ജോർജ് ബർഗോളിയോ: എല്ലാവരെയും ചേർത്ത് പിടിച്ച മാർപാപ്പ
ലോക ക്രിസ്ത്യാനികളുടെ സമുന്നതനായ നേതാവ് 266-ാമത് മാര്‍പാപ്പ ജോര്‍ജ് ബര്‍ഗോളിയോ ഈ ലോകത്തോട് വിട പറഞ്ഞത് കഴിഞ്ഞ വാരത്തിലാണ്. പുതിയ മാര്‍പാപ്പ ആരായിരിക്കുമെന്ന് ലോകം കൗതുകത്തോടെ കാത്തിരിക്കുകയാണ്. ദൈനംദിനം മതസ്പര്‍ദ്ധ വര്‍ദ്ധിക്കുകയും ആഭ്യന്തരകലഹങ്ങളാല്‍ പല രാജ്യങ്ങളും വീര്‍പ്പുമുട്ടി അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയും ചെയ്യുന്ന ഈ കാലത്ത്, വിട പറഞ്ഞ മാര്‍പാപ്പയുടെ നിലപാടുകള്‍ ഏറെ പ്രസക്തമായിരുന്നു. സമാധാനത്തിന്റെ ദൂതനായി ലോകം എന്നും അദ്ദേഹത്തെ ഓര്‍ക്കുമെന്നതില്‍ സംശയമില്ല.
മുസ്‍ലിംകളുടെയും ക്രൈസ്തവരുടെയും ഐക്യത്തിനും സമാധാനത്തിനും അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കും വേണ്ടി നില കൊണ്ട ജോർജ് മാറിയോ ബർഗോളിയോ, 2013-ലാണ് കത്തോലിക്ക സഭയുടെ ഏറ്റവും ഉന്നത പദവിയായ പോപ്പ് എന്ന സ്ഥാനത്തേക്ക് വത്തിക്കാൻ സിറ്റിയുടെ അധിപനായി ഫ്രാൻസിസ് എന്ന പേരിൽ കടന്നുവരുന്നത്. ഒരു പതിറ്റാണ്ടിലേറെ കാലം ആ പദവി വഹിച്ച് 2025 ഏപ്രിൽ 21ന് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടവാങ്ങി.
ആരായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ?
കഴിഞ്ഞു പോയ മാർപ്പാപ്പമാരിൽ നിന്നും വ്യത്യസ്തനായി വളരെ ലളിതമായിട്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എല്ലാവരെയും ഉൾക്കൊള്ളാനും, അംഗീകരിക്കാനും, ജാതിമതഭേദമന്യേ തത്ത്വശാസ്ത്രങ്ങൾക്കും ദൈവശാസ്ത്രങ്ങൾക്കും അപ്പുറം മനുഷ്യനെ മനുഷ്യനായി കണ്ട് മനുഷ്യൻ ദൈവത്തിൻറെ സൃഷ്ടി ആണെന്നുള്ള ആശയം ഹൃദയത്തിലേറ്റി നടന്ന 'ഓരോ കുടിയേറ്റക്കാരനും ഒരു പേരും മുഖവും കഥയും ഉണ്ട്' എന്ന് ലോകത്തോട് വിളിച്ചോതിയ മഹദ് വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ എന്ന് ചുരുക്കി പറയാം.
മുസ്‍ലിംകളുമായുള്ള ബന്ധം
2013ൽ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ലോകത്തിനു മുന്നിൽ ഒരു പുതിയ പ്രതീക്ഷയായിരുന്നു. മധ്യകാലഘട്ടത്തില്‍ (1059-1291AC) ജെറുസലേം മുസ്‍ലിംകളുടെ കയ്യിൽ നിന്ന് തിരിച്ച് പിടിക്കാൻ നടന്ന കുരിശു യുദ്ധങ്ങള്‍ക്ക് തുടക്കമിട്ടത് അന്നത്തെ മാര്‍പാപ്പയായിരുന്ന അർബൻ രണ്ടാമൻ ആയിരുന്നു. എന്നാല്‍, ഇതില്‍നിന്ന് തികച്ചും വ്യത്യസ്തനായി, മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഐക്യത്തിന് വേണ്ടിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങള്‍. ഇതിനായി ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കുകയും വിവിധ സമാധാന കരാറുകൾ ഉണ്ടാക്കി ഒപ്പുവെക്കുകയും ചെയ്തു അദ്ദേഹം. 2013ൽ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ വന്നെത്തിയ പെസഹ ദിനത്തില്‍ റോമിലെ ജയിലിലെത്തി സ്ത്രീകളുടെയും രണ്ട് മുസ്‍ലിം യുവാക്കളുടെയും കാൽ കഴുകി അദ്ദേഹം ലോകത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു.
കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും മാനുഷികമായി ഇടപെടണമെന്നും, അവരെ പ്രശ്നങ്ങളായല്ല, വ്യക്തികളായി കണ്ട് പരിഗണിക്കണമെന്നും ആയിരുന്നു കുടിയേറ്റ പ്രതിസന്ധിയുടെ ഘട്ടത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തത്. 2014ല്‍ ഇസ്താംബൂളിലെ ബ്ലൂ മോസ്കിലും 2021ൽ ഇറാഖിലെ മസ്ജിദിലും പ്രാർത്ഥിച്ച ആദ്യ പോപ്പ് കൂടിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. 2021ൽ ഇറാഖ് തീർത്ഥാടനത്തിനിടയിൽ ആയത്തുല്ലാ അലി അൽസിസ്താനിയെ കണ്ടുമുട്ടിയതും മതവിഭജനങ്ങൾ മറികടക്കാനുള്ള പ്രതിജ്ഞയുടെ പ്രതീകമായിമാറി. യു.എ.ഇ തലസ്ഥാനമായ അബൂദാബി സന്ദർശിച്ച വേളയിൽ, ഗ്രാൻഡ് മസ്ജിദ് ഇമാം അഹമ്മദ് ത്വയ്യിബുമായി ചേർന്ന് ലോകസമാധാനവും സഹവര്‍തിത്വവും ലക്ഷ്യം വെച്ച്, മനുഷ്യ സാഹോദര്യ രേഖ തന്നെ തയ്യാറാക്കിയതും ആധുനിക മനുഷ്യ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്.
ഇസ്റായേലിന്റെ അധിനിവേശത്തിൽ ദുരിതത്തിലായ ഫലസ്തീനികളുടെ അവകാശങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ക്രിസ്ത്യന്‍ മതനേതാവ് കൂടിയാണ് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാൻ സിറ്റിയിൽ പുൽക്കൂട്ടിൽ കഫീലയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്തു കൊണ്ടാണ് മാർപ്പാപ്പ ഫലസ്തീനിലെ സമാധാനത്തിനായി സംസാരിച്ചത്. അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തിൽ പോലും അദ്ദേഹം ഫലസ്തീൻ മക്കളെ കുറിച്ചും അവിടെ വെടി നിർത്തല്‍ ഉണ്ടാവേണ്ടതിനെ പറ്റിയുമാണ് സംസാരിച്ചത്.
ജോർജ് മാറിയോ ബർഗോളിയോ അർജൻറീനയിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കൾ ഇറ്റാലിയൻ വംശജരായിരുന്നു. 1936 ഡിസംബർ 13നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇറ്റലിയിൽ നിന്ന് 1929 ല്‍ മുസോളിനിയുടെ അക്രമത്തിൽ നിന്ന് അഭയം തേടി മാറിയോ ബർഗോളിയയുടെ മാതാപിതാക്കൾ അർജൻറീനയിലേക്ക് കുടിയേറുകയായിരുന്നു. ഒരു പക്ഷേ, കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടുമുള്ള അദ്ദേഹത്തിന്റെ മാനുഷികസമീപനം രൂപപ്പെടുത്തിയത് ആ ഓര്‍മ്മകളാവാം.
വത്തിക്കാനിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന, മെയ് 07ന് കോണ്‍ക്ലേവ് ചേരാനിരിക്കുന്ന ഈ വേളയിൽ ഒരു ചോദ്യം ബാക്കി ആവുകയാണ്. ഫ്രാൻസിസ് മാർപാപ്പ മുന്നോട്ട് വെച്ച, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം, അടുത്ത മാര്‍പാപ്പക്കും തുടരാനാവുമോ. അതോ, ഇനിവരുന്ന പിന്ഗാമി അദ്ദേഹത്തില്‍നിന്ന് തികച്ചും വ്യത്യസ്തനായിരിക്കുമോ. നമുക്ക് കാത്തിരുന്ന് കാണാം.
ചാമക്കാല നഹ്‌ജുർറശാദ് ഇസ്‌ലാമിക് കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment