ഇസ്മാഈല്‍ ഹനിയ്യ: ഖുദ്സിന് വേണ്ടി ത്യജിച്ച ജീവിതം

ഫലസ്തീന്‍ പോരാടത്തിന്റെ മുന്‍നിരനേതാവും ഹമാസിന്റെ രാഷ്ട്രീയനായകനുമായിരുന്നു ഇന്ന് പുലര്‍ച്ചെ ഇറാനില്‍ കൊല്ലപ്പെട്ട ഇസ്മാഈല്‍ ഹനിയ്യ.
 
1963 മെയ് 08ന്, ഗസ്സയിലെ ശാതിഅ് ക്യാമ്പിലായിരുന്നു ഹനിയ്യയുടെ ജനനം. നഖ്ബയെ തുടര്‍ന്ന് അസ്ഖലാന്‍ നഗരത്തില്‍നിന്ന് അഭയാര്‍ത്ഥിയായി വന്നതായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. 

1987ല്‍ ഗസ്സയിലെ ഇസ്‍ലാമിക് സര്‍വ്വകലാശാലയില്‍നിന്ന് അറബിക് സാഹിത്യത്തില്‍ ഡിഗ്രിയെടുത്തതോടൊപ്പം തന്നെ, വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃസ്ഥാനത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ ഹമാസുമായുള്ള ബന്ധം തുടങ്ങുകയും ചെയ്തു. 2009ല്‍ അതേ സര്‍വ്വകലാശാലയില്‍നിന്ന് ഹോണററി ഡോക്ടറേറ്റും അദ്ദേഹത്തെ തേടിയെത്തി.

1993ല്‍ അദ്ദേഹം ഇസ്‍ലാമിക് സര്‍വ്വകലാശാലയുടെ പ്രിന്‍സിപ്പളായി ചുമതലയേറ്റു. ശേഷം 1997ല്‍ ശൈഖ് അഹ്മദ് യാസീന്‍ സ്വതന്ത്രനായതോടെ അദ്ദേഹത്തോടൊപ്പം ചേരുകയും അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ശൈഖ് യാസീനുമായുള്ള ബന്ധത്തിലൂടെ അദ്ദേഹം ഹമാസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുകയും ഉന്നതസ്ഥാനങ്ങളിലെത്തുകയുമായിരുന്നു. അപ്പോഴെല്ലാം ഫലസ്തീനും ബൈതുല്‍മുഖദ്ദസും നാടിന്റെ നന്മയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. 

1997 ലാണ് അദ്ദേഹം ഹമാസിന്റെ ഓഫീസ് ചുമതല ഏല്‍ക്കുന്നത്. 2006ല്‍ ഫലസ്തീന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഹമാസിന് അധികാരം ലഭിച്ച വേളയില്‍ അദ്ദേഹം പ്രധാനമന്ത്രിയായി. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിനിടെ മഹ്മൂദ് അബ്ബാസുമായുണ്ടായ വിവിധ അഭിപ്രായാന്തരങ്ങളെ തുടര്‍ന്ന്, നാടിന്റെ നന്മയും ഏകതയും ലക്ഷ്യം വെച്ച് അദ്ദേഹം, റാമി ഹംദുല്ലാക്ക് സ്ഥാനം ഒഴിഞ്ഞ് കൊടുക്കുക വരെ ചെയ്തു.

2017ല്‍, ഖാലിദ് മിശ്അലിന്റെ പിന്‍ഗാമിയായി ഹമാസിന്റെ രാഷ്ട്രീയ കാര്യാലയത്തിന്റെ പ്രസിഡണ്ടായി നിയമിക്കപ്പെട്ടു. കൊല്ലപ്പെടുന്നത് വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നുപോന്നു. ശേഷം, അധിക സമയവും ചെലവഴിച്ചത്, ദോഹയിലും തുര്‍ക്കിയിലുമായിട്ടായിരുന്നു. ഇസ്റാഈല്‍ നടത്തുന്ന ക്രൂരതകളെ ലോകത്തിന് മുന്നില്‍ കൊണ്ട് വരുന്നതിലും വിവിധ രാഷ്ട്രങ്ങളുടെ പിന്തുണ ഫലസ്തീന് ഉറപ്പ് വരുത്തുന്നതിലും വിജയം കണ്ടത് അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെയായിരുന്നു.

