജ്യങ്ങളുടെയും പരിശ്രമങ്ങൾ ചരിത്രപരവും ശുഭസൂചകവുമായ ചുവടുവെപ്പാണ്. ഇറാനും യെമനും ഇപ്പോൾ സിറിയയുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുന്നത്. അമേരിക്കയുടെയും ഇതര പാശ്ചാത്യ രാജ്യങ്ങളുടെയും ഏതിർപ്പുകൾ അവഗണിച്ചാണ് കാലങ്ങളായി നിലനിന്നിരുന്ന വൈര്യങ്ങളെ മറന്ന് അറേബ്യൻ രാജ്യങ്ങൾ ഒന്നിക്കാൻ തീരുമാനിക്കുന്നത്.


സുഡാനിൽ സമാധാനം പുനസ്ഥാപിക്കുമ്പോൾ 

സുഡാനിലെ ആഭ്യന്തര പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജിദ്ദയിൽ നടന്ന രണ്ടാം ഘട്ട ചർച്ചയിൽ ഇരു സൈനിക കക്ഷികളും താത്കാലിക വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു. സൗദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ സംഘടിപ്പിച്ച ചർച്ചയിൽ വെടി നിർത്തൽ കരാറിനു പുറമെ സഹായങ്ങളെത്തിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കുക, ആശുപത്രികളിൽ നിന്ന് പിന്മാറുക, വ്യോമാക്രമണങ്ങൾ ഒഴിവാക്കുക തുടങ്ങി നിരവധി വ്യവസ്ഥകളും  അടങ്ങിയിട്ടുണ്ട്.

ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയെങ്കിലും കരാറിലെ വ്യവസ്ഥകൾ പൂർണമായും പാലിക്കപെട്ടാൽ മാത്രമേ മധ്യസ്ഥ ചർച്ചകൾ പൂർണമായും വിജയകരമായിരുന്നുവെന്ന് വിധി എഴുതാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ രണ്ട് മാസങ്ങളിലായി അനേകം സമാധാന കരാറുകൾ ആവിഷ്കരിക്കപ്പെട്ടിരുന്നെങ്കിലും ഇരു കക്ഷികളും കാര്യമായി മുഖവിലേക്കെടുക്കാതെ കരാറുകൾ പരാജയപ്പെടുകയാണ് ചെയ്തത്. ആയതു കൊണ്ടു തന്നെ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെട്ടു എന്നുറപ്പ് വരുത്താനുള്ള മുൻകരുതലുകളും ജിദ്ദ കരാറിൽ ഉൾപെടുത്തിയത്, കൂടുതല്‍ പ്രതീക്ഷകള്‍ക്ക് വക നല്കുന്നു.


തിരഞ്ഞെടുപ്പ് ചൂടിൽ തുർക്കിയ


ഞായറാഴ്ച രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന തുർക്കിയയിൽ ഉറുദുഗാനും കെച്ദാറോളുവും സജീവ പ്രചാരണത്തിലാണ്. ഇതിനിടെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അൾട്രാനാഷണലിസ്റ്റായ സിനാൻ ഓഗാൻ ഉറുദുഗാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്ഥിരത മുൻ നിർത്തിയാണ് താൻ ഉറുദുഗാനെ പിന്തുണക്കുന്നതെന്നണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മുഖ്യ പ്രതിപക്ഷ നേതാവായ കെച്ദാരോളു ആവട്ടെ വർധിച്ചു വരുന്ന അഭയാർഥി സാന്നിധ്യത്തെ മുൻനിർത്തിയാണ് ഭരണകക്ഷിക്കെതിരെ പ്രചാരണം നയിക്കുന്നത്. ഉറുദുഗാൻ ഭരണത്തിൽ തുടരുകയാണെങ്കിൽ തുർക്കിയ അഭയാർത്ഥികൾ കൊണ്ട് നിറയുമെന്നാണ് കെച്ച്ദാറോളു വാദിക്കുന്നത്. തീവ്ര ദേശീയ വികാരങ്ങൾ സൃഷ്ടിക്കുന്ന വിഷയങ്ങളെ മുൻനിർത്തിയാണ് ഇത്തവണത്തെ തുർക്കിയ തിരഞ്ഞെടുപ്പിൽ അധിക പാർട്ടികളും പ്രചാരണം നയിച്ചത്.

സയണിസ്റ്റ് പ്രകോപനം


ഓൾഡ് ജെറുസലേം എന്നറിയപ്പെടുന്ന കിഴക്കൻ ജെറുസലേം, 1967 ലെ ആറുദിന യുദ്ധത്തിൽ പിടിച്ചെടുത്തതിന്റെ സ്മരണക്കായി പ്രമുഖ സയണിസ്റ് സംഘടനകൾ തുടങ്ങി വെച്ചതാണ് എല്ലാ വർഷവും നടക്കാറുള്ള വിവാദപരമായ ജെറുസലേം ദിന ഫ്ലാഗ് മാർച്ച്‌. ഇത്തവണയും പലസ്തീനികളുടെ ആശങ്കകളെ വകവെക്കാതെ തീർത്തും പ്രകോപനപരമായി സയണിസ്റ് സംഘങ്ങൾ ഓൾഡ് ജെറുസലേമിൽ ഫ്ലാഗ് മാർച്ച്‌ നയിക്കുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാർച്ചിനു മുന്നോടിയായി വ്യാപക സൈനിക വിന്യാസവും ഒപ്പം നിർബന്ധിത കട അടപ്പിക്കലുകളും നിയന്ത്രണങ്ങളും നടപ്പിൽ വന്നിരുന്നു. ഇതോടൊപ്പം തന്നെ തീവ്രസയണിസ്റ്റ് മന്ത്രിയായ ബെൻ ഗഫീർ അൽ അക്സ പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. പലസ്ഥീൻ സംഘടനകളും മുസ്‍ലിം രാജ്യങ്ങളും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter