ഫലസ്തീനൊപ്പം നില്ക്കുന്ന അയർലൻഡ്: ഒരു കടപ്പാടിന്റെ ക
ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ വൻ പ്രതിഷേധമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇടക്ക് ഏതാനും ദിവസങ്ങളിലെ താൽക്കാലിക വെടി നിർത്തലുകൾക്ക് ശേഷം ഇസ്രായേൽ സേന കൂട്ടക്കുരുതി തുടർന്ന് കൊണ്ടിരിക്കുമ്പോള്‍, അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള ലോകത്തെ വൻശക്തികളെല്ലാം ഇസ്രായേലിന് സ്വയം പ്രതിരോധവകാശം ഉണ്ടെന്ന് പറഞ്ഞ് അവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനിടെ യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളിലൊന്നായ അയർലൻഡ് ഫലസ്തീനനുകൂല നിലപാടുമായി വേറിട്ട് നിൽക്കുന്ന കാഴ്ച മനോഹരമാണ്. വൈദ്യുതിയും ജലവും നിഷേധിച്ചുകൊണ്ട് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു കൂട്ട ശിക്ഷയാണെന്നും ഒരു ജനാധിപത്യ രാജ്യത്തിനിത് ഭൂഷണമല്ലെന്നും പറഞ്ഞ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ തന്നെ രംഗത്ത് വന്നിരുന്നു. പാരീസിൽ നടന്ന ഗസ്സക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര മാനുഷിക സഹായ കോൺഫറൻസിൽ ഗസ്സയിൽ വെടി നിർത്തലിനു സമ്മർദ്ദം ശക്തമാക്കാൻ മറ്റു രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഹമാസിന്റെ തടവിലുള്ള ബന്ധികളെ മോചിപ്പിക്കുവാനും വിദേശ പൗരന്മാർക്ക് അവിടം വിടാനും മാനുഷിക സഹായം പ്രദേശത്ത് എത്തുവാനും സഹായിക്കുന്ന തരത്തിൽ ഒരു വെടിനിർത്തൽ ആവശ്യമാണെന്നും ശേഷം നടന്ന പത്രസമ്മേളനത്തിൽ ഐറിഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഫലസ്തീന് അനുകൂലമായുള്ള അയർലന്റിന്റെ നിലപാട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഫലസ്തീനുമായുള്ള ബന്ധവും ഫലസ്തീനി പോരാട്ടത്തിനുള്ള പിന്തുണയും അയർലന്റിന്റെ സുവർണ ചരിത്രത്തിൽ പ്രശോഭിതമായി നിലനിൽക്കുന്നുണ്ട്.
അയർലൻഡ്-ഫലസ്തീൻ ബന്ധം
സ്വതന്ത്ര ഐറിഷ് രാഷ്ട്രം പിറവിയെടുത്തതിന്റെ ശേഷം ഇസ്രായേലിനോട് എന്നും കടുത്ത നിലപാടുമായായിരുന്നു അവർ മുന്നോട്ടു നീങ്ങിയിരുന്നത്. 1980ൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന് ആവശ്യം ഉയർത്തുന്ന ആദ്യ യൂറോപ്യൻ രാജ്യമായി അയർലൻഡ് മാറി. ഏറ്റവും അവസാനം ഇസ്രായേൽ എംബസി തുറന്ന യൂറോപ്യൻ രാജ്യമെന്ന ഖ്യാതിയും അയർലഡിന് തന്നെയാണ്. 1993ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പ്രസിഡന്റ് അയർലൻഡ് സന്ദർശിക്കുകയും നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. 1993 ലെ ഇസ്രായേൽ-ഫലസ്തീൻ ഓസ്ലോ കരാറിന് ആഴ്ചകൾക്ക് മുമ്പായിരുന്നു ഈ സന്ദർശനം. 1999 ൽ അന്നത്തെ ഐറിഷ് പ്രധാനമന്ത്രി ബേർട്ടി അഹേൺ ഗസ്സ സന്ദർശിച്ച് ഫലസ്തീനി ജനതയോടുള്ള അയർലൻഡിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാധാരണ റോഡ് മാർഗം ഗസ്സ സന്ദർശിച്ചിരുന്ന ലോക നേതാക്കളിൽ നിന്ന് വിഭിന്നമായി ഗസ്സ ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങുക വഴി ഫലസ്തീനികളുടെ ഹൃദയം തൊട്ട അദ്ദേഹം പ്രസിഡൻറ് യാസർ അറഫാത്തുമായി ചർച്ച നടത്തുകയും ജബലിയ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തിരുന്നു.