ചെറുപ്പം തൊട്ടേ അദ്ദേഹം ഇസ്റാഈലിന്റെ നോട്ടപ്പുള്ളിയായിരുന്നു. 1989ല്‍ ഇസ്റാഈല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും മൂന്ന് വര്‍ഷത്തോളം അവരുടെ ജയിലില്‍ കഴിയുകയും ചെയ്തു. ശേഷം ലബനാന്‍ അതിര്‍ത്തിയിലുള്ള മര്‍ജുസ്സുഹൂറിലേക്ക് അവര്‍ അദ്ദേഹത്തെ നാട് കടത്തുകയും ഒരു വര്‍ഷം അവിടെ കഴിച്ച് കൂട്ടുകയും ചെയ്തു. ഇസ്റാഈല്‍ മാത്രമല്ല, ഫത്ഹ് പാര്‍ട്ടിയും അദ്ദേഹത്തിനെതിരെ വധ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 2003ല്‍ നടന്ന ആദ്യ വധശ്രമത്തില്‍ അദ്ദേഹത്തിന്റെ കൈയ്യിന് സാരമായി പരിക്കേറ്റു. ശേഷം 2006ലും 2014ലും അദ്ദേഹത്തിനെതിരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇസ്റാഈല്‍ അക്രമണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മൂന്ന് മക്കളും 4 പേരമക്കളും കൊല്ലപ്പെട്ടിരുന്നു. അതിനോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ഞങ്ങളുടെ നാടിന്റെ നന്മയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ മക്കളും പേരമക്കളുമെല്ലാം ഈ നാടിന്റെ ഭാഗം തന്നെയാണ്. അതിന്റെ സ്വാതന്ത്ര്യത്തിനായി എല്ലാവരും ത്യാഗം ചെയ്യേണ്ടിവരുന്നത് സ്വാഭാവികമാണല്ലോ. 

2023 ഒക്ടോബര്‍ 7ന് തുടങ്ങിയ ത്വൂഫാനുല്‍ അഖ്സയെ തുടര്‍ന്ന്, അറബ് രാജ്യങ്ങള്‍ അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം നല്കിയ സന്ദേശം ഇങ്ങനെയായിരുന്നു, ഈ പോരാളികള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സയണിസ്റ്റ് കൂട്ടത്തിന് ഒരിക്കലും സാധിക്കില്ല. എന്നിട്ടല്ലേ, അവര്‍ നിങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ലഭ്യമാക്കുക. അത് കൊണ്ട് തന്നെ, അവരുമായി യാതൊരു സന്ധിക്കോ സംഭാഷണത്തിനോ നിങ്ങള്‍ പോവരുത്, അത് കൊണ്ടൊന്നും ഈ പോരാട്ടം അവസാനിക്കില്ല തന്നെ.

2024 ജൂലൈ 31ന് പുലര്‍ച്ചെ, ടഹ്റാനിലെ താമസസ്ഥലത്തിന് നേരെയുണ്ടായ അക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ഇറാനിലെ പുതിയ പ്രസിഡണ്ട് മസ്ഊദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഹമാസിന്റെ രാഷ്ട്രീയ-നയതന്ത്ര മുഖമെന്നാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം ഇസ്മാഈല്‍ ഹനിയ്യയെ വിളിക്കുന്നത്. ഇസ്റാഈലിനെതിരെയുള്ള പോരാട്ടത്തില്‍ അറബ് നേതാക്കളുടെയും ലോകരാഷ്ട്രങ്ങളുടെയും പിന്തുണ ഉറപ്പ് വരുത്തിയ അദ്ദേഹം, പുറത്ത് നിന്ന് കൊണ്ട് ഏറ്റവും ശക്തമായി യുദ്ധം നയിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു. ഇസ്മാഈല്‍ഹനിയ്യക്ക് ശേഷം ഹമാസിന്റെ ഭാവി എന്താകുമെന്ന് കാത്തിരിക്കുകയാണ് ലോകം.  നാഥാ, നീ അവര്‍ക്ക് നല്ലൊരു പിന്‍ഗാമിയെ നല്കണേ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter