ജബാലിയ്യ: ക്രൂരതകളും യാതനകളും വിട്ടൊഴിയാത്ത മാനുഷിക ഇടനാഴി
ഗസ്സയില്‍ ഏറ്റവും അധികം ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് ജബാലിയാ. അധിനിവേശസൈന്യത്തിന് എന്നും ഈ ക്യാമ്പ് അസഹനീയമാണ്. അത് കൊണ്ട് തന്നെ, ഇടക്കിടെ അക്രമണങ്ങളും പീഢനപര്‍വ്വങ്ങളും നടത്തി ഇവിടെയും ജനജീവിതം ദുസ്സഹമാക്കുന്നത് അവരുടെ സ്ഥിരം രീതിയാണ്.
തൂഫാനുല്‍അഖ്സയെ തുടര്‍ന്ന് ആരംഭിച്ച് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന നരനായാട്ടിനിടയില്‍ പലപ്പോഴായി ജബാലിയയും അക്രമണത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും മുന്നറിയിപ്പുകളൊന്നും കൂടാതെ അക്രമണം നടത്തുന്നതും മറ്റു ചിലപ്പോള്‍ മണിക്കൂറുകള്‍ക്കകം ഒഴിഞ്ഞുപോവണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും ഇവിടെ പതിവ് കാഴ്ചകളാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം ആയിരത്തിലധികം പേരാണ് അവിടെ കൊല്ലപ്പെട്ടത്. താമസത്തിനായി ഒരുക്കിയ താല്‍കാലിക ടെന്റുകള്‍ പോലും പല തവണ തകര്‍ക്കപ്പെടുകയും ചെയ്തു. ആവശ്യമായ സൗകര്യങ്ങളോ കുടിവെള്ളം പോലുമോ ഇല്ലാതെ കഷ്ടപ്പെടുന്ന അഭയാര്‍ത്ഥികളെയാണ്, മനുഷ്യത്വരഹിതമായി ഇസ്റാഈല്‍ കാപാലികര്‍ വീണ്ടും വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്നത്. വടക്കന്‍ ഗസ്സയിലെ, കമാല്‍ഉദ്‍വാന്‍, ഇന്തോനേഷ്യന്‍, അല്‍ഔദ എന്നീ ആകെയുള്ള മൂന്ന് ആശുപത്രികള്‍ക്ക് മേല്‍ അക്രമണം നടത്തി അവ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കിയതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
പതിനഞ്ചടി താഴ്ച്ചയുള്ള കിടങ്ങുകളാണത്രെ ക്യാമ്പിന് സമീപം ഉള്ളത്. ഇടക്കിടെ ക്യാമ്പിലുള്ളവരെ പിടികൂടി സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ച് നിര്‍ത്തി, സ്ത്രീകളുടെ മുമ്പില്‍ വെച്ച് പുരുഷന്മാരെ വെടിവെക്കുന്നതും ഇവിടത്തെ ഭീകരകാഴ്ചകളിലൊന്നാണ്. ചില സ്ത്രീകൾ ഭയം മൂലം മരണപ്പെടുകയും അവിടെത്തന്നെ ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സമീപത്ത് ചീഞ്ഞളിയുന്ന മൃതശരീരങ്ങളുടെ ദുർഗന്ധവും കുട്ടികളുടെ കരച്ചിലും അന്തരീക്ഷത്തിൽ തളംകെട്ടി നിൽക്കുന്നുമുണ്ട്. പുകച്ചൂരും, ഒഴിഞ്ഞ വയറുകളും, ദാഹിക്കുന്ന നാവുകളും, മരിച്ചതോ പൊള്ളുന്നതോ ആയ തൊലികളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ നീളുന്നു ഗസയിലെ നരക യാതന നിറഞ്ഞ ജബലിയ്യ ക്യാമ്പിലെ കരളലിയിപ്പിക്കുന്ന കാഴ്ചകൾ.