2010 ൽ ഹമാസ് മിലിട്ടറി നേതൃത്വത്തിലുണ്ടായിരുന്ന മഹ്മൂദ് അൽ മബ്ഹൂഹിനെ കൊലപ്പെടുത്താൻ വ്യാജ ഐറിഷ് പാസ്പോർട്ടുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഇസ്രായേൽ നയതന്ത്രജ്ഞനെ അയർലൻഡ് പുറത്താക്കിയിരുന്നു. 2017 ൽ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തിന് 50 വർഷം തികയുന്ന വേളയിൽ ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ സിറ്റി ഹാളിന് മുകളിൽ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച നടപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഐറിഷ് പാർലമെന്റിൽ 2021 ൽ ഏകകണ്ഠമായി ഇസ്രായേലിന്റെ ഫലസ്തീനി അധിനിവേശത്തിനെതിരെ പ്രമേയം പാസാക്കിയത് ഫലസ്തീനി ജനതയെ ഏറെ സന്തോഷിപ്പിച്ചു. ഇതിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് റാമല്ല മുനിസിപ്പാലിറ്റിക്ക് മുകളിലായി ഫലസ്തീൻ അതോറിറ്റി അയർലൻഡിന്റെ ദേശീയ ഗാനം പ്ലേ ചെയ്ത് ഐറിഷ് പതാക ഉയർത്തുകയും ചെയ്തു.
ഫലസ്തീനിലേക്ക് ഐറിഷ് സഹായം
ഗസ്സയിൽ ഇസ്രായേൽ കനത്ത ആക്രമണങ്ങൾ നടത്തുകയും കടുത്ത മാനുഷിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തപ്പോൾ സഹായവുമായി വന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ തന്നെ അയർലൻഡ് ഉണ്ടായിരുന്നു. ഇസ്രായേൽ കനത്ത ആക്രമണം നടത്തുന്നതിനിടെ ഒൿടോബർ 18ന് 13 മില്യൺ യൂറോ അടിയന്തിര സഹായ ധനമായി അയർലൻഡ് പ്രഖ്യാപിച്ചു. 2010 ൽ ഗസ്സക്ക് മേൽ ഇസ്രായേൽ വലിയ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിൽ കഷ്ടത അനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായമെത്തിക്കാൻ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ രൂപം നൽകിയ ഫ്രീഡം ഫ്ലോട്ടില്ല എന്ന ബോട്ടുകളുടെ സംഘത്തിൽ അയർലൻഡിൽ നിന്നുള്ള റേച്ചൽ കോറി എന്ന ബോട്ടുമുണ്ടായിരുന്നു. ഈ ബോട്ടിൽ സമാധാന നോബേൽ ജേതാവ് മയ്റിദ് മക്ഗയറും മുൻ യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡെനിസ് ഹാളിഇഡേയുമടക്കമുള്ള സന്നദ്ധ പ്രവർത്തകരായിടുന്നു കപ്പലിലുണ്ടായിരുന്നത്.
ചില അറ്റകുറ്റപ്പണികളുണ്ടായതിനാൽ മറ്റു ബോട്ടുകൾക്കൊപ്പം റേച്ചൽ കോറിക്ക് സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. സംഘത്തെ ഇസ്രായേൽ തടയുകയും അതിൽ 7 സന്നദ്ധ സംഘാംഗങ്ങളെ വധിക്കുകയും ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഈ സംഭവത്തെ തുടർന്ന് റേച്ചൽ കോറിയുടെ മുന്നോട്ടുള്ള യാത്ര ലോകം ഉദ്വേഗത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ബോട്ട് ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് തിരിച്ചു വിടണം എന്ന ഇസ്രായേൽ അധികൃതരുടെ നിർദ്ദേശം ബോട്ടിലെ സന്നദ്ധപ്രവർത്തകർ നിരാകരിക്കുകയും ഗസ്സയിൽ മാത്രമേ തങ്ങൾ യാത്ര അവസാനിപ്പിക്കുകയുള്ളൂവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവിൽ ഗസ്സയിൽ നിന്ന് 30 കി.മീറ്റർ അകലെ ബോട്ട് ഇസ്രായേൽ പിടിച്ചെടുക്കുകയും ഇസ്രായേൽ തുറമുഖത്തേക്ക് തിരിച്ചുവിടുകയും സന്നദ്ധ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴുപേർ തങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടിട്ടും പതറാതെ ഫലസ്തീനി ജനതയ്ക്ക് വേണ്ടി ജീവഭയം പോലുമില്ലാതെ യാത്ര തുടർന്ന ഐറിഷ് സന്നദ്ധ പ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ പിന്നീട് മോചിപ്പിക്കുകയും കപ്പലിലുള്ള ടൺ കണക്കിന് സിമന്റ് ഗാസയിൽ എത്തിക്കുകയും ചെയ്തു.
