ശാസ്ത്രം ജയിച്ചാല്‍ മതം തോല്‍ക്കുമോ
ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യയുടെ വിജയപശ്ചാത്തലത്തില്‍, തൃശൂര്‍ എം.ഐ.സി ഖതീബ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി നടത്തിയ പ്രഭാഷണത്തിന്റെ കേട്ടെഴുത്ത്
രണ്ടുദിവസം മുമ്പാണ് ഇന്ത്യ മൂന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ വലിയ വിജയം കണ്ടത്. മുന്‍കാല ശീതശക്തികളായിരുന്ന അമേരിക്കയും റഷ്യയുമാണ് ബഹിരാകാശ പഠനവിഷയങ്ങളില്‍ സമ്പത്ത് ചിലവഴിച്ചവരില്‍ മുന്‍പന്തിയിലുള്ളത്. ആ സോവിയറ്റ് യൂണിയന്റെ ബാക്കിപത്രമായ റഷ്യയുടെ ലൂണാര്‍ പരാജയപ്പെട്ടിടത്താണ് ഇന്ത്യയുടെ ചന്ദ്രയാന്‍ ജയിച്ചതെന്ന് തീര്‍ത്തും അഭിമാനകരമായ മുഹൂര്‍ത്തമാണ്. ആ ശാസ്ത്രജ്ഞര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
എന്നാല്‍ ചില അല്‍പജ്ഞര്‍, ശാസ്ത്രം ജയിച്ചു, മതം തോറ്റു എന്ന രീതിയില്‍ ഇതിനെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അന്ധവിശ്വാസം തോറ്റുവെന്ന് പറയാം, കാരണം പ്രാപഞ്ചികമായി അന്ധവിശ്വാസങ്ങളെ ശക്തമായി എതിര്‍ത്ത മതമാണ് ഇസ്‌ലാം. ചാന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഒരാളുടെ ജനന-മരണ-ജീവിത പ്രതിഭാസങ്ങള്‍ മാറ്റേണ്ടതില്ലെന്ന് പഠിപ്പിച്ച വ്യക്തിത്വമാണ് മുഹമ്മദ് നബി(സ). അതുകൊണ്ടാണ് അവിടുത്തെ മകന്‍ മരണപ്പെട്ട ദിവസം ഗ്രഹണം സംഭവിച്ചപ്പോള്‍, ഇതിന് മരണവുമായി യാതൊരു ബന്ധമില്ലെന്നും ഗ്രഹണം ഒരു പ്രകൃതി പ്രതിഭാസമാണെന്നും നബി(സ) കൃത്യമായി പ്രഖ്യാപിച്ചത്. അന്ധവിശ്വാസങ്ങളുടെ കടക്കലാണ് ആ വാക്കുകള്‍ കത്തിവെക്കുന്നത്.
പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ മനുഷ്യനെ സ്വാധീനിക്കില്ലെന്ന് പറയാന്‍ കഴിയില്ല, എങ്കിലും പ്രകൃതി പ്രതിഭാസങ്ങളെ, നക്ഷത്രങ്ങളെ മനുഷ്യനെ അലട്ടുന്ന തരത്തിലുള്ള ജ്യോതിശാസ്ത്ര രീതിയില്‍ കാണുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല. നക്ഷത്രങ്ങള്‍ക്കനുസരിച്ച് മനുഷ്യന്റെ ഭാവിയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകളുടെ ആരംഭം മെസപ്പോട്ടോമിയന്‍ കാലത്ത് നിന്ന് തുടങ്ങിയതാണ്. പല മതങ്ങളും ഇസങ്ങളും ഈ പ്രതിഭാസങ്ങളെയെല്ലാം അത്തരത്തില്‍ സമീപിക്കുന്നവരുണ്ട്.