ഗസയുടെ വടക്കേ അറ്റത്ത് ജബലിയ ഗ്രാമത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ്യ അഭയാർത്ഥി ക്യാമ്പ് എന്നറിയപ്പെടുന്നത്. 1948-ലെ യുദ്ധത്തിനുശേഷമാണ് ഇവിടം അഭയാർത്ഥി ക്യാമ്പായി മാറുന്നത്. തെക്കൻ ഫലസ്തീനിൽ നിന്ന് പലായനം ചെയ്ത് വന്നവരാണ് ഈ ക്യാമ്പുകളിൽ സ്ഥിര താമസമാക്കിയിരുന്നത്. 1.4 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശമാണ് ഇത്. യു എൻ ആർ ഡബ്ല്യു എയിൽ രജിസ്റ്റർ ചെയ്തതനുസരിച്ച് 116,011 പേരാണ് ഇവിടെ ഉള്ളത്.
32 യു എൻ ആർ ഡബ്ല്യു എ അനുബന്ധ കെട്ടിടങ്ങൾ, ആകെ 26 സ്കൂളുകൾ ഉൾക്കൊള്ളുന്ന 16 സ്കൂൾ കെട്ടിടങ്ങൾ (അതിൽ ആറെണ്ണം ഒറ്റ-ഷിഫ്റ്റ് സമ്പ്രദായത്തിലും പത്തെണ്ണം ഇരട്ട ഷിഫ്റ്റിലും പ്രവർത്തിക്കുന്നു), ഒരു ഭക്ഷ്യ വിതരണ കേന്ദ്രം, രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ, രണ്ട് ഏരിയ റിലീഫ്, സോഷ്യൽ സർവീസ് ഓഫീസുകൾ, ഒരു പൊതു ലൈബ്രറി, ഏഴ് കിണറുകൾ, ഒരു മെയിന്റനൻസ് ആൻഡ് സാനിറ്റേഷൻ ഓഫീസ് ഇത്രയും ഉൾക്കൊള്ളുന്നതാണ് ജബലിയ അഭയാർത്ഥി കേന്ദ്രം. 1987ലെ ഇന്‍തിഫാദക്ക് തുടക്കം കുറിച്ചത് ഇവിടെനിന്നായിരുന്നു. പീഢനങ്ങളും നിയന്ത്രണങ്ങളും സഹിക്ക വയ്യാതെ, 2000 ലെ രണ്ടാം ഇന്‍തിഫാദയിലും ഇവിടത്തുകാര്‍ വലിയ പങ്ക് വഹിച്ചിരുന്നു. അത് കൊണ്ട് തന്നെ, ഈ ക്യാമ്പിനെ എല്ലായ്പ്പോഴും നിശബ്ദമാക്കേണ്ടതും ഭയപ്പെടുത്തി നിര്‍ത്തേണ്ടതും ആവശ്യമാണെന്ന് ഇസ്റാഈല്‍ കരുതുന്നു. അതിന്റെ ഭാഗം തന്നെയാണ് ഇടക്കിടെ നടക്കുന്ന ഈ അക്രമണങ്ങളെല്ലാം.
പലപ്പോഴായി ഇസ്റാഈല്‍ നടത്തിയ അക്രമണങ്ങളിലെല്ലാം അഭയാര്‍ത്ഥികളായി തീര്‍ന്നവരില്‍ അധികവും എത്തിപ്പെട്ടത് ജബാലിയാ ക്യാമ്പിലായിരുന്നു. ബൈത് ലാഹിയാ, ബൈത് ഹാനൂന്‍, അസ്ബാ, അല്‍കറാമ, തവാം എന്നിവിടങ്ങളില്‍നിന്നെല്ലാം അഭയാര്‍ത്ഥികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഗസ്സയെ മനുഷ്യമുക്തമാക്കാനുള്ള ശ്രമത്തിലാണ് ഇസ്റാഈല്‍. ജബാലിയാ അഭയാര്‍ത്ഥി ക്യാമ്പും അതിന്റെ ഭാഗമായി കാലിയാക്കാനാണ് അവരുടെ ശ്രമം. പല വിധങ്ങളിലും പീഢനങ്ങളും ഭീഷണികളും അക്രമണങ്ങളുമാണ് അവര്‍ അതിനായി അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നത്.