ഫലസ്തീനി പിന്തുണക്ക് പിന്നിലെ കാരണം
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പെടുത്ത ബ്രിട്ടൻ തങ്ങളുടെ അയൽ രാജ്യമായ അയർലൻഡിനെയും തങ്ങളുടെ വരുതിയിലാക്കിയിരുന്നു. 1169 ലെ നോർമൻ അധിനിവേശം മുതൽ 1922 വരെ നീണ്ട 8 നൂറ്റാണ്ട് കാലം അയർലൻഡ് ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിലായിരുന്നു. ഐറിഷ് റിപ്പബ്ലികൻ ആർമിയുടെ രക്തരൂക്ഷിതമായ പോരാട്ടത്തിന് പിന്നാലെയാണ് ബ്രിട്ടനിൽ നിന്ന് അയർലൻഡ് സ്വതന്ത്രമാകുന്നത്. മറ്റൊരു രാജ്യത്തിന്റെ അധിനിവേശത്തിന് കീഴിലായതിന്റെ വേദന നന്നായി അറിയുന്നതുകൊണ്ട് തന്നെ തുടക്കം മുതൽ ഫലസ്തീനി വിഷയത്തിൽ ഇരകളായ ഫലസ്തീനി ജനതയുടെ പക്ഷത്ത് ആയിരുന്നു അയർലൻഡ് നിലയുറപ്പിച്ചത്. അവരെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ ബ്രിട്ടന്റെ അധാർമിക ഇടപെടൽ മൂലം രൂപം നൽകപ്പെട്ട ഒരു അധിനിവേശ രാജ്യമാണ്. 1967 യുദ്ധത്തിനുശേഷം ഈസ്റ്റ് ജെറുസലേമും വെസ്റ്റ് ബാങ്കും പിടിച്ചടക്കുകയും അവിടെ കനത്ത മിലിട്ടറി സാന്നിധ്യം വഴി സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്നത് തങ്ങൾക്ക് ബ്രിട്ടീഷ് അധിനിവേശ കാലത്ത് സംഭവിച്ചതിന്റെ നേർപതിപ്പായാണ് അവർ കാണുന്നത്. ഐറിഷ് ജനതയുടെ ഭൂരിപക്ഷവും ഫലസ്തീനെ പിന്തുണക്കുന്നവരാണെന്നതും ഫലസ്തീനോടുള്ള ഐറിഷ് സർക്കാരിന്റെ അനുകൂല നിലപാടിന് കാരണമാണ്.
യൂറോപ്പിൽ തന്നെ ഏറ്റവും കുറവ് ഇസ്‌ലാമോഫോബിയ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം കൂടിയാണ് അയർലൻഡ്. ഇതിന് പിന്നിലും വിസ്മയാർഹമായ ഒരു കാരണമുണ്ട്. 1845-1851 ലെ ഒരു മില്യൺ പേരുടെ ജീവനെടുക്കുകയും മറ്റൊരു മില്യൺ ജനതയെ ഇതര രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്ത ഐറിഷ് കിഴങ്ങ് വരൾച്ചയുടെ (potato famine) കാലഘട്ടത്തിൽ പറയത്തക്ക സഹായം ബ്രിട്ടനിൽ നിന്ന് വരാതെ ഐറിഷ് ജനത നരകയാതന അനുഭവിച്ചപ്പോൾ ലോകത്തിന്റെ മറ്റൊരു ഭാഗത്തുനിന്ന് അപ്രതീക്ഷിതമായി ഒരു സഹായ ഹസ്തം അയർലണ്ടിനു നേരെ നീണ്ടു. 4000 മൈലുകൾക്കപ്പുറം ഇസ്തംബൂളിൽ നിന്ന് ഉസ്മാനീ ഖലീഫയായ സുൽത്താൻ അബ്ദുൽ മജീദിന്റെതായിരുന്നു ആ സഹായം. അയർലൻഡിനായി 10,000 പൗണ്ട് തന്റെ സ്വന്തം സ്വത്തിൽ നിന്നായി അദ്ദേഹം ഓഫർ ചെയ്തു. എന്നാൽ ബ്രിട്ടീഷ് രാജ്ഞി 2000 പൗണ്ട് മാത്രമാണ് സഹായം നൽകുന്നതെന്നും അതിനാൽ അതിൻറെ പകുതിയായ ആയിരം പൗണ്ട് മാത്രം സുൽത്താൻ കൊടുത്താൽ മതിയെന്നും ഇസ്തംബൂളിലുള്ള ബ്രിട്ടീഷ് അധികൃതർ സുൽത്താനോട് ആവശ്യപ്പെട്ടതോടെ അദ്ദേഹം അത് അനുസരിച്ചു. എന്നാൽ ദുരിതമനുഭവിക്കുന്ന ഒരു ജനതയുടെ വേദനയകറ്റാൻ ബ്രിട്ടൻ അറിയാതെ സുൽത്താന്‍ മറ്റു ചില പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.