എന്നാല്‍ ഖുര്‍ആന്‍ നിരന്തരം പറഞ്ഞതും പറയുന്നതും ഓരോ പ്രതിഭാസങ്ങളെയും പഠിക്കാനാണ്. സൂറത്തുല്‍ ഗാശിയയിലൂടെ അല്ലാഹു അത് ഉദ്‌ബോധിപ്പിക്കുന്നത് കാണാം. ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടെന്ന ചിന്തയെ കുറിച്ച് ഉണര്‍ത്തുന്നത് ജന്തുശാസ്ത്രം പഠിക്കുമ്പോഴുണ്ടാകുന്ന ചിന്തയെ നാഥനിലേക്ക് ചേര്‍ക്കാനാണ്. പ്രകൃതി പ്രതിഭാസങ്ങളെ ഓരോന്നും അവിടെ എണ്ണിയെണ്ണി പറഞ്ഞു. ഒരു സയന്റിസ്റ്റിനോട് അല്ലാഹു പറയുന്നത് 'നീ പടച്ചവനെ പേടിക്കണമെന്നും അവനെ മുന്‍നിര്‍ത്തി പഠന-മനന-ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നുമാണ്. ഈ പ്രകൃതി പ്രതിഭാസങ്ങളെ അത്ഭുതകരമായി സൃഷ്ടിച്ചുവെച്ചിട്ടുളള റബ്ബിലേക്കൊന്ന് തിരിഞ്ഞുനോക്കണമെന്ന ഉത്‌ബോധനമാണ്.
മനുഷ്യനോട് അല്ലാഹു ചിന്തിക്കാനാണ് ആവശ്യപ്പെടുന്നത്. പഠനത്തിലൂടെ നാഥനിലെത്തെട്ടെയെന്നാണ്. ഖുര്‍ആന്റെ ആദ്യസൂക്തം തന്നെ പ്രപഞ്ചസൃഷ്ടാവായ നാഥന്റെ നാമത്തില്‍ വായിക്കുകയെന്നതാണ്. അല്ലാഹ് എന്ന് മാത്രം പറയാതെ ആകാശത്തെയും സസ്യലദാതികളെയും പര്‍വതങ്ങളെയും അങ്ങനെയുള്ള പഠനങ്ങളെയും നിരന്തരം ചേര്‍ത്തുവെച്ചാണ് അല്ലാഹു പറഞ്ഞത്. എല്ലാം ചേര്‍ത്തുവെച്ച് അല്ലാഹുവിന്റെ അദൃശ്യമായ ശക്തിവിശേഷത്തെ തിരിച്ചറിയാന്‍ ഈ പഠനം ഉപകരിക്കുമെന്നാണ്. അല്ലാഹു പറയുന്നു, എല്ലാം കൃത്യമായ കണക്ക് പ്രകാരം സംവിധാനിക്കപ്പെട്ടിരിക്കയാണ്, സൂര്യനും ചന്ദ്രനും എല്ലാം, കൃത്യമായ കണക്കനുസരിച്ചേ അവയെല്ലാം സഞ്ചരിക്കുന്നുള്ളൂ. ആ കണക്ക് മനുഷ്യന് ഉപകാരപ്രദമാണ്. സൂര്യ-ചന്ദ്രാദികള്‍ക്കും ഭൂമിക്കും ഒരു കണക്കുണ്ട്.
ഈ പരാമര്‍ശങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഭൂമിയുടെ ഭൂതലവിസ്തൃതി കൃത്യമായി കണക്കാക്കാന്‍ അക്ഷാംശരേഖ പഠിച്ചവരില്‍ പ്രമുഖര്‍ മുസ്‌ലിംകളാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇബ്‌നു ഹജര്‍(റ) തുഹ്ഫത്തുല്‍ മുഹ്താജില്‍ നമസ്‌കാര സമയത്തെ കുറിച്ച് വിശദമാക്കുന്നതില്‍ സൂര്യന്റെ നിഴലുകളിലെ വ്യത്യാസങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. നിഴല്‍ വ്യത്യാസം എങ്ങനെയാണെന്ന് ഭൂമിയുടെ അക്ഷാംശ രേഖയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. 'ശാഫിഈ മദ്ഹബിലെ പണ്ഡിതര്‍ പറഞ്ഞ അഭിപ്രായം മക്കയിലെ അക്ഷാംശരേഖ ഡിഗ്രിയും സന്‍ആ (യമന്‍ തലസ്ഥാന നഗരി)ലെ ഡിഗ്രിയും രണ്ടും തുല്യമാണ്. 'മക്കയുടെ ലാറ്റിറ്റിയൂഡ് 21 ഡിഗ്രിയാണെന്ന് 500 വര്‍ഷംമുമ്പ് ഇബ്‌നു ഹജര്‍ രേഖപ്പെടുത്തിയത് തന്നെയാണ്, ഇന്ന് ഗൂഗ്‌ള് സെര്‍ച്ച് ചെയ്താലും ലഭിക്കുന്നത്.