ഇവിടം നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പലപ്പോഴും പുറംലോകമറിയുന്നില്ല. ദൃസാക്ഷി വിവരണങ്ങങ്ങളും ഒറ്റപ്പെട്ട മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്ന വാർത്തകളുമാണ് ഈ ഭീകരതയുടെ യഥാർത്ഥ മുഖം പുറത്തെത്തിക്കുന്നത്. മൃതദേഹങ്ങൾ തെരുവിൽ അലക്ഷ്യമായിക്കിടക്കുന്നുവെന്നാണ് ജബലിയയിൽ നിന്ന് പലായനം ചെയ്തെത്തിയ ഫലസ്തീനികൾ പറയുന്നത്.
വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിന്ന് പലായനം ചെയ്ത ഫലസ്തീനികൾ അവിടത്തെ അവസ്ഥയെക്കുറിച്ച് വേദനിപ്പിക്കുന്ന വിവരണങ്ങൾ നൽകുന്നുണ്ട്. ഇസ്രായേൽ സേന അഭയകേന്ദ്രം വിട്ടുപോകാൻ ഉത്തരവിട്ടതിന് ശേഷം മൃതദേഹങ്ങൾ നിറഞ്ഞ തെരുവുകൾ താൻ കണ്ടതായി ഒരാൾ ബിബി സിയോട് പറയുന്നു. അതേസമയം ചിലർ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് പരിഭ്രാന്തരായി പോയതായി മറ്റൊരു സ്ത്രീയും അയവിറക്കുന്നു.
വടക്കൻ ഗസയിലെ തങ്ങളുടെ ജീവനക്കാർക്ക് ഭക്ഷണമോ വെള്ളമോ വൈദ്യസഹായമോ ലഭിക്കുന്നില്ലെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലസാരിനി തന്നെ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെ വായിക്കാം, "മൃതദേഹങ്ങൾ റോഡിലോ അവശിഷ്ടങ്ങൾക്കടിയിലോ കിടക്കുന്നതിനാൽ മരണത്തിന്റെ ഗന്ധം എല്ലായിടത്തും ഉണ്ട്, ആളുകൾ മരിക്കാൻ കാത്തിരിക്കുകയാണ്. അവർക്ക് വന്യതയും നിരാശയും ഏകാന്തതയും അനുഭവപ്പെടുന്നു." അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷിക്കാനും ആശുപത്രികളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനും സഹായിക്കുന്നതിനുള്ള ഓഫീസ് ഫോർ കോ-ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിൻ്റെ (OCHA) അഭ്യർത്ഥനകൾ ഇസ്രായേൽ അധികൃതർ നിരസിക്കുന്നത് തുടരുകയാണെന്ന് യുഎൻ വക്താവ് വെളിപ്പെടുത്തുന്നു.
"ജബലിയ്യ പരിസരത്തെ സൈന്യത്തിന്റെ സാന്നിധ്യം തന്നെ രോഗികൾക്കും മെഡിക്കൽ സ്റ്റാഫുകൾക്കും ഇടയിൽ ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്ന്, ഡോ മർവാൻ അൽസുൽത്താൻ എന്ന മെഡിക്കൽ ഉദ്യോഗസ്ഥനെ തൊട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധനം, മെഡിക്കൽ സപ്ലൈസ്, ഉദ്യോഗസ്ഥർ, ഭക്ഷണം, വെള്ളം എന്നിവയുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുവെന്നും അദ്ദേഹം പറയുന്നു.
അടുത്തുള്ള സ്കൂളിനുള്ളിൽ നിരവധി ജനറേറ്ററുകൾക്ക് സമീപം തീപിടിത്തമുണ്ടായതും ക്യാമ്പിൽ കഴിയുന്നവർക്കിടയില്‍ വലിയ ഭീതിയാണുണ്ടാക്കുന്നത്. പലപ്പോഴായി കണ്ടെടുക്കുന്ന കൂട്ടക്കുഴിമാടങ്ങളും ഈ മേഖലയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരഹത്യകളെ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. ചുരുക്കത്തിൽ അന്താരാഷ്ട്ര സമൂഹം ഇന്ന് നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധഭീകരതയുടെയും ഏറ്റവും ഭയാനകമായ ചിത്രങ്ങളാണ് ജബാലിയാ അഭയാർത്ഥി ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്.
Leave A Comment