അയർലണ്ടിന്റെ പ്രധാന തുറമുഖമായ ഡബ്ലിനെ ആശ്രയിക്കാതെ അധികം ഉപയോഗിക്കപ്പെടാത്ത മറ്റൊരു തുറമുഖമായ ഡ്രോഹിഡയിലേക്ക് അഞ്ച് കപ്പൽ നിറയെ ആവശ്യ സാധനങ്ങൾ സുൽത്താൻ കൊടുത്തയച്ചു. ശക്തമായ ബ്രിട്ടീഷ് നേവിയുടെ കണ്ണ് വെട്ടിച്ചു കൊണ്ടായിരുന്നു ഈ ഇടപെടൽ. ഇതിന് നന്ദി രേഖപ്പെടുത്തി കൊണ്ട് അയർലന്ഡിലെ പ്രഭുക്കൾ സുൽത്താന് കത്ത് അയക്കുകയും രണ്ടു വർഷത്തിനുശേഷം നടന്ന റഷ്യ-ഓട്ടോമൻ യുദ്ധത്തിൽ പ്രത്യുപകാരമായി 30,000 ഐറിഷ് സൈനികർ സുൽത്താൻ വേണ്ടി പടവെട്ടുകയും ചെയ്തിരുന്നു. സുൽത്താൻ കപ്പലുകൾ അയച്ച തുറമുഖമായ ഡ്രോഹിഡയിലെ ഫുട്ബോൾ ക്ലബിന്റെ ചിഹ്നത്തില്‍ തുർക്കി സുൽത്താന്റെ ദയാപൂര്‍ണ്ണ നടപടിയുടെ ഓർമ്മക്കായി അർധ ചന്ദ്രനും നക്ഷത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷിൻ ഫെൻ പാർട്ടി (sinn fein)
അയർലൻഡിലെയും നോർത്ത് അയർലൻഡിലെയും നിലവിൽ പ്രധാന പ്രതിപക്ഷവും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണപക്ഷവും ആവുമെന്ന് വിലയിരുത്തപ്പെടുന്ന ഷിൻ ഫെൻ പാർട്ടി കടുത്ത ഇസ്രായേൽ വിരുദ്ധരും ഫലസ്തീൻ അനുകൂലികളുമാണ്. നവംബർ 10 ന് അത്‍ലോൺ നഗരത്തിൽ നടന്ന പാർട്ടിയുടെ വമ്പിച്ച റാലിയിൽ അയർലൻഡിലെ ഫലസ്ഥീനി അംബാസിഡറായ ജിലാൻ വഹ്ബ അബ്ദുൽ മജീദ് പങ്കെടുക്കുകയും ഫലസ്തീനുള്ള അയർലൻഡിന്റെ പിന്തുണക്ക് നന്ദി പറയുകയും ചെയ്തു. സമ്മേളനത്തിൽ അയർലൻഡിലെ ഇസ്രായേൽ അംബാസിഡറെ പുറത്താക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട പാർട്ടി പ്രസിഡന്റ് മേരി മക്ഡൊണാൾഡ് ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്നത് അതിക്രൂരവും ഭീരുത്വപരവുമായ യുദ്ധ കുറ്റമാണെന്നും അതിനാൽ സർക്കാർ ലോക ക്രിമിനൽ കോടതിയിൽ ഇസ്രായേലിനെ വിചാരണ ചെയ്യാൻ ആവശ്യപ്പെടണമെന്നും വ്യക്തമാക്കി.
ഇതിന് മുമ്പും പാർട്ടി നേതാക്കൾ ഇസ്രായേലിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഉത്തര അയർലൻഡിലെ പാർട്ടി നേതാവായ മിഷേൽ ഒനെയ്ൽ 2021ൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ മിസൈൽ വർഷത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്, "ദക്ഷിണാഫ്രിക്കയിലെ അപാർതൈഡ് സർക്കാരിനെ തകർക്കാൻ ലോക ജനതയുടെ കൂട്ടായ യത്നം കൊണ്ട് സാധിച്ചു, സമാനമായ ഒരു മുന്നേറ്റം ഫലസ്തീനിലും ആവശ്യമാണ്".