മനുഷ്യകുലം എന്ന നിലയില്‍ അന്ന് തുടങ്ങി വെച്ച പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും തുടര്‍ച്ചയാണിതെല്ലാം. അക്ഷാംശരേഖ കൃത്യമായ കണക്കാക്കിയ മുസ്‌ലിം ലോകത്തെ പ്രഗത്ഭ ഗോളശാസ്ത്രജ്ഞനാണ് ഇബ്‌നുശാഥിര്‍. അബുല്‍ഹസന്‍ അലാഉദ്ധീനുബ്‌നു അലിയ്യുബ്‌നു ഇബ്‌റാഹീം ബ്‌നു മുഹമ്മദ് ബ്‌നു അല്‍അന്‍സാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഇബ്‌നു ശാഥിര്‍ ഒരു ലൂണാര്‍ കലണ്ടര്‍ തയ്യാറാക്കിയിരുന്നു. ശാസ്ത്രസംബന്ധിയായ പുതിയ ചുവടുവെപ്പുകള്‍ വരുമ്പോള്‍ പഴയ മുസ്‌ലിം ശാസ്ത്രജ്ഞരെ ഓര്‍ക്കേണ്ടതിനാണ് ഇതെല്ലാം സൂചിപ്പിച്ചത്. അവര്‍ വളര്‍ത്തിയെടുത്ത ശാസ്ത്ര കണ്ട് പിടുത്തങ്ങളുടെ തുടര്‍ച്ചയാണ് യൂറോപ്യരും ശേഷം വന്ന ശാസ്ത്രജ്ഞരുമെല്ലാം നടത്തിയത്. അങ്ങനെയൊരുപാട് അന്വേഷണലോകം തുറന്നുവെച്ചവരായിരുന്നു മുസ്‌ലിംകള്‍ എന്നര്‍ത്ഥം.
ദര്‍സുകളില്‍ പോലും ഗോളശാസ്ത്ര (ഫലക്) സംബന്ധമായ പഠനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഖിബ്‌ല അടയാളപ്പെടുത്താന്‍ ഗോളശാസ്ത്ര രീതികള്‍ അവലംബിച്ചത് കാണാം. ആധുനിക എഞ്ചിനിയറിംഗ് മെത്തേഡുകളൊന്നുമില്ലാതെ പഴയ മുസ്‌ലിം പണ്ഡിതര്‍ ഓരോ സ്ഥലത്തെയും ഖിബ്‌ല ദിശ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. അതിനവര്‍ ഉപയോഗിച്ച മാനദണ്ഡം ഗോളശാസ്ത്രമായിരുന്നു. ആ ഗോളശാസ്ത്രത്തിന്റെ തുടര്‍ച്ചകളുണ്ടാവണം. വളരെ കാലംമുമ്പ് തുടര്‍ന്നിരുന്ന ഒരു കാലഘട്ടത്തിന്റെ അന്വേഷണത്തെയാണ് ഇന്ന് ചരിത്രത്തിലൂടെ വായിക്കുന്നത്. മുസ്‌ലിംകള്‍ക്ക് അത്തരമൊരു ചിന്തയും കാലവുമുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അഥവാ, ശാസ്ത്രം വിജയിക്കുന്നിടത്ത്, അത്തരം ചിന്തകളെ എക്കാലത്തും പ്രോല്‍സാഹിപ്പിച്ച ഇസ്‍ലാം കൂടിയാണ് വിജയിക്കുന്നത് എന്നര്‍ത്ഥം.
ഖലീഫ മന്‍സൂറിന്റെ കാലത്ത് ഇന്ത്യയില്‍ നിന്ന് കെങ്കണ്‍ എന്ന ജ്യോതിശാസ്ത്രജ്ഞനെ കൊണ്ടുപോയി അന്നത്തെ സിദ്ധാന്ത എന്ന ഗോളശാസത്ര ഗ്രന്ഥം മുസ്‌ലിംകള്‍ പരിഭാഷപ്പെടുത്തി പഠിച്ചിരുന്നുവെന്ന് പ്രഗത്ഭ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ശേഷം ഗോളശാസ്ത്ര പഠനങ്ങള്‍ക്ക് വേണ്ടി പ്രത്യേക സിമിതിയുണ്ടാക്കുകയും ഗവേഷണ കേന്ദ്രമുണ്ടാക്കുകയും ചെയ്തു. ഹാറൂന്‍ റഷീദിന്റെ കാലത്ത് അതിനായി ബൈത്തുല്‍ ഹിക്മ സ്ഥാപിക്കുകയും ഗോളശാസ്ത്ര പണ്ഡിതന്മാരുടെ ടീമിരുന്ന് ആകാശ ചന്ദ്രാദികളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ആകാശ,സൂര്യ, ചന്ദ്ര, താരാപഥങ്ങളെ കുറിച്ച്പഠിക്കുകയും അറിയുകയും ചെയ്യണമെന്ന നിരന്തരമുള്ള ഖുര്‍ആന്‍ ഉത്‌ബോധനമാണ് അവക്കെല്ലാം പ്രചോദനമായത്. ഖുര്‍ആനിലെ ഓരോ ആയത്തും ചിന്തിക്കാനുള്ളതും ചിന്തിക്കാന്‍ ആവശ്യപ്പെടുന്നതുമാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും കിടന്നും ഇരുന്നുമൊക്കൊ അല്ലാഹുവിനെ സ്മരിക്കുകയാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുക്കൊണ്ടിരിക്കും, നാഥാ ഇതൊന്നും നീ വെറുതെ പടച്ചതല്ല, ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു.നരകശിക്ഷയില്‍ നിന്ന ഞങ്ങളെ കാക്കേണമേ'. (സൂറത്തു ആലുഇംറാന്‍ 190-191)
ഇവയില്‍നിന്നെല്ലാം ആവേശമുള്‍ക്കൊണ്ട്, മുസ്‌ലിം ലോകത്ത് എത്രയോ ശാസ്ത്രജ്ഞര്‍ കഴിഞ്ഞുപോയിട്ടുണ്ട്. മുഹമ്മദ് മൂസ അല്‍ ഖവാരിസ്മി, ജാബിര്‍ ബ്‌നു സിനാന്‍, ജാബിര്‍ ബ്‌നു ഹയ്യാന്‍, സാബിത് ബ്‌നു ഖുര്‍റ അങ്ങനെ നിരവധി പേര്‍. യൂറാനോമെട്രിയെന്ന ശാസ്ത്രശാഖയെ കുറിച്ച് പഠിച്ച് ഗ്രന്ഥമെഴുതിയ വ്യക്തിയായിരുന്നു അബ്ദുറഹ്മാന്‍ അസ്സൂഫി. 'സുവാര്‍ അല്‍ കവാകിബ് എന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതി. നക്ഷത്രങ്ങളുടെ ഓരോ താരാപഥങ്ങളെയും കറിച്ച് ആധുനികമായ അന്വേഷണത്തെ നേരത്തെ ആലോചിച്ചവരാണവര്‍.
കാലികമായി ചിന്തിക്കുമ്പോള്‍ അത്തരം ആധുനിക പഠനങ്ങള്‍ നടത്തിയത് സ്റ്റീഫന്‍ ഹോക്കിംഗ് ആണ്. ബ്ലാക്ക് ഹോള്‍സ്, നക്ഷത്രങ്ങളുടെ താമോഗര്‍ത്തങ്ങള്‍, നക്ഷത്രങ്ങളുടെ ചലനനിശ്ചലതകള്‍, എന്നിവയെ കുറിച്ചെല്ലാം വലിയ പ്രബന്ധങ്ങളും ഗ്രന്ഥരചനയും നടത്തിയ വ്യക്തിയാണ് സ്റ്റീഫന്‍ ഹോക്കിംഗ്. അദ്ദേഹത്തിന് മുമ്പ് താരാപഥങ്ങളെ കുറിച്ച് പഠിച്ച് യുറോനോമെട്രിയില്‍ സുവര്‍ അല്‍ കവാകിബ് എന്ന് ഗ്രന്ഥമെഴുതി അതിന്റെ സ്ഥാനങ്ങള്‍ നിര്‍ണയിച്ച് ഖലീഫമന്‍സൂറിന്റ കാലത്ത് ജീവിച്ചവരായിരുന്നു അബ്ദുറഹ്മാന്‍ അസ്വൂഫി.
