ഹിജാബ് ധരിച്ച് ബുഷ്റ സ്വന്തമാക്കിയത് 16 സ്വര്‍ണ്ണ മെഡലുകള്‍
കർണ്ണാടകയിലെ റൈചൂരിൽ നിന്ന് എൻജിനീയറിങ് വിഭാഗത്തിൽ ബിരുദം നേടി പുറത്തിറങ്ങുമ്പോൾ ബുഷ്‌റ മതീൻ (22 വയസ്സ്) സ്വന്തമാക്കിയത് പതിനാറ് ഗോൾഡ് മെഡലുകളാണ്. പതിമൂന്ന് മെഡൽ എന്ന യൂണിവേഴ്‌സിറ്റി റെക്കോർഡ് തകർത്താണ് ബുഷ്‌റ ഈ നേട്ടം കൈവരിച്ചത്. മാർച്ച് പത്താം തിയതി നടന്ന ബിരുദാന ചടങ്ങില്‍, മെഡലുകള്‍ കൂടി സ്വീകരിക്കാന്‍ ബുഷ്‌റ എത്തിയതും ഹിജാബ് ധരിച്ച് തന്നെയായിരുന്നു. വിസ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി (വി.ടി.യു)യുടെ ഇരുപത്തിയൊന്ന് വർഷത്തെ ചരിത്രത്തില്‍ ആദ്യമാണ് 16 മെഡൽ നേടി ഒരാൾ ചരിത്രമെഴുതുന്നത്.
കർണാടകയിൽ സമീപകാലത്ത് നടന്ന ഹിജാബ് വിവാദങ്ങൾക്കിടയില്‍, ബുഷ്‌റയുടെ നേട്ടത്തിന് ഇരട്ടി മധുരം കൈവരുകയാണ്. ബുഷ്റയെ തേടി ഇതിനകം തന്നെ നിരവധി അഭിനന്ദനങ്ങളാണ് എത്തിയത്. ബോളിവുഡ് നടി സ്വര ഭാസ്‌കർ അഭിനന്ദനം അറിയിച്ച് ട്വിറ്ററിൽ കുറിച്ചതിങ്ങനെ,
"അഭിനന്ദനങ്ങൾ ബുഷ്‌റ! അക്കാദമിക് നേട്ടങ്ങളും ഹിജാബും ഒരിക്കലും പരസ്പരവിരുദ്ധമല്ല, സമൂഹത്തിന്റെ മുൻവിധികളിൽ നിന്ന് മോചനം നേടണം."
ബുഷ്‌റ സിവിൽ സർവീസ് എക്‌സാം എഴുതാനുള്ള ഒരുക്കത്തിലാണിപ്പോൾ. അതുവഴി സമൂഹത്തിന് വേണ്ടി നല്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസവും ബുഷ്‌റക്കുണ്ട്.
എപ്പോഴും പഠിക്കാൻ മിടുക്കരുടെ കൂട്ടത്തിലാണോ?
അതേ, ജീവിതത്തിൽ പരീക്ഷകളിൽ എപ്പോഴും ഉയർന്ന മാർക്ക് ലഭിക്കാറുണ്ട്. സ്കൂൾ കാലത്തും ഡിഗ്രീ പഠനകാലത്തും എല്ലായ്പ്പോഴും 93%ന് മുകളിൽ സ്കോർ ചെയ്യാറുണ്ട്.
പഠന രീതി എങ്ങനെയാണ്? പ്രത്യേകരീതി വല്ലതുമുണ്ടോ?
എല്ലാ ദിവസവും 4 മുതൽ 5 മണിക്കൂർ പഠിക്കാൻ വേണ്ടി നീക്കിവെക്കും. പഠനസമയത്ത് എല്ലായ്പ്പോഴും മുന്നിലെത്തുക എന്ന ഒറ്റലക്ഷ്യം മാത്രമാണുള്ളത്. ഒരു പാഠം മുഴുവനായി പഠിക്കുക അതാണ് എന്റെ രീതി, ഒരു പാഠം കുറച്ചോ പകുതിയോ പഠിച്ചാൽ എനിക്ക് തൃപ്തിപ്പെടാൻ കഴിയില്ല. മുൻവർഷങ്ങളിലെ പരീക്ഷ പേപ്പറുകള്‍ നോക്കി അത്ര പ്രധാനമല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കും. ഇതാണെന്റെ പഠനരീതികൾ.
ആരാണ് റോൾ മോഡൽ?
എന്റെ റോൾ മോഡൽ പിതാവാണ്. പിതാവിന്റെ വഴിക്ക് സഞ്ചരിക്കാൻ വേണ്ടിയാണ് സിവിൽ എൻജിനീയറിങ് എടുത്തത്, സഹോദരന്റെ പിന്തുണയുമുണ്ട്. പിന്നെ വീട്ടിൽ എനിക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
കുടുംബത്തെ കുറിച്ച്?
വീട്ടിൽ വാപ്പയും ഉമ്മയും ഒരു സഹോദരനും ഒരു സഹോദരിയുമാണുള്ളത്. വാപ്പ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. ഉമ്മ ബി.എ ബിരുദധാരിണിയും.
മറ്റുള്ള വിദ്യാർത്ഥികൾക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളത്?
ജീവിതത്തിൽ സ്വപ്നങ്ങൾക്ക് പരിധികൾ വെക്കരുത്. പ്രായം അതിന് ഒരു തടസ്സവുമാവരുത്. വിദ്യാഭ്യാസത്തിന് പ്രായവ്യത്യാസമില്ല. ആർക്കും എപ്പോഴും ഏതുവരെയും പഠിക്കാം. സ്ത്രീകൾ പഠിക്കുന്നത് വഴി അവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും കഴിയും. ചുരുങ്ങിയത് ഒരു ഡിഗ്രിയെങ്കിലും നേടണം. നിങ്ങളുടെ സ്വപ്നങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുക.
എന്താണ് ഭാവി പദ്ധതികൾ?
സിവിൽ സർവ്വീസ് കോച്ചിങിന് പോകുന്നുണ്ട്, ഐ.എ.എസ് ആവണം എന്നാണ് ആഗ്രഹം.
എന്തൊക്കെയാണ് ഹോബികൾ?
വായനയാണ് പ്രധാന ഹോബി. യാത്രകളും ഇഷ്ടമാണ്.
ഹിജാബ് വിഷയത്തിൽ കോടതി വിധിയെ എങ്ങനെ കാണുന്നു?
ഞാൻ ഹിജാബ് ധരിച്ചാണ് എന്റെ ബിരുദദാന ചടങ്ങിന് പോയത്. നമ്മുടെ ഇന്ത്യ ഒരു സെക്യൂലർ രാജ്യമാണ് ഇവിടെ ഹിജാബ് ധരിക്കൽ ഭരണഘടന ഉറപ്പ് നൽകുന്ന അടിസ്ഥാന അവകാശമാണ്. സുപ്രീം കോടതിയിൽ നീതി ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ.
കടപ്പാട് : muslimmirror.com
Leave A Comment