ബിഡിഎസ്
ഫലസ്തീനി ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ആഗോള സയണിസ്റ്റ് വിരുദ്ധ പ്രസ്ഥാനമാണ് ബിഡിഎസ്. ബോയ്ക്കോട്ട് (ബഹിഷ്കരിക്കുക), ഡൈവെസ്റ്റ്മെന്റ് സാൻങ്ഷൻ (ഉപരോധം) എന്നിവയാണ് ബിഡിഎസിന്റെ പേര് കൊണ്ടർത്ഥമാക്കുന്നത്. ഫലസ്തീനിൽ നിന്നും പലായനം ചെയ്തവർക്ക് തിരികെ വരാൻ അവസരമൊരുക്കുക, ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റം ഉപേക്ഷിക്കുക, വെസ്റ്റ് ബാങ്കിലെ വിഭജന മതിൽ തകർക്കുക, ഇസ്രാഈലിലെ അറബ് മുസ്‍ലിംകൾക്ക് തുല്യ അവകാശങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഇസ്രായേലിനു മേൽ സമ്മർദം ചെലുത്തുകയാണ് മൂവ്മെന്റിന്റെ ലക്ഷ്യം. 2005 ൽ ഒമർ ബർഗൂതി സ്ഥാപിച്ച ബിഡിഎസിന് ഇതിനകം ലോകത്തെ പല ഭാഗത്തും വലിയ പിന്തുണ നേടാൻ സാധിച്ചിട്ടുണ്ട്.
ബിഡിഎസ് സെമിറ്റിക് വിരുദ്ധ പ്രസ്ഥാനമാണെന്ന് വരുത്തി തീർക്കാൻ ഇസ്രായേൽ വലിയ പ്രചാരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം തൃണവൽഗണിച്ചു പല രാജ്യങ്ങളും മൂവ്മെന്റിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. സ്വീഡൻ, നെതർലാൻഡ്‌സ് എന്നീ യൂറോപ്യൻ രാജ്യങ്ങളെപ്പോലെ അയർലൻഡും ബിഡിഎസിനെ ഒരു ജനാധിപത്യ മുന്നേറ്റമായാണ് കാണുന്നത്.
ബിഡിഎസിനെ സർക്കാർ ഔദ്യോഗികമായി പിന്തുണക്കുന്നില്ലെങ്കിലും അതൊരു നിയമാനുസൃത രാഷ്ട്രീയ സമിതിയാണെന്നാണ് 2016 ൽ അയർലൻഡ് പാർലിമെന്റിൽ വിദേശകാര്യ മന്ത്രിയായിരുന്ന ചാൾസ് ഫ്ലാനഗൻ പറഞ്ഞത്. സമിതിയുടെ സ്ഥാപകനായ ഒമർ ബർഗൂതിക്ക് നേരെ ഇസ്രായേൽ ചുമത്തിയ യാത്രനിരോധത്തിലും പ്രതികാര നടപടികളിലും അദ്ദേഹം വിമർശനം നടത്തുകയും ചെയ്തു. 2018 ൽ ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ സിറ്റികൗൺസിൽ ബിഡിഎസ് ഔദ്യോഗിഗമായി അംഗീകരിക്കുകയും സമിതി ബഹിഷ്കരണ ലക്ഷ്യം വെച്ച മുഴുവൻ കമ്പനികളുമായും ബന്ധം വിഛേദിക്കുകയും ചെയ്തത് ഒരു യൂറോപ്യൻ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സംഭവമായിരുന്നു. ഇത് ഇസ്രായേലിനു കനത്ത തിരിച്ചടി കൂടിയായിരുന്നു. ഡബ്ലിൻ സിറ്റി കൗൺസിലിനു പുറമെ മറ്റു ആറ് കൗൺസിലുകൾ കൂടി ബിഡിഎസിന് പിന്തുണ നൽകുന്നുണ്ട്.
അധര്‍മ്മവും അനീതിയും നടമാടുന്ന ഒരു കാലത്ത്, എന്ത് നിലപാട് സ്വീകരിക്കണമെന്നതിന്, മുസ്‍ലിം രാജ്യങ്ങള്‍ക്ക് പോലും മാതൃകയായി നില്ക്കുകയാണ് അയര്‍ലന്‍ഡ് എന്ന് പറയാതെ വയ്യ. അത്തരക്കാരാണ് ലോകത്തിന്റെ പ്രതീക്ഷയും.
Leave A Comment