ലോകമുസ്‌ലിംകളന്ന് നടത്തിയ ഗവേഷണ പഠനങ്ങളുടെ ചരിത്രം പോലും മനോഹരമായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ബാഗ്ദാദ്, സമര്‍ഖന്ദ്, നിഷാപൂര്‍, കൊര്‍ദോവ, ഡമസ്‌കസ് തുടങ്ങിയ സ്ഥലങ്ങള്‍ നിരന്തര പഠനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. മുസ്‌ലിംകള്‍ മാത്തമാറ്റിക്കല്‍ ലബോറട്ടറിയുണ്ടാക്കിയിരുന്നു. ജ്യോതിര്‍ഗോള പഠനങ്ങള്‍ക്ക്‌വേണ്ടി ബഹിരാകാശ ഗവേഷണ കേന്ദ്രമൊരുക്കിയ ബാഗ്ദാദിലെ മുസ്‌ലിം ഭരണകാലമുണ്ടായിരുന്നു. ഇത് പ്രോത്സാഹിപ്പിച്ചത് ഈ മതത്തിന്റെ വലിയ പ്രത്യേകതയാണെന്ന് വിശദീകരിക്കാനാണ് പഴയ ചരിത്രത്തിലൂടെ സഞ്ചരിച്ചത്. റോബര്‍ട്ട് ബ്രിഫോള്‍ട്ടെന്ന ശാസ്ത്രജ്ഞന്‍ ഒരിക്കല്‍ പറഞ്ഞു.'യൂറോപ്പില്‍ സയന്‍സ് വളര്‍ന്നത് പുതിയ അന്വേഷണത്വരയുടെ ആവേശമുള്‍കൊണ്ടുകൊണ്ടാണ്, അത് ലഭിച്ചത് അറബികളില്‍ നിന്നാണ്.'
ഇതൊന്നും അറിയാതെയോ പഠിച്ച് മനസ്സിലാക്കാതെയോ ആണ്, രണ്ട്മൂന്ന് ആഴ്ചമുമ്പ് ഒരുസ്ത്രീ ചോദിച്ചത് മുസ്‌ലിംകളില്‍ എവിടെയാണ് ശാസ്ത്രജ്ഞരെന്ന്. ചരിത്രഗ്രന്ഥങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ എണ്ണിപ്പറയാന്‍ കഴിയുന്ന ആയിരക്കണക്കിന് മുസ്‌ലിംശാസ്ത്രജ്ഞരുടെ പേരുകള്‍ ലഭിക്കും, ചരിത്രം വായിക്കാന്‍ തയ്യാറായാല്‍ മാത്രം മതി എന്നേ അതിന് മറുപടി പറയാനുള്ളൂ. ചരിത്രത്തെ കുറിച്ച് പഠിക്കുന്ന ഹിസ്റ്റോറിയോഗ്രഫിയെന്ന വിജ്ഞാനശാഖ പോലും നല്‍കിയത്, മുഖദ്ദിമയുടെ കര്‍ത്താവായ ഇബ്നുഖല്‍ദൂന്‍ അടക്കമുള്ള മുസ്‌ലിംകളായിരുന്നു എന്നത് വായിച്ചാലേ മനസ്സിലാവൂ.
വ്യത്യസ്തമായ ഫലങ്ങളും സസ്യലാതാദികളും ഉത്പാദിപ്പിക്കുന്ന വിധം അല്ലാഹു ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിച്ചതിനെ കുറിച്ച് ചിന്തിക്കാനും, ഭൂമിയിലൂടെ യാത്രചെയ്ത് പര്‍വതനിരകളിലേക്ക് നോക്കാനും അവയുടെ വ്യത്യസ്തത, ഈ ഭൂതല വൈവിധ്യത, രുചിവൈവിധ്യങ്ങളുളള മനുഷ്യര്‍, നിറവൈവിധ്യങ്ങള്‍, വ്യത്യസ്ത ജീവജാലങ്ങള്‍, മൃഗങ്ങള്‍ എന്നിവയെല്ലാം മനനവിധേയമാക്കാനും ഖുര്‍ആന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം നല്ല വിവരമുള്ളവരാണ് അല്ലാഹുവിനെ പേടിക്കുന്നവര്‍ എന്നാണ് ഖുര്‍ആന്‍ പറഞ്ഞ് വെക്കുന്നത്. ഖുര്‍ആനിലെ ഈ സൂക്തത്തില്‍ പരമാര്‍ശിച്ച 'ഇല്‍മ്' എന്ന അറബിപദം ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്താല്‍ 'സയന്‍സ്' അഥവാ ശാസ്ത്രം എന്ന അര്‍ഥമാണ് ലഭിക്കുക. അഥവാ, ഈ ആകാശം, ഭൂമി, സ്വജീവിതം എല്ലാം പഠനം നടത്തുമ്പോഴും എത്തേണ്ടത് അല്ലാഹുവിലേക്കാണ് എന്ന് സാരം.
മതമെന്നും ശാസ്ത്രമെന്നും പറഞ്ഞ് ഒന്നിനെയും വേറെയാക്കി നിര്‍ത്തുന്നതല്ല ഇസ്‍ലാമിന്റെ രീതി. മറിച്ച് അവ രണ്ടിനെയും ബന്ധിപ്പിച്ചു നിര്‍ത്താനാണ് അത് ശ്രമിക്കുന്നത്. ആകാശഭൂമികളെ കുറിച്ച് പഠിക്കുന്ന പഠനചിന്തയെ മതത്തിന്റെ ആത്മീയാനുഭവമാക്കി മാറ്റുകയെന്ന അത്ഭുതകരവും ആസ്വാദ്യവുമായ മതാനുഭവത്തിന്റെ ഔന്നത്യത്തിലേക്ക് ഒരുസമൂഹത്തെ കൈ പിടിച്ചുയര്‍ത്തി എന്നതാണ് ഇസ്‍ലാം മനുഷ്യരാശിക്ക് ചെയ്തുകൊടുത്തത്.
ഒരു കാലത്ത് 17-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ശാസ്ത്രം വളര്‍ച്ച പ്രാപിച്ചപ്പോള്‍ ബിബ്ലിക്കന്‍ സിദ്ധാന്തങ്ങള്‍ക്കെതിരാവുമെന്ന് ഭയന്ന് അന്നത്തെ മത പൗരോഹിത്യം ശാസ്ത്രജ്ഞരെ മര്‍ദിക്കുകയും അത്കാരണം മതം വേണ്ടെന്ന് പറഞ്ഞ ശാസ്ത്രവും മതനിഷേധികളായി മാറിയ ശാസ്ത്രജ്ഞരുമുണ്ട്. എന്നാല്‍ മതംവേണമെന്ന് പറഞ്ഞ ശാസ്ത്രമമാണ് അറബ് ലോകത്തെ ശാസ്ത്രം.
അഥവാ ചന്ദ്രയാന്‍ ദൗത്യം പൂര്‍ത്തീകരിക്കുമ്പോള്‍ ഏതെങ്കിലും മതം തോല്‍ക്കുന്നുവെങ്കില്‍ അത് യഥാര്‍ത്ഥ മതമല്ല. മറിച്ച് യഥാര്‍ത്ഥ മതമായ ഇസ്‍ലാം ഇവിടെയും വിജയിക്കുകയാണ്. അത് തുടങ്ങി വെച്ച, കാലങ്ങളായി തുടരുന്ന ഗവേഷണത്തിന്റെ അവസാന കണ്ണിയാണ് ഈ വിജയം എന്നാണ് പറയേണ്ടത്. അങ്ങനെയാണ് വിശ്വാസി ഈ ചന്ദ്രയാന്‍ ദൗത്യത്തെയും കാണുന്നത്.
അതേ സമയം, ഓരോ മുന്നേറ്റം നടത്തുമ്പോഴും ശാസ്ത്രം മാനവികമാവുകയാണ് വേണ്ടത്. ശാസ്ത്രത്തിന് മനുഷ്വത്യത്തിന്റെ മുഖമുണ്ടാവണം. ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ പോലുള്ള കേന്ദ്രങ്ങളുണ്ടാക്കാനും വിഭാവനം ചെയ്യാനുമൊക്കൊ ധൈഷണികമായി ശ്രമിക്കുകയും ഭാവനാത്മകമായി ചാതുരി പ്രകടിപ്പിക്കുകയും ചെയ്ത ഭരണാധികാരി ജവഹര്‍ലാലല്‍ നെഹ്‌റു ആധുനിക ശാസ്ത്രത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. 'ശാസ്ത്രത്തിന്റെ വളര്‍ച്ചയാണ് നാമീ കാണുന്നതെല്ലാം'. ആ വളര്‍ച്ചയിലെ മുസ്‌ലിംകളുടെ സംഭാവനകളെ കുറിച്ചാണ് ഇതുവരെ വിശദീകരിച്ചത്. നെഹ്‌റു പറയുന്നു. 'ശാസ്ത്രത്തിലൂടെ നാം എല്ലാം നേടിയെന്ന് പറയുമ്പോഴും എന്താണിതിന്റെ റിസല്‍ട്ട്,'
മനുഷ്യര്‍ തമ്മിലടിച്ച് തീര്‍ന്നുപോവാനും ഇതേ ശാസ്ത്രംപോരേ. ആണവബോംബും ഹൈഡ്രജന്‍ബോംബും നിരന്തരം വര്‍ഷിച്ച് മനുഷ്യന് നേരെ, കുലങ്ങള്‍ക്ക് നേരെ, തലമുറകള്‍ക്ക്‌നേരെ മനുഷ്യര്‍ നടത്തിയ അക്രമങ്ങളുടെ, നെറികേടിന്റെ, വെറുപ്പിന്റെ, അധികാരമോഹത്തിന്റെ, സ്വാര്‍ത്ഥതയുടെ എല്ലാം വഴിയില്‍ അദ്ദേഹം പറഞ്ഞുവെക്കുന്നത്, ഇതിലൂടെയെല്ലാം നാമെന്ത് നേടി, എന്താണതിന്റെ റിസല്‍ട്ടെന്ന ചോദ്യമല്ലേ. അതിനുള്ള ഉത്തരമാണ് മതത്തില്‍ ചെന്നെത്തുന്നത്. ഈ നേട്ടങ്ങളെല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ പേരിലാകുമ്പോഴാണ് അവിടെ മാനവികതയും മനുഷ്യത്വമുഖവും നാമ്പിടുന്നതും തളിര്‍ക്കുന്നതും പൂക്കുന്നതും.
അല്ലാത്തിടത്തോളം, മാനവ സംസ്‌കാരത്തിന്റെ അവസാനം കുറിക്കാനേ ശാസ്ത്ര നേട്ടങ്ങള്‍ സഹായിക്കൂ. മാനവിക ശാസ്ത്രം നോക്കുമ്പോള്‍ തീര്‍ത്തും മനുഷ്യനെ പ്രാകൃതമാക്കുന്ന, എല്ലാനാഗരികതളെയും അവസാനിപ്പിച്ച് കളയുന്ന ഒരു നവ മാനവ കാലത്തിന്റെ ദുരന്തങ്ങളെ ആലോചിച്ച നെഹ്‌റു തുടര്‍ന്ന് ചോദിക്കുന്നത് 'ഈ ശാസ്ത്രത്തിലൂടെ തമ്മിലടിച്ച് നാളെ ആര് ജയിക്കു'മെന്നാണ്. അവിടെ ഇസ്‌ലാം പറയുന്നത്, അല്ലാഹുവിനെ ഓര്‍ക്കുന്ന, പടച്ചവനുണ്ടെന്ന് ബോധ്യമുള്ള, നാഥനെ പേടിക്കുന്ന ശാസ്ത്രം ജയിക്കണമെന്നാണ്. അഥവാ, മാനുഷികവികാസങ്ങളെ മതത്തിലേക്ക് ചേര്‍ത്തുവെച്ച്, മനുഷ്യനന്മക്ക് മുന്‍തൂക്കം നല്കുന്ന മതാധ്യാപനങ്ങളിലേക്ക് ശാസ്ത്രത്തിലേക്കും ചേര്‍ത്ത് വെച്ച്, ശാസ്ത്രവും മതവും ഒരുമിച്ച് ജയിക്കുകയാണ് വേണ്ടത്. അപ്പോഴേ മനുഷ്യസമൂഹം വിജയിക്കൂ. അല്ലാത്തിടത്തോളം ഏത് നേട്ടവും കോട്ടമായേ ഭവിക്കൂ.
കേട്ടെഴുത്ത്: അബ്ദുല്‍ ഹഖ് മുളയങ്കാവ്
Leave A